25 April Thursday

വി കെ എൻ കഥയുടെ കഥ

മണമ്പൂർ രാജൻബാബുUpdated: Sunday Jul 18, 2021

‘വി കെ എന്നിന്റെ കഥയ്‌ക്ക്‌ ചിത്രം വരയ്‌ക്കാൻ ആർക്കാണയച്ചത്‌?’’ ചിത്രകാരനായ കൂട്ടുകാരൻ എന്നോട്‌ ചോദിച്ചു. ‘‘സി എൻ കരുണാകരന്‌’’–- ഞാൻ പറഞ്ഞു.

ഉടൻ കൂട്ടുകാരൻ മൂക്കത്ത്‌ വിരൽവച്ചു. ‘‘എങ്കിൽ ആ കഥ നഷ്ടപ്പെട്ടെന്ന്‌ കരുതിയാൽ മതി. ചിത്രവും വരില്ല, കഥയും വരില്ല.’’

ഞാനാകെ അന്ധാളിച്ചു. വാട്‌സാപ്പോ മൊബൈൽ ഫോണോ ഒന്നുമില്ലാത്ത കാലം. 1980കളിലാണ്‌. മറ്റു ചില സ്‌നേഹിതന്മാരോട്‌ വിവരം പറഞ്ഞു. അവരും പറഞ്ഞു: ‘കഥ പോയെന്ന്‌ കൂട്ടിക്കോളൂ.’

വി കെ എൻ എഴുതി, സ്‌നേഹപൂർവം തപാലിൽ അയച്ചുതന്ന കഥ. ‘ഇന്ന്‌’ മാസികയുടെ ആറാം പിറന്നാൾ പതിപ്പിനുവേണ്ടി. കഥ നഷ്ടമായെന്ന്‌ പറഞ്ഞാൽ ഒരു കഥാകൃത്തും പൊറുക്കില്ല. പ്രത്യേകിച്ച്‌ വി കെ എൻ എന്ന മഹാപ്രതിഭ. ‘ഞാൻ ഒരു മാനസികാവസ്ഥയാണ്‌’ (I am a  State of Mind) എന്ന്‌ സ്വയം കരുതുന്ന വി കെ എൻ. കഥ എഴുതിയതിന്‌ പൊലീസ്‌ ഓഫീസിൽനിന്നും പൊലീസ്‌ ക്വാർട്ടേഴ്‌സിൽനിന്നും പുറത്താക്കപ്പെട്ട എനിക്ക്‌ സാന്ത്വനമായി ‘ബാബുഷ്‌കൻ വിഷയം’ എന്ന കഥ ‘ദേശാഭിമാനി’ വാരികയിൽ എഴുതിയ കാരണവർ!

രണ്ടും കൽപ്പിച്ച്‌, മറുപടിക്കവർ സഹിതം ചിത്രകാരൻ സി എൻ കരുണാകരന്‌ ഒരു കത്തയച്ചു. ഏതാണ്ടിങ്ങനെ: ‘‘വി കെ എൻ കഥയ്‌ക്ക്‌ ചിത്രം വരയ്‌ക്കാൻ താങ്കൾക്കാണ്‌ നൽകിയതെന്ന്‌ കേട്ടപ്പോൾ, ചിത്രകാരന്മാരുൾപ്പെടെ പലരും പറയുന്നു, ‘ആ കഥ പോയെന്ന്‌ കരുതിയാൽ മതി’യെന്ന്‌. ഞാൻ അതൊന്നും വിശ്വസിക്കുന്നില്ല. എനിക്ക്‌ താങ്കളെ വിശ്വാസമാണ്‌. താങ്കൾ വരച്ചുതരുമെന്നതാണ്‌ എന്റെ ശുഭപ്രതീക്ഷ. അടുത്ത ശനിയാഴ്‌ചവരെ ഞാൻ കാക്കും. അപ്പോഴേക്ക്‌ അച്ചടി പൂർത്തിയാക്കേണ്ടതുണ്ട്‌. അതിനുള്ളിൽ കഥയും ചിത്രവും എത്താതെ വന്നാൽ ഞാൻ എറണാകുളത്തേക്ക്‌ വണ്ടികയറും. താങ്കളുടെ വീട്ടിലെത്തും. ചിത്രം കിട്ടുംവരെ അവിടെ സമരം. യാത്രക്കൂലി ഉൾപ്പെടെ എന്റെ എല്ലാ ചെലവുകളും താങ്കൾ വഹിക്കേണ്ടിവരും. അതൊന്നും വേണ്ടിവരില്ലെന്ന്‌ ഇപ്പോഴും മനസ്സുപറയുന്നു.’’

കത്തയച്ച്‌ കാത്തിരുന്നു.

വെള്ളിയാഴ്‌ചത്തെ തപാലിൽ സി എൻ വരച്ച അതിമനോഹരമായ ചിത്രവും വി കെ എൻ കഥയും എന്നെ തേടിയെത്തി. ‘കോണാനുടുക്കാത്തവർ’ എന്ന ആ വി കെ എൻ കഥ ‘ഇന്ന്‌’ ആറാം പിറന്നാൾ പതിപ്പിൽ വന്നു. സി എൻ കരുണാകരന്റെ ചിത്രത്തോടൊപ്പം. ആ പതിപ്പിനാണ്‌ അച്ചടിക്കും രൂപകൽപ്പനയ്‌ക്കുമുള്ള, കേരള സർക്കാരിന്റെ മലയാളം ബുക്ക്‌ ഡെവലപ്‌മെന്റ്‌ കൗൺസിൽ പുരസ്‌കാരം 1988ൽ ലഭിച്ചത്‌. ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത വി കെ എൻ, സി എൻ കരുണാകരൻ എന്നിവർക്ക്‌ അകംനിറഞ്ഞ ആദരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top