11 December Monday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2023

ശരീരവും ശാസ്ത്രവും ഒരു പഠനസഹായി

ഡോ. പി എസ്‌ ശ്രീകല

ശരീരത്തെക്കുറിച്ചുള്ള ധാരണകളിൽപ്പോലും അവ്യക്തതയും സംശയവും നിലനിർത്തിക്കൊണ്ടാണ് മനുഷ്യൻ മുന്നോട്ടുപോകുന്നത്. അന്ധവിശ്വാസത്തിലധിഷ്ഠിതമായ സങ്കൽപ്പങ്ങൾ സ്വന്തം ശരീരത്തെക്കുറിച്ച് പലരിലുമുണ്ട്.  സ്കൂൾ വിദ്യാഭ്യാസത്തിൽ ശരീരശാസ്ത്രത്തെ കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിലും അവ ശരിയായ വിധത്തിൽ കുട്ടികളിലേക്ക്  സംവേദനം ചെയ്യപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ്, ഡോ. ലിറ്റിൽ ഹെലൻ എഴുതിയ ’How to teach and learn Reproductive Health’ പുസ്തകം പ്രസക്തമാകുന്നത്. കുട്ടികളിൽ, വിശേഷിച്ച്, കൗമാരക്കാരിൽ സ്വന്തം ശരീരത്തെക്കുറിച്ചും പ്രത്യുൽപ്പാദനവ്യവസ്ഥയെക്കുറിച്ചും വ്യക്തമായ ധാരണകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. പലവിധത്തിലുള്ള ചൂഷണങ്ങളിൽനിന്നും സ്വയം മുക്തരാകാൻ അതവർക്ക് സഹായകമാകും. ഹയർ സെക്കൻഡറി ക്ലാസുകളിൽ ജീവശാസ്ത്രപാഠങ്ങളിൽ പെടുന്ന പ്രത്യുൽപ്പാദന ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള പാഠഭാഗം ഓരോ യൂണിറ്റും വിശദമായും വ്യക്തമായും പഠനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. ആൺ-പെൺ ശരീരങ്ങളുടെ വ്യത്യാസങ്ങൾ, ലൈംഗികാവയവങ്ങളുടെ സവിശേഷതകൾ, അവയുടെ പ്രാധാന്യം, ആർത്തവം, ലൈംഗിക അവയവങ്ങളുടെ ശുചിത്വം, പ്രത്യുൽപ്പാദന അവയവങ്ങളെ ബാധിക്കാവുന്ന രോഗങ്ങൾ, അവയ്ക്കുള്ള മുൻകരുതലുകൾ, ആരോഗ്യകരമായ ലൈംഗികബന്ധം, പ്രത്യുൽപ്പാദനത്തിനല്ലാതെയുള്ള ലൈംഗികബന്ധത്തിൽ സ്വീകരിക്കേണ്ട സുരക്ഷാമാർഗങ്ങൾ, വന്ധ്യത തുടങ്ങി സൂക്ഷ്മവും അനിവാര്യവുമായ എല്ലാ മേഖലയെയും ഓരോ യൂണിറ്റിലുമായി ഈ പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. ശരീരവും ലൈംഗിക അവയവങ്ങളും ലൈംഗിക ബന്ധവും പ്രത്യുൽപ്പാദനവും മറ്റും ആരോഗ്യകരമായ സമൂഹത്തെ നിലനിർത്തുന്നതിൽ പ്രധാനമാണെന്ന്‌  ബോധ്യപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്.

 

 

 

 

അകത്തേക്ക്‌ തുറക്കുന്ന വാതിൽ

അസ്ലം കണ്ണത്ത്

പതിനാറ് വയസ്സുള്ള ആദിയുടെയും അനുജത്തി അഞ്ചാം ക്ലാസുകാരി ആത്മയുടെയും കഥ പറയുന്ന രാജേഷ് ചിത്തിരയുടെ ‘ആദി & അത്മ'എന്ന പുസ്തകം പുതിയ കാലത്തിന്റെ കാഴ്ചകളും കാഴ്ചപ്പാടുകളുമുള്ള കൃതിയാണ്. പ്രവാസലോകത്തെ രണ്ട് കുട്ടികളുടെ കേവല ഓർമകളിലൂടെ മാത്രമല്ല ഈ കൃതി യാത്രയാകുന്നത്, മറിച്ച്  പ്രവാസം നൽകിയ പാഠങ്ങൾ, നാട് നൽകുന്ന തിരിച്ചറിവുകൾ, രണ്ട് ദേശത്തെ ജീവിതചുറ്റുപാടുകൾ, സ്ത്രീ അനുഭവിക്കുന്ന സംഘർഷങ്ങൾ, മഹാമാരിക്കാലത്തെ അവസ്ഥകൾ ഇങ്ങനെ പലതും. ഡയറിക്കുറിപ്പിന്റെ ഘടനയിൽ തയ്യാറാക്കിയ ഈ ബാലനോവൽ ആർക്കും ലളിതമായി വായിക്കാം. ഈ നോവലിൽ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ ഒന്നാണ് ആദിയുടെയും ആത്മയുടെയും ബക്കറ്റ് ലിസ്റ്റ്. സ്കൂൾ അവധികളുടെ മാറ്റങ്ങൾ, വേനലിൽ കരിഞ്ഞുണങ്ങുന്ന ചെടികളെക്കുറിച്ചുള്ള വേവലാതികൾ,  കാണാനുദ്ദേശിക്കുന്ന പ്രകൃതി മനോഹരങ്ങളായ സ്ഥലങ്ങളുടെ പേരുകൾ എല്ലാം അവർ ഒരു ലിസ്റ്റായി എഴുതി വച്ചിരിക്കുന്നു. ഓരോ അധ്യായവും അവസാനിക്കുമ്പോൾ ബാക്കിയാവുന്ന ചോദ്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട് ഈ വർത്തമാനകാലത്ത്‌.

 

 

 

 

ശരിയുത്തരം എളുപ്പമല്ല

ബിജു കാർത്തിക്‌

‘‘ശരിയുത്തരമെളുപ്പമല്ലാത്ത

ഒരൊറ്റ ചോദ്യത്തെയിപ്പോഴും

തൊട്ടുനിൽക്കുന്നുണ്ടവൻ/ൾ’’.

യാന്ത്രിക ജീവിതങ്ങളും സാമൂഹ്യാവസ്ഥയോടുള്ള പ്രതികരണഭാവങ്ങളും ആകുലതകളും ഉൾച്ചേർന്ന പൊരുതുന്ന മനുഷ്യരെയാണ്‌ മനോജ്‌ കുമാർ പഴശ്ശി ‘താജ്‌ മഹലിനൊപ്പം’ കവിതാസമാഹാരത്തിൽ വരച്ചുചേർക്കുന്നത്‌. നഗ്നമാക്കി, വെളിച്ചത്തിലേക്ക്‌ നീക്കിനിർത്തിയശേഷം സാമൂഹ്യവ്യവസ്ഥകളെ ചോദ്യംചെയ്യലിന്‌ വിധേയമാക്കുന്നു. ശരിയുത്തരമെളുപ്പമല്ലാത്ത ഇത്തരം ചോദ്യങ്ങളാകട്ടെ കവി ചോദിച്ചുകൊണ്ടേയിരിക്കുന്നത്‌ അനുഭവങ്ങളുടെ പച്ച മണ്ണിൽ കാലൂന്നിനിന്നുമാണ്‌. സത്യത്തിന്റെ വാക്കിനെ കവിതയാക്കി മാറ്റുമ്പോൾ ആ വാക്കുകൾക്ക്‌ വ്യാപ്‌തിയേറുന്നു. പ്രമേയ സ്വീകരണത്തിലെ സൂക്ഷ്‌മശ്രദ്ധ രചനയെ വേറിട്ടതാക്കുന്നു. അതുകൊണ്ടാണ്‌ വിവാഹമുഹൂർത്തം എന്ന കവിതയിൽ ‘‘മൂന്നരവയസ്സുള്ള പെൺകുട്ടിയുടെ അമ്മയെ രജിസ്‌റ്റർ മാരേജ്‌ ചെയ്യുമ്പോൾ ഊറിച്ചിരിച്ച ഒന്നാംസാക്ഷിയെ’’ കവി ചോദ്യംചെയ്യുന്നത്‌. പ്രതിഷേധങ്ങളുടെ ഫെയ്‌സ്‌ബുക്ക്‌ പ്രളയത്തിൽ ഒഴുകിപ്പോവുന്ന ഒറ്റത്താളിൽ തീരില്ല ഇതിലെ ചോദ്യങ്ങൾ, അവ കാലത്തോട്‌, കലയോട്‌, ആൺനോട്ടങ്ങളോട്‌, പെണ്ണിന്റെ ഭാഷയിലും വാക്കിലും പോരടിച്ചുകൊണ്ടേയിരിക്കും.

 

 

 

ചരിത്ര അപനിർമിതി വിചാരണ ചെയ്യുമ്പോൾ

ശ്രീവരാഹം മുരളി

വേമ്പനാട് കായലിന്റെ മനസ്സറിയുന്ന ഊക്കൻ തുരുത്ത് എന്ന  ദ്വീപിലെ ഒരു കൂട്ടം മനുഷ്യരുടെ പച്ചയായ ജീവിതത്തിന്റെ അടരുകൾ അടുക്കി വച്ച്  അവതരിപ്പിക്കുകയാണ്‌ ‘മോഷണ വൃത്താന്തം’ എന്ന നോവലിൽ രാംകുമാർ രാമൻ. തുരുത്ത് എന്ന പ്രാകൃത ഇടത്ത് വാസമുറപ്പിക്കുന്നവരുടെ ഇടയിലെ പുരുഷാധിപത്യ പ്രവണതകളും ജീവിത കാമനകളും  ഇവരുടെ  വിശപ്പും വെറിയും കാമവും സ്ത്രീ ജീവിതവും സദാചാരത്തിന്റെ അളവുകോലില്ലാതെ ഈ നോവൽ നമ്മോട് പറയുന്നു. തുരുത്തിലേക്ക് എത്തപ്പെട്ട പല മനുഷ്യരിൽ ഒരാളായ ജലജീവി സദാശിവൻ, ഷാപ്പുകാരൻ പരമൻ, മമ്മദ് ഹാജി മൊതലാളി, ചേറു മൂപ്പൻ, സാമ്രാജ്യത്വ കോളനി അധിനിവേശത്തിന്റെ കാലത്തെ ചരിത്ര സംബന്ധിയായ പുസ്തകം വായിച്ചു കിടക്കുന്ന ദിവാകരൻ മാഷ്    തുടങ്ങി നിരവധി കഥാപാത്രങ്ങളെ രാമൻ ഈ നോവലിൽ നന്നായി വിന്യസിച്ചിരിക്കുന്നു. തുരുത്ത്‌ വിശ്വസിക്കുന്നതുപോലെ ചേറു മൂപ്പന്റേത് മാത്രമല്ലെന്നും പ്രകൃതിയാരാധനയുടെയും അമ്മ ദൈവങ്ങളുടെയും മഹത്തായ ചരിത്രം അതിനെ സ്വാധീനിച്ചിരുന്നു എന്നും അത് വെള്ളച്ചി മുത്തിയുടേതും കൂടിയാണെന്നും പറഞ്ഞുവയ്ക്കുമ്പോൾ, വർത്തമാനകാലത്തെ   ചരിത്ര അപനിർമിതിയുടെ അധികാര രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുക കൂടിയാണ്.

 

 

 

 

എഴുത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ

റുമൈസ് ഗസ്സാലി കെല്ലൂർ

ഒരെഴുത്തുകാരന്റെ മനോവ്യവഹാരങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഫ്രാൻസിസ് നെറോണയുടെ ‘മാസ്റ്റർപീസ്' എന്ന നോവൽ. ഏറെ നാളത്തെ നിരീക്ഷണത്തിന്റെയും ആലോചനയുടെയും ഫലമായാണ് സാഹിത്യ സൃഷ്ടികൾ പിറവികൊള്ളുന്നത്. തപസ്സെന്നോ വ്രതമെന്നോ ഗർഭധാരണമെന്നോ വേണമെങ്കിൽ ഈ പ്രതിഭാസത്തെ വിളിക്കാം. സാധാരണക്കാർക്ക് അപരിചിതമായ മേഖലയാണത്. വായനക്കാരറിയാത്ത എഴുത്തിന്റെ അണിയറ രഹസ്യങ്ങൾ അനാവരണം ചെയ്യുകയാണ്  ഈ നോവൽ. എഴുത്തിൽ ശ്രദ്ധ ചെലുത്താനായി ജോലി രാജിവച്ച് അറുപ്പാൻ ജോർജിന്റെ അറവുശാല നവീകരിച്ച് എഴുത്തുമുറിയൊരുക്കുന്ന എഴുത്തുകാരന് എഴുത്തിലെ തന്റെ പൂർവകാല ചൈതന്യം വീണ്ടെടുക്കാൻ കഴിയാതെ വരികയും ഒരുവേള സാഹിത്യ മോഷണത്തെക്കുറിച്ചുപോലും ആലോചിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നന്മയും സഹൃദയത്വവും തന്നിലിനിയും അവശേഷിക്കുന്നുണ്ടെന്ന തിരിച്ചറിവിലേക്ക് ഒടുവിൽ അയാൾ എത്തിച്ചേരുന്നു. ആത്യന്തികമായി എഴുത്തുകാരന് നന്മയുടെ പക്ഷംചേരാനേ കഴിയൂ എന്ന സൂചനകൂടി നോവലിന്റെ അവസാനഭാഗത്ത്  പറഞ്ഞുവയ്‌ക്കുന്നുണ്ട്. രചനകൾ അച്ചടിച്ചുകാണാനുള്ള എഴുത്തുകാരുടെ ഉൾക്കടമായ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്ന സന്ദർഭങ്ങൾ നോവലിലുണ്ട്. അവാർഡുദാനത്തിന്റെ രാഷ്ടീയവും പ്രസാധന രംഗത്തെ കച്ചവടവൽക്കരണവുമെല്ലാം കൃത്യമായി വരച്ചുകാട്ടുന്നുണ്ട് .തൊഴിലും കുടുംബാന്തരീക്ഷവും എഴുത്തുകാരനിൽ ചെലുത്തുന്ന സ്വാധീനംകൂടി നോവലിൽ വായിച്ചെടുക്കാം.സജയ് കെ വിയുടെ അവതാരികയും സത്യൻ അന്തിക്കാടിന്റെ പുറംതാൾകുറിപ്പും മാസ്റ്റർപീസിന്റെ മാറ്റ്‌ വർധിപ്പിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top