18 April Thursday

‘ഇനിയും തണൽ വിരിക്കും’ ‐ സി വി ത്രിവിക്രമനെ അനുസ്‌മരിച്ച്‌ പെരുമ്പടവം ശ്രീധരന്‍

പെരുമ്പടവം ശ്രീധരന്‍ Updated: Sunday Jan 16, 2022

സി വി ത്രിവിക്രമൻ

വയലാർ രാമവർമ ട്രസ്റ്റിനെ  നാലരദശകക്കാലം നയിച്ച സെക്രട്ടറി സി വി ത്രിവിക്രമൻ അരങ്ങൊഴിഞ്ഞിരിക്കുന്നു. വയലാർ സാഹിത്യ പുരസ്‌കാരത്തെ ഒരു സാംസ്‌കാരിക സംഭവമാക്കി മാറ്റിയ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ

മലയാളിയുടെ മനസ്സിൽനിന്ന് അകന്നുപൊയ്‌ക്കൊണ്ടിരുന്ന മലയാളകവിതയെ തന്റെ ഗന്ധർവസംഗീതത്താൽ തിരികെ വിളിച്ച് പൂമുഖത്തിരുത്തിയ വയലാർ രാമവർമയുടെ മുഗ്‌ധസംഗീതം മലയാളത്തിന്റെ സകല പ്രൗഢിയോടുംകൂടി അനശ്വരതയിലേക്ക് തൃക്കാൽ വച്ചുകയറിയത് വളരെ പെട്ടെന്നായിരുന്നു.

വയലാർക്കവിതയുടെ യശസ്സ്‌ കാലങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ  വയലാർ രാമവർമ സാഹിത്യ പുരസ്‌കാരംകൊണ്ട് മലയാളികൾ അതിനെ ആദരിച്ചു. മലയാളത്തിന്റെ ജ്ഞാനപീഠം എന്ന് മലയാളികൾ അതിനെ വിളിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായി പ്രകീർത്തിക്കപ്പെട്ടു. മറ്റ്‌ ഇന്ത്യൻ ഭാഷകളിലെ എഴുത്തുകാർ ആദരവോടെ വയലാർ പുരസ്‌കാരത്തെക്കുറിച്ചു പറയുന്നതുകേൾക്കുമ്പോൾ അഭിമാനത്താൽ കോരിത്തരിച്ചുപോയിട്ടുണ്ട്. വയലാർ സാഹിത്യ പുരസ്‌കാരത്തിന്റെ ശക്തിപീഠം സി വി ത്രിവിക്രമനായിരുന്നു. ആരംഭംതൊട്ട് ആ അവാർഡിന്റെ യശസ്സ്‌ ആകാശത്തോളം ഉയർന്നു. അവാർഡ് നിർണയത്തിലെ സത്യസന്ധത അതിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു. സാഹിത്യ കലാരംഗങ്ങളിലെ പ്രമുഖരുടെ പങ്കാളിത്തം  അവാർഡു നിർണയത്തിന് ആധികാരികത നൽകി. വയലാർ രാമവർമ ട്രസ്റ്റിന്റെ സെക്രട്ടറിയായി നാലരദശകക്കാലം ഒരാക്ഷേപത്തിനും ഇടയാക്കാതെ സി വി ത്രിവിക്രമൻ അതിനെ നയിച്ചു.

സാഹിത്യരംഗത്ത് പുതിയ പ്രവണതകൾക്ക് പ്രചോദനം നൽകുക എന്ന മഹത്തായ ഒരാശയം അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. വയലാർ അവാർഡ് ഏതെങ്കിലും ഒരവാർഡുപോലുള്ള അവാർഡല്ല. പുതിയ ഭാവുകത്വപരിണാമങ്ങൾക്ക് അതെന്നും പ്രേരകശക്തിയായി.

ശ്രീനാരായണഗുരുവിന്റെ  ശിഷ്യരിൽ പ്രധാനിയായിരുന്ന കോട്ടുകോയിക്കൽ വേലായുധന്റെ ആറുമക്കളിൽ ഒരാളായിരുന്നു ത്രിവിക്രമൻ. അഞ്ചു സഹോദരിമാരുടെ ഏക സഹോദരൻ. സഹോദരങ്ങൾ തമ്മിലുള്ള സ്‌നേഹവാത്സല്യങ്ങൾ വിസ്‌മയാവഹമായിരുന്നു. ജീവിതം നീളെ വഴി കാട്ടിയായി ശ്രീനാരായണഗുരു മുമ്പേനടക്കുന്നുണ്ട് എന്ന് ആ കുടുംബം വിശ്വസിച്ചു. ഗുരുവിന്റെ കാലടിപ്പാടുകൾ നോക്കിയായിരുന്നു അവരുടെ യാത്ര.

ഞാൻ അദ്ദേഹത്തെ അണ്ണൻ എന്നാണ് വിളിച്ചിരുന്നത്. എന്നും സ്‌നേഹവും വാത്സല്യവും കൊണ്ട് അദ്ദേഹം എന്റെ  വഴിയിൽ തണൽ വിരിച്ചു. ജ്യേഷ്‌ഠനെപ്പോലെയും ഗുരുനാഥനെപ്പോലെയും അദ്ദേഹം സ്വന്തം ജീവിതത്തോട് എന്നെയും  ചേർത്തുനിർത്തി. ഇതു എന്റെ മാത്രം അനുഭവമല്ല. പരിചയപ്പെടുന്ന ഏതൊരാളെയും അങ്ങനെയാണ് കണക്കാക്കിയിരുന്നത്. സ്‌നേഹത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു ധൂർത്തനായിരുന്നു. ഒരിക്കൽ ആ സന്നിധിയിൽ ചെന്നുനിന്നാൽ അതിന്റെ ഓർമ എന്നും  മനസ്സിൽ പച്ചപിടിച്ചു നിൽക്കും.

ഒരവാർഡിനെ ഭാഷയിലെ ഏറ്റവും വലിയ സാഹിത്യ പ്രസ്ഥാനമാക്കി മാറ്റിയതാണ് വയലാർ അവാർഡിന്റെ വിസ്‌മയം. ഒരവാർഡിനപ്പുറം അതൊരു സാംസ്‌കാരിക സംഭവമാക്കി മാറ്റുക എന്ന ദൗത്യമാണ് അദ്ദേഹം നിർവഹിച്ചത്. വയലാർ അവാർഡ് വയലാറിനും ത്രിവിക്രമൻ ചേട്ടനുമുള്ള ബഹുമതിയായിട്ടാണ് ഇനിയങ്ങോട്ടുള്ള അതിന്റെ യാത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top