25 April Thursday

കോവിഡിന്റെ പെണ്ണിരകൾ

ഡോ. രാധിക സജീവ് radhumuttath@gmail.comUpdated: Sunday Feb 14, 2021

എക്കാലവും മഹാമാരികളും പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും കൂടുതലായി ബാധിച്ചത്‌ സ്‌ത്രീകളെയും കുട്ടികളെയുമാണ്‌. 2002ലെ എബോള ബാധയുടെ ഇരകളിലേറെയും സ്‌ത്രീകൾ. കോവിഡിലെത്തുമ്പോൾ രോഗബാധയും മരണങ്ങളും കൂടുതൽ പുരുഷന്മാരിലാണെന്നാണ്‌ ലോകമാകെയുള്ള കണക്കുകൾ. ഇന്ത്യയിൽ പുരുഷന്മാരാണ് മഹാമാരിക്കു കൂടുതൽ കീഴ്‌പ്പെടുന്നതെന്നാണ്‌ പഠനങ്ങളെങ്കിലും യാഥാർഥ്യം ഈ കണക്കുകളിൽനിന്ന്‌ അകലെയാണ്‌. ഇന്ത്യയിൽ കൊറോണ ആദ്യമെത്തിയ കേരളത്തിലെ സ്ഥിതി അതേസമയം ലോക കണക്കുകളോട് ചേർന്നുനിൽക്കുന്നുമുണ്ട്‌.

 

 കോവിഡിന്റെ ആദ്യഘട്ടംമുതൽ ചൈനയിലും മറ്റു ലോകരാജ്യങ്ങളിലും പുരുഷന്മാരിലാണ് അധികം രോഗബാധ. പുരുഷന്മാരിലെ, ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ, രോഗ പ്രതിരോധശേഷി കുറയ്‌ക്കാനും സ്‌ത്രീകളിലെ ഈസ്ട്രജൻ ഹോർമോൺ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുമെന്നത്‌ ഈ വാദത്തെ സാധൂകരിക്കുന്നു.
 
സ്‌ത്രീകളിൽ രോഗ പ്രതിരോധസംവിധാനം മെച്ചപ്പെട്ടതാണ്‌. ശുചിത്വശീലത്തിന്റെ മേന്മയും മാർഗനിർദേശങ്ങൾ അനുസരിക്കുന്നതിലെ കൃത്യതയും പ്രതിരോധത്തെ ‌സഹായിക്കും. നേരെമറിച്ച്, പുരുഷന്മാരിൽ ശ്വാസകോശങ്ങളിൽ കോവിഡ് വൈറസ് പറ്റിപ്പിടിക്കുന്ന എസിഇ റിസപ്റ്റേഴ്സിന്റെ എണ്ണക്കൂടുതൽ രോഗബാധയിലേക്ക് എളുപ്പം നയിക്കുന്നു.  പുകവലി ശീലവും ജീവിത ശൈലീരോഗങ്ങളും രോഗബാധ കൂട്ടുന്നു. 
 
ഇന്ത്യയിൽ മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ്‌ കേസുകൾ കൂടുതൽ. 2020 ജൂണിൽ ഡൽഹി, മുംബൈ, പുണെ അഹമ്മദാബാദ്, എന്നിവിടങ്ങളിൽ നടന്ന പഠനങ്ങൾ കാണിച്ചത് സ്‌ത്രീകളിലാണ് രക്തത്തിലെ ആന്റിബോഡി സാന്നിധ്യം കൂടുതൽ എന്നാണ്. സ്‌ത്രീകളിൽ അവർ അറിഞ്ഞോ, അറിയാതെയോ കോവിഡ് ബാധ ഉണ്ടായിരുന്നു എന്നാണ് ഇതിനർഥം. പിന്നീട് ആഗസ്‌തിൽ പുറത്തുവന്ന ഡൽഹി സീറോസർവേയിലും സ്‌ത്രീകളിൽ രോഗബാധ കൂടുതലാണെന്ന്‌ കണ്ടെത്തിയിരുന്നു. സ്‌ത്രീകൾ വീടുകളിലെ ആവശ്യങ്ങൾക്കായി പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കടകളിലും പോകുന്നതിനാലാവാം അണുബാധയെന്നും കരുതേണ്ടിയിരിക്കുന്നു.
 
രോഗബാധിതരായ പുരുഷന്മാർക്ക് പരിചരണം നൽകുന്നത്‌ സ്‌ത്രീകളാണെന്നതും രോഗസാധ്യത വർധിപ്പിക്കുന്നു. ആദ്യമാസങ്ങളിൽ അണുബാധ ഉണ്ടായവരിലെ മരണനിരക്ക് നോക്കിയപ്പോൾ പുരുഷന്മാരിൽ 2.8ഉം സ്‌ത്രീകളിൽ 3.3ഉം ആയിരുന്നു. മരണനിരക്ക് സ്‌ത്രീകളിലാണ് അധികമാണെന്നാണ് ഇതിനർഥം. ഒക്ടോബർ അവസാനത്തോടെ ശരാശരി മരണനിരക്ക് 1.5 ലേക്ക് കുറഞ്ഞു. ജൂലൈ അവസാനം ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് മുംബൈയിൽ നടത്തിയ പഠനത്തിലും കോവിഡ് ബാധ അമ്പതു ശതമാനം സ്‌ത്രീകളിൽ ആകാനുള്ള സാധ്യത പ്രവചിച്ചിരുന്നു. 2020 ഒക്ടോബർവരെ ജോലിക്കാരായ 79772 സ്‌ത്രീകൾക്ക് കോവിഡ് സ്ഥീരികരിച്ചിരുന്നു. ഇരുപതുലക്ഷത്തിൽപ്പരം ആരോഗ്യപ്രവർത്തകരെ പരിശോധനയ്‌ക്കു വിധേയമാക്കിയതിൽ 40ശതമാനവും സ്‌ത്രീകളായിരുന്നു. ഡോക്ടർമാർ, നേഴ്സുമാർ, പൊതുജനാരോഗ്യ പ്രവർത്തകർ അടക്കമുള്ളവരാണിത്. 
 
നവംബർ 2020ൽ ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയ പഠനത്തിൽ ഇന്ത്യയും നേപ്പാളുമടക്കം ആറു ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് മരണം പുരുഷന്മാരേക്കാൾ സ്‌ത്രീകളിൽ അധികമെന്ന് കണ്ടെത്തിയിരിക്കുന്നു. മരണനിരക്ക് അമേരിക്കയിലേക്കാൾ കുറവാണെന്നിരിക്കെ കോവിഡ് മൂലം കൂടുതൽ ഇന്ത്യൻ സ്‌ത്രീകൾ മരിക്കുന്നു എന്നത് ആശ്ചര്യമുണർത്തുന്നു. 40–-50 പ്രായത്തിലുള്ള ഇന്ത്യൻ സ്‌ത്രീകളിൽ കോവിഡ് മൂലമുള്ള മരണം പുരുഷന്മാരിലെ മരണസംഖ്യയെക്കാൾ അധികമെന്ന് പഠനം പറയുന്നു. ഇന്ത്യയിൽ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ സ്‌ത്രീകൾക്കാണെന്നതിനാൽ അതിന്‌ സാധ്യത ഉണ്ട്. ഗ്രാമങ്ങളിൽ പോഷകാഹാരക്കുറവും നഗരങ്ങളിൽ അമിതവണ്ണവും സ്‌ത്രീകളെ രോഗബാധയിലേക്കു നയിച്ചിട്ടുണ്ടാവണം.
 
പൊതുവിൽ, ചികിത്സ തേടാനും ചികിത്സാലയത്തിൽ എത്തിപ്പെടുന്നതിലും ഇന്ത്യൻ സ്‌ത്രീകൾ പുറകിലാണ്. ഈ പശ്ചാത്താലത്തിൽ ടെസ്റ്റ് ചെയ്യപ്പെടുന്നവരിൽ രോഗബാധയും മരണനിരക്കും കൂടുതലെങ്കിൽ, യഥാർഥ രോഗാതുരത സ്‌ത്രീകളിൽ എങ്ങനെയായിരിക്കും. ചെറിയ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റിന്‌ വിധേയരായിക്കാണണമെന്നില്ലല്ലോ. എല്ലായിടത്തും ലിംഗഭേദം കൂടാതെ ടെസ്റ്റിനു സൗകര്യങ്ങൾ ലഭ്യമായിരുന്നോ എന്നതും പ്രധാനം. മരണം റിപ്പോർട്ട് ചെയ്യുന്നതിലും അപാകതകൾക്ക്‌ സാധ്യതയുണ്ട്‌. കോവിഡ് ഇന്ത്യൻ സ്ത്രീകളെ എത്രത്തോളം ഏതെല്ലാം വിധത്തിൽ ബാധിച്ചു എന്നതിന് ഇനിയും പഠനങ്ങൾ വേണം.
(തൃശൂർ ഗവ.മെഡിക്കൽ കോളേജ്  അസോസിയറ്റ് പ്രൊഫസറാണ്‌  ലേഖിക)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top