ഇന്ത്യക്കാരുടെ ദേവതാ സങ്കൽപ്പങ്ങളിൽ ഏറ്റവും ചാരുതയാർന്ന മൂർത്തിയാണ് ശ്രീകൃഷ്‌ണൻ. അദ്ദേഹത്തിന്റെ കൈയിൽ ഒരു സംഗീതോപകരണമുണ്ട്. സ്വർണം കൊണ്ടോ മറ്റ് വിലപിടിപ്പുള്ളവ കൊണ്ടോ ഉണ്ടാക്കിയതല്ല. അതൊരു മുളന്തണ്ടാണ്. ആ മുളങ്കുഴലിന്റെ മുറിവിൽ മായാമനുഷ്യനായ കൃഷ്‌ണൻ വായിക്കുന്ന വശ്യമധുരമായ സംഗീതലഹരിയിൽ പ്രപഞ്ചം ലയിച്ചുനിന്നതിനെക്കുറിച്ച് ചെറുശ്ശേരിമുതൽ ഇങ്ങോട്ടുള്ള കവികളൊക്കെ വിവരിച്ചിട്ടുണ്ട്. എങ്ങനെയാണ് ഓടക്കുഴൽ എന്ന സംഗീതോപകരണം കണ്ടുപിടിച്ചത് എന്ന ആലോചന അവസാനിക്കുന്നതും ഇടയന്മാരിൽത്തന്നെ. നൂറ്റാണ്ടുകൾക്കുമുമ്പ് ആടുമാടുകളെ കാട്ടിൽ മേയാൻ വിട്ട് മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന ഇടയന്മാർ തീരെ അകലെനിന്നല്ലാതെ മനോഹരമായ ഒരു ശബ്‌ദം കേട്ടു. മുളങ്കൂട്ടത്തിനുള്ളിൽനിന്നാണ് ആ സംഗീതം. അവർ അടുത്തുചെന്ന് നോക്കിയപ്പോൾ, ഓരോ മുളന്തണ്ടിലും അഞ്ചും ആറും സുഷിരങ്ങൾ. അത് വണ്ടുകൾ തുളച്ചുണ്ടായതാണ്. (‘വണ്ടുകൾ തുളച്ച പുൽത്തണ്ട്’ എന്ന് കവി പാടി). തങ്ങളുടെ ഏകാന്ത വിരസതകൾ മാറ്റാനായി ഈ മുളന്തണ്ടുകളൊടിച്ച് സുഷിരങ്ങളിട്ട് ഒരു സംഗീതോപകരണം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതിന്റെ ഫലമാണ് ഓടക്കുഴൽ. മലയാളക്കരയ്‌ക്ക് മുള ഒരു ചെടി മാത്രമല്ല സർഗാത്മക സംസ്‌കാരത്തിന്റെ അടയാളമാണ്. അതുകൊണ്ടാണ് വയലാർ ‘മുളങ്കാടുകൾ’ എഴുതിയത്. കടമ്പിന്റെ കൊമ്പിലിരുന്ന് പ്രണയ വേണുവൂതുന്ന സർഗകാമുകനായ ശ്രീകൃഷ്‌ണനെ സുഗതകുമാരി അവതരിപ്പിച്ചത്.
മുള ഒരു പ്രത്യേക ഭൂപ്രദേശത്ത് മാത്രമല്ല, എല്ലായിടത്തും വളരുന്ന നർത്തനസസ്യമാണ്.
പുല്ലുവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം. ബാംബു സോയിഡേ എന്ന ഉപകുടുംബത്തിൽപ്പെട്ട മുളകൾ നൂറ്റിപ്പതിനഞ്ചിലധികം ജനുസ്സുകളും ആയിരത്തി നാനൂറോളം സ്‌പീഷീസുകളും അടങ്ങുന്ന പൊയേസീ കുടുംബത്തിലെ അംഗമാണ്. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്‌ണ പ്രദേശങ്ങളിലുമൊക്കെ മുളകൾ സമൃദ്ധമായി വളരുന്നു. കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ ദ്വീപ് കാടുകളിലും വളരെക്കൂടുതലായി മുളകൾ കാണപ്പെടുന്നു. ഇതൊക്കെ വളരെക്കാലം മുമ്പുതന്നെ നമ്മുടെയുള്ളിൽ ഉറച്ച അറിവുകളാണ്. മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗ സാധ്യതയും പ്രചരിപ്പിക്കാനാണ് വേൾഡ് ബാംബൂ ഓർഗനൈസേഷൻ എല്ലാ വർഷവും സെപ്‌തംബർ 18ന് ലോക മുളദിനം ആചരിക്കുന്നത്. നാഗാലാൻഡാണ് ആദ്യമായി ലോക മുളദിനത്തിന് ആതിഥ്യമരുളിയ നാട്. 2009ൽ ബാങ്കോക്കിൽ ചേർന്ന ലോക മുള സമ്മേളനത്തിലാണ് ദിനാചരണത്തിന് തുടക്കമിട്ടത്.
മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്. കേരളീയരുടെ തനത് ഭക്ഷണമായ പുട്ട് മുളങ്കുറ്റിയിലാണ് ഉണ്ടാക്കിയിരുന്നത്. വൈദ്യന്മാർ ‘ചീളിവച്ച് കെട്ടൽ’ എന്ന ചികിത്സാ രീതിക്ക് മൂന്നോ നാലോ മുളഞ്ചീളുകളാണ് ഉപയോഗിക്കുന്നത്. മുളകൊണ്ട് ചായക്കപ്പുകൾ, കർട്ടൻ, കുട്ടകൾ, ഫിഷിങ് ഗൺ, ഇരിപ്പിടങ്ങൾ, പൂച്ചട്ടികൾ, ചെടിച്ചട്ടികൾ, മേശ എന്നിവയൊക്കെ നിർമിക്കാൻ സാധിക്കും. പൂർണമായും മുളകൊണ്ട് മാത്രം നിർമിക്കപ്പെട്ട ഇരുനില കെട്ടിടം തൃശൂർ ജില്ലയിലുണ്ട്. പണ്ടത്തെ മനുഷ്യർ ഏറുമാടങ്ങൾ ഉണ്ടാക്കിയിരുന്നത് മുളകൾ മുറിച്ചെടുത്തായിരുന്നു. അതുപോലെതന്നെ മലയാളികളുടെ ആരാധനാരീതികൾ പലതും മുളയുമായി ബന്ധപ്പെട്ടതാണ്. പഴയകാലത്ത് എല്ലാ വീടുകളിലും അന്നന്നേക്കുള്ള അരി അളന്നിരുന്നത് മുളനാഴിയിലായിരുന്നു. നിറനാഴി വയ്‌ക്കാത്ത ഒരു പൂജയും ഉണ്ടായിരുന്നില്ല. ഗിരീഷ് പുത്തഞ്ചേരി എഴുതിയല്ലോ ‘‘നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മ മാത്രമളക്കുന്നു.’’
‘‘ഇല്ലിമുളങ്കാടുകളിൽ ലല്ലലംപാടിവരും തെന്നലേ’’ എന്നാണ് ഒ എൻ വി പാടിയത്. കേരളീയ സംസ്‌കൃതിയിൽ മുളകൾക്ക് വലിയ സർഗാത്മക മാനങ്ങളുണ്ട് എന്നതിനുള്ള തെളിവാണ് മുളയെക്കുറിച്ച് പരാമർശമുള്ള കവിതകളും ഗാനങ്ങളുമൊക്കെ. ഉജ്ജയിനി എന്ന കാവ്യത്തിൽ ഒ എൻ വി ‘നെഞ്ചുകീറിയ മുളകൾ തൻ’ ദുഃഖഗാനത്തെക്കുറിച്ച് പറഞ്ഞു. മുളമുരളികയൂതുന്ന കൃഷ്‌ണനെയാണ് യൂസഫലി കേച്ചേരിയും എസ് രമേശൻനായരും കണ്ടത്. കൈതപ്രത്തിന്റെ ഗാനത്തിൽ നായിക നായകനോട് പറയുന്നത് ‘‘നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് മാനസം’’ എന്നാണ്. ‘‘ഈറകൾ ഇളംതണ്ടിലാത്മബോധത്തിന്റെ ഈണം കൊരുക്കുന്ന കാടകപ്പൊന്ത’’യെയാണ് വി മധുസൂദനൻനായർ കണ്ടത്. വേങ്കുഴലിൽ പാട്ടെരിയുന്ന പാതിരാവത്താണ് ഗിരീഷ് പുലിയൂർ ഒറ്റമുകിലായി പാടുന്നത് (വേ എന്നത് മുളയുടെ പ്രാദേശികമായ പ്രയോഗമാണ്). ‘‘കാട്ടിലെ പാഴ്‌മുളന്തണ്ടിൽ’’നിന്നാണ് പി ഭാസ്‌കരൻ പാട്ടിന്റെ പാലാഴി തീർത്തത്. പ്രായപൂർത്തിയാകുന്ന സമയത്ത് നശിപ്പിക്കപ്പെടുന്ന പെൺകുട്ടികളെക്കുറിച്ച് അഖിലൻ ചെറുകോട് എന്ന പുതുതലമുറയിലെ കവി കവിത എഴുതിയപ്പോൾ അതിന് പേരിട്ടത് ‘മുളകൾ പൂക്കുമ്പോൾ’ എന്നാണ്. മുളകൾ പൂത്തുകഴിഞ്ഞാൽ വളരെ പെട്ടെന്ന് അവ നശിച്ചുപോകും എന്ന ശാസ്‌ത്രീയസത്യത്തെ പുഷ്‌പിണിയായിക്കഴിഞ്ഞാൽ സമൂഹത്താൽ നശിപ്പിക്കപ്പെടുന്ന സ്‌ത്രീയുടെ ജീവിതവുമായി കവി ബന്ധിപ്പിച്ചു.
കാലിഗ്രഫി പേനമുതൽ കോരിത്തിന്നുന്ന കരണ്ടി (സ്‌പൂൺ) വരെയുള്ള നൂറുകണക്കിന് ഉൽപ്പന്നങ്ങൾ മുളയിൽനിന്ന് ഉണ്ടാക്കുന്നു . അവയ്‌ക്ക് പ്രോത്സാഹനം നൽകാനും പരിപോഷിപ്പിക്കാനുമായി കേരള സർക്കാരിന്റെ കീഴിൽ ബാംബൂ കോർപറേഷൻ പ്രവർത്തിക്കുന്നുണ്ട്. മുളകൊണ്ട് നിർമിക്കപ്പെട്ട സംഗീത ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന മുളമ്പാട്ട് സംഘങ്ങൾ (ബാംബൂ ബാൻഡ്‌സ്) ഇന്ന് നാടാകെ പുതുതരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇ തൊക്കെ മുളയുടെ സർവസ്വീകാര്യതയാണ്.
അന്നവിചാരത്തിലും മലയാളിക്ക് മുള മുന്നവിചാരം തന്നെയാണ്. മുളയരിക്കഞ്ഞിയും മുളയരിപ്പായസവും മലയാളിയുടെ രുചിബോധത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. പോഷകഗുണങ്ങൾ നിറഞ്ഞ മുളയരിപ്പുട്ട് പഴയതലമുറയുടെ ഇഷ്‌ടവിഭവമായിരുന്നു. അന്നത്തിനും അലങ്കാരത്തിനും ആഘോഷത്തിനും മാത്രമല്ല, വൈദ്യുതാഘാതമേറ്റാൽ രക്ഷപ്പെടുത്തുന്നതുപോലും മുളങ്കമ്പുകൊണ്ട് അടിച്ചിട്ടാണ്. ഇത്തരത്തിൽ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ ഉയരമാണ് മുളങ്കാടിനുള്ളത്.
മുള ഇന്ന് ഒരു സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മുളയിൽനിന്ന് മുളച്ചുയർന്ന് വളർന്നതിനെയൊക്കെ നാം കൗതുകത്തോടെയും വിസ്‌മയത്തോടെയും ആനന്ദത്തോടെയുമാണ് സ്വീകരിച്ചിട്ടുള്ളത്. വീടിന് മുൻവശത്ത് ഒരു മുളങ്കാട് ഉണ്ടാക്കുവാൻ മലയാളികൾ ഇപ്പോൾ അതീവമായി ആഗ്രഹിക്കുന്നുണ്ട്. ഇതുതന്നെ മുളയുടെ സർവസ്വീകാര്യതയ്‌ക്ക് ദൃഷ്‌ടാന്തമാണ്. സന്ധ്യയിൽ ഇളം കാറ്റിൽ മുറ്റത്തേക്കിറങ്ങിനിന്നാൽ കേൾക്കാം, മുളയുടെ ഹൃദയത്തിൽനിന്ന് ഒഴുകിവരുന്ന ആർദ്രസംഗീതം. ദാ, നിങ്ങൾ കേൾക്കുന്നില്ലേ?
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..