26 April Friday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

അദൃശ്യസാന്നിധ്യമാകുന്ന അമ്മ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

നോവൽ സാഹിത്യത്തിന്‌ നവീന കാഴ്‌ചയും ചിന്തയും പ്രദാനം ചെയ്യുന്ന, ആഖ്യാനത്തിന്റെ പുതുവഴി തുറന്നിടുന്ന നോവലാണ്‌ ശ്യാംകൃഷ്‌ണയുടെ ‘മമ്മ’. മാഞ്ഞുപോകുന്ന ബന്ധങ്ങളെയും ഒപ്പമുള്ള ജീവിതപരിസരങ്ങളെയും ഇഴചേർക്കുന്ന കൃതിയാണ്‌ ഇത്‌. സഹനങ്ങൾ അടയാളപ്പെടുത്തിയ വൃദ്ധയായ സത്യഭാമയുടെ ഹൃദയസാക്ഷ്യമാകുന്നു ഈ നോവൽ. വിശ്വേത്തര ചിത്രകാരന്മാരായ സാൽവദോർ ദാലിയുടെയും ജാക്‌സൺ പൊള്ളാക്കിന്റെയും ചിത്രതലങ്ങളെ ഓർമിപ്പിക്കുന്ന സ്വപ്‌നാത്മകമായ ചിന്തകളും കുറുകെയും നെടുകേയുമുള്ള വക്രരേഖകളും കൂടിച്ചേരുമ്പോഴുള്ള കാഴ്‌ചയിലേക്കാണ്‌ ശ്യാംകൃഷ്‌ണ മുഖ്യകഥാപാത്രത്തെ മറ്റൊരു ബിംബകൽപ്പനയിലൂടെ അവതരിപ്പിക്കുന്നത്‌. വൃദ്ധയായ സത്യഭാമയുടെ മക്കൾക്കും വിൽപ്പത്രം തയ്യാറാക്കാനെത്തിയ വക്കീലിനും പരിചാരകർക്കും മുമ്പിൽ വൃദ്ധയുടെ ശരീരം ചിത്രഭാഷയായി രൂപപരിണാമം സംഭവിക്കുന്നു. യാഥാർഥ്യവും അയഥാർഥ്യവും പൊതിയുള്ള ഇരുണ്ട പശ്ചാത്തലത്തിലാകുകയാണ്‌ ‘മമ്മ’. ദൈന്യതയുടെ മുഴക്കമുള്ള വീട്ടിലേക്ക്‌ അമ്മയെ കാണാൻ മക്കളെത്തുന്നു. സ്വത്തും പണവുംമാത്രം ആഗ്രഹിക്കുന്ന അവരുടെ മുന്നിൽ അമ്മയുടെ സ്‌നേഹാർദ്രമായ മനസ്സും ശരീരവും അദൃശ്യമാകുന്നു. ഹൃദയമടക്കമുള്ള ശരീരഭാഗങ്ങൾ പാത്രങ്ങളിലേക്കും പുറത്തേക്കുമൊക്കെ ഒഴുകിയിറങ്ങുന്നത്‌ ഉൽക്കണ്ഠ നിലനിർത്തി വായനക്കാരിലേക്ക്‌ എത്തിക്കാനുള്ള നോവലിസ്റ്റിന്റെ ശ്രമം അഭിനന്ദനാർഹമാണ്‌. ഇവിടെ വായനക്കാരനും ഒരർഥത്തിൽ കഥാപാത്രമാകുന്നു. സ്വപ്‌നസദൃശമായ അന്തരീക്ഷത്തിലൂടെ ശൂന്യാകാശത്തിലൂടൊഴുകുന്ന കഥാപാത്രമായി വായനക്കാരനും മാറുന്ന രചനാകൗശല്യമാണ്‌ ശ്യാംകൃഷ്‌ണ സ്വീകരിച്ചിരിക്കുന്നത്‌.

 

രംഗവേദിയുടെ പഠനത്തിന് വഴികാട്ടി

ഉണ്ണികൃഷ്ണൻ ചാഴിയാട്

ആധുനിക കാലത്തെ തിയറ്റർ സങ്കൽപ്പങ്ങളുടെ ജൈവ പശ്ചാത്തലത്തിൽ രംഗകലയുടെ ഹൃദയം കാണിച്ചുതരുന്ന സമഗ്ര പഠനമാണ് ഡോ. കെ ജി പൗലോസിന്റെ  ‘നാട്യം നാടകം രസം.’ ഭരതന്റെ നാട്യശാസ്ത്രം എങ്ങനെ നമ്മുടെ കലാഭിരുചികളെ അദൃശ്യമായി സ്പർശിച്ചും സ്വാധീനിച്ചും നിറഞ്ഞുനിൽക്കുന്നു എന്നതിന്റെ സൂക്ഷ്മമായ ഗവേഷണ സാഫല്യംകൂടിയാണ് ഈ ഗ്രന്ഥം. നാട്യം, ആട്ടം, ആചാര്യസ്‌മൃതി, നാടകം, രസം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളിൽ കേരളീയ നാടകത്തിന്റെ ചരിത്രവും അസ്തിത്വവും എഴുത്തുകാരൻ അന്വേഷിക്കുന്നു. നാട്യശാസ്ത്രം മുതൽക്കുള്ള അരങ്ങിന്റെ വികാസം, കേരളീയ രംഗവേദി നാട്യശാസ്ത്രത്തെ ഉൾക്കൊണ്ടവിധം, കൊടുങ്ങല്ലൂരിന്റെ നാട്യശാസ്ത്ര പാരമ്പര്യം, ക്ലാസിക്കൽ കലകളിലെ സ്ത്രീസാന്നിധ്യം, എം പി ശങ്കുണ്ണി നായരുടെ ‘നാട്യമണ്ഡപം’ തുടങ്ങി വിവിധ വിഷയങ്ങളിലേക്കാണ്‌ പഠനം കടന്നുപോകുന്നത്‌. നാട്യശാസ്ത്രവും കൂടിയാട്ടവും കൂടിയാട്ടത്തിന്റെ നൂറ്റാണ്ടുകളിലൂടെയുള്ള വികാസപരിണാമങ്ങളും പുസ്‌തകം ചർച്ചചെയ്യുന്നു. ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും കഥകളിയും ആയോധന കലകളും ഫോക്‌ലോറുകളും ഉദാഹരിച്ചുകൊണ്ടും അവയുടെ വേഷം,അലങ്കാരം, മുദ്രകൾ, സംഗീതം, അഭിനയം തുടങ്ങിയവ ചൂണ്ടിക്കാണിച്ചുകൊണ്ടുമാണ്‌ ഡോ. കെ ജി  പൗലോസ്‌ മുന്നോട്ടുപോകുന്നത്‌. ക്ലാസിക്കുകളുടെ നവീന വ്യാഖ്യാനങ്ങളുമായി മലയാളത്തിൽ കുറച്ചു നാടകങ്ങളേ ഉണ്ടായിട്ടുള്ളൂ. കർണാടകം, മഹാരാഷ്ട്ര, ബംഗാൾ, ഛത്തീസ്ഗഢ്‌ എന്നിവിടങ്ങളിൽ ക്ലാസിക്കുകൾക്ക്‌ നവീന വ്യാഖ്യാനങ്ങൾ നൽകി സമകാലീനമാക്കുന്ന പ്രക്രിയ കുറെക്കൂടി സജീവമാണ്. ഇതേക്കുറിച്ചും പുസ്‌തകം വിലയിരുത്തുന്നു.

 

തീണ്ടാരിക്കാലത്തെ ‘ചൗപദി'

കെ പി വേണു

അന്ധവിശ്വാസവും ദാരിദ്ര്യവും കീഴടക്കിയ സമൂഹത്തിന്റെ തീണ്ടാരിക്കാലം പ്രമേയമാക്കി സന്ധ്യ ജലേഷ് ഒരുക്കിയ നോവലാണ് ‘ചൗപദി'. കൊൽക്കത്തയും നേപ്പാളിലെ അതിർത്തിഗ്രാമവുമാണ് പശ്ചാത്തലം. പെൺകുട്ടികളെ ആർത്തവകാലത്ത് വീട്ടിൽനിന്ന് അകറ്റിനിർത്താൻ, പറമ്പിന്റെ മൂലയിലുള്ള ഒറ്റമുറിക്കുടിലായ ചൗഗോത്തിലേക്ക്‌ അയക്കുന്ന ആചാരമാണ് ‘ചൗപദി'. ചൗഗോത്തുകൾ പെൺകുട്ടികൾക്ക് ഒട്ടും സുരക്ഷിതമല്ല. വീട്ടിലെ മറ്റംഗങ്ങളുമായി സമ്പർക്കമില്ലാത്ത ദിനരാത്രങ്ങളിൽ കൊടുംതണുപ്പ്, വിഷജന്തുക്കൾ, കാമാന്ധരായ പുരുഷന്മാർ തുടങ്ങിയവ ഏതുസമയത്തും അക്രമിക്കാനെത്തും. നിരവധി മരണങ്ങൾക്ക് കാരണമായ ആർത്തവപ്പുരകൾ 2017ൽ നിയമംമൂലം നേപ്പാൾ സർക്കാർ നിരോധിച്ചെങ്കിലും ഗ്രാമങ്ങളിൽ ഇന്നും സജീവമാണ്.പഠിച്ചുവളരണമെന്ന് ആഗ്രഹിച്ചിരുന്ന ഫൂൽമതി ഘോഷ് 14–--ാം വയസ്സിൽ വധുവായി നേപ്പാൾ ഗ്രാമത്തിൽ എത്തുന്നതും അവിടത്തെ അനുഭവങ്ങളുമാണ് നോവലിന്റെ ആദ്യഭാഗം. പിന്നീട്, പുരോഗമനേച്ഛുവായ ഹരിറായിയുടെ സഹായത്തോടെ അവൾ പഠിച്ചുയരുന്നതും അനാചാരങ്ങൾ ഊട്ടിവളർത്തുന്ന സാമൂഹ്യാവസ്ഥയെ മാറ്റിമറിക്കുന്നതുമാണ് കഥ. രാജ്യത്തിന്റെ വിദൂരമേഖലയിൽ സംഭവിക്കുന്നത് നമ്മുടെ പരിസരത്തെന്നപോലെ ആസ്വാദ്യമാക്കുന്നതാണ് സന്ധ്യയുടെ രചനാതന്ത്രം. കഥാപാത്രങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്നുമുണ്ട്. ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്.

 

വീടും ആകാശവും വരയ്ക്കുന്നവിധം

ബിജു ടി ആർ

പുതുകാലത്തിന്റെ വായനയിൽ ഇടംപിടിച്ചതും സമൂഹത്തോട് സംവദിക്കുന്നതുമാണ് ജ്യോതി അനൂപിന്റെ "നിന്റെ വീടും എന്റെ ആകാശ’വുമെന്ന കാവ്യസമാഹാരം. കാവ്യരംഗത്തെ കാലോചിതമായ മാറ്റം വായനയെ സമ്പുഷ്ടമാക്കുന്നുണ്ട്. തിന്മയ്ക്കും നെറികേടിനുമെതിരെ പോരാടാനും ഗ്രാമവിശുദ്ധിയെ നെഞ്ചിലേറ്റാനും കവിതകൾ വായനക്കാരോട് ആവശ്യപ്പെടുന്നു. ‘വീടിന് അതിനേക്കാൾ വലിയ ഒരാകാശമുണ്ടെന്ന് നീ മറന്നിരിക്കും. അതിനെ നിനക്ക് സ്വന്തമാക്കാനാവില്ല. ആ വിഹായസ്സിൽ ഉയർന്നു പാറുന്നത് സ്വാതന്ത്ര്യത്തിന്റെ സപ്ത വർണങ്ങളായിരിക്കും’. ആഴമുള്ള ചിന്തകളിൽനിന്ന് ഉദിച്ചുവരുന്ന വരികൾ. അർപ്പണബോധത്തിന്റെ അടയാളപ്പെടുത്തൽ വാക്കുകളിലുണ്ട്. അടുക്കളയുടെ ക്യാൻവാസിൽ വരച്ചുവച്ച കവിതകൾ എത്ര എഴുതിയാലും എത്ര വായിച്ചാലും മടുപ്പ് വരില്ല. ‘ഇനിയൊരു ജന്മമുണ്ടെങ്കിലിനിയൊരു പെണ്ണായി ജനിക്കണം’ എന്നത്‌ പെൺജന്മത്തിന്റെ വേദനകളും പോരാട്ടവും വിരഹവും പ്രണയവും ചേരുന്ന ആസ്വാദനത്തിന്റെ മഹാകാവ്യമാകുന്നു. ‘പ്രണയമേ എന്നെ നീ മാത്രം കാത്തുകൊള്ളുക. ‘അരികുഛേദിച്ചഴകുകാട്ടി അരികിലെത്തും കാപട്യമല്ല പ്രണയം’ വേഷപ്രച്ഛന്നങ്ങളാൽ നിറംകെട്ടുപോകുന്ന പ്രണയത്തെ ബിംബങ്ങളാൽ കവിതയിൽ ചേർത്തുവച്ചിട്ടുണ്ട്. ‘ഇടയ്ക്കെനിക്കെന്റെ നാട്ടിലെത്തണം. അവിടെയാണെന്റെ പാട്ടിരിപ്പത്, അവിടെയാണെന്റെ നോവുറങ്ങുന്നത്. ഗൃഹാതുരമായ ഓർമകൾ മനസ്സിലെ നീരുറവയെ തൊടുന്നു. ജീവിതത്തിന്റെ മധുരമാണ് കവിത.  നിത്യനിർമലമായ ഗൃഹാതുരത്വവും സ്നേഹവായ്പിന്റെ മധുരസംഗീതവും കവിതകളെ മോടികൂട്ടുന്നു. ആത്മവിഹ്വലതകൾ പകർത്തിയാടേണ്ടുന്ന വർത്തമാനകാലത്തിന്റെ സഞ്ചാരവീഥികളിൽ സ്ത്രീസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും തൂലികകൊണ്ട് ശബ്ദിക്കുവാൻ കവിക്കു കഴിയുന്നു.

 

ആത്മസംഘർഷങ്ങളുടെ ചോദ്യങ്ങൾ

ദൃശ്യാനാഥ് പി എസ്

രാമായണ കഥാപാത്രങ്ങളെ ആധാരമാക്കി ഒരുക്കിയ ഉദ്വേഗഭരിതമായ രചനാശിൽപ്പമാണ്‌ കിഷ്‌കിന്ധയിലെ രാജാവ്‌. കിഷ്‌കിന്ധയുടെ മണ്ണിൽ ഉരുവംകൊണ്ട ഈ ഭാവനയുടെ ലോകങ്ങൾ ആരുടെയും ഹൃദയം കവരും. യുദ്ധം പശ്ചാത്തലമായ ഈ നോവൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌.  രാമായണകഥയിലെ സങ്കീർണമായ സഹോദരബന്ധത്തെ തലനാരിഴ കീറി പരിശോധിക്കുമ്പോഴും തുടക്കക്കാരന്റെ തിടുക്കമില്ലാതെ, തികഞ്ഞ കൈയൊതുക്കത്തോടെ, ലളിതവും ചടുലവുമായി കഥ പറയാൻ നോവലിസ്റ്റിന്‌ കഴിഞ്ഞു. കിഷ്‌കിന്ധയുടെ കാവലാളായ ബാലിയുടെ മനസ്സിലെ പടനീക്കങ്ങളും ആത്മസംഘർഷങ്ങളുമാണ്‌ നോവലിൽ അവതരിപ്പിക്കുന്നത്‌. ബാലിയുടെയും സുഗ്രീവന്റെയും കഥ ഭാവനാത്മകമായി അവതരിപ്പിക്കുന്നതിനൊപ്പം പരസ്‌പര വിശ്വാസത്തെയും നീതിയെയുംപറ്റി നിർണായകമായ ഒട്ടേറെ ചോദ്യമുയർത്തുന്നുമുണ്ട്‌ നോവൽ. ബാലിയുടെയും സുഗ്രീവന്റെയും കഥയുടെ പുനരാവിഷ്‌കാരം എന്നതിനപ്പുറം തീർത്തും സ്വതന്ത്ര രചനയാണ്‌ ഇത്. കോട്ടയം  കടുത്തുരുത്തി സ്വദേശിയായ പ്രദീപ്‌ പുരുഷോത്തമന്റെ അച്ചടിമഷി പുരളുന്ന ആദ്യ നോവലാണ്‌ ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top