24 April Wednesday

ഇ എം എസിന്റെ മുഖം

മാങ്ങാട് രത്നാകരൻ sabdaratnakaram@gmail.comUpdated: Sunday Mar 19, 2023

ഇ എം എസ് സമ്പൂർണ കൃതികളുടെ ആദ്യ സഞ്ചിക അവതരിപ്പിച്ച്, പി ഗോവിന്ദപ്പിള്ള ബോധപൂർവംതന്നെ അലങ്കാരസമൃദ്ധമായി എഴുതി, ‘ഉദയഗിരി ചുവക്കുക'യും ‘ഭാനുബിംബം വിളങ്ങുക'യും ചെയ്യുമ്പോൾ ‘നളിനമുകുളജാല'ങ്ങളിൽ ‘മന്ദഹാസം വിരിയുന്ന'തുപോലുള്ള ഒരു ബൗദ്ധിക സൗന്ദര്യവും, സൗരഭ്യവും മാർക്സിസം–-ലെനിനിസത്തിലേക്കുള്ള ഇ എം എസിന്റെ ചുവടുവയ്പുകളിലൂടെ അനുവാചകർക്ക് അനുഭവപ്പെടുന്നു...

ഇ എം എസിന്റെ ആദ്യകാല ഫോട്ടോകളിൽ രണ്ടെണ്ണം ആദ്യ സഞ്ചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന്‌ കരുതണം. ആദ്യത്തേതിൽ തീക്ഷ്ണനയനങ്ങളുടെ ദീപ്തിയും മുഖഭാവത്തിലെ സ്ഥൈര്യവുമൊക്കെയായി, ‘ശിൽപ്പഭദ്രത'യുള്ള ആ മുഖത്ത്, പി ജി  വിശേഷിപ്പിക്കുന്നതുപോലെ, ബൗദ്ധികസൗന്ദര്യം ‘തിരയടിക്കുന്നു.' കോൺഗ്രസിന്റെ ‘സർവാധിപതി'യായി, ഗാന്ധിത്തൊപ്പിയണിഞ്ഞ് ദേഹമാസകലം ഖാദിപുതച്ച രണ്ടാമത്തെ ഫോട്ടോയിൽ പരമശാന്തനായ ഒരു യുവാവിനെയാണ്‌ കാണുക.

തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുമ്പോൾ ഇ എം എസ് ദേശീയപ്രസ്ഥാനത്തിന്റെ അലയിൽപ്പെട്ടു. ചരിത്രത്തിൽ അഗാധമായ താൽപ്പര്യമുണ്ടായിരുന്ന ആ വിദ്യാർഥി, ചരിത്രം സൃഷ്ടിക്കാനായി വിദ്യാർഥി ജീവിതം ഉപേക്ഷിച്ചു. കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും വിഖ്യാത സാഹിത്യനിരൂപകനുമായിരുന്ന എം പി പോൾ കോളേജ് മാഗസിനിൽ ‘പ്രത്യാഘാതങ്ങൾ' എന്ന തലക്കെട്ടിൽ എഴുതി:

‘വിടവാങ്ങലുകളെക്കുറിച്ചുപറയുമ്പോൾ, അടുത്തകാലംവരെ മാസികയുടെ നിർവാഹകസമിതി അംഗമായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സേവനങ്ങളുടെ നഷ്ടത്തെപ്പറ്റിയുള്ള ഖേദം രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

കോളിളക്കംകൊണ്ട് ഇളകിമറിയുന്ന സമുദ്രം അതിന്റെ അസ്വാസ്ഥ്യവും ചാഞ്ചാട്ടവും ഏറ്റവും അകലെയുള്ള ഉൾനാടൻചോലയെ ധരിപ്പിക്കുന്നതുപോലെ, വിദൂരസ്ഥിതമായ നദി ആഴിയുടെ ആഴവുമായി ബന്ധം പുലർത്തുന്നതുപോലെ, (നാം ഇന്ന് വലിയ സമ്മർദത്തിന് വിധേയരായിരിക്കുകയാണ്, വായനക്കാരാ) വിശാലമായ ഭാരതത്തിന്റെ രാഷ്ട്രീയക്കൊടുങ്കാറ്റ് അകന്നൊതുങ്ങിക്കഴിയുന്ന നമ്മുടെ കലാശാലാ ഭിത്തികൾക്കകത്തുപോലും നേരിയ ചലനം സൃഷ്ടിച്ചിരിക്കുന്നു.

അഗാധതയിൽനിന്നുള്ള ക്ഷണത്തിന്‌ വിധേയനായി ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് ജനുവരി ആദ്യത്തിൽ കോളേജ് വിട്ട് കോൺഗ്രസ് വളന്റിയറായി ചേരുകയും കോൺഗ്രസ് കമ്മിറ്റിയുടെ സർവാധിപതിയായിത്തീരുകയും ചെയ്തു.

അവസാനം ഒഴിച്ചുകൂടാനാകാത്തത് സംഭവിച്ചു. ഇപ്പോൾ അദ്ദേഹം കണ്ണൂരിൽ (കണ്ണൂർ സെൻട്രൽ ജയിലിൽ –-ലേഖകൻ) ചക്രവർത്തി തിരുമേനിയുടെ ഔദാര്യം അനുഭവിക്കുകയാണ്. തീർച്ചയായും ആരോഗ്യത്തിനാവശ്യമായ വിധത്തിൽ അസാരം കഠിനാധ്വാനത്തോടുകൂടി മൂന്നുകൊല്ലം ആറുമാസത്തേക്ക് ആ ഔദാര്യം നീട്ടിക്കൊടുക്കത്തക്കവിധം തന്റെ അതിഥിയുടെനേരെ ചക്രവർത്തി തിരുമേനിക്ക് കനിവുതോന്നിയിരിക്കുന്നു.'

എം പി പോളിന്റെ നിശിതമായ കുറിപ്പ് ഇത്രയും ദീർഘമായി ഉദ്ധരിക്കാൻ കാരണം, ഇ എം എസിന്റെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടാണത് എന്നതുകൊണ്ടുമാത്രമല്ല, കേരളം കണ്ട മഹാനായ ഒരു അധ്യാപകന്റെ, നിരൂപകന്റെ, തലപ്പൊക്കംകൂടി ഓർമയിൽ കൊണ്ടുവരാനാണ്. ഈ മുഖപ്രസംഗത്തിന്റെ പേരിൽ കത്തോലിക്കനായ എം പി പോളിനെ ആ കത്തോലിക്കാ സ്ഥാപനത്തിൽനിന്നു പിരിച്ചുവിട്ടു.

ഒക്ടോബർ വിപ്ലവം നടക്കുമ്പോൾ ഇ എം എസിന് എട്ടു വയസ്സ്. ഇ എം എസ് തന്നെ ഓർക്കുന്നതുപോലെ, ‘തീയതി കൃത്യമായി ഓർക്കുന്നില്ല. എനിക്ക് പതിമൂന്നോ പതിനാലോ (1922–-23) വയസ്സുള്ളപ്പോൾ, അന്നാണ് ജീവിതത്തിലാദ്യമായി ബോൾഷെവിസം എന്ന വാക്കുകേട്ടത്. തങ്ങൾ വിലമതിച്ചിരുന്ന സർവതിന്റെയും നാശം–- അതായിരുന്നു അന്നത്തെ പ്രഭാഷകനെയും ശ്രോതാക്കളെയും സംബന്ധിച്ചിടത്തോളം ആ വാക്കിന്റെ അർഥം.'

കോൺഗ്രസിൽ നിശ്ചലനാകാൻ ചരിത്രസാഹചര്യങ്ങളും അതു സൃഷ്ടിച്ച ക്ഷുബ്ധമായ മാനസികലോകവും ഇ എം എസിനെ അനുവദിച്ചില്ല. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി രൂപീകരണത്തോടെ (1934) അദ്ദേഹം അതിന്റെ ജോയിന്റ് സെക്രട്ടറിയായി, 25–-ാം വയസ്സിൽ. അതിന്റെ അടുത്തപടിയായി, കമ്യൂണിസത്തിലേക്ക്  28–-ാം വയസ്സിൽ. അതിന്‌ രണ്ടുവർഷം മുമ്പുതന്നെ ‘1917' എന്ന ചെറുപുസ്തകമെഴുതി. ഇ എം എസിന്റെ യാത്രാപഥം തീരുമാനിക്കപ്പെട്ടിരുന്നു.

ഇ എം എസിന്റെ ഈ ഫോട്ടോഗ്രാഫുകളെക്കുറിച്ച് പുനലൂർ രാജൻ പലപ്പോഴായി ഈ ലേഖകനോട്‌ പറഞ്ഞ കാര്യങ്ങൾ ഓർമയിൽനിന്നും അടുക്കിവയ്ക്കട്ടെ:

‘കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ ജനറൽ സെക്രട്ടറി പി സി ജോഷി തൊട്ട് വലിയ നേതാക്കളുടെയെല്ലാം ഫോട്ടോകൾ ഞാനെടുത്തിട്ടുണ്ട്. എസ് എ ഡാങ്കേ, സി രാജേശ്വരറാവു, ഇന്ദ്രജിത് ഗുപ്ത, എം എൻ ഗോവിന്ദൻ നായർ, സി അച്യുതമേനോൻ... അങ്ങനെ പലരുടെയും.

1964ൽ കമ്യൂണിസ്റ്റ് പാർടി പിളർന്നത് എനിക്കു മാത്രമല്ല, പാർടിയെ ജീവനേക്കാളും സ്നേഹിച്ച എല്ലാവർക്കും ഹൃദയഭേദകമായ അനുഭവമായിരുന്നു. അതു പറഞ്ഞാൽ അതിന്റെ തീവ്രതയിൽ ഇന്നാർക്കും മനസ്സിലാകുമോ എന്നറിയില്ല. എന്റെ മേഖല ഫോട്ടോഗ്രഫിയാണെങ്കിലും കെപിഎസിയുമായും തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയവരുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. കാമ്പിശ്ശേരി എന്റെ അടുത്ത ബന്ധുവാണ്. ഗുരുഭൂതന്മാർ സിപിഐയോടൊപ്പം നിന്നപ്പോൾ എന്റെ അനുഭാവവും ആ പാർടിയോടായി.

പാർടി പിളരുന്ന സമയത്ത് ഞാൻ ജോലി കിട്ടി കോഴിക്കോട്ടായിരുന്നു. മലബാറിൽ സിപിഐക്ക് വിശേഷിച്ചൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. എ കെ ജിയായിരുന്നല്ലോ അന്ന്‌ കൺകണ്ട നേതാവ്. പിന്നെ സി എച്ച് കണാരനും. എം കെ കേളു ഏട്ടനാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി. കേളു ഏട്ടനുമായി വ്യക്തിബന്ധം ഉണ്ടായിരുന്നു. ഇ എം എസ് കോഴിക്കോട്ടു വരുന്നുണ്ടെങ്കിൽ കേളു ഏട്ടൻ അറിയിക്കും.

കോഴിക്കോട്ടു വന്നാൽ പാർടി ഓഫീസ്, ദേശാഭിമാനി ഓഫീസ്, പിന്നെ മുതലക്കുളം മൈതാനത്തെ പൊതുയോഗം. അങ്ങനെയൊക്കെയായിരുന്നു ഇ എം എസിന്റെ പരിപാടികൾ. സഖാവിനെ ഒറ്റയ്ക്കും പാർടി പ്രവർത്തകർക്കൊപ്പവും ചിത്രീകരിച്ചിട്ടുണ്ട്, സ്റ്റിൽ കാമറയിലും 16 എംഎം മൂവിയിലും. ഒരിക്കൽ തിരുവനന്തപുരത്ത് ചെന്നപ്പോൾ ശാന്തിനഗറിലെ വീട്ടിൽവച്ചും ധാരാളം ഫോട്ടോ എടുത്തു. എന്നെ അറിയാമായിരുന്നെങ്കിലും കുശലങ്ങളല്ലാതെ അധികമൊന്നും സംസാരിച്ചിരുന്നില്ല. വായനയിലും എഴുത്തിലും മുഴുകിയിരിക്കുകയായിരിക്കും മിക്കപ്പോഴും. അതുകൊണ്ട് അത്തരം രംഗങ്ങൾക്കായി ‘പോസ്' ചെയ്യാൻ പറയേണ്ട ആവശ്യമുണ്ടായില്ല.

മറ്റൊന്നിലും മുഴുകാത്ത പ്രകൃതമായിരുന്നു ഇ എം എസിന്റേത്. ഫോട്ടോഗ്രാഫറുടെ സാന്നിധ്യംപോലും സഖാവ് അറിയുന്നതായി തോന്നാറില്ല. സഹപ്രവർത്തകരുമായി ഇ എം എസ് വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ഞാൻ ശ്വാസംപിടിച്ചുനിൽക്കും, പൊതുവേ ചിന്താകുലനായ ഇ എം എസിനെ പൊട്ടിച്ചിരിച്ചുകാണാൻ. അങ്ങനെയൊരു മുഹൂർത്തം വീണുകിട്ടിയപ്പോൾ എടുത്ത ചിത്രവുമുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ ഒരു പാർടി ക്ലാസിന്റെ ചിത്രവും. പിന്നെ പല പല മുഖഭാവങ്ങൾ. ഞാൻ ഏറ്റവും കൂടുതൽ ഫോട്ടോ എടുത്തിട്ടുള്ള കമ്യൂണിസ്റ്റ് നേതാവ് സി അച്യുതമേനോനാണ്. അതു കഴിഞ്ഞാൽ ഇ എം എസ്.'


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top