22 October Friday

അറിയാസത്യങ്ങൾ ചേർത്തുവയ്‌ക്കുമ്പോൾ

സി പി ചിത്രഭാനുUpdated: Sunday Sep 19, 2021

പരിഷ്‌കൃതമാണെന്ന് അഭിമാനിക്കുന്ന ആധുനിക കാലത്തുപോലും അവഗണനയുടെയും അവജ്ഞയുടെയും കയ്‌പ്പുനീർ കുടിക്കുന്ന പതിതലക്ഷങ്ങളുടെ തേങ്ങൽ അവരിൽത്തന്നെ ഒതുങ്ങിപ്പോകുന്ന ദയനീയമായ കാഴ്‌ചയാണെങ്ങും. അടിയാള ജീവിതത്തിന്റെ നിലവിളികൾ കേൾക്കാൻ കലയും സാഹിത്യവും തയ്യാറാകുന്നുണ്ടോ? അടിമ–- ഉടമ വ്യവസ്ഥിതിക്ക് കാഴ്‌ചയിൽ വ്യത്യാസം വന്നിരിക്കാം. സാമൂഹ്യശാസ്‌ത്രത്തിന്റെ നിർവചനങ്ങളിലും പഠനരീതികളിലും പുതിയ പേര്‌  ചാർത്തിക്കൊടുത്തിട്ടുണ്ടാകാം. എന്നാൽ, കേൾക്കുന്ന വാർത്തകൾ ഏറെ പ്രാകൃതമായ ഒരവസ്ഥയിലേക്കുതന്നെ നാം എത്തിയെന്ന സത്യം വിളിച്ചോതുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായ സർവകലാശാലകളിൽ, വ്യാവസായിക മുന്നേറ്റത്തിന്റെ പുകക്കുഴലുകൾ ഉയർന്നുനിൽക്കുന്ന നഗരങ്ങളിൽ, ലാഭത്തിന്റെ വലനെയ്‌ത്‌ വ്യാപാരികൾ കാത്തിരിക്കുന്ന വാണിജ്യവീഥികളിൽ, ലോകം മുഴുവൻ വീശിയെറിഞ്ഞ ഇന്റർനെറ്റ് കണ്ണികളിൽ, നന്മകളാൽ സമൃദ്ധമെന്ന് പാടിപ്പുകഴ്‌ത്തിയ കേരള നാട്ടിൻപുറങ്ങളിലെല്ലാം വേട്ടയാടപ്പെടുന്നവരിൽ ഈ പതിതവർഗത്തിന്റെ ചിന്നിച്ചിതറിയ ശരീരമാണ് നാം കാണുന്നത്.

ഇതിനിടയിൽ അപൂർവം ചിലർ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ടാകാം. എന്നാൽ, തങ്ങൾക്കിടയിൽനിന്ന്‌ ഉയരുന്ന അനേകരുടെ നിലവിളികളിൽനിന്ന് സ്വയം ഒഴിഞ്ഞുനിൽക്കാൻ അവർപോലും ശ്രമിക്കുന്നു. നാനാവിധ  പ്രയാസങ്ങളെ നെരിപ്പോടെന്നപോലെ ഉള്ളിൽ പേറുന്ന  സാധാരാണ മനുഷ്യന്റെ ചിതറിയ ചിന്തകളാണ് കെ എൻ കുട്ടി കടമ്പഴിപ്പുറത്തിന്റെ ജാതീയതയുടെ പുതിയ ഭാവങ്ങൾ എന്ന കൃതി. 

 പണ്ഡിതന്റെ ഗവേഷണ രീതിശാസ്‌ത്രമോ സാമൂഹ്യ വിമർശകന്റെ കാർക്കശ്യമോ അശുഭങ്ങൾ മാത്രം ചിന്തിക്കുന്ന ഒരു നിരാശാവാദിയുടെ നെടുവീർപ്പോ ഇതിലില്ല. സ്‌നേഹപൂർവം വായനക്കാരനെ ചില യാഥാർഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സുഹൃത്തിന്റെ സ്വാതന്ത്ര്യമായി ഇതിനെ പരിഗണിക്കാം. പക്ഷേ, താൻ ഏതു പക്ഷത്താണെന്ന് ലേഖകൻ കൃത്യമായി അടയാളപ്പെടുത്തുന്നു.  

 ചില ഉപന്യാസങ്ങൾ ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജാതിവ്യവസ്ഥയുടെ കള്ളിമുൾക്കാടിനകത്തേക്ക് വേദനയോടെ നടത്തുന്ന സഞ്ചാരമാണ്.  ജാതീയതയുടെ പുതിയ ഭാവങ്ങൾ, നിയമത്തിന്റെ പഴുതിലൂടെ നിരന്തരം തുടരുന്ന ദളിത് പീഡനങ്ങൾ എന്നിവയെല്ലാം എഴുത്തുകാരൻ തുറന്നുവയ്‌ക്കുന്നു. ഇന്ത്യയിലെ ജാതിവിരുദ്ധസമരങ്ങൾക്ക് നേതൃത്വം കൊടുത്ത ജ്യോതിബാ ഫുലെയെക്കുറിച്ചും ദളിത് മുന്നേറ്റങ്ങൾക്ക് ഊർജംപകർന്ന അംബേദ്കറെക്കുറിച്ചുമുള്ള ലേഖനങ്ങൾ ശ്രദ്ധേയം. വർണവും വർഗവും  ഇന്ത്യൻ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കേണ്ടത്‌ എങ്ങനെയെന്ന തർക്കങ്ങൾ മാറ്റിനിർത്തി ഇടതുപക്ഷത്തോടൊപ്പംനിന്ന് പുതിയ സമരമുഖങ്ങൾ തീർക്കാമെന്ന ശുഭകാമനകളെ ഈ എഴുത്തുകാരൻ പങ്കുവയ്‌ക്കുന്നു. മലയാള സാഹിത്യകൃതികളിൽ അടയാളപ്പെടുത്തപ്പെട്ട അടിയാള ജീവിതത്തെ അന്വേഷിക്കുന്നു മറ്റുചില ലേഖനങ്ങൾ. 

അധ്യാപക കഥകളുടെ ചരിത്രവും വർത്തമാനവും അഭിമാനത്തോടെ പറയുന്നവർ കാരൂരിന്റെയും ചെറുകാടിന്റെയും അക്ബർ കക്കട്ടിലിന്റെയും  മറ്റും കൃതികളെയാണ്  ഉദാഹരിക്കാറുള്ളത്. എന്നാൽ, ഇടുക്കിയുടെ വനാന്തർഭാഗത്ത് ആദിവാസികളുടെ കൂരകളിൽ അറിവ്‌ എത്തിക്കാൻ സാഹസികമായി സഞ്ചരിക്കുന്ന സുധ ടീച്ചറെ അവതരിപ്പിക്കുന്ന നാരായന്റെ ചെങ്ങാറും കൂട്ടാളും എന്ന കഥ എന്തുകൊണ്ടാകാം പണ്ഡിതന്മാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത്?

- ചവിട്ടിക്കുഴച്ച മണ്ണിൽ കാമ്പുറ്റ കതിർ വിളയിച്ച് ആർക്കും വേണ്ടാതെ പതിരായിപ്പോകുന്ന മനുഷ്യരുടെ അന്തരംഗത്തിലൂടെ സഞ്ചരിച്ച എഴുത്തുകാരൻ ടി കെ സി വടുതലയ്‌ക്ക് സാഹിത്യചരിത്രത്തിൽ സ്ഥാനം കിട്ടാതെ പോയത് എന്തുകൊണ്ടാകാം? ന്യായവാദങ്ങളുടെ കോടതിയിൽ ഇതിനെല്ലാം മറുപടിയുണ്ടാകാം. പക്ഷേ, ചരിത്രത്തിൽ ഇല്ലാതെ പോയവർ തിരിച്ചുവരികതന്നെ ചെയ്യുമെന്ന് ലേഖകൻ ഉറപ്പിച്ചുപറയുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നിഴൽ വെളിച്ചങ്ങളിലൂടെ സമചിത്തതയോടെ സഞ്ചരിക്കുന്ന പഠിതാവിന്റെ നിഗമനങ്ങളാണ്  നാലു ലേഖനത്തിന്റെ പ്രതിപാദ്യവിഷയം. ഇത് ഓർമപ്പെടുത്തൽ മാത്രമല്ല, ഒന്നിച്ചുമുന്നേറാനുള്ള വഴിതേടലുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top