07 July Thursday

ചമയകലയുടെ ചരിത്രവും സങ്കേതവും

ഡോ. പ്രിയാ വര്‍ഗീസ്Updated: Sunday Apr 17, 2022
ചമയം: പട്ടണം റഷീദ്. സ്ക്രീനിൽ തെളിയുന്ന ആ പേര് പരിചിതമല്ലാത്ത സിനിമാപ്രേക്ഷകരുണ്ടാവില്ല. സിനിമയിലെന്നല്ല ഏത് നടനകലയിലും ചമയത്തിനുള്ള പ്രാധാന്യമേറെയാണ്. നാട്യശാസ്ത്രപ്രകാരം ചതുർവിധ അഭിനയങ്ങളിൽ ഒന്നാണ് ആഹാര്യം. പുസ്തം, അലങ്കാരം, അംഗരചന, സജ്ജീവം എന്നിങ്ങനെ ആഹാര്യത്തെ നാലായി വിഭജിച്ചിട്ടുള്ളതിൽ അംഗരചന ശരീരത്തിനും മുഖത്തിനും നിറങ്ങളും മറ്റും ഉപയോഗിച്ച് മാറ്റം വരുത്തുന്ന ചമയത്തെക്കുറിക്കുന്നു. ആഹാര്യം നന്നാവുന്നത് നടന്റെ കഴിവ് കൊണ്ടല്ല. ചമയക്കാരന്റെ സർഗാത്മകതകൊണ്ടാണ്. പൊന്തൻമാടയിലെ മമ്മൂട്ടിയെയോ പരദേശിയിലെ മോഹൻലാലിനെയോ അനന്തഭദ്രത്തിലെ മനോജ് കെ ജയനെയോ ഒക്കെ പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് ചായമെഴുതിയ കലാകാരന്റെ പ്രതിഭയുടെ കൂടി ഫലമാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി മലയാളസിനിമയുടെ ആഹാര്യം സുഭദ്രമാക്കി നിലനിർത്തിയതിൽ പട്ടണം റഷീദിനുള്ള പങ്ക് ചെറുതല്ല. ചമയംമാത്രമല്ല പുസ്തകമെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അതുല്യ പ്രതിഭ. ‘ചമയം' എന്ന പുസ്തകം ഈ കലാകാരനെ നിരവധി താരങ്ങളുടെ തലയെടുപ്പോടെ വായനക്കാരുടെ മനസ്സിൽ പ്രതിഷ്ഠിക്കും. ചമയകലയുടെ ചരിത്രവും വികാസവും പരിചയപ്പെടുത്തുന്നു ഈ പുസ്തകം. ഈ മേഖലയിൽ ഇത്രയും ആധികാരികമായ ഗ്രന്ഥം മലയാളത്തിൽ ആദ്യം.  
ഏഴ് അധ്യായത്തിലായാണ് ചമയകലയുടെ വിശദാംശങ്ങൾ അവതരിപ്പിക്കുന്നത്. ആദ്യ അധ്യായമായ പ്രാരംഭത്തിൽ മാനവചരിത്രത്തിൽ ചമയത്തിനുള്ള പ്രാധാന്യത്തെയും അതിന്റെ ചരിത്രവഴികളെയും പരിചയപ്പെടുത്തുന്നു. മൃഗവേട്ടയ്‌ക്ക് സഹായകമാകാനും അനുഷ്ഠാനങ്ങളുടെ ഭാഗമായും ആദ്യകാലത്ത് ചമയം അണിഞ്ഞിരിക്കാം. ഈജിപ്ഷ്യൻ രാജ്ഞിമാരും അന്തപ്പുരസ്ത്രീകളും ഉപയോഗിച്ചിരുന്ന ചമയക്കൂട്ടുകളെക്കുറിച്ചും ലോകമാനമുള്ള രംഗവേദികളിൽ ചമയം ഉപയോഗിച്ചിരുന്നതിന്റെ വ്യത്യസ്തരീതികളെക്കുറിച്ചും വിശദീകരിക്കുന്നു. രണ്ടാമധ്യായത്തിൽ നാടൻ കലാരൂപങ്ങളിലെ ചമയമാണ് പ്രതിപാദ്യം. മുടിയേറ്റ്, കളമെഴുത്ത്, തെയ്യം, പടയണി, ചവിട്ടുനാടകം, യക്ഷഗാനം, തെരുക്കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചെല്ലാമുള്ള നിരീക്ഷണങ്ങളുണ്ട് ഈ അധ്യായത്തിൽ. ചമയംകൊണ്ടും അഭിനയംകൊണ്ടും പെണ്ണായി മാറിയ അതുല്യ നടൻ ഓച്ചിറവേലുക്കുട്ടിയെ പരിചയപ്പെടുത്തുന്നു മൂന്നാം അധ്യായം.
 ചമയകലയ്‌ക്ക് സിനിമയിൽ സംഭവിച്ച പരിണാമങ്ങളാണ് ഹോളിവുഡിലെ മേക്കപ്പ് എന്ന നാലാമധ്യായത്തിലെ പ്രതിപാദ്യം. ചമയകലയിലെ പ്രഗത്ഭരായ മലയാളികളെ ഓർത്തെടുക്കുകയാണ് ചമയകലയിലെ ഗുരുവര്യന്മാർ എന്ന അധ്യായം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ശ്രദ്ധേയമായ സിനിമകളിലെ അനുഭവങ്ങളും കലാകാരൻ എന്ന നിലയ്‌ക്ക് തന്റെ വളർച്ചയും നിരീക്ഷണങ്ങളും എല്ലാം കോർത്തിണക്കിയ ‘വെള്ളിത്തിരയിലെ വേഷപ്പകർച്ചകളാ’ണ് ഏറ്റവും ദീർഘമായ അധ്യായം. ‘എന്റെ നാടക സിനിമാ അനുഭവങ്ങൾ’ എന്ന അവസാന  അധ്യായവും ചേർത്ത് 486പേജാണ് ഈ സചിത്രഗ്രന്ഥത്തിനുള്ളത്. കലയെയും സംഗീതത്തെയും ജീവനുതുല്യം സ്നേഹിക്കുകമാത്രമല്ല ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിന്റെ ഭാഗമായിരുന്നിട്ടും തന്റെ ഭാര്യയെ നാടകത്തിൽ അഭിനയിപ്പിക്കാൻ ധൈര്യം കാണിക്കുകയും മക്കൾ ഉദ്യോഗസ്ഥരായില്ലെങ്കിലും സാരമില്ല കലയെ കൈവിടരുതെന്നു തീവ്രമായി ആഗ്രഹിക്കുകയുംചെയ്ത  ബാപ്പയെക്കുറിച്ചുള്ള ഓർമകളും അവസാന അധ്യായത്തിൽ കടന്നുവരുന്നു.  
കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴും ഒറ്റയ്ക്കിരിക്കുമ്പോഴും ദിവാസ്വപ്നം കണ്ടിരുന്ന കുട്ടി. എൽപി സ്കൂളിൽ   നാടകമഭിനയിക്കുമ്പോഴും മേക്കപ്പിൽ കമ്പംതോന്നുന്ന കുട്ടി. ചുമരെഴുത്തും പാർടി പ്രവർത്തനവുമായി പാർടി ഓഫീസിൽ തന്നെ കിടന്നുറങ്ങുന്ന യുവാവ്. സിനിമകൾ സ്വതന്ത്രമായി ചെയ്യാൻ കിട്ടാതിരുന്ന ആദ്യനാളുകൾ. പ്രവർത്തിച്ച സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയ ദുരിതകാലം. ചമയത്തിന്റെ സിദ്ധാന്തങ്ങളോടൊപ്പം ജീവിതത്തിലെ നിരവധി ഏടുകൾ കൂടി ഈ ഗ്രന്ഥത്തിലുണ്ട്.   
 പട്ടണം റഷീദിനെപ്പോലെയുള്ള പ്രതിഭകളെ സംബന്ധിച്ചിടത്തോളം കലയും ജീവിതവും ഒന്നുതന്നെയായത്കൊണ്ടു സംഭവിക്കുന്ന ലയമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകം കെട്ടിലും മട്ടിലുമെല്ലാം അച്ചടി സാങ്കേതികവിദ്യ കൈവരിച്ച വലിയ നേട്ടങ്ങൾക്ക് നിദാനമാകുന്നു. ഗ്ലോസി പേപ്പറിൽ വർണചിത്രങ്ങളുമായി ആരെയും വായിക്കാൻ പ്രേരിപ്പിക്കുംവിധമാണ് രൂപകൽപ്പന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top