26 April Friday

ഭാഷയുടെ രാഷ്‌ട്രീയ വിവക്ഷകൾ

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday May 15, 2022

മൃതഭാഷകളുടെ പട്ടികയിലേക്ക്‌ ഒടുവിൽ ചേർക്കപ്പെട്ടവയിലൊന്ന്‌ ചിലിയിലെ യാഗൻഗോത്രക്കാരുടെ തനതുഭാഷ യാമനയാണ്‌.  യാമന സംസാരിച്ചിരുന്ന അവസാനത്തെയാളായ ക്രിസ്റ്റീന കാൽഡെ എന്ന മുത്തശ്ശിയുടെ വേർപാടിനൊപ്പം ആ ഭാഷയും മരിച്ചു. 

ഭാഷയെക്കുറിച്ച്‌ നാമെന്നെങ്കിലും  ഗൗരവപൂർവം  ചർച്ചചെയ്‌തിട്ടുണ്ടോ? ‘മലയാളിക്ക്‌ മാതൃഭാഷ  കേവലമായ കാൽപ്പനികതയോ വൈകാരിക നാട്യപ്രകടനമോ മാത്രമാണ്‌. എൻജിനീയറിങ്‌ പഠനമാധ്യമംപോലും മാതൃഭാഷയാക്കാൻ ശ്രമം നടക്കുന്ന കാലത്തും  നമ്മുടെ പൊതുവിദ്യാലയങ്ങളിലടക്കം മാതൃഭാഷ അവഗണിക്കപ്പെട്ടുവെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്‌.  

ഭാഷയെക്കുറിച്ചുള്ള അശാസ്‌ത്രീയവും അന്ധവുമായ  കാഴ്‌ചപ്പാടുകളെ വിലയിരുത്തുകയാണ്‌ സി എം മുരളീധരൻ രചിച്ച ഭാഷാസൂത്രണം: പൊരുളും വഴികളും എന്ന പുസ്‌തകം. മലയാളി വൈജ്ഞാനിക സമൂഹമെന്ന പുതിയ ചക്രവാളത്തിലേക്ക്‌ കാലൂന്നുന്ന വേളയിൽ സാമൂഹികമായി  ഈടുറ്റ സംഭാവനയാണീ പുസ്‌തകം. എല്ലാ സംസ്ഥാനങ്ങളിലുള്ളവരും നിർബന്ധമായും  ഹിന്ദി പഠിക്കണമെന്ന കൽപ്പനകൾ പുറപ്പെടുവിക്കാൻ ധൈര്യം കിട്ടുന്നത്‌  ഭാഷ  എക്കാലത്തും  അധികാരപ്രയോഗത്തിനുള്ള  ഉപാധിയായതുകൊണ്ടാണ്‌.

ഭരണാധികാരിയുടെ ഭാഷയും ഭരണീയരുടെ ഭാഷയും രണ്ട്‌ ലോകത്തെയാണ്‌ അടയാളപ്പെടുത്തുന്നത്‌.  ഈ രാഷ്‌ട്രീയം  മറക്കരുതെന്ന്‌ ആവർത്തിച്ച്‌ ഓർമിപ്പിക്കുന്നുണ്ട്‌ ഈ പുസ്‌തകം.    

367 താളിലായി, എട്ട് അധ്യായത്തിൽ, ചരിത്രം, രാഷ്ട്രീയം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഭാഷ ചെലുത്തുന്ന  സ്വാധീനം പരിശോധിക്കുന്നുണ്ട്‌.   പ്രാദേശികം, ദേശീയം, അന്തർദേശീയം  എന്നീ വിഭാഗങ്ങളിൽ ഇഴപിരിച്ച്‌ പഠന വിധേയമാക്കിയിട്ടുമുണ്ട്‌. ഒരു രാഷ്‌ട്രീയപദ്ധതിയായി ആഗോളവൽക്കരണം മാറിയ കാലത്ത്‌ ഭാഷ എന്തെല്ലാം മാറ്റങ്ങൾക്ക്‌ വിധേയമാകുന്നു, കോളനികളായിരുന്ന ദേശങ്ങളിലെ ഭാഷാസങ്കൽപ്പത്തെ അതെങ്ങനെ ബാധിക്കുന്നു എന്നുള്ള സാംസ്‌കാരിക–-രാഷ്‌ട്രീയ പരിശോധന നിർവഹിക്കുന്നുണ്ട്‌ ഈ ഗ്രന്ഥം.  അറിവു പകരുന്ന മാധ്യമമായി വന്ന ഇംഗ്ലീഷ്‌ അധികാര ഉപാധിയായി മാറിയതും വിശദമാക്കുന്നുണ്ട്‌.   

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ   ഭാഷകൾക്ക് കൈവന്ന പ്രാധാന്യം, ഭാഷാസമരങ്ങൾ, നിയമവ്യവഹാരങ്ങൾ, ഭരണതലത്തിലെ സങ്കീർണ ഇടപെടലുകൾ എന്നിവ  ഇതിൽ വായിച്ചെടുക്കാം.  ചരിത്ര –-രാഷ്‌ട്രീയ   അനുഭവങ്ങളുടെ ലോകഭൂപടം എന്ന ഭാഗത്ത്‌  ആഗോളതലത്തിൽ  ഈ വിഷയത്തിൽ നടന്ന ഇടപെടലുകൾ വിശദീകരിക്കുന്നു. കോളനിവൽക്കരണം ഭാഷകളെ എങ്ങനെ സ്വാധീനിച്ചു, ആഫ്രിക്കൻ രാജ്യങ്ങളിലെയും സോവിയറ്റ് യൂണിയനിലെയും അനുഭവങ്ങൾ എന്നിവയിലൂടെയുള്ള കടന്നുപോക്ക്‌ നമ്മുടെ ചിന്താമണ്ഡലത്തിൽ പുതിയ കാഴ്‌ചകൾ പകരാൻ പര്യാപ്‌തമാണ്‌.   പുതിയ കാലത്തിന്‌ അനുയോജ്യമായി  ഭാഷയെ വികിസിപ്പിക്കാനുള്ള  ഇരുപത്തിയഞ്ചിന കർമപദ്ധതികൂടി നിർദേശിക്കുന്നുണ്ട്‌.  മലയാളം നേരിടുന്ന പ്രതിസന്ധി, സർവതലസ്‌പർശിയായ  ഭാഷാസൂത്രണ നയത്തിന്റെ ആവശ്യകത, ഭാഷാസൂത്രണത്തിൽ പരിഗണിക്കേണ്ട വസ്‌തുതകൾ  ഇതെല്ലാം ചർച്ചചെയ്യുന്നുണ്ട്‌. ഭാഷാസൂത്രണത്തിന്റെ ഇന്ത്യൻ വഴികൾ, ഭരണ- പഠന–- കോടതിരംഗങ്ങളും മലയാളവും, കോർപസ് ആസൂത്രണവും മലയാളവും, ചരിത്രവും സിദ്ധാന്തവും, ആഗോളവൽക്കരണകാലത്തെ ഭാഷാസൂത്രണം, മലയാളത്തിനായൊരു നയവും പരിപാടിയും തുടങ്ങിയ അധ്യായങ്ങളിൽ ഇതാണ്‌ പ്രതിപാദിക്കുന്നത്‌. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ ഗ്രന്ഥകർത്താവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top