19 April Friday

വയലിയുടെ മുളപ്പാട്ടുകൾ

കൃഷ്ണകുമാർ പൊതുവാൾ kpoduval63@gmail.comUpdated: Sunday Sep 18, 2022

വയലി സംഘം സംഗീതപരിപാടിയിൽ

മുളയിൽ നിന്ന് ഉയരുന്ന മന്ദ്രമധുര സംഗീതത്തിലൂടെ പ്രസിദ്ധി നേടിയ സംഘടനയാണ് ആറങ്ങോട്ടുകര വയലി. തൃശൂർ പാലക്കാട്ജില്ലാ അതിർത്തിയായ ആറങ്ങോട്ടുകരയിൽ പ്രവർത്തിക്കുന്ന വയലി മുള കൊണ്ട് മാസ്മരസംഗീതമൊരുക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടാകുന്നു.

2004ൽ നാടൻപാട്ടു സംഘമായി രൂപീകൃതമായ വയലി ഏഴു വിഭാഗങ്ങളിലായി നൂറോളം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ്‌. മുള ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് സംഗീതപരിപാടികൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംഘം. കേരളത്തിനകത്തും പുറത്തും ബാംബൂസംഗീതത്തെ പരിചയപ്പെടുത്തിയതും ഇവരാണ്.

പരമ്പരാഗത ഉപകരണങ്ങൾക്കു പുറമെ വിവിധ മുളയുപകരണങ്ങൾ ഉണ്ടാക്കിയെടുത്താണ് വയലിയുടെ മുളസംഗീതം. പുല്ലാങ്കുഴൽ ഉൾപ്പെടെ ഇരുപത്തഞ്ചോളം ഉപകരണം ഇതുവരെ നിർമിച്ചു. അഞ്ചോളം പുതിയ മുള ഉപകരണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

ബാഗു, ദാൻട്രങ്ക്, മരിമ്പ, തമ്പോർ, ജംബേ, കിർട്ടേ, മഴമൂളി, സെവൻഹോൾസ്, പീക്കി, ബുംകാക്കെ തുടങ്ങി സ്വന്തമായി നിർമിച്ച ഉപകരണങ്ങളും ഒപ്പം ഏതു സംഗീതത്തിലും ഒരു പോലെ ചേരുന്ന ഓടക്കുഴലും നിർമിക്കുന്നു വയലിയിലെ കലാകാരന്മാർ. വള്ളുവനാട്ടിലെ നാടൻപാട്ടുതാളങ്ങളും ക്ലാസിക്കൽ സംഗീത താളങ്ങളും  കോർത്തിണക്കിയാണ് മുളസംഗീതം ആകർഷകമാക്കുന്നത്.

ബുംബെ, കെക്കേര, പീക്കി, തുടങ്ങി വിവിധയിനം പക്ഷിമൃഗങ്ങളുടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വലുതും ചെറുതുമായ മുളസംഗീത ഉപകരണങ്ങളിലൂടെ പത്ത്‌ കലാകാരന്മാർ ചേർന്നാണ് മുളസംഗീതം അണിയിച്ചൊരുക്കുന്നത്. മുളയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരെ കണ്ടെത്തി വർഷം തോറും കെക്കേര എന്ന അവാർഡും വയലി നൽകുന്നുണ്ട്.

വയലി തീംമ്യൂസിക്‌, വന്ദേമാതരം, വാക് ഇൻടു ദി വില്ലേജ്, സാരംഗ്, കുറുംപാട്ട്, ഫ്ളോ ഓഫ് ട്രിബ്യൂട്ട്, വസന്തം, ജുഗൽബന്ദി ഫോറസ്റ്റ്, വള്ളംകളിപ്പാട്ട് തുടങ്ങിയ സംഗീതശ്രേണികൾ വയലി ഉപയോഗിക്കുന്നു. നാഷണൽ ബാംബൂമിഷൻ, കെ എഫ്ആർഐ തുടങ്ങിയ സംഘടനകളുമായി ചേർന്ന്‌ നിരവധി പ്രവർത്തനങ്ങളും നടത്തുന്നു.

ആനമുള, ബിലാത്തിമുള, കല്ലൻമുള, മഞ്ഞമുള, ഓട എന്നിവ കൊണ്ടാണ് സംഗീത ഉപകരണങ്ങൾ നിർമിക്കുന്നത്. ഈ മുളകളുടെ നീളം, വലിപ്പം, മുറിക്കുന്ന രീതി, കനം, വായു കടന്നു പോകുന്നതിനുള്ള സുഷിരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇതിലെ ശബ്ദങ്ങൾ. ഏറെ ശ്രമകരമാണിത്. ഇലക്ട്രിക് ഉപകരണങ്ങളുടെ സഹായമില്ലാതെയാണ് ഇത് നിർവഹിക്കുന്നത്.

നിളയോരത്തെ കരകൗശല പരമ്പരാഗത തൊഴിൽമേഖലയുടെ പുനരുജ്ജീവനത്തിനായി ക്രഫ്റ്റില എന്ന വിഭാഗവും ഭാരതപ്പുഴയുടെ സംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനും ശേഖരിക്കുന്നതിനും പഠിക്കുന്നതിനും tenage (the nila action group) എന്ന വിഭാഗവും ഇതര മാധ്യമങ്ങളുടെ പ്രചാരണാർഥം വിമ (വയലി ഇനീഷ്യേറ്റീവ് ഫോർ മീഡിയ ആക്ഷൻ), സമാന്തര വിദ്യാഭ്യാസത്തിന് കൂടുതൽ ഇടം നൽകാൻ ആൾട്ടർ സ്കൂൾ, മാനസിക വൈകല്യം അനുഭവിക്കുന്നവരുടെ സഹായാർഥം Aim mental and paliative care എന്ന വിഭാഗവും പ്രവർത്തിക്കുന്നു.

2007ൽ വയലി സംഘം ജപ്പാനിലേക്ക് നടത്തിയ യാത്രയിലാണ് മുളസംഗീതം എന്ന ആശയം ഉയർന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വയലി ഒരാഴ്‌ചയോളം അവിടെ പരിപാടി അവതരിപ്പിച്ചു. ലോകപ്രശസ്തമായ ജപ്പാൻമുള സംഗീതഗ്രൂപ്പിനൊത്തുള്ള താമസം യാത്രയ്ക്ക് ഊർജം പകർന്നു. നിരവധി തവണ ജപ്പാൻടീം ഇന്ത്യ സന്ദർശിച്ചപ്പോൾ കൂട്ടായി പ്രവർത്തിക്കാൻ കഴിഞ്ഞു. 2014ൽ വയലി ഡയറക്ടർ വിനോദ് നമ്പ്യാർക്ക് കേന്ദ്രസംസ്കാരിക വിഭാഗത്തിന്റെ ജൂനിയർ ഫെലോഷിപ്‌ ലഭിച്ചു. ഗോത്രസംസ്കാര വിഭാഗത്തിന്റെ ആദ്യകാല സംഗീത ഉപകരണങ്ങൾ മിക്കവയും മുളകൊണ്ടാണ്. മുളയുമായി ബന്ധപ്പെട്ട് പല ആചാരങ്ങളും വിശ്വാസങ്ങളും കേരള സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇവ സമാഹരിച്ച് പുസ്തകരൂപത്തിലാക്കാനുള്ള ശ്രമത്തിലാണ് വിനോദ് നമ്പ്യാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top