06 December Wednesday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

മാർക്‌സിന്‌ ഹൃദയപൂർവം ജെന്നി

സന്തോഷ്‌ രാജശേഖരൻ

രോഗങ്ങൾക്കും ദാരിദ്ര്യത്തിനും ഇടയിൽപ്പെട്ടുപോകുന്ന  ജെന്നി വോൺ വെസ്റ്റ്‌ഫാലൻ എന്ന സുന്ദരിയായ യുവതിയുടെയും  കാൾ മാർക്‌സ്‌ എന്ന വിപ്ലവകാരിയുടെയും പ്രണയവും ജീവിതവും രേഖപ്പെടുത്തുന്ന വേറിട്ട നോവലാണ്‌ ഡോ. വെങ്ങാനൂർ ബാലകൃഷ്‌ണന്റെ ‘ഹൃദയപൂർവം ജെന്നി.’ ലോകം മുഴുവൻ പ്രതീക്ഷയും അതുവഴി സമൂഹത്തിന്‌ തണലുമായ മാർക്‌സിന്റെ സിദ്ധാന്തവും ഗവേഷണവും നിറഞ്ഞ സ്വപ്‌നങ്ങൾക്കൊപ്പം പരുപരുത്ത യാഥാർഥ്യത്തിന്റെ കാഠിന്യം തളർത്തുന്ന കുടുംബ ചിന്തകളും ഹൃദയപൂർവം ജെന്നി നമ്മളിലേക്ക്‌ പകർത്തുന്നു. കാൽപ്പനികതയുടെ പരിവേഷമില്ലാതെ പ്രണയത്തെയും കുടുംബഭദ്രതയെയും ഇതിൽ വായിക്കാം. മാർക്‌സിന്റെ ബർലിൻ ജീവിതത്തെ അടയാളപ്പെടുത്തുന്നത്‌ അദ്ദേഹത്തിന്റെ പ്രബന്ധവുമായി ചേർത്തുവച്ചാണ്‌. ‘ദ ഡിഫറൻസ്‌ ബിറ്റ്‌വീൻ ദ ഡെമോക്രേറ്റിയൻ ആൻഡ്‌ എപ്പിക്യൂറിയൻ ഫിലോസഫി ഓഫ്‌ നേച്ചർ’ എന്ന തീസിസ്‌ ആ വർഷത്തെ മികച്ചതാണെന്ന സർവകലാശാലയുടെ വിലയിരുത്തലിനുമുമ്പും അതിനുശേഷവുമുള്ള സംഭവങ്ങൾ കോർത്തിണക്കിയിരിക്കുന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. ‘കൈയിലിരിപ്പുകാരണം ജോലിയിൽനിന്ന്‌ പിരിച്ചുവിടപ്പെട്ട ഒരു ഭൂമിശാസ്‌ത്ര അധ്യാപകനായിരുന്ന റുട്ടെൻബർഗ്‌, അദ്ദേഹത്തിന്റെ അമ്മ ജെന്നിയും മാർക്‌സും തമ്മിലുള്ള വിവാഹം, നാട്ടിലെ ചെറുപ്പക്കാരുടെ അസൂയ, സമാന്തരമായി സംഭവിക്കുന്ന പ്രഷ്യയിലെ രാഷ്‌ട്രീയ നീക്കങ്ങൾ, പത്രപ്രവർത്തന ജീവിതം ഇങ്ങനെ ചെറുതും വലുതുമായതെല്ലാം ഈ നോവലിന്റെ ചേരുവകളാണ്‌. ‘ആരുടെ മുന്നിലും തോൽക്കരുത്‌. അങ്ങയുടെ കണ്ടെത്തലുകൾ നാളെ ഇതിലേറെ ചർച്ചചെയ്യും. അന്ന്‌ നമ്മുടെ പ്രണയവും വാഴ്‌ത്തപ്പെടും’ നോവലിന്റെ അവസാന താളുകളിൽ ജെന്നി പറഞ്ഞുനിർത്തിയിടത്ത്‌ വായനക്കാരനും ചെന്നുനിൽക്കുന്നു.

 

 

ചരിത്രത്തിന്റെ പുനർവായന

ജസ്റ്റിസ് എം ആർ  ഹരിഹരൻ നായർ

സ്വാതന്ത്ര്യാനന്തരകാലത്ത് കേരളത്തിൽ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും അഭൂതപൂർവമായ മാറ്റങ്ങളാണ് ഉണ്ടായത്. തറയിൽ മനോഹരൻ പിള്ളയുടെ ‘ഓർമകളുടെ പെരുമഴക്കാലം’ എന്ന പുസ്തകം വിപ്ലവാത്മകമായ ആ കാലത്തിന്റെ ഫ്ലാഷ്‌ ബാക്കാണ്‌. പത്രവാർത്തകളിലൂടെ സാധാരണ ജനങ്ങൾക്ക് ലഭ്യമല്ലാത്ത  ധാരാളം കൗതുകവിവരങ്ങളും  പകർന്നുനൽകുന്നു. ഇവയിൽ പലതും അണിയറ രഹസ്യങ്ങളെന്നും പറയാം. രാഷ്ട്രീയം, പത്രപ്രവർത്തനം, സുപ്രധാന വ്യക്തികളുമായുള്ള ഇടപെടലുകൾ എന്നിങ്ങനെ പരന്നുകിടക്കുന്ന സംഭവങ്ങളാണ് പുസ്തകത്തിലെ പ്രമേയം. പ്രധാനമന്ത്രിയായിരുന്ന വി പി സിങ്‌, പട്ടം താണുപിള്ള മുതലുള്ള  മുഖ്യമന്ത്രിമാർ, രാഷ്ട്രീയ പ്രവർത്തകരുമായി ഇടപഴകിയതിന്റെ അനുഭവങ്ങൾ, അടിയന്തരാസ്ഥാ കാലത്തെ സ്ഥിതിഗതികൾ,  എ കെ ആന്റണിയുടെ വിവാഹക്ഷണം എന്നിവയെല്ലാം വളരെ രസകരമായാണ്  വിവരിച്ചിരിക്കുന്നത്.  എംഎൽഎ ഹോസ്റ്റലിലെയും ലോ അക്കാദമിയിലെയും അണിയറ രഹസ്യങ്ങളും വായിക്കാം. അനുഭവങ്ങളെ മുൻനിർത്തി ചരിത്രത്തിന്റെ പുനർവായന കൂടിയാണ്‌ ഈ പുസ്‌തകം.

 

 

പ്രതിച്ഛായയല്ല യാഥാർഥ്യം

എ ശ്യാം

ലോകത്ത്‌ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന രാജ്യം ഏതെന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളൂ; ഉത്തര കൊറിയ. അമേരിക്കൻ ചേരിയിലെ രാജ്യങ്ങളും മുതലാളിത്ത ആശയപ്രചാരകരായ പാശ്ചാത്യ മാധ്യമങ്ങളും ആ രാജ്യത്തെക്കുറിച്ച്‌ ലോക മനസ്സിൽ സൃഷ്ടിച്ചിട്ടുള്ള ഒരു പ്രതിച്ഛായയുണ്ട്‌. കടുത്ത പട്ടിണിമൂലം ജനങ്ങൾ മരിച്ചുവീഴുന്ന ഭീകര സ്വേച്ഛാധിപത്യ രാജ്യം എന്നതാണത്‌. എന്നാൽ, അതല്ല യാഥാർഥ്യമെന്ന്‌ വ്യക്തമാക്കുകയാണ്‌ 10 ദിവസം ആ രാജ്യത്തിന്റെ തെക്കുമുതൽ വടക്കേയറ്റംവരെ സഞ്ചരിച്ച്‌, ജനങ്ങളുമായി അടുത്തിടപഴകിയ മലയാളി ഡോക്ടർ. ഡോ. എൻ ജെ നടരാജൻ എഴുതിയ ‘ഒരു വടക്കൻ കൊറിയൻ യാത്ര’ . അത്ര വലുതല്ലെങ്കിലും ആ രാജ്യത്തെക്കുറിച്ച്‌ ലോകത്തുണ്ടായ ഏറ്റവും സമഗ്രമായ കൃതിയായിരിക്കും. ഉത്തര കൊറിയയുടെ കുറവുകൾ വിവരിക്കുന്നതിലും ഗ്രന്ഥകാരൻ പിശുക്ക്‌ കാണിച്ചിട്ടില്ല. ‘ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണ്‌ ഉത്തര കൊറിയ’. പാതിരാത്രി പോലും സ്‌ത്രീകൾക്കും കുട്ടികൾക്കും റോഡിലിറങ്ങി നടക്കാം. തികച്ചും മാലിന്യമുക്തമായ ആ രാജ്യം ‘പ്രകൃതിസ്‌നേഹികളുടെ പറുദീസയാണ്‌’. ഇത്രയും പരിശുദ്ധമായ പ്രകൃതി ഒരുപക്ഷേ അന്റാർട്ടിക്കയിൽ മാത്രമേ ഉണ്ടാകൂ. ആരോഗ്യസംരക്ഷണം സൗജന്യമായ ഇവിടെ ‘ചികിത്സയുടെ നിലവാരം മറ്റു പല മൂന്നാംലോക രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ വളരെ മെച്ചമാണ്‌’ എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. തെരുവിൽ അനാഥക്കുട്ടികൾ ഇല്ലാത്ത രാജ്യമാണ്‌ ഇത്‌. നഗരാസൂത്രണം ഒരു കലയാണെങ്കിൽ അതിന്റെ ഉത്തുംഗ മാതൃകയാണ്‌ തലസ്ഥാനമായ പ്യോങ്‌യാങ്‌ എന്നും ഗ്രന്ഥകാരൻ പറയുന്നു.

 

 

കഥയുടെ ആത്മാവ് തേടിയുള്ള യാത്ര

സനൂപ് പി

കഥകളെ പഠിക്കേണ്ടത്‌ എങ്ങനെയെന്നും അതിന്‌ ഉപയോഗിക്കാവുന്ന സങ്കേതങ്ങൾ ഏതൊക്കെ എന്നതിനെയുംപറ്റിയുള്ള പി കൃഷ്ണദാസിന്റെ അന്വേഷണമാണ് പ്രവ്ദാ ബുക്സ് പ്രസിദ്ധീകരിച്ച ‘ആഖ്യാനത്തിന്റെ സ്മൃതി ഭേദങ്ങൾ’. ചരിത്രബോധത്തിലും ഓർമകളിലും ഊന്നിനിന്നാണ് പി കൃഷ്ണദാസ് കഥകളെ പഠിക്കുന്നത്. നാലു പതിറ്റാണ്ടിനിടെ കഥയിലുണ്ടായ  വിശിഷ്യാ മലയാള ചെറുകഥാ പ്രസ്ഥാനത്തിലുണ്ടായ രൂപ, ഭാവ പരിണാമങ്ങളെ ഈ കൃതി അടയാളപ്പെടുത്തുന്നു. സി വി ശ്രീരാമന്റെയും നാരായന്റെയും കഥാലോകംമുതൽ മൃദുൽ വി എമ്മും സിവിക് ജോണുംവരെയുള്ളവരുടെ പുതുകാല കഥകൾവരെ കൃഷ്ണദാസിന്റെ  ‘ഓപ്പറേഷൻ ടേബിളിൽ' പരിശോധനാ വിധേയമാകുന്നുണ്ട്.  കേവലം കഥാപഠനങ്ങൾ മാത്രമാകുന്നില്ല പലപ്പോഴും ഈ കൃതി. ചലച്ചിത്രം, ചിത്രകല അടക്കമുള്ള മറ്റ് ആവിഷ്കാര രൂപങ്ങളെ പഠിക്കാനുള്ള ശ്രമങ്ങളും  സമാന്തരമായി കാണാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top