28 March Thursday

ഏകാധിപതിയുടെ ജീർണമുഖം

വി ബി പരമേശ്വരന്‍Updated: Sunday Nov 14, 2021

‘ശക്തനായ’, ‘ലോകത്തിന്‌ വഴികാട്ടുന്ന’, ‘അപരാജിത’നായ നേതാവായാണ് നരേന്ദ്ര മോദിയെ ബിജെപിയും സംഘപരിവാറും വാഴ്‌ത്തുന്നത്‌. എന്നാൽ മോദിയുടെ എഴു വർഷത്തെ ഭരണം സൂക്ഷ്‌മമായി പരിശോധിച്ചാൽ അത്‌ ഭരണപരാജയത്തിനു മാത്രമല്ല ഇന്ത്യൻ ജനാധിപത്യത്തിന്റെ  തകർച്ചയ്‌ക്കുകൂടി വഴിവച്ചുവെന്ന്‌ സമ്മതിക്കേണ്ടിവരും. സംഘപരിവാറും അവർക്ക്‌ കുഴലൂതുന്ന മാധ്യമങ്ങളും കെട്ടിപ്പൊക്കിയ മോദിയുടെ പ്രതിച്ഛായയെ, വസ്‌തുതകളുടെ പിൻബലത്തോടെ പിച്ചിച്ചീന്തുകയാണ്‌ പി രാമൻ എന്ന മലയാളി. അദ്ദേഹം എഴുതിയ ‘ട്രിസ്റ്റ്‌ വിത്ത്‌ സ്‌ട്രോങ്ങ്‌ ലീഡർ പോപ്പുലിസം’ എന്ന കൃതി മോദി എന്ന കൃത്രിമ ബിംബത്തെ  തകർക്കുകയാണ്‌.  

റിപ്പോർട്ടർമാരുടെ റിപ്പോർട്ടർ എന്നാണ്‌  മാധ്യമലോകത്ത്‌ പി രാമൻ അറിയപ്പെടുന്നത്‌.  ജോലിചെയ്‌ത പത്രസ്ഥാപനങ്ങളിൽ ലഭിച്ച ഉയർന്ന പദവികൾ വേണ്ടെന്നുവച്ച്‌ ലേഖകനായി തുടർന്ന പി രാമന്റെ പുതിയ പുസ്‌തകത്തിലും ആ റിപ്പോർട്ടറുടെ വസ്‌തുതാന്വേഷണത്തിന്റെ ഉൾക്കാഴ്‌ചയുണ്ട്‌. മോദിയുടെ അവകാശവാദങ്ങളിലേക്ക്‌ നുഴഞ്ഞുകയറി പരിശോധിച്ച്‌ പൊള്ളത്തരം പുറത്തുകൊണ്ടുവരുന്ന  ശൈലിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ മോദി എന്ന ശക്തനായ പോപ്പുലിസ്റ്റ്‌ ഭരണാധികാരിയുടെ മറുപുറം ഈ ഗ്രന്ഥത്തിലൂടെ വായിച്ചറിയാം. ചരിത്രകാരൻ ഇർഫാൻ ഹബീബ്‌ അഭിപ്രായപ്പെട്ടതുപോലെ സ്വാതന്ത്ര്യത്തിലും മതനിരപേക്ഷതയിലുമുള്ള ഗ്രന്ഥകാരന്റെ അടിയുറച്ച വിശ്വാസം ആഖ്യാനത്തിൽ ചുവപ്പുനാടപോലെ നീണ്ടു കിടക്കുന്നുണ്ട്‌.

വാജ്‌പേയിയെക്കാൾ ആർഎസ്‌എസുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രചാരക് ആയതുകൊണ്ടുതന്നെ സാംസ്‌കാരിക ദേശീയത എന്ന ആശയം അടിച്ചേൽപ്പിക്കുന്നതിൽ മോദിക്ക്‌ മടിയില്ല. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും തലപ്പത്ത്‌ ആർഎസ്‌എസുകാരെ പ്രതിഷ്‌ഠിച്ച മോദി  ലിബറൽ, മതനിരപേക്ഷ ആശയങ്ങളെ നിഷേധിക്കുന്നു. മോദിയുടെ ഗോഡ്‌ഫാദർ കൂടിയായ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിന്‌ സ്വദേശിയെക്കാൾ ആഭിമുഖ്യം സാംസ്‌ക്കാരിക ദേശീയതയോടാണ്‌. അതുകൊണ്ടാണ്‌ മോദി നവ ഉദാരവൽക്കരണ അജൻഡ ശക്തമാക്കുന്നത്‌. തീവ്രഹിന്ദുത്വവും  ഉദാരവൽക്കരണവും ഭരണത്തിന്റെ മുഖമുദ്രയായത്‌ ആർഎസ്‌എസിന്റെ പിന്തുണയോടെയാണെന്നർഥം. 

പാലമെന്റ്‌ മന്ദിരത്തെ വന്ദിച്ച്‌ അധികാരമേറ്റ മോദി  സർവാധികാരങ്ങളും തന്നിൽ   കേന്ദ്രീകരിച്ചു.  ജമ്മു–- കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്‌ ഒന്നരമണിക്കൂർ മുമ്പുമാത്രമാണ്‌ ക്യാബിനറ്റിനെപ്പോലും അറിയിക്കുന്നത്‌. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന ജനാധിപത്യവിരുദ്ധ നീക്കം. നോട്ടുനിരോധനം എന്ന മണ്ടൻ തീരുമാനം പ്രഖ്യാപിക്കുന്നതും ഇതേ രീതിയിൽ. ഇത്തരം എകാധിപതികളുടെ കീഴിൽ സമ്പദ്‌വ്യവസ്ഥ തകരുമെന്നും പി രാമൻ പറയുന്നു.

മന്ത്രിസഭയുടെ ദൈനംദിന  പ്രവർത്തനത്തിൽപ്പോലും കൊണ്ടുവന്ന  തുഗ്ലക്ക്‌ പരിഷ്‌കാരങ്ങൾ പ്രായോഗികമല്ലെന്ന്‌ കണ്ട്‌ പിൻവലിച്ചതിന്റെ ഉദാഹരണങ്ങൾ പുസ്‌തകത്തിലുണ്ട്‌. മുൻ സർക്കാരുകളിൽനിന്ന്‌ വ്യത്യസ്‌തമെന്ന്‌ കാണിക്കാൻ ജനോപകാരപ്രദമായ പല പദ്ധതികളും (28ൽ 11 ഉം പ്രധാനമന്ത്രിയുടെ പേരിലുള്ളത്‌) നടപ്പിലാക്കാൻ നടത്തിയ ശ്രമങ്ങൾ എങ്ങിനെ പരാജയപ്പെട്ടെന്നും നിരീക്ഷിക്കുന്നുണ്ട്‌. ഇന്ത്യൻ ജനാധിപത്യം വളർന്നു പന്തലിച്ചത്‌ വിവിധകാലങ്ങളിൽ രൂപംകൊണ്ട ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനംകൊണ്ടുകൂടിയാണ്‌. എന്നാൽ  ഒരോ സ്ഥാപനങ്ങളെയും  തകർക്കുകയാണ്‌. ജുഡീഷ്യറി മാത്രമല്ല റിസർവ്‌ ബാങ്ക്‌, തെരഞ്ഞെടുപ്പ്‌ കമീഷൻ, സിവിസി, എൻഎസ്‌എസ്‌ഒ സിബിഐ, ലോക്‌പാൽ തുടങ്ങി യവയെ എങ്ങിനെ ആജ്ഞാനുവർത്തികളാക്കിയെന്ന്‌ പുസ്‌തകം വിവരിക്കുന്നു. പ്രതിപക്ഷത്തെ നിശ്ശബ്‌ദമാക്കാൻ സിബിഐ , ഇഡി, ഐടി, കസ്റ്റംസ്‌, നർക്കോട്ടിക്‌ ബ്യൂറോ എന്നിവയെ എങ്ങിനെയെല്ലാം ഉപയോഗിച്ചുവെന്നും പുസ്‌തകം വിവരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top