19 April Friday

ഭാഷയുടെ ആഘോഷം

ഹരിദാസന്‍Updated: Sunday Jan 17, 2021
കഥാഖ്യാനത്തിന്റെ ലാവണ്യനിർമിതിക്കുള്ളിൽ വർത്തമാനകാലത്തിന്റെ വൈപരീത്യങ്ങളെ നിശ്ശബ്ദമായി വ്യാഖ്യാനവിധേയമാക്കുന്ന നോവലാണ്‌ പടിയേറ്റം. ചരിത്രസന്ദർഭങ്ങളിൽ ഭാവന കലർത്തി വർത്തമാനകാലത്തിന് ഊർജ്ജമാക്കി പുനഃസൃഷ്ടിക്കുന്നു  ആർ നന്ദകുമാറിന്റെ ഈ ആദ്യനോവൽ.
 
കാവേരീ നദിക്കരയിലുള്ള പൂക്കുടിഗ്രാമത്തിൽ  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ചരിത്രഗവേഷണസംബന്ധമായ ഉദ്‌ഖനനം നടത്തുന്ന  സംഘത്തിലൂടെയാണ്‌ കഥാകഥനം ആരംഭിക്കുന്നത്‌.  അനന്തപത്മനാഭൻ, പ്രോജക്ട് ചീഫ് പോൾസക്കറിയ, സൂരജ്, ദിയ, അൻസർ വീരാൻകുട്ടി, ബ്രിട്ടീഷ്‌ കമ്പനി പ്രതിനിധി റോസിൽ മോർഗൻ, അനന്തപത്മനാഭന്റെ അപ്പൂപ്പൻ പ്രൊഫ.താണുമാലയൻ തമ്പി, അമ്മ പത്മാവതി, ഗവേഷക വിദ്യാർഥിനി ഇന്ദുകൃഷ്ണ, തറവാട്ടിലെ ഹോമത്തിന്റെ കർമികൾ, ചരിത്രകാരൻ ഇരണിയൽ മഹാദേവൻ, പൂക്കുടി ഗ്രാമത്തിലെ തമിഴ് വംശജരായ മുത്ത്, കതിർ എന്നിവരാണ്  വർത്തമാനകാല കഥാപാത്രങ്ങൾ.
 
തെക്കൻ തിരുവിതാംകൂറിലെ ഇരുൾ മൂടിയ കാലത്തിലേക്ക് വെളിച്ചം വീശുമ്പോൾ കിട്ടുന്ന ചിത്രങ്ങളിലൊന്ന് മാറുമറയ്‌ക്കാൻ അവകാശമില്ലാത്ത  ഒറ്റത്തോർത്തുടുത്ത ചേന്തലത്തള്ളയും മുറുക്കാൻകടക്കാരൻ തെരവിയം ഇമ്പിളിയും മഹാബ്രാഹ്മണനായ രാമലിംഗവും വൈത്തിപ്പട്ടരും രാമോരൻ നായരുമായുള്ള സന്ദർഭവിവരണമാണ്.
 
ചരിത്രപശ്ചാത്തലത്തിൽ ചുരുൾ വിരിയുന്നത് പ്രണയവഞ്ചനയും പ്രതികാരവും എന്ന ഒരൊറ്റ വരിയിൽ പറയാവുന്ന കഥയാണ്. രംഗനാഥൻ എന്ന പാട്ടുകാരന്റെയും കാവേരി എന്ന നർത്തകിയുടെയും കഥ. കഴിവിനെക്കാൾ കൗശലം കൂടുതലുള്ള രംഗനാഥൻ വഞ്ചകനാണ്. ഉയർന്ന സമുദായത്തിൽ പിറന്ന താൻ ജയിക്കാനായി ജനിച്ചവനാണ് എന്ന ചിന്തയാണയാൾക്ക്. അതിനായി കൊടിയ വഞ്ചനയും കൊലപാതകവും ചെയ്യാനയാൾക്കു മടിയില്ല. അയാൾക്കു സംഭവിക്കുന്ന അനിവാര്യമായ ദുരന്തമാണിതിന്റെ കഥാതന്തു. എന്നാൽ അങ്ങനെയൊരു കഥയിലൊതുങ്ങാതെ നോവൽ വളരുകയാണ്.
 

‘നട്ടുച്ചയായില്ല. എന്നിട്ടും കാവേരി തിളച്ചു.’ നോവൽ തുടങ്ങുന്നത് ഇങ്ങനെ കാവേരിപ്പുഴയുടെ താപകോപങ്ങളുടെ തിളയ്‌ക്കലിനെ തൊട്ടുണർത്തിക്കൊണ്ടാണ്. നോവലിന്റെ ഒടുക്കം വരെയും ഈ നദിയൊഴുക്കിന്റെ വിവിധഭാവങ്ങൾ കഥാഗതിയുമായി  ഒത്തുപോകുന്നു. തുടർന്ന് കാവേരിയിൽനിന്നു തന്നെ കിട്ടുകയാണ് ചരിത്രകഥയിലെ കുഞ്ഞിനെ. അവൾക്കും പേര് കാവേരി എന്നുതന്നെ. നോവൽ അവസാനിക്കുന്നത് ‘എൻപേര് കാവേരി..’ എന്ന ഇടയപ്പെൺകൊടി മുത്തിന്റെ ഈ കുഞ്ഞുവാക്യത്തിലാണ്. അബോധത്തിലെന്നവണ്ണം ദ്രാവിഡമായ  പെൺകരുത്ത് ഈ നോവലിന്റെ അന്തർധാരയായിത്തീരുന്നത് കാവേരി എന്ന ഈ സംജ്ഞയുടെ ശക്തിയിലൊളിപ്പിക്കാൻ എഴുത്തുകാരന്‌ സാധ്യമാകുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top