04 May Saturday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

വി ടിയുടെ ജീവിതം നാടകമാകുമ്പോൾ

എം സി പോൾ

മലയാള നാടകവേദി പരീക്ഷണങ്ങളിലാണ്‌. ഈയൊരു പശ്ചാത്തലത്തിലാണ്‌ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെയും പോരാട്ടവീറിനെയും സർഗരചനകളെയും മുൻനിർത്തി  ഇ ഡി ഡേവീസ്‌ ‘ഇരിക്കപ്പിണ്ഡം കഥപറയുന്നു’ എന്ന നാടകം പുറത്തിറക്കുന്നത്‌. 15 രംഗത്തിൽ ഇതൾവിരിയുന്ന നാടകം മലയാളിയുടെ രംഗബോധത്തെ പുതുക്കിപ്പണിയുന്നു.  കൈക്കോട്ടും സൈക്കിളും എന്ന ശീർഷകത്തിൽ ഇ പി രാജഗോപാലന്റെ അവതാരികയും രസഭംഗമില്ലാതെ എന്ന എം കെ സാനുവിന്റെ ആസ്വാദനവും വി ടി ഭട്ടതിരിപ്പാടിന്റെ മകൻ വി ടി വാസുദേവൻ എഴുതിയ ‘വിഷ്‌കംഭവും’ നാടകത്തിലേക്കുള്ള പ്രവേശികയാണ്‌. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എഴുതപ്പെട്ട നാമമാണ്‌ വി ടി ഭട്ടതിരിപ്പാടിന്റേത്‌. എഴുത്തും സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ, നവോത്ഥാന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിസ്‌തുല സംഭാവന നൽകിയ വിപ്ലവകാരിയായിരുന്നു വി ടി. 20–-ാം നൂറ്റാണ്ടിന്റെ സാമൂഹ്യ, സാംസ്‌കാരിക പരിണതികളെ പ്രബുദ്ധമാക്കിയ കേരളീയ നവോത്ഥാന നായകരിൽ അഗ്രിമശ്രേണിയിൽ ഉയർന്നുനിൽക്കുന്നു അദ്ദേഹം. ഇരിക്കപ്പിണ്ഡം കഥപറയുന്നു എന്ന നാടകം വി ടിയുടെ ജീവിതം പറയുന്ന രചനയാണ്‌. വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ഗ്രന്ഥകാരന്‌ സാധിച്ചിട്ടുണ്ട്‌. സമരസന്നിഭമായ, പോരാട്ടവീറിന്റെ പര്യായമായ, അഗ്നിയിൽ കടഞ്ഞെടുത്ത ജീവിതമായിരുന്നു വി ടി ഭട്ടതിരിപ്പാടിന്റേതെന്ന്‌ ഗ്രന്ഥകാരൻ അവതീർണമാക്കുന്നു.

 

ജീവിതം ഇരുളാട്ടമാടുന്നു

ഡോ. ആര്യ എ എസ്‌

ജീവിതം പോരാട്ടമായിത്തീർന്ന ഒരുകൂട്ടം മനുഷ്യരെയാണ്‌ ജി എസ്‌ ഉണ്ണിക്കൃഷ്‌ണൻ എഴുതിയ ‘ഇരുളാട്ടം’ എന്ന നോവലിൽ കണ്ടുമുട്ടുന്നത്‌. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതപ്രശ്‌നങ്ങൾ തീവ്രതയോടെ അനാവരണം ചെയ്യുന്നു. അതേസമയം, 1980കളിൽ തുടങ്ങി 90കളിൽ അവസാനിക്കുന്ന ജീവിതസ്‌പർശിയായ നിരവധി കഥാതന്തുക്കൾ മിഴിവോടെ കോർത്തിണക്കിയിട്ടുമുണ്ട്‌. ആത്മാന്വേഷണത്തിനൊടുവിൽ ലൗകികതയിലേക്ക്‌ മടങ്ങുന്ന ആൽബിയും കൗണ്ടർമാരുടെ ദ്രോഹം സഹിക്കാതെ അവരുടെ ചോര ചിന്താനിറങ്ങുന്ന ചെമ്പനും ചതിച്ച പെണ്ണിന്‌ മാപ്പുനൽകുന്ന വേലുവും മാംസദാഹികളിൽനിന്ന്‌ തന്നെ രക്ഷിച്ച വികൃതനായ മനുഷ്യന്‌ ശരീരം കാഴ്‌ചവയ്‌ക്കാൻ മടിക്കാത്ത ചിരുതയും തന്നെ ലൈംഗികാടിമയാക്കിയ ആൾക്ക്‌ അവസാനനാളുകളിൽ സ്‌നേഹം നൽകുന്നതിൽ തെറ്റുകാണാത്ത രങ്കമ്മയും ഭാര്യയെ വെപ്പാട്ടിയാക്കിയ അച്ഛനോട്‌ തീരാത്ത പകയുമായി ജീവിക്കുന്ന പാണ്ടിയും ബാല്യത്തിലേ നാടുവിട്ടുപോയ മക്കളെ കാണണമെന്ന ആഗ്രഹം പൂർത്തിയാകാതെ മരിച്ച തുമ്പിയും മരത്തെ കൂടപ്പിറപ്പിനെപ്പോലെ സ്‌നേഹിച്ച മരമൂപ്പനുമൊക്കെ വായനക്കാരുടെ മനസ്സിനെ വല്ലാതെ വേട്ടയാടും.

 

കാലത്തിന്റെ പൊളിച്ചെഴുത്ത്‌

ഡോ. കെ എൽ ഷീല

പ്രപഞ്ചത്തിന്റെ ഉൽപ്പത്തി വികാസങ്ങളെക്കുറിച്ചുള്ള ആഴവും പരപ്പും ചിമിഴിലൊതുക്കിയിരിക്കുകയാണ്‌ യശ്ശശരീരനായ പി കേശവൻ നായർ കാലം എന്ന കൃതിയിലൂടെ. മഹാവിസ്‌ഫോടനത്തെ തുടർന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉൽപ്പത്തി, മഹാവിഭേദനം തുടങ്ങി ഗഹനമായ വിഷയങ്ങളെ ലളിതമായി അനാവരണം ചെയ്യുന്നതാണ്‌ ഇത്‌. ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും മറ്റെല്ലാം അതിനുചുറ്റും കറങ്ങുകയാണ്‌ എന്നുമുള്ള ധാരണമുതൽ ആധുനിക പ്രപഞ്ചവിജ്ഞാനീയത്തിന്റെ ഉൾക്കാഴ്‌ചകൾവരെ പുസ്‌തകം വിലയിരുത്തുന്നു. ജീവിതവീക്ഷണം വിശാലമാക്കാൻ ഉതകുന്ന വീക്ഷണമെന്നാണ്‌ അവതാരികയിൽ സി രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടുന്നത്‌.  ഉൽപ്പത്തി, മധ്യദൂരം, ഇപ്പോൾ എവിടെ, ഭാവി എന്നീ നാല്‌ കളത്തിൽ ഒതുക്കിയാണ്‌ കേശവൻ നായർ കാലത്തെ വിലയിരുത്തുന്നത്‌. ‘ആദിയിൽ ഇവിടെ കാലമുണ്ടായിരുന്നില്ല. സ്ഥലമുണ്ടായിരുന്നില്ല, ദ്രവ്യമുണ്ടായിരുന്നില്ല, സ്ഥലവും കാലവും ഇവിടെ നിലനിന്നിരുന്നില്ല’ എന്ന പ്രസ്‌താവത്തോടെയാണ്‌ കേശവൻ നായർ വിഷയത്തെ സമീപിക്കുന്നത്‌. സാമ്പ്രദായിക മതചിന്തകൾക്കും മാമൂലുകൾക്കും എതിരെയുള്ള കാലത്തിന്റെ പൊളിച്ചെഴുത്തുകൂടിയാണ്‌ ഈ പുസ്‌തകം.

 

ഉൽക്കണ്ഠകളിലേക്ക് തുറക്കുന്ന കവിതകൾ

കെ  പി  നൗഷാദ്

സവിശേഷ ഉദ്ദേശ്യങ്ങൾ മുൻനിർത്തി എഴുതപ്പെട്ടവ, സാമൂഹ്യവും പാരിസ്ഥിതികവുമായ ഉൽക്കണ്ഠകളിലേക്ക് തുറക്കുന്നവ, തീർത്തും വൈയക്തികമായവ... നീലാഞ്ജനം എന്ന പേരിലുള്ള ഡോ. അനിൽ വള്ളത്തോളിന്റെ മുപ്പതോളം കവിതയുടെ സമാഹാരത്തിന് ഇങ്ങനെയൊരു വർഗീകരണം ആവശ്യമാണ്. മണിപ്രവാളത്തിന്റെയും പച്ചമലയാളത്തിന്റെയും വെൺമണി പാരമ്പര്യത്തിന്റെയും വള്ളത്തോൾ ശൈലിയുടെയും പ്രേരണകൾ വൃത്തവിരചിതമായ കവിതകളിൽ കാണാമെന്ന് അവതാരികയിൽ രാധാകൃഷ്ണൻ ഇളയിടത്ത് അഭിപ്രായപ്പെടുന്നു. അവനവനിൽനിന്ന് പുറത്തുകടക്കാനുള്ള ഉപാധിയാണ് അനിൽ വള്ളത്തോളിന്റെ കവിതകൾ. ഭാഷയെയും കവിതയെയും സംബന്ധിച്ച മാനുഷിക നിർവചനങ്ങളുടെ അതിരുകളിൽനിന്ന്  കവിതകൾ തെന്നിമാറുന്നു. മനുഷ്യകേന്ദ്രീകൃതം മാത്രമല്ല,  പ്രകൃതിയെ അതിന്റെ വ്യവഹാരികതയും ചാക്രികതയും ഉൾക്കൊണ്ട് മിഴിവുള്ള അവതരണങ്ങളാക്കി മാറ്റാൻ ഈ കവിതകൾക്ക് കഴിയുന്നു.

 

കാൽപ്പന്തിലുരുളുന്ന കാവ്യപ്രപഞ്ചം

ജോസ് കോനാട്ട്

പുസ്തകം എടുക്കുമ്പോഴേ ആരവം മുഴങ്ങുകയായി. 2022 ഖത്തർ ലോകകപ്പ് ലോകത്തിന് സമ്മാനിച്ച ആവേശവും അനുഭൂതിയും ശിൽപ്പഭദ്രതയോടെ തുള്ളി ചോരാതെ ആവിഷ്കരിച്ചിരിക്കുന്നു പന്താരവം എന്ന പുസ്തകത്തിലൂടെ സോജൻ തോമസ്. ഓരോ കളിയുടെയും ത്രിൽ പൂർണമായി അനുഭവവേദ്യമാകുന്ന ഒന്നാന്തരം എഴുത്ത്. ഉപയോഗിക്കുന്ന ഭാഷ കാൽപ്പന്തിനെ ജീവനോളം സ്നേഹിക്കുന്ന കായിക പ്രേമിയുടെ ഹൃദയാന്തരാളത്തിൽനിന്നും ഉറവപൊട്ടുന്ന ശുദ്ധ മലയാളവും. ടീമുകൾ മാത്രമല്ല, കളിക്കാരുടെ പേരുവിവരം, ചരിത്രം, രാജ്യങ്ങളുടെ സാംസ്കാരിക വ്യവഹാരങ്ങൾ, കളിക്കാരുടെ സവിശേഷതകൾ അങ്ങനെ പ്രതിപാദ്യം നീളുന്നു. കേവലമായ ഗദ്യരൂപത്തിൽനിന്ന്‌ കളിയെത്തുമ്പോഴേക്കും സുന്ദരമായൊരു കാവ്യപ്രപഞ്ചത്തിലേക്ക് സോജൻ തോമസിന്റെ ഭാഷ പൂത്തുകയറുന്നത് കാണാം. മായികമായ എഴുത്ത്. സാഹിത്യത്തിൽ ഒരിടത്തും ഇതിനൊരു മാതൃകയുണ്ടാകാൻ ഇടയില്ല. തികച്ചും മൗലികവും സാന്ദ്രീകൃതവുമായ ഭാഷാശൈലിയും മലയാളത്തെളിമയുംകൊണ്ട് അനുഗൃഹീതമായ വാക്സഞ്ചയങ്ങൾ. പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന ഭാവുകത്വ പരിണതിയുടെ മായാത്ത കൈയൊപ്പുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top