19 April Friday

അതിരുകൾക്കപ്പുറം ‘ബൗണ്ടറി’പായിക്കുന്ന മേമുണ്ട കുട്ടികൾ

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Feb 19, 2023

‘‘ബ്രസീലും അർജന്റീനയും ജയിക്കുമ്പം നാം ആർപ്പുവിളിക്കാറില്ലേ. നമ്മുടെ മുത്തശ്ശൻമാരെയും വല്ല്യുപ്പമാരെയും കൊന്നൊടുക്കിയ പോർച്ചുഗലും ഇംഗ്ലണ്ടും ജയിക്കുമ്പോൾ നാം കൈയടിക്കാറില്ലേ. പിന്നെന്താ പാകിസ്ഥാൻ ജയിക്കുമ്പം മാത്രം കൈയടിച്ചാ ഇത്ര വല്ല്യ പ്രശ്‌നം.’’... ഫാത്തിമ സുൽത്താനയെന്ന പെൺകുട്ടിയുടെ ചോദ്യം മത–-ദേശീയതയുടെ പേരിലുള്ള എല്ലാ മതിലുകളെയും അസ്വസ്ഥമാക്കുന്നതായിരുന്നു. അതിരുകളില്ലാത്ത ലോകത്തേക്ക്‌ വിശ്വ മാനവികതയുടെ പന്തടിച്ച്‌ പായിച്ച്‌ മേമുണ്ട സ്‌കൂളിലെ കുട്ടികൾ ആ  ചോദ്യത്തെ നാട്ടിലും നാട്ടാരിലുമാകെ പരത്തി. കപട ദേശീയതയും വ്യാജ രാജ്യസ്‌നേഹവും ആയുധമാക്കി ചുറ്റുംവേലികൾ തീർക്കുന്നവർക്കു മേലെ സാർവദേശീയതയുടെ വേലിക്കെട്ടുകളില്ലാത്ത ലോകത്തേക്കവർ ‘ബൗണ്ടറി ’വർഷിച്ചു. കളിക്കും പാട്ടിനും നാടകത്തിനും ഭാഷയ്‌ക്കും കണ്ണീരിനുമെല്ലാം ആരാണ്‌ അതിരുകൾ നിശ്ചയിക്കുന്നതെന്ന വലിയ ചോദ്യം ഉയർത്തുകയായിരുന്നു നാടകത്തിലൂടെ ഈ കുട്ടികൾ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അരങ്ങിലായിരുന്നു വിദ്വേഷവും വിഭജനവും തീർക്കുന്ന സങ്കുചിത ദേശീയതയ്‌ക്കെതിരായ കുട്ടികളുടെ ബൗണ്ടറി പ്രകടനം. വടകരയ്‌ക്കടുത്ത്‌ മേമുണ്ട ഹൈസ്‌കൂളിലെ കുട്ടികളാണ്‌ സമകാലീന ഇന്ത്യയെ അസ്വസ്ഥമാക്കുന്ന പ്രമേയത്തിന്‌  സർഗാവിഷ്‌കാരമൊരുക്കിയത്‌. ഇന്ത്യൻ ദേശീയ അണ്ടർ  വനിതാക്രിക്കറ്റ്‌ ടീം അംഗമാണ്‌ ഫാത്തിമ സുൽത്താന. ഇന്ത്യയുമായുള്ള  ക്രിക്കറ്റ്‌ മത്സരത്തിൽ ജയിച്ച പാകിസ്ഥാന്റെ കളി മികവിനെ അനുകൂലിച്ച്‌ ഫാത്തിമ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിടുന്നതോടെ നാട്ടിലും നാടകത്തിലും കനലാളുകയായി. ഫാത്തിമയെ ടീമിൽ നിന്ന്‌ പുറത്താക്കാനുളള ആക്രോശങ്ങളും ഭീഷണിയുമാണെങ്ങും. വർത്തമാന ഇന്ത്യൻ തെരുവുകളിൽ ഉയർന്ന ഹിംസാത്മക ദേശീയതയുടെ ഭ്രാന്തൻ പകർപ്പുകളുടെ ആവർത്തനമായി അത്‌ മാറുന്ന അനുഭവം. എന്നാൽ ആരാ  ഈ ഭൂമിയിൽ അതിരുകളും വേലികളും നിശ്ചയിച്ചതെന്ന പൊള്ളുന്ന ചോദ്യവുമായി കുട്ടികൾ എത്തുന്നു. അവർ ഫാത്തിമയെ പിന്തുണയ്‌ക്കുന്നു. കളിയെ വെറും കളിയായി കാണുക. അതിർത്തികളില്ലാതിരുന്നേൽ നമുക്ക്‌ എല്ലാ രാജ്യക്കാരെയും സ്‌നേഹിക്കാമായിരുന്നുവെന്ന സന്ദേശം അവർ പങ്കിടുന്നു. കുട്ടികൾ പ്രകടിപ്പിക്കുന്ന സാർവദേശീയതയുടെ, വിശ്വമാനവികതയുടെ ഈ പ്രഖ്യാപനം കാണികളും നാടുമേറ്റുവാങ്ങുന്ന വല്ലാത്ത അനുഭൂതി ..അതാണ്‌ ‘ബൗണ്ടറി ’എന്ന മേമുണ്ടയുടെ നാടകത്തിന്‌ അരങ്ങളുകളിലെല്ലാം ലഭിച്ചത്‌. സംഘപരിവാരമടക്കമുള്ള  മത –-വർഗീയഭ്രാന്തന്മാരുടെ ഭീഷണി അവഗണിച്ചാണ്‌ സംസ്ഥാന കലോത്സവത്തിൽ ഈ കുട്ടികൾ ഹൃദ്യമനോഹരമായി അഭിനയിച്ചതും അരങ്ങ്‌ കീഴടക്കിയതും. കലോത്സവത്തിലെ വിജയത്തിനും സമ്മാനത്തിനുമപ്പുറം നമ്മുടെ കുട്ടികൾ നാടിന്റെ അകവും പുറവും കാണുന്നവരാണെന്ന വലിയ സന്തോഷാനുഭവമാണ്‌ ഈ നാടകത്തെ പ്രസക്തമാക്കുന്നത്‌. പൂക്കൾ, പൂമ്പാറ്റ, മഴവില്ല‌്‌, പറവ, അണ്ണാരക്കണ്ണൻ... ഇത്തരം പരമ്പരാഗത പൈങ്കിളിത്തരങ്ങളാണ്‌ കുട്ടികളുടെ നാടകമെന്ന വിശ്വാസക്കാർക്കുമുകളിൽക്കൂടിയാണ്‌ മേമുണ്ടയിലെ കുഞ്ഞുങ്ങൾ ‘ബൗണ്ടറി’ പായിച്ചത്‌. നാടകത്തിലെ നായിക ഫാത്തിമ സുൽത്താനയായി അഭിനയിച്ചത്‌ ആവണിയാണ്‌. ഹേതിക, യുക്ത നമ്പ്യാർ, എയ്‌ഞ്ചൽ, ദേവാഞ്ജന, മിത്രബിന്ദ, റിയ സുധീർ, നേഹ, ഗൗതം, ദീക്ഷിത്‌ എന്നിവരും ബൗണ്ടറിയിലെ കളിക്കാരായി. വർത്തമാന വിഷയങ്ങൾ അരങ്ങിലെത്തിച്ച്‌ ശ്രദ്ധേയനായ  നാടകകാരൻ റഫീഖ്‌ മംഗലശേരിയാണ്‌ നാടക രചനയും സംവിധാനവും. പ്രണേഷ്‌ കുപ്പിവളവ്‌ കലാസംവിധാനം നിർവഹിച്ചു.

റഫീഖ്‌ മംഗലശേരി

നാടകരചയിതാവും സംവിധായകനുമായ റഫീഖ്‌ മംഗലശേരി കേരള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവുകൂടിയാണ്‌. ആരാണ്‌ ഇന്ത്യക്കാർ, റാബിയ, കിത്താബ്‌, വാങ്ക്‌, മനുഷ്യദൈവങ്ങൾക്കാരു ചരമഗീതം,  കൊട്ടേം കരീം, ബദറുദ്ദീൻ നാടകമെഴുതുമ്പോൾ തുടങ്ങിയ നാടകങ്ങളുടെ ശിൽപ്പിയാണ്‌. മമ്മാലിയെന്ന ഇന്ത്യക്കാരൻ( സിനിമ), ജയഹേ(ഷോർട്‌ ഫിലിം) എന്നിവയും റഫീഖിന്റെ സൃഷ്‌ടികളാണ്‌. വിവാദങ്ങളുണ്ടാക്കിയ ബൗണ്ടറിയെക്കുറിച്ചും കുട്ടികളുടെ നാടകലോകത്തെപ്പറ്റിയും റഫീഖ്‌ സംസാരിക്കുന്നു:

മതമാകാം, രാഷ്‌ട്രീയം അരുതെന്നതാരുടെ രീതിശാസ്‌ത്രം

ബൗണ്ടറി നാടകം രാജ്യവിരുദ്ധമാണ്‌, ദേശദ്രോഹ രചനയാണ്‌ എന്ന ആരോപണവുമായി പ്രതിഷേധം ഉയർത്തിയത്‌ സംഘപരിവാരമാണ്‌.  ഇതൊരു രാജ്യദ്രോഹ നാടകമല്ല. വിദ്യാർഥികൾ സാമൂഹ്യ–-രാഷ്‌ട്രീയ പ്രശ്‌നങ്ങൾ പറയുന്നതിലാണ്‌ അവരുടെ അസ്വസ്ഥത. പാക്‌ തീവ്രവാദികൾ ഇന്ത്യക്കാരെ കൊന്നപ്പോഴല്ല ബൗണ്ടറിയിലെ ഫാത്തിമ സുൽത്താന കൈയടിക്കുന്നത്‌. ഒരുകളിയിലെ ജയത്തെ അംഗീകരിക്കുകയാണ്‌. പാകിസ്ഥാനുമായി കളിക്കാം, നല്ല കളിക്ക്‌ കൈയടിച്ചുകൂടാ എന്നതിൽ സാഹോദര്യമില്ല. അത്‌ വർഗീയതയാണ്‌. അതാണ്‌ ബൗണ്ടറിയിൽ തുറന്നുകാട്ടുന്നത്‌. അനന്യമായ സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിലൂടെയാണ്‌ ഈ നാട്ടിലെ മതേതരവാദികൾ കളികാണുന്നതും പാട്ട്‌കേൾക്കുന്നതും നാടകവും സനിമയുമെല്ലാംആസ്വദിക്കുന്നതും. ബൗണ്ടറിയിൽ അതേ പറഞ്ഞിട്ടുള്ളു. കളിക്കും കലയ്‌ക്കും ജാതിയും മതവും രാജ്യഭേദവുമില്ലെന്ന്‌ പറയുന്നതിൽ എന്ത്‌ ദേശദ്രോഹമാണുള്ളത്‌. മാനവസ്‌നേഹത്തെക്കുറിച്ച്‌ പറയുന്നതിലെന്ത്‌  ദേശവിരുദ്ധതയാണുള്ളത്‌.

സ്‌കൂൾ നാടകവേദികൾ വിശുദ്ധ വനങ്ങളോ

കുട്ടികളെ മതം പഠിപ്പിക്കാം, തിരിച്ചറിയാത്ത പ്രായത്തിൽ മതത്തിൽ ചേർക്കാം. മദ്രസയിലും ശാഖയിലും സൺഡേ സ്‌കൂളിലും അയക്കാം. അതിലൊന്നും ആർക്കും എതിർപ്പില്ല. ഈ നാടിന്റെ അവസ്ഥയിതാണെന്ന്‌ കുട്ടികൾ പറയരുത്‌, അതവരെ പഠിപ്പിക്കരുത്‌. -അതിന്‌ മാത്രം വിലക്ക്‌. ഇത്‌ അത്യന്തം അപകടകരമായ സമീപനമാണ്‌.

നാടകം സുഖിപ്പിക്കാനുള്ള കലയല്ല

ബാലനായിരുന്ന ഭഗത്‌സിങ്ങാണ്‌ ജാലിയൻ വാലാബാഗിൽനിന്ന്‌ ചോരപുരണ്ട മണ്ണെടുത്ത്‌ സ്വാതന്ത്ര്യപോരാട്ടത്തിനുള്ള പ്രതിജ്ഞ എടുത്തത്‌. സുഖ്‌ദേവും രാജ്‌ഗുരുവും കുട്ടിയായിരിക്കവെയല്ലേ സമരത്തിൽ പങ്കാളിയായത്‌. സമൂഹത്തെ സുഖിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ പറയാനല്ല ഞാൻ നാടകമെടുക്കുന്നത്‌. അസുഖകരായ അശാന്തമായ ഒരുപാട്‌ കാര്യങ്ങൾ ഇവിടെ അരങ്ങേറുന്നു. അത്‌ അരങ്ങിലെത്തിക്കുയാണ്‌ കലാകാരന്റെ ദൗത്യം. ഭീഷണിയും വിലക്കുമൊന്നും അതിനൊരു തടസ്സമല്ല. ഇത്‌ കേരളമാണ്‌. ഇത്‌ ഭൂമിയാണ്‌ എന്ന്‌ വിളിച്ചുപറഞ്ഞ കെ ടി മുഹമ്മദിന്റെയും അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌ നയിച്ച വി ടി ഭട്ടതിരിപ്പാടിന്റെയും നാടാണിത്‌. ഭയം ഈ നാടിനെ ഭരിക്കാൻ പാടില്ലല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top