25 April Thursday
കാർബൺ തുലിതം

കാണൂ, ഈ ഇലപ്പച്ചകൾ

വി ജെ വർഗീസ്‌ varghese.desh@gmail.comUpdated: Sunday Jan 15, 2023

ട്രീബാങ്ക്‌ പദ്ധതിയിൽ നട്ട മരത്തിനരികിൽ ചൂതപാറ പരമലയിൽ ഷൈജു ‐ ചിത്രങ്ങൾ: എം എ ശിവപ്രസാദ്‌

വെറുതെ മരങ്ങൾ നട്ട് പോകുന്നതിനപ്പുറം, ജിയോടാഗ് ചെയ്ത് പരിചരിക്കുന്നു (ട്രീ ബാങ്കിങ്‌). പരിപാലിക്കാൻ പണവുമുണ്ട്. ലോകത്തുതന്നെ ആദ്യം. കാർബൺ ന്യൂട്രലുമായി മീനങ്ങാടി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ ഈ മാതൃക കേരളവുമായി ചർച്ചചെയ്ത്‌ രാജ്യമാകെ വ്യാപിപ്പിക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നു

തൊഴിലുറപ്പ്‌ ജോലിക്കാരിയാണ്‌ മീനങ്ങാടി വലിയകൊല്ലി കോളനിയിലെ സുമതി. രാവിലെ പണിക്കിറങ്ങുംമുമ്പ് വീടിനടുത്ത കുന്നിൻമുകളിലെ തോട്ടത്തിലേക്ക് കയറി മഹാഗണിയുടെയും മാവിന്റെയും ചുവട്ടിലെത്തും. ഉയരംകൂടിയോ, ശിഖരം മുളപൊട്ടിയോ എന്നെല്ലാമുള്ള വിശദ പരിശോധനയാണ്. പണികഴിഞ്ഞ്‌ വരുമ്പോഴും ഇതാവർത്തിക്കും. വെള്ളവും വളവും നൽകും. അഞ്ചു വർഷത്തോളമായി സുമതിയെന്ന ആദിവാസി സ്ത്രീ തുടരുന്ന ദിനചര്യയാണിത്, ലോകമാകെ അനുകരിക്കേണ്ട ജീവിതരീതി. കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരമായി ലോകം കാർബൺ ന്യൂട്രലിനെക്കുറിച്ച് കേട്ടും പറഞ്ഞും തുടങ്ങുന്നതേയുള്ളൂ. എന്നാൽ, വയനാട് മീനങ്ങാടിയിലെ  സുമതിയുൾപ്പെടെയുള്ളവരുടെ തോട്ടങ്ങൾ കാർബൺ തുലിതമാണ്. ഫലവൃക്ഷങ്ങൾതൊട്ട്‌ പൂമരങ്ങൾവരെ നട്ടുപിടിപ്പിച്ച്‌ വളരെ നേരത്തേ അവരൊരുക്കിയിരുന്നു ഭൂമിക്കൊരു ഹരിതമേലാപ്പ്‌.  

2021ൽ ഗ്ലാസ്ഗോവിലും 196 രാഷ്ട്രം പങ്കെടുത്ത് 2022 നവംബറിൽ  ഈജിപ്തിലും ചേർന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി ചർച്ചചെയ്ത കാർബൺ ന്യൂട്രലും ഹരിത നിക്ഷേപവും ഇവർക്ക് പുതിയതല്ല. വർഷങ്ങളായി നടപ്പാക്കുന്ന പദ്ധതിയും ആശയവുമാണ്. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനവും സ്വാംശീകരണവും തുല്യമാക്കുന്ന കാർബൺ നൂട്രലാണ് പഞ്ചായത്തിന്റെ ലക്ഷ്യം. മരങ്ങൾ നട്ടുവളർത്തണമെന്ന് ഇവിടെ ഭരണകർത്താക്കൾ പഠിപ്പിച്ചുകഴിഞ്ഞു.

വെറുതെ മരങ്ങൾ നട്ട് പോകുന്നതിനപ്പുറം, ജിയോടാഗ് ചെയ്ത് പരിചരിക്കുന്നു (ട്രീ ബാങ്കിങ്‌). പരിപാലിക്കാൻ പണവുമുണ്ട്. ലോകത്തുതന്നെ ആദ്യം. കാർബൺ ന്യൂട്രലുമായി മീനങ്ങാടി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ ഈ മാതൃക കേരളവുമായി ചർച്ചചെയ്ത്‌ രാജ്യമാകെ വ്യാപിപ്പിക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നു.

2016ന്റെ തുടക്കത്തിലാണ് എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റ് ബീന വിജയന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിക്കുന്നത്‌. തിരുവനന്തപുരത്ത് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ പരിസ്ഥിതിക്കായി പഞ്ചായത്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ബീന വിശദീകരിച്ചപ്പോൾ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്കാണ് കാർബൻ ന്യൂട്രൽ മുന്നോട്ടുവച്ചതും നടപ്പാക്കാൻ നിർദേശിച്ചതും.

മീനങ്ങാടി വലിയകൊല്ലി കോളനിയിലെ സുമതി തന്റെ തോട്ടത്തിൽ

മീനങ്ങാടി വലിയകൊല്ലി കോളനിയിലെ സുമതി തന്റെ തോട്ടത്തിൽ

പടർന്നു പന്തലിച്ചു

തൊഴിലുറപ്പ്‌, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവയുമായി ചേർന്ന്‌ 2016ൽ തന്നെ പദ്ധതി തുടങ്ങി. ഒപ്പം ജനകീയ പങ്കാളിത്തവും. തൊഴിലുറപ്പിൽ സ്വകാര്യ, പൊതുഭൂമികളിൽ മരങ്ങൾ നട്ടു. മേൽനോട്ടത്തിന്‌ ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ്‌ കമ്മിറ്റി ഉണ്ടാക്കി. വീടുകളിലെ വിറകടുപ്പ്‌ ഒഴിവാക്കാൻ കണ്ണൂർ എൻജിനിയറിങ്‌ കോളേജ്‌  വിദ്യാർഥികളുടെ സഹായത്തോടെ പ്രത്യേക അടുപ്പുകൾ രൂപകൽപ്പന ചെയ്‌തു. എഴുനൂറോളം കുളങ്ങൾ നിർമിച്ചു.  ജൈവകൃഷി പ്രോത്സാഹിപ്പിച്ചു. പ്ലാസ്റ്റിക്‌ മാലിന്യം ടാറിൽ ചേർക്കുന്ന മിശ്രതമാക്കി മാറ്റി.  

ട്രീ ബാങ്കിങ്‌

ട്രീ ബാങ്കിങ്‌ ആരംഭിച്ചത്‌ 2018ൽ. പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി രൂപ മീനങ്ങാടി സർവീസ്‌ സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. ഇതിന്റെ പലിശയിൽനിന്ന്‌   മരം ഒന്നിന്‌ 50 രൂപ വർഷംതോറും നൽകും. മരം 10 വർഷം കർഷകർ പരിപാലിക്കണം. മരംവെട്ടുമ്പോൾ തുക തിരിച്ചടയ്‌ക്കണം. അടിയന്തരഘട്ടത്തിൽ മരം മുറിക്കണമെങ്കിൽ പണം തിരികെ നൽകി പകരം മറ്റൊരു വൃക്ഷത്തൈ നടണമെന്നാണ്‌ നിബന്ധന. തൊഴിലുറപ്പിൽ സജ്ജമാക്കിയ നഴ്‌സറിയിൽനിന്ന്‌ വൃക്ഷത്തൈകൾ പഞ്ചായത്ത്‌ നൽകി. ഓരോ മരത്തിനും പഞ്ചായത്തിന്‌ ഉടമസ്ഥാവകാശമുണ്ടാകും. രണ്ടു ലക്ഷത്തോളം തൈകളാണ്‌ ഇതുവരെ നട്ടത്‌. ജിയോടാഗ്‌ പൂർത്തിയാക്കിയ മരങ്ങൾക്കായി  3,72,950 രൂപ ‌ കർഷകർക്ക്‌ നൽകി. പഞ്ചായത്തിൽ യുഡിഎഫ്‌ ഭരണസമിതി അധികാരമേറ്റതോടെ പദ്ധതിയിൽ അനിശ്ചിതത്വം തുടരുന്നുണ്ട്‌. അടുത്ത ഗഡുവിനായി കർഷകർ കാത്തിരിക്കുകയാണ്‌.  

കാർബൺ ന്യൂട്രൽ കോഫി പാർക്ക്‌

മീനങ്ങാടിയുടെ ചുവടുപിടിച്ച്‌ സംസ്ഥാന സർക്കാർ വയനാട്ടിൽ കാർബൺ ന്യൂട്രൽ കോഫി പാർക്ക്‌ പ്രഖ്യാപിച്ചു. വാര്യാട്‌ എസ്‌റ്റേറ്റിലെ 102 ഏക്കർ ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഭൂമി ഏറ്റെടുക്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങൾ വന്നതിനാൽ പുതിയ ഭൂമിക്കായി അപേക്ഷ ക്ഷണിച്ചു. കാർബൺ ന്യൂട്രൽ തോട്ടങ്ങളിൽ വളരുന്നു എന്നതായിരിക്കും വയനാട് കാപ്പിപ്പൊടിയുടെ ആഗോള ബ്രാൻഡിങ്ങിന്റെ സവിശേഷത. അത്‌ ആഗോളവിപണിയിലെത്തിക്കും.

കാർബൺ ന്യൂട്രൽ തോട്ടങ്ങളിൽ കർഷകർ വിളയിക്കുന്ന കാപ്പിക്കുരുവും സംഭരിക്കും. വയനാട്ടിലെ കർഷകർക്ക്‌ ഇപ്പോൾ ലഭിക്കുന്ന കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനത്തിൽനിന്ന്‌  ഇരുപതെങ്കിലുമായി  ഉയർത്തലാണ്‌ ലക്ഷ്യം. പദ്ധതിക്ക്‌ കിഫ്‌ബിയിൽ 150 കോടി രൂപയുണ്ട്‌.

പുണ്യവനം

പഞ്ചായത്തിലെ മാനികാവ്‌ ശിവക്ഷേത്രത്തിന്റെ 28 ഏക്കറിൽ മരമാണ്‌. പഞ്ചായത്ത്‌ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി മരങ്ങൾ നട്ടു. പരിചരണം തൊഴിലുറപ്പിൽത്തന്നെ. ‘നക്ഷത്രവനം’, ‘പുണ്യം പൂങ്കാവനം’  പദ്ധതികളും ഇതോടൊപ്പമുണ്ട്‌. സോഷ്യൽ ഫോറസ്‌ട്രി, എം എസ്‌ സ്വാമിനാഥൻ ഫൗണ്ടേഷൻ, മലബാർ ദേവസ്വം ബോർഡ്‌ എന്നിവയും പദ്ധതിയുമായി കൈകോർത്തപ്പോൾ ക്ഷേത്രപരിസരം പൂങ്കാവനമായി.

മാനികാവ്‌ ക്ഷേത്രത്തിലെ വനദീപ്‌തി പദ്ധതി

മാനികാവ്‌ ക്ഷേത്രത്തിലെ വനദീപ്‌തി പദ്ധതി

തുരുതുരെ പൂമഴ

‘‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും

അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം

ഒരുകൊച്ചുകാറ്റെങ്ങാൻ വന്നുപോയാൽ

തുരുതുരെ പൂമഴയായി പിന്നെ...’’

കവിതകൾ വെറുതെ പഠിക്കുകയല്ല,  കുട്ടികളത്‌ കൺമുന്നിൽ കണ്ട്‌, അനുഭവിക്കുകയാണ്‌.

പ്രകൃതി, സംഗീത സാന്ദ്രമായ ഇല്ലിമുളം കാടുകൾക്ക്‌ നടുവിലാണ്‌ ഈ ഗ്രാമീണ വിദ്യാലയം. അരികിൽ വളർന്ന്‌ പന്തലിച്ച്‌  പേരാലും അരയാലും. മുറ്റത്ത്‌ നാട്ടുമാവും പൂമരങ്ങളും. മുമ്പിൽ നെൽപ്പാടവും ചേർന്നൊഴുകുന്ന അരുവിയും. മീനങ്ങാടിയിൽ തോട്ടങ്ങൾ മാത്രമല്ല കാർബൺ ന്യൂട്രൽ വിദ്യാലയവും പദ്ധതിക്കൊപ്പം നടക്കുകയാണ്‌.

മാനികാവ്‌ നവോദയ ആദിവാസി യുപി സ്‌കൂളാണ്‌  പഞ്ചായത്തിന്റെ പദ്ധതി നെഞ്ചേറ്റുന്നത്‌. സ്കൂൾ പരിസരവും കാർബൺ തുലിതമാക്കാൻ പ്രത്യേക പദ്ധതിയുണ്ട്‌. മുറ്റത്തും മൈതാനത്തും കൂടുതൽ മുളകൾ വച്ചുപിടിപ്പിച്ചു. 4.5 ഏക്കറിൽ മൈതാനമൊഴികെ സ്കൂൾവളപ്പാകെ പച്ചമേലാപ്പിലാണ്‌. സംസ്ഥാന വനംവകുപ്പിന്റെ 2019-–- 20ലെ വനമിത്ര പുരസ്കാരവും മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സുഗതകുമാരി പുരസ്കാരവും ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top