25 April Thursday

അക്‌ബർ കക്കട്ടിൽ, ആറാംകാലം

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

അക്‌ബർ കക്കട്ടിൽ ഓർമയായിട്ട്‌ 17ന്‌ അഞ്ചുവർഷം തികയുന്നു. കഥാകാരനെ സഹോദരൻ അനുസ്‌മരിക്കുന്നു

 

ജീവിതത്തിന്റെ അവസാന നാളുകളിൽ മറ്റുള്ളവരിൽനിന്ന്‌ രോഗം മറച്ചുവച്ച്, അതിനെ അതിജീവിക്കുവാനുള്ള യത്നത്തിൽ, വായനപോലും സുഗമമായി നടക്കാത്ത അവസരത്തിൽ, ഒരുദിവസം ഒരു ചെറുപ്പക്കാരൻ വീട്ടിൽ വന്നു. തന്റെ കഥാസമാഹാരത്തിന് അവതാരിക എഴുതിത്തരണമെന്ന് അക്ബർക്കയോട് പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ കഥാസമാഹാരം വാങ്ങി, എഴുതിയശേഷം അറിയിക്കാം എന്ന് പറഞ്ഞ്, അയാളെ സന്തോഷത്തോടെ പറഞ്ഞയക്കുന്നത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യമായി. അവതാരിക എഴുതിക്കൊടുക്കാൻ വേണ്ടി നവാഗതരായ എഴുത്തുകാരുടെ നിരവധി കൃതികളുടെ കൂമ്പാരം മേശപ്പുറത്തുണ്ട്‌. റാപ്പർ പൊട്ടിക്കാത്ത ആനുകാലികങ്ങൾ പൊടിപിടിച്ച് മേശപ്പുറത്ത് അലസമായി കിടക്കുന്നുണ്ട്. ഞാൻ ചോദിച്ചു. ഈ കൃതികളൊക്കെ വായിച്ച് നിങ്ങൾക്ക് അവതാരിക എഴുതിക്കൊടുക്കാൻ കഴിയുമോ, അവതാരികയ്‌ക്ക്‌  കാത്തുനിൽക്കുന്നവരെ നിരാശപ്പെടുത്തുകയല്ലേ ചെയ്യുന്നത്? അക്ബർക്ക പറഞ്ഞു:

‘പ്രയാസമാണെന്നറിയാം. എനിക്കവരുടെ മുഖത്ത് നോക്കി വയ്യ എന്നു പറയാനാവില്ല. ഒരുകാലത്ത് അവതാരികയ്‌ക്കായി പലരെയും ഞാനും സമീപിച്ചതല്ലേ’. -അക്ബർ കക്കട്ടിൽ എന്ന പ്രിയ എഴുത്തുകാരൻ വിട്ടുപിരിഞ്ഞിട്ട് ഫെബ്രുവരി 17ന് അഞ്ച് വർഷം തികയുകയാണ്. മനസ്സിനെ തൊട്ടുണർത്തിയ അമ്പതോളം കൃതികൾ മലയാളത്തിന് സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം അപ്രതീക്ഷിതമായി യാത്ര പറഞ്ഞത്.

 

"മനുഷ്യൻ ഹാ എത്ര മനോഹരമായ പദം എന്ന ദർശനത്തിൽ തീ പടരുന്നതിനെ പ്രതിരോധിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് കക്കട്ടിലിന്റെ ഓരോ കഥയും നിർവഹിക്കുന്ന'തെന്ന് കെ ഇ എൻ പ്രസ്‌താവിച്ചിട്ടുണ്ട്. "നാദാപുരം', "നിസ്സഹായരുടെ നീറ്റം' പോലുള്ള ശ്രദ്ധേയമായ കലാപകാല കഥകൾ എഴുതാൻ പ്രേരണ നൽകിയത് ആ മനസ്സാണ്‌.
 
നർമവും ആക്ഷേപഹാസ്യവും കൂടിക്കലർന്ന, ആധുനികകാലത്തെ അധ്യാപകരുടെ ധർമസങ്കടങ്ങളെയും മൂല്യച്യുതികളെയും അനാവരണം ചെയ്യുന്ന അധ്യാപക കഥകൾ സഹൃദയർ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നിസ്വാർഥരും ആദർശശാലികളുമായ അധ്യാപകരുടെ കദനകഥകൾ എഴുതിയിരുന്ന കാരൂരിന്റെ കഥകളിൽനിന്ന്‌ "അധ്യാപക കഥകൾ' തികച്ചും വ്യത്യസ്‌തമാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാവണം . നാട്ടിൻപുറത്തുകാരുടെ ജീവിതസമസ്യകളെ അയത്നലളിതമായ ഭാഷയിൽ നർമമാധുര്യത്തോടെ ചിത്രീകരിക്കുന്ന കഥകളും ആധുനിക ജീവിതാനുഭവങ്ങളെ  ഭ്രമാത്മകമായി അവതരിപ്പിക്കുകയും ചെയ്യുന്ന കഥകളും അക്ബർ കക്കട്ടിൽ രചിച്ചിട്ടുണ്ട്.
 
മൃത്യുയോഗം, ഹരിതാഭകൾക്കപ്പുറം, വടക്കുനിന്നൊരു കുടുംബവൃത്താന്തം, സ്‌ത്രൈണം എന്നിങ്ങനെ നാലു നോവലാണ് അക്ബർ കക്കട്ടിൽ രചിച്ചിട്ടുള്ളത്. പുരാണോപാഖ്യാനത്തെ അതിശയകരമായി അവതരിപ്പിക്കുന്ന സ്‌ത്രൈണം ഭാഷയിലും അവതരണശൈലിയിലും വ്യത്യസ്തത പുലർത്തുന്ന നോവലാണ്. മലയാളത്തിലെ ആദ്യത്തെ ട്രാൻസ്‌ നോവൽ എന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളത്തിലെ വിഖ്യാതരായ 25 എഴുത്തുകാരുമായി അക്ബർ കക്കട്ടിൽ നടത്തിയ സർഗാത്മക സംവാദമായ "സർഗസമീക്ഷ' മലയാളത്തിന് ലഭിച്ച ഈടുറ്റ ഗ്രന്ഥമാണ്.
 
അമ്പതോളം കൃതികൾ മലയാളത്തിന് നൽകി, സൗഹൃദങ്ങളെ താലോലിച്ച്, പറയാൻ ബാക്കിവച്ച കഥകളുമായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അക്ബർ കക്കട്ടിൽ തന്റെ "ആറാംകാലം' എന്ന കഥയിലെ കഥാപാത്രങ്ങളെപ്പോലെ നമ്മളിൽനിന്ന്‌ പൊടുന്നനെ അകന്ന് വേർപാടിന്റെ അഞ്ചാംകാലത്തിലെത്തിയിരിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top