29 March Friday

അഭിനയത്തിൽ തിളങ്ങാൻ ഒരു സംവിധായകൻകൂടി

ജോഷി അറയ്‌ക്കൽUpdated: Sunday May 15, 2022

മ്യൂസിക്കൽ ചെയർ എന്ന സിനിമയിൽനിന്ന്‌

സംവിധാനത്തിൽ തുടങ്ങി അഭിനയത്തിന്റെ വഴിയിലേക്കും കാലൂന്നിയിരിക്കുകയാണ് മൂന്നു പതിറ്റാണ്ടായി സിനിമാരംഗത്ത് സജീവമായ പത്മകൃഷ്‌ണ അയ്യർ. വിപിൻ ആറ്റ്‌ലിയുടെ മ്യൂസിക്കൽ ചെയർ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. അവതരണരീതിയിലും പ്രമേയത്തിലും മികവുപുലർത്തിയ മ്യൂസിക്കൽ ചെയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയുടെ ഫിലിം ഫെസ്റ്റിവലിൽ നല്ല മലയാള സിനിമയ്‌ക്കുള്ള അവാർഡ് നേടിയിരുന്നു. ഇത്തവണ ദേശീയ അവാർഡിലേക്ക് പരി​ഗണിക്കുന്നതിനുള്ള എൻട്രിയും സിനിമയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്.

പത്മകൃഷ്‌ണ അയ്യർ

പത്മകൃഷ്‌ണ അയ്യർ

സംവിധായകന്റെ റോളിൽനിന്ന്‌ ക്യാമറയ്‌ക്ക് മുന്നിലെത്തിയ പത്മകൃഷ്‌ണ അയ്യർ സിനിമയിൽ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. 168 ടെലിസിനിമയും 28  സീരിയലും സംവിധാനം ചെയ്‌തു. ഇവയിൽ പലതും ദൂരദർശനും കൈരളിയും ഉൾപ്പെടെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്‌തിട്ടുണ്ട്. എട്ട് സംവിധായകർക്കൊപ്പം നിരവധി സിനിമയിൽ പ്രവർത്തിച്ചു. 1992-ൽ ദൂരദർശൻ മലയാളം ചാനലിൽ ആദ്യ ടെലി ഫിലിം നാദസ്‌മരണകൾ സംപ്രേഷണം ചെയ്‌തു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതംപറഞ്ഞ നാദസ്‌മരണകൾ വലിയ പ്രശംസ നേടിയിരുന്നു. 

കോട്ടയം കുടമാളൂർ ജിഎൽപി സ്‌കൂളിൽ സംഗീതാധ്യാപകനായിരുന്ന ജി കൃഷ്‌ണ അയ്യർ ഭാഗവതരാണ് പിതാവ്. ചെറുപ്പംമുതൽ തന്നെ സിനിമയോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. 1984ൽ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തിയിരുന്നു. 2002ൽ 42–--ാം വയസ്സിൽ ഒരു സീരിയലിന്റെ പാക്ക്അപ് പരിപാടിയിൽ വച്ച് വിവാഹിതനായി. കുന്നംകുളം സ്വദേശിയും സം​ഗീതാധ്യാപികയുമായ സി രാജിയായിരുന്നു  വധു. കഞ്ഞിയും പയറും വിളമ്പിയ വിവാഹസദ്യയും വെറൈറ്റിയായി.

2018ൽ ആദിവാസി ജീവിതം വിഷയമാക്കി വർണവസന്തങ്ങൾ എന്ന സിനിമ സംവിധാനംചെയ്‌തു. നിലവിൽ ക ഖ ഗ ഘ ങ, തപാൽപെട്ടി എന്നീ സിനിമകളുടെ അണിയറയിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top