24 April Wednesday

വരൂ... സിനിമ തുടങ്ങി

ഗിരീഷ്‌ ബാലകൃഷ്‌ണൻ unnigiri@gmail.comUpdated: Sunday Jan 17, 2021
ഇതാ... തിയറ്ററുകളിൽ വീണ്ടും ആരവം. പത്തുമാസത്തെ കാത്തിരിപ്പിന് വിരാമം. വീണുകിട്ടുന്ന ഹർത്താലുകളിൽമാത്രം നിർബന്ധിത വിശ്രമം അനുവദിക്കപ്പെട്ട പ്രൊജക്ടറുകൾ ദീർഘമായ ഏകാന്തതയുടെ തണുപ്പറിഞ്ഞു. കൂക്കുവിളികളും പൊട്ടിച്ചിരിയും അട്ടഹാസവും നിറഞ്ഞുകവിഞ്ഞ കൊട്ടകകൾ, ഏകാന്തത എത്രമാത്രം മുഷിപ്പനാണെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. ഒരു സിനിമയും കാട്ടിത്തരാത്ത നാടകീയത. വിനാശകാരിയായ വൈറസിനോട് പൊരുതിമുന്നേറുമ്പോൾ ജീവിതം തുറന്നിടാനുള്ള ആത്മവിശ്വാസം പകരുകയാണ് ഒരിടവേളയ്‌ക്കു‌ശേഷം പ്രദർശനശാലകൾ. മൊബൈലും ഹെഡ്‌സെറ്റുംവച്ച് ഏത് തിരക്കിലും സിനിമകാണാമെങ്കിലും ഒരേ കാത്തിരിപ്പോടെ ഒരേ ഇരുട്ടിൽ കാണുന്ന സിനിമ പകരുന്ന കാഴ്‌ച തിരികെ പിടിക്കുകയാണ് കേരളം. ഹെൽമെറ്റ് ധരിച്ചാണ് ചിലരെത്തിയത്. വിജയ് ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് കുടുംബസമേതം എത്തിയവരുമുണ്ട്.
 
മലയാളത്തിലെ സൂപ്പർതാരങ്ങളാരും പകരാത്ത ആത്മവിശ്വാസമാണ് ഇളയദളപതി സിനിമാ വ്യവസായത്തിന് നൽകിയത്. പ്രദർശനത്തിന് സജ്ജമായി ഒന്നിലധികം മലയാള സൂപ്പർതാരചിത്രങ്ങളുണ്ടെങ്കിലും ആകാംക്ഷയുടെ പൂട്ടുതുറക്കാൻ വിജയ്‌ വേണ്ടിവന്നു. മാസ്റ്റർ കേരളത്തിൽ റിലീസ് കേന്ദ്രങ്ങളിലെല്ലാം തരംഗമുയർത്തി. കോവിഡിനെ മറന്ന്‌ ആവേശം പലയിടത്തും തലപൊക്കി. കോവിഡിനൊപ്പം സിനിമകാണാൻ മലയാളി പഠിച്ചു. ചിട്ടയായി വരിനിന്ന് ടിക്കറ്റെടുക്കാനും തൊട്ടിരിക്കാതെ സിനിമകാണാനും ശീലിച്ചു.
 
മാസ്റ്റർ രാജ്യത്തുനിന്നാകെ ആദ്യദിനം 42.5 കോടി  വാരിയെന്നാണ് റിപ്പോർട്ട്. കേരളത്തിൽനിന്ന്‌ ആദ്യദിനം 2.2 കോടി. എല്ലാ സെന്ററുകളിലും ചിത്രം ആദ്യ ദിവസം തന്നെ ഹൗസ് ഫുൾ ആയി. കോവിഡ് മാനദണ്ഡപ്രകാരം പകുതി സീറ്റിൽ മാത്രമായിരുന്നു പ്രവേശനം. കേരളത്തിൽ 670 തിയറ്ററിലാണ് മാസ്റ്റർ പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു തമിഴ് ചിത്രം ഒറ്റയടിക്ക് ഇത്രയധികം തിയറ്ററുകളിൽ എത്തുന്നത്. സാധാരണ വിജയ് ചിത്രം നൂറോ നൂറ്റമ്പതോ തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുക. കോവിഡ്കാലത്ത് പ്രേക്ഷകർ എപ്രകാരം പ്രതികരിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാകും സൂപ്പർതാരചിത്രങ്ങൾ പരീക്ഷണത്തിന് മുതിർന്നില്ല. ഹോളിവുഡ് ചിത്രങ്ങളായ ടെനന്റ്, വണ്ടർ വുമൺ 1984 എന്നിവയുടെ കേരളത്തിലെ റിലീസ് പോലും മാസ്‌റ്ററിനു വഴിമാറി. തന്ത്രപരമായ നീക്കമാണ് മലയാള ചലച്ചിത്രവ്യാപാരമേഖല നടത്തിയതെന്ന് ഫിലിം ട്രേഡ് അനലിസ്റ്റായ ശ്രീധർപിള്ള ചൂണ്ടിക്കാട്ടി.
 
സംസ്ഥാനത്തെ 90 ശതമാനം തിയറ്ററുകളും തുറന്നു. അടുത്തയാഴ്‌ചയോടെ ബാക്കിയും പ്രവർത്തനസജ്ജമാകും. നീണ്ട ഇടവേളയ്‌ക്കുശേഷം യുവജനങ്ങൾ ആവേശത്തോടെയാണ് തിയറ്ററുകളിലേക്ക് എത്തുന്നതെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് സംസ്ഥാന പ്രസിഡന്റ് കെ വിജയകുമാർ പറയുന്നു.
 

സിനിമയുടെ കുത്തൊഴുക്ക്

 
വരിവരിയായി  കാത്തിരിക്കുന്നത് 85 സിനിമകൾ. അടുത്ത വെള്ളിയാഴ്‌ച ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്യും. വെള്ളത്തിന്‌ പിന്നാലെ വാങ്ക്, ലവ് എന്നിവ. സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, വാർത്തമാനം, മരട് 357 എന്നിവയും ഈമാസമെത്തും. വിവിധ ഘട്ടത്തിലായി ചിത്രീകരണം പുരോഗമിക്കുന്നത് 35 സിനിമകൾ. മാസ്റ്ററിന് പിന്നാലെ വരുന്ന ആദ്യസൂപ്പർതാരചിത്രം മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന പ്രീസ്റ്റ് അടുത്തമാസം നാലിനെത്തും.
 
 മോഹൻലാൽ–പ്രിയദർശൻ ടീം നൂറുകോടി ചെലവിട്ടൊരുക്കിയ ചിത്രം മരയ്‌ക്കാർ–- അറബിക്കടലിന്റെ സിംഹം റിലീസ് മാർച്ചിലേ ഉണ്ടാകു. 2020 മാർച്ച 26ന് റിലീസ് ചെയ്യേണ്ടതായിരുന്നു. ജീത്തു ജോസഫിന്റെ  ദൃശ്യം2 തിയറ്ററിലെത്തില്ല. റിലീസ്‌ ആമസോൺ പ്രൈമിൽ. പൃഥ്വിരാജ് ചിത്രം കോൾഡ് കേസ്, കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ എന്നിവ മാർച്ച് നാലിന് എത്തും.
 
മമ്മൂട്ടി  മുഖ്യമന്ത്രിയായി എത്തുന്ന വൺ, ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം മാലിക്, 1950കളിലെ തൊഴിലാളി മുന്നേറ്റം പ്രമേയമാകുന്ന രാജീവ് രവി ചിത്രം തുറമുഖം, ബേസിൽ ജോസഫ്‌–ടൊവീനോ ചിത്രം മിന്നൽ മുരളി, ദിലീപും ഉർവശിയും ഒന്നിക്കുന്ന നാദിർഷാ ചിത്രം കേശു ഈ വീടിന്റെ നാഥൻ എന്നിങ്ങനെ പട്ടിക നീളുന്നു. ആടുജീവിതം അടക്കം മറ്റ് പൃഥ്വിരാജ് ചിത്രങ്ങളും റിലീസ് കാത്തിരിക്കുന്നു.
 

നീണ്ട ഇടവേള

 
2020 മാർച്ച് നാലിനാണ് ഒടുവിൽ സിനിമ റിലീസുണ്ടായത്. മാർച്ച് പത്തോടെ അടച്ചു. വിഷുവും  ഈസ്റ്ററും ഓണവും  ക്രിസ്‌മസും നിശബ്ദം കടന്നുപോയി. ആയിരം കോടിയിലേറെ തുകയുടെ വരുമാനനഷ്ടത്തിന്റെ കണക്കാണ് നിർമാതാക്കൾക്കും വിതരണക്കാർക്കും പറയാനുള്ളത്. സിനിമ മേഖല ഉന്നയിച്ച പ്രശ്‌നങ്ങളോട് സംസ്ഥാന സർക്കാർ അനുകൂല തീരുമാനം എടുത്തതോടെയാണ് തിയറ്ററുകളിൽ  ആരവമുയർന്നത്. മാർച്ചുവരെ വിനോദനികുതി ഒഴിവാക്കി. വൈദ്യുതി നിശ്ചിത ഫീസിൽ 50 ശതമാനം ഒഴിവാക്കി. ലൈസൻസ് പുതുക്കേണ്ട കാലാവധി മാർച്ചുവരെ നീട്ടി. ആവശ്യങ്ങൾ തർക്കമില്ലാതെ അംഗീകരിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, നിവിൻ പോളി, ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ രംഗത്തുവന്നത് സർക്കാർ ഇടപെടൽ സാർഥകമായതിനുള്ള അംഗീകാരമായി.
 

കരുതൽ വേണം

 
തിയറ്ററുകൾ തുറന്നിടുമ്പോൾ ആവേശത്താൽ കാര്യങ്ങൾ കൈവിട്ടുപോകരുതെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട് സർക്കാർ. തിയറ്ററുകളിലെ പ്രവേശനം അമ്പതുശതമാനത്തിൽനിന്ന്‌ നൂറു ശതമാനമാക്കിയ തമിഴ്‌നാട്ടിൽ കാര്യങ്ങൾ കൈവിടുമെന്ന ഘട്ടമെത്തിയിരുന്നു. അതോടെ വീണ്ടും അമ്പതു ശതമാനമാക്കി. ഓൺലൈൻ ബുക്കിങ്  കാര്യക്ഷമമാകാത്തതിനാൽ ആദ്യദിവസങ്ങളിൽ കേരളത്തിലെ തിയറ്ററുകളിലും ഉന്തുംതള്ളുമുണ്ടായി. എന്നാൽ, അന്തസ്സുള്ള സിനിമാപ്രേക്ഷകരായി മലയാളികൾ മാറിത്തുടങ്ങിയെന്നാണ് തിയറ്ററുകളിൽനിന്നുള്ള ആദ്യ റിപ്പോർട്ട്. യുവജനങ്ങളെയാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും കുടുംബപ്രേക്ഷകരും എത്തി തുടങ്ങി. ഓൺലൈൻ ടിക്കറ്റ്ബുക്കിങ് സംവിധാനങ്ങൾ ഏവരും കൂടുതലായി ഉപയോഗപ്പെടുത്തുന്നു.
 
പ്രേക്ഷകർ എല്ലാം അറിഞ്ഞു പെരുമാറുന്നു. അകലം പാലിച്ച് വരിനിൽക്കുന്നു. എല്ലാവരും മാസ്‌കും സാനിറ്റൈസറും കൊണ്ടുവരുന്നു. കുട്ടികൾക്കൊപ്പം സിനിമകാണാൻ കുടുംബങ്ങൾക്ക് ആത്മവിശ്വാസമേറി. പ്രതീക്ഷ നൽകുന്ന കാര്യമാണതെന്ന്‌- തിരുവനന്തപുരത്തെ പത്മനാഭ തിയറ്റർ ഉടമ ഗിരീഷ് ചന്ദ്രൻ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top