23 April Tuesday

പക്ഷി നമ്പർ 532; നാവാതിഥി ചൈനക്കാരനോ?

ഡോ. അബ്‌ദുള്ള പാലേരി abdullapaleri@yahoo.comUpdated: Sunday Sep 20, 2020

 2020 ജൂൺ. കേരളത്തിലെ പക്ഷിനിരീക്ഷകരുടെയും പക്ഷിഫോട്ടോഗ്രാഫർമാരുടെയും ജീവിതത്തിലെ മറക്കാനാകാത്ത മാസം.  ജൂണിലാണ് കേരളത്തിലെ പക്ഷിലോകത്തേക്ക്‌ നവാതിഥി പറന്നെത്തിയത്. -കേരളത്തിലെ 532–-ാം പക്ഷി. എറണാകുളം കോതമംഗലത്തെ  നെൽപ്പാടത്താണ്‌ ഈ സന്ദർശകനെത്തിയത്. പ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതത്തിന്‌ വിളിപ്പാടകലെയുള്ള കോതമംഗലത്തേക്ക്‌ അസംഖ്യം പക്ഷിസ്‌നേഹികളാണ് ഈ പക്ഷിയെത്തേടിയെത്തിയത്.

 
ചൈനീസ് കുളക്കൊക്ക് (Chinese Pond Heron) എന്നാണ്  വിരുന്നുകാരന്റെ പേര്. വീഞ്ഞുനിറമുള്ള കുളക്കൊക്ക് എന്ന് ശാസ്‌ത്രീയനാമം. പുരാതന ഗ്രീക്കുകാരുടെയും റോമാക്കരുടെയും വീഞ്ഞിന്റെ ദേവൻ  ബാക്കസി(Bacchus)ന്റെ പേര് ചേർത്താണ് ശാസ്‌ത്രനാമം.  കൂടുകൂട്ടുന്ന കാലത്ത്‌ ദേഹത്ത് വീഞ്ഞിന്റെ നിറമുള്ള തൂവലുകൾ കിളിർക്കുന്നതുകൊണ്ടാണ് ബാക്കസ് ദേവന്റെ പേര് ചേർത്ത് വിളിക്കുന്നത്‌.
 
 ദൂരെനിന്ന്‌ നോക്കിയാൽ  നാടൻ കുളക്കൊക്കാണെന്നേ  തോന്നൂ. പക്ഷേ, കൂടുകൂട്ടുന്ന കാലമായതിനാൽ ശിരസ്സിലും കഴുത്തിലും മാറിലും മനോഹരമായ തവിട്ടുതൂവലുകളും പുറത്ത്‌ കറുത്ത തൂവലുകളും അണിഞ്ഞിട്ടുണ്ട്. എന്നാൽ, നമ്മുടെ കുളക്കൊക്ക് കൂട്‌ വയ്‌ക്കുന്ന കാലത്ത്‌ ശിരസ്സിലും കഴുത്തിലും മങ്ങിയ   വെളുത്ത തൂവലുകളും പുറത്ത്‌ തവിട്ടു തൂവലുകളുമാണ് അണിയുന്നത്. ശിരസ്സിന്റെ പിന്നിൽ ചുമലിലേക്ക് വീണുകിടക്കുന്ന നീണ്ട തൂവലുകൾ ഉള്ളതിനാൽ  ആൺപക്ഷിയാണ് നവാതിഥി.
 
പേര് ചൈനീസ് കുളക്കൊക്ക് എന്നായതിനാൽ ചൈനയിൽനിന്ന് കേരളം സന്ദർശിക്കാൻ വന്നതാണ്‌ ഈ കൊക്ക് എന്നാണ് പലരുടെയും ധാരണ. പക്ഷേ, ആൾ ചൈനക്കാരനാണെന്ന്  എങ്ങനെ തീർത്തുപറയാനാകും? തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പുർ എന്നിവിടങ്ങളിൽ ഇതിനെ കാണാറുണ്ട്. കിഴക്കൻ ചൈനയിൽ ധാരാളമായി കാണുന്നതിനാലാണ്‌ ഇതിനെ ചൈനീസ് കുളക്കൊക്ക് എന്ന് വിളിക്കുന്നത്‌. മാത്രമല്ല, അസമിൽ ഈ പക്ഷി കൂടുകൂട്ടിയതായി  രേഖപ്പെടുത്തിയിട്ടുണ്ട്.   വർഷങ്ങൾക്കുമുമ്പ് ഇതിനെ തമിഴ്നാട്ടിൽ കണ്ടിരുന്നു. കേരളത്തിൽ ആകസ്‌മികമായി എത്തിപ്പെട്ടതാകാനേ തരമുള്ളൂ. പ്രജനനേതരകാലത്ത്‌ നമ്മുടെ കുളക്കൊക്കിനെയും ചൈനീസ് കുളക്കൊക്കിനെയും തമ്മിൽ വേർതിരിച്ചറിയുക എളുപ്പമല്ല. അതിനാൽ, ഈ പക്ഷി പ്രജനനകാലത്തിനുമുമ്പേതന്നെ കേരളത്തിൽ  എത്തുകയും ഇതുവരെ തിരിച്ചറിയപ്പെടാതെ പോവുകയും ആയിരുന്നോ എന്ന സംശയവും പ്രസക്തം. ദേശാടനപ്പക്ഷികൾ തിരികെപ്പോയ സമയത്ത്‌ കേരളത്തിൽ വന്ന ഈ പക്ഷിയെ ഈ മാസം തുടക്കംവരെ കണ്ടവരുണ്ട്‌. എന്നാൽ, തൂവൽനിറം മാറുന്നതോടെ നാടൻ കുളക്കൊക്കുകളിൽനിന്ന്‌ തിരിച്ചറിയുക പ്രയാസം.
 
നമ്മുടെ കുളക്കൊക്കുമായി ഇതിന്‌ ഉറ്റ സൗഹൃദമാണ്. നെൽപ്പാടത്ത്‌ മിക്കവാറും ഒരേ സമയത്ത്‌ ഒരുമിച്ചാണ്  ഇരതേടൽ. ശബ്ദവും ഏറെക്കുറെ സദൃശം. ഇഷ്ടഭക്ഷണം തവള. കൂടാതെ, മത്സ്യവും കക്കയും പുഴുവും പ്രാണികളും പ്രിയം. ഇരയെ കണ്ടാൽ ഓടിച്ചെന്ന്‌ കൊക്കിലാക്കും. തുമ്പികളെപ്പോലെയുള്ള പ്രാണികളെ പറക്കുന്നതിനിടെ വായുവിൽവച്ചുതന്നെ പിടിച്ച്‌ വിഴുങ്ങും. നമ്മുടെ കുളക്കൊക്കിനെ അപേക്ഷിച്ച്‌ സദാ ഓടിനടന്ന്‌ ഇരതേടുന്നതാണ്‌ ശീലം.  കാലത്തും വൈകിട്ടുമാണ് ഇരതേടാനിറങ്ങുക. മറ്റ്‌ സമയത്ത്‌ തൊട്ടടുത്ത പാടത്തെ നെൽച്ചെടികൾക്കിടയിൽ ഒളിച്ചുകഴിയും. ഇല്ലെങ്കിൽ വയലോരത്തെ വൃക്ഷശാഖികളിൽ വിശ്രമം.
 
കൊറ്റില്ലങ്ങളിൽ മറ്റ്‌ കൊക്കുകളോടൊപ്പം ചുള്ളിക്കമ്പുകളും പുല്ലും ഇലയും ചേർത്തുണ്ടാക്കുന്ന കൂട്ടിലാണ് മുട്ടയിടുക. ഒരുകൂട്ടിൽ നാലോ അഞ്ചോ പച്ചകലർന്ന നീലമുട്ടയിടും. മൂന്നാഴ്‌ചയോളം പിടയും പൂവനും അടയിരുന്നാണ് മുട്ട വിരിയിക്കുന്നത്. ഈ അപൂർവ അതിഥി വരുംവർഷങ്ങളിലും കേരളം സന്ദർശിക്കുമെന്ന് ആശിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top