27 February Saturday

തുരുത്തും ‘നത്തും’ സിനിമയും

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jan 17, 2021

അബിൻ ബിനോയും കൂട്ടുകാരും

ഒതളങ്ങ തുരുത്ത്‌ വെബ്‌സീരീസിലെ നത്തിന്റെ വേഷത്തിൽ അഭിനയിച്ച അബിൻ ബിനോയുടെ സിനിമാ പ്രവേശത്തെക്കുറിച്ച്‌

 

ഒതളങ്ങ തുരുത്ത്‌ കണ്ടവരാരും നത്തിനെ മറക്കില്ല. അബിൻ ബിനോ സ്വഭാവിക അഭിനയവും മാനറിസങ്ങളും കൊണ്ട്‌ പ്രേക്ഷകരെ അത്രയേറെ ആകർഷിച്ചിട്ടുണ്ട്‌. ജൂഡ്‌ ആന്റണിയുടെ ‘സാറാസിലൂടെ സിനിമയിലേക്കും ചുവടു‌വച്ചു അബിൻ. ഒതളങ്ങ തുരുത്തിനെക്കുറിച്ചും  നത്തായ കഥയെക്കുറിച്ചും   കൊല്ലം വെള്ളനാത്തുരുത്തിൽനിന്ന്‌  മലയാള സിനിമയിൽ  എത്തിയ വഴികളെക്കുറിച്ചും അബിൻ.

അഭിനയിക്കാൻ പോരുന്നോ

 

ഒതളങ്ങ തുരുത്ത്‌ വെബ്‌ സീരീസ്‌ കണ്ടിട്ട്‌ സംവിധായകൻ ജൂഡ്‌ വിളിക്കുകയായിരുന്നു.  ഒക്‌ടോബറിൽ തുരുത്തിന്റെ  ഏഴാമത്തെ എപ്പിസോഡ്‌ ഇറങ്ങിയ ശേഷമായിരുന്നു വിളി. ‌ ഒരു സിനിമയുണ്ട്‌ അഭിനയിക്കാൻ പോരുന്നോയെന്നായിരുന്നു ചോദ്യം. ആദ്യം വിശ്വസമായില്ല. കഴിഞ്ഞ മാസം  സിനിമ പൂർത്തിയായി.
 

അബിൻ  ബിനോ

അബിൻ ബിനോ

ആദ്യം കണ്ട  സംവിധായകൻ

 

ആദ്യം സെറ്റിൽ ചെന്നപ്പോൾ  നല്ല ടെൻഷനുണ്ടായിരുന്നു. ജൂഡ്‌ നല്ല പിന്തുണ നൽകി. അന്നയടക്കം എല്ലാവരും നന്നായി സഹായിച്ചു. ഫ്രീയായി അഭിനയിച്ചാൽ മതിയെന്ന്‌ പറഞ്ഞു.  ജീവിതത്തിൽ ആദ്യമായാണ്‌ ഒരു സിനിമാ സംവിധായകനെ നേരിട്ട്‌ കാണുന്നതും സംസാരിക്കുന്നതും. പേടിച്ച്‌ പേടിച്ചാണ്‌ ചെന്നത്‌. എന്നാൽ അഭിനയിച്ച്‌ തുടങ്ങിയപ്പോൾ  ഒതളങ്ങ തുരുത്തിന്റെ അത്ര ടെൻഷനുണ്ടായില്ല. സിനിമ പറ്റില്ല എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ തുടങ്ങിയപ്പോൾ‌ എളുപ്പമായിട്ടാണ്‌ തോന്നിയത്‌. തുരുത്ത്‌ ചെയ്യുമ്പോഴുണ്ടായിരുന്നത്ര കഷ്ടപ്പാടുകളുണ്ടായിരുന്നില്ല.
 

അങ്ങനെ നത്തായി

 
ഒതങ്ങള തുരുത്തിന്റെ സംവിധായകൻ അംബുജി ഹ്രസ്വ ചിത്രത്തിന്‌ ലൊക്കേഷൻ തേടിയാണ്‌ നാട്ടിൽ വന്നത്‌. അപ്പോൾ എന്റെയൊരു ചേട്ടൻ എനിക്ക്‌ ഒരു അവസരം കൊടുക്കുമോയെന്ന്‌ ചോദിച്ചു. സാമ്പത്തിക പ്രശ്‌നം കാരണം  നടന്നില്ല. പിന്നീട്‌ മൂന്നു വർഷത്തിനു ശേഷം 2019 ജൂണിലാണ്‌ എന്നെ അംബുജി ബന്ധപ്പെടുന്നത്‌. അങ്ങനെയാണ്‌ ഒതളങ്ങ തുരുത്തിൽ നത്താകുന്നത്‌.
 

തുരുത്ത്‌ വൈകുന്നത്‌ 

 

തുരുത്തിന്റെ ഓരോ എപ്പിസോഡും ഇത്രയും വൈകുന്നതിന്റെ പ്രധാന കാരണം ‌‌ ഷൂട്ട്‌ ചെയ്യുന്നത് പുറത്താണ് എന്നതിനാലാണ്‌‌. അപ്പോൾ വെളിച്ചം, കാലാവസ്ഥ ഒക്കെ നോക്കണം. ക്യാമറ, പശ്ചാത്തല സംഗീതം ഒഴികെയുള്ള കാര്യങ്ങളൊക്കെ സംവിധായകൻ അംബുജി ഒറ്റയ്‌ക്കാണ്‌ ചെയ്യുന്നത്‌.   ആദ്യം അഞ്ച്‌ പേരുടെ സംഘമായിരുന്നു. ഇപ്പോൾ എപ്പിസോഡുകൾ വേഗമാക്കാനായി ടീം കൂടുതൽ വലുതാക്കി.
 

മുറ്റത്തെ മുല്ലയ്‌ക്ക്‌ മണമുണ്ട്‌

 

നമ്മുടെ നാടിന്‌ നല്ല ഭംഗിയുള്ളതുകൊണ്ട്‌ ഒന്നും പുറത്തുപോയി തേടേണ്ടതില്ലെന്നാണ്‌ സംവിധായകൻ അംബുജി പറഞ്ഞത്‌. മുറ്റത്തെ മുല്ലയ്‌ക്ക്‌ മണമില്ലെന്നാണ്‌‌ നമ്മൾ വിചാരിച്ചിരിക്കുന്നത്‌. പക്ഷേ അങ്ങനെയല്ല.  
 

നാടിന്റെ പേരും തുരുത്തെന്നായി

 

25 വീടുകൾ മാത്രമുള്ള സ്ഥലമാണ്‌. വെബ്‌ സീരീസ്‌ ഇറങ്ങിയ ശേഷമാണ്‌ സ്ഥലത്തിന്റെ പേര്‌ ഒതളങ്ങ തുരുത്ത്‌ എന്നായത്‌. ആദ്യം ടിഎം ചിറ, കുമ്പോലിച്ചിറ എന്നിങ്ങനെ രണ്ട്‌ ചിറകൾ ചേരുന്ന സ്ഥലമെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ആരും തിരിഞ്ഞ്‌ നോക്കാത്ത ഒരു സ്ഥലം ഇപ്പോൾ ചെറിയ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്‌.
 

നാടാണ്‌ മേച്ചിൽപ്പുറം

 
ശാസ്‌താംകോട്ട ഡി ബി കോളേജിൽ പഠിക്കുന്ന കാലത്ത്‌ മിമിക്രി ചെയ്യുമായിരുന്നു. നാട്ടിൽ ഓണപ്പരിപാടികളൊക്കെ ചെയ്യുമായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങളൊക്കെ ഹാസ്യ രൂപത്തിൽ  അവതരിപ്പിക്കും.
 

ട്രെന്റായി തക്കുടു വിഷൻ

 

നാട്ടിൽ ഒരു വളവിൽ സ്ഥിരമായി അപകടം നടക്കുമായിരുന്നു. അതിനെക്കുറിച്ച്‌  കൂട്ടുകാരെ കൂട്ടി ഒരു  ആക്ഷേപഹാസ്യ വീഡിയോ ചെയ്‌തു.  ഒരു ന്യൂസ്‌ ചാനൽ പോലെയായിരുന്നു സംഭവം. തക്കുടു വിഷൻ എന്നായിരുന്നു പേര്‌. ഫെയ്‌സ്‌ബുക്കിൽ ഇട്ട വീഡിയോ നാട്ടിലൊക്കെ വലിയ ചർച്ചയായി.   കൂട്ടുകാരുമായി ചേർന്ന്‌ ഒരു ടീം ഉണ്ടാക്കി‌ പരിപാടികൾ‌ ഒക്കെ അവതരിപ്പിക്കുമായിരുന്നു. സ്‌കിറ്റും  നൃത്ത പരിപാടികളുമൊക്കെ. 12 പേരുടെ സംഘമാണ്‌. ‘ശിവനും പിള്ളേരു’മെന്നാണ്‌ പേര്‌.
 

തുരുത്തിന്റെ സിനിമ വരുന്നു

 

ഒതളങ്ങ തുരുത്ത്‌ കണ്ട്‌ സംവിധായകൻ അനുരാജ്‌ മനോഹർ, മിഥുൻ മാനുവൽ എന്നിവർ വിളിച്ചിരുന്നു. പിന്നെ അൻവർ റഷീദ്‌ ഒതളങ്ങ തുരുത്ത്‌ സംഘത്തിന്റെ സിനിമ നിർമിക്കാമെന്ന്‌ പറഞ്ഞു. അങ്ങനെ വെബ്‌ സീരീസിൽനിന്ന്‌ സിനിമയിലേക്ക്‌ എത്തുകയാണ്‌. തുരുത്ത്‌ പശ്ചാത്തലമാക്കിയാണ്‌ സിനിമ ഒരുക്കുന്നത്‌. സിനിമയുടെ വൺ ലൈൻ ഒക്കെ തയ്യാറാണ്‌. തിയറ്റർ തുറക്കുന്നതോടെ സിനിമ തുടങ്ങാനിരിക്കുകയാണ്‌.
 

തുരുത്ത്‌ കാണാൻ പോകാം

 
കൊല്ലം  ഓച്ചിറയ്‌‌ക്ക്‌ പടിഞ്ഞാറ്‌ അഴീക്കലിനപ്പുറമാണ്‌‌ ഒതളങ്ങ തുരുത്ത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top