19 April Friday

ലോക‌്ഡൗൺകാലത്തെ നർമനിലാവ‌്; അനുകരണകലയുടെ വേദിയിൽ മൂന്നു പതിറ്റാണ്ട്‌ പിന്നിടുന്ന ജയരാജ്‌ വാര്യർ

ദിനേശ‌്‌വർമ ckdvarma@gmail.comUpdated: Sunday Jul 12, 2020

അനുകരണകലയുടെ വേദിയിൽ മൂന്നു പതിറ്റാണ്ട്‌ പിന്നിടുകയാണ്‌ ജയരാജ്‌ വാര്യർ. കാരിക്കേച്ചർ ജീവിതത്തിന്റെ 30–-ാം വർഷത്തിന്റെ ആഘോഷത്തിനല്ല, ലോക‌്ഡൗൺകാല ആശങ്കകളിലും തൃശൂരിന്റെ തെരുവുകളിൽ കേൾക്കുന്ന നർമ ശകലങ്ങളിലുമാണ‌് ആ കണ്ണുകൾ

 
‘‘പൂമണങ്ങളുടെ സാനിറ്റൈസർ പൂശിയ പൂർണനിലാവായിരുന്നു കഴിഞ്ഞ രാത്രിയിൽ. അവൾ മഞ്ഞിന്റെ മാസ‌്ക‌് അണിഞ്ഞിരുന്നു. എന്നും നിതാന്തമായ ഒരകലം പാലിച്ച‌് എന്റെ വീട്ടുമുറ്റത്ത‌് വന്നുനിന്നു ലോക‌്ഡൗൺ നിലാവ‌്. എന്റെ നാടിനെ അവൾ എൺപതുകളിലേക്ക‌് കൊണ്ടുപോയിരുന്നു. അന്നത്തെ കിളികൾ ഈ പാടത്ത‌് വീണ്ടുമെത്തി. മാമരങ്ങളുടെ ഇലകളിൽനിന്ന‌് കാർബൺ അഴുക്കുകൾ ഊർന്നുപോയി! എന്റെ വീടിനെ എന്നിലേക്ക‌് ചേർത്തുവച്ചു. വീട്ടകത്ത‌് ഇന്നുവരെ കാണാത്ത മുക്കുംമൂലയും കണ്ട‌് പഴമയുടെ മണം ആസ്വദിച്ചു. ‘കാലം കൈകളിലേറ്റു വാങ്ങിയ കലാലാവണ്യമേ...’ എന്ന‌് ദേവരാജൻ മാഷ‌് ഭാവതാരള്യംകൊണ്ട‌് പൊൻപ്രഭ പരത്തിയ പാട്ട‌ുകേട്ടു.  വീടാണ‌് സ്വർഗമെന്നും അകലമാണ‌് വിജയമെന്നും ഇനിയും നാം പറഞ്ഞുകൊണ്ടിരിക്കും.’’
 
നർമംകൊണ്ടും അദ്വിതീയ അനുകരണപാടവംകൊണ്ടും ലോക മലയാള ക്യാൻവാസിൽ തിളങ്ങുന്ന ജയരാജ‌് വാര്യരുടെ ലോക‌്ഡൗൺകാല സവിശേഷതകൾ ഇങ്ങനെ ഒഴുകിവരുന്നു.  ഒരു നാട‌് ജാഗ്രതയുടെ പടവുകളിലൂടെ നേടുന്ന വിജയത്തെക്കുറിച്ച‌്, കാലം കാത്തുവച്ച നേതൃശക്തിയെക്കുറിച്ച‌് എല്ലാം  വാചാലനാകുന്നു.
  
തന്റെ കാരിക്കേച്ചർ ജീവിതത്തിന്റെ 30–-ാം വർഷത്തിന്റെ ആഘോഷത്തിനല്ല, ലോക‌്ഡൗൺകാല ആശങ്കകളിലും തൃശൂരിന്റെ തെരുവുകളിൽ കേൾക്കുന്ന നർമശകലങ്ങളിലുമാണ‌് ആ കണ്ണുകൾ.
 
പി വി ചന്ദ്രൻ നടക്കുന്നത‌്, എ കെ ആന്റണി സംസാരിക്കുന്നതിനിടെ പുറപ്പെടുവിക്കുന്ന സീൽക്കാര ശബ്‌ദം, എഴുത്തിലെന്നപോലെ മറ്റാർക്കും അനുകരിക്കാനാകാത്ത എം ടിയുടെ ഭാവങ്ങൾ, പാമ്പിനെപ്പോലെ നാവ‌് പുറത്തിട്ട‌് പുലിയെപ്പോലെ ചീറ്റുന്ന അഴീക്കോട‌്... അത്യപൂർവമായ അവതരണങ്ങളാണ‌് ജയരാജ്‌ വാര്യരുടെ കാരിക്കേച്ചർ. ഇനി മറ്റൊരാളെക്കൂടി വേദികളിലോ സ‌്ക്രീനുകളിലോ മിഴിവോടെ അവതരിപ്പിക്കാനുള്ള പരിശീലനത്തിലാണ‌്. അത‌് മറ്റാരുമല്ല, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ. മുമ്പ‌് അനുകരിച്ചിട്ടുണ്ടെങ്കിലും ഇനി അങ്ങനെ പോരാ എന്ന തിരിച്ചറിവ‌്. ചാനലുകളിലോ സോഷ്യൽ മീഡിയകളിലോ കാണാറുള്ള നാലാംകിട അനുകരണങ്ങളല്ല. ഈ നാടിന്റെ മനസ്സ്‌ തെളിയുന്ന ആ മുഖഭാവങ്ങളെയാണ‌് പകർത്തേണ്ടത്‌. പ്രളയകാലത്ത‌് വെള്ളം കയറിക്കയറി വരുമ്പോൾ മുഖ്യമന്ത്രി ആശങ്കയും ഗൗരവവും ഉൾക്കൊണ്ട‌ുതന്നെ ജനത്തിന‌് കൊടുത്ത ധൈര്യത്തിന്റെയും അതിജീവിക്കുമെന്ന ഉറപ്പിന്റെയും ഭാവം. കോവിഡ്‌ രോഗികൾ കേരളത്തിൽ കൂടുമ്പോഴും കുറയുമ്പോഴും  വേലിയേറ്റവും വേലിയിറക്കവുംപോലെ ഭാവത്തിലും വാക്കിലും ചിരിയിലുമെല്ലാം സ്വാഭാവികമായി വരുന്ന അനുരണനങ്ങൾ. കൊള്ളിയാനെപ്പോലെ ഇടയ്‌ക്ക‌് തെറിച്ചുവരുന്ന നർമങ്ങൾ. ഒരു ശ്രമം നടത്തുകയാണ‌് ജയരാജ‌് വാര്യർ. നർമത്തിന്റെ സ്വഭാവം മാറ്റിമറിച്ച ഒരു കാലത്തിന്റെ പ്രതിധ്വനി!
 
‘‘പ്രളയകാലത്തും ഓഖിയും നിപായും ബാധിച്ചപ്പോഴും ഇപ്പോൾ ഈ മഹാമാരി പെയ്‌തപ്പോഴും നമ്മെ നയിച്ച ആ നായകനെക്കുറിച്ചു തന്നെ പറയും;  ഞാൻ മാത്രമല്ല കാലവും’’.
 

ഫലിച്ച ‘നമ്പരു’കൾ

 
ഏത്‌ അതികായന്റെ മുമ്പിലും കയറിച്ചെന്ന്‌ ഒരു ‘നമ്പരി’ടാനുള്ള മിടുക്ക്‌ പണ്ടേ കൈമുതൽ. തന്റെ മുന്നിലുള്ള നേതാക്കളെ ഓരോന്നായി അവതരിപ്പിച്ചാണ്‌ ആദ്യം കേരള നിയമസഭയിൽ കൈയടി നേടിയത്‌. അവതരണത്തിൽ  ഇ കെ നായനാർ നിറഞ്ഞുനിന്നു. ‘‘പരിപാടി കഴിഞ്ഞപ്പോൾ ഇ കെ നായനാർ കൈയിൽ  പിടിച്ചിട്ട്‌ പറഞ്ഞു;  ഇയ്യിത്‌ എല്ലാടത്തും കാച്ചിക്കോ,  ഞാന്‌ കൊറെക്കൂടി ഫേമസ്‌ ആവട്ടെ. ഓനെ (എ കെ ആന്റണിയെ ചൂണ്ടിക്കാട്ടി ) ചെറുങ്ങനെ കാണിച്ചാ മതി, കെട്ടാ’’.
 

ജയരാജ്‌ വാര്യർ  ഫോേട്ടാ: കെ എസ്‌ പ്രവീൺകുമാർ

ജയരാജ്‌ വാര്യർ ഫോേട്ടാ: കെ എസ്‌ പ്രവീൺകുമാർ

സ്വരാജ്‌ റൗണ്ടിൽ തേരാപ്പാര

 
തൃശൂരിലെ ഏറ്റവും സാധാരണക്കാരുമായുള്ള ബന്ധമാണ്‌ ജയരാജ്‌ വാര്യരുടെ ജൈവികതയ്‌ക്കു പിന്നിൽ. അവരുടെ നർമവും നാട്ടുഭാഷയും സ്റ്റൈലും നിരന്തരം നിരീക്ഷിക്കും. തേക്കിൻകാട്ടിലൂടെ ഇടയ്‌ക്കിടെയുള്ള സവാരി കൂടുതൽ ജീവിതങ്ങൾ കണ്ടുമുട്ടാനും ഇടനൽകുന്നു.
 
‘‘കഴിഞ്ഞദിവസം ഒരാവശ്യത്തിനായി  സ്വരാജ്‌ റൗണ്ടിലൂടെ നടക്കുമ്പോ പിന്നീന്ന്‌ വിളിവന്നു; ‘ഓ ജയരാജേട്ടൻ പണിയൊക്കെ കൊറോണ കൊണ്ടോയി ല്ലേ, ശോകായി. എന്ത്‌റ്റാ കാട്ട്വാ ഇനി. മ്മക്ക്‌ പെരിങ്ങാവിലെ വീട്ട്‌ല്‌ ടെറസില‌് ഒരു സ്റ്റേജാ കെട്ടി പെടച്ചലോ ഇസ്റ്റാ? കൊറോണെല്യ ഒരു തേങ്ങേം വരില്യ. ന്തേ? ഈ റൗണ്ടിലിങ്ങനെ തേരാപ്പാര നടക്കണ്ട ഗെഡീ’’.
 
അതെ, ആകാശം ഇങ്ങ‌്ട‌് ഇടിഞ്ഞുവീഴാന്ന‌് പറഞ്ഞാല‌്  ‘എടുക്കിസ്റ്റാ മുട്ട‌്’ എന്ന‌് പറയുന്നതാണ‌് ഇവിടത്തെ നർമം. പക്ഷേ, ‘‘പൂരല്യേ... ജയരാജേട്ടാ...’’എന്നൊരു ചോദ്യം കേട്ടു. അത‌് സഹിക്കാൻ പറ്റാത്ത ഒരു ചോദ്യായിരുന്നു. എനിക്ക‌് മനസ്സിലാകും ആ വേദന.
 

സ്വർഗ ഗായികേ ഇതിലേ...

 
സാഹിത്യ–-ഗാന ബന്ധമാണ്‌ മറ്റ്‌ അനുകരണ കലാകാരന്മാരിൽനിന്ന്‌ ജയരാജ്‌വാര്യരെ വ്യത്യസ്‌തനാക്കിയത്‌. ‘‘സ്വർഗ ഗായികേ ഇതിലേ ഇതിലേ സ്വപ്‌നലോലുപേ ഇതിലേ ഇതിലേ...’ എന്ന‌് മനോഹരമായി പാടി സത്യനെന്ന മഹാനടനെ വേദിയിൽ വരച്ചിടുന്നു ആദ്യം. പുഞ്ചിരിച്ച‌ും നെഞ്ചും തലയും ഉയർത്തിപ്പിടിച്ച‌ും ഒന്നുഞെളിഞ്ഞ‌് സത്യൻ പാടുമ്പോഴും ഒരു ധീരത ആ മുഖത്തുകാണാം. മലയാളിക്ക‌് സത്യൻ അഭിമാനംകൂടിയാണ‌്. ആ വികാരത്തെ പ്രോജ്വലിപ്പിക്കുകയാണ‌് ജയരാജ‌്‌വാര്യർ ചെയ്യുക. തുടർന്ന‌് മരം ചുറ്റുന്ന നസീറായി മാറും. പെട്ടെന്നാണ‌് മുടി പിന്നിലേക്ക‌് വലിച്ചൊതുക്കിപ്പിടിച്ച‌് ഉച്ചത്തിൽ ചിരിച്ച‌് അഭിനയകലയുടെ ഒരേയൊരയ്യപ്പൻ ഭരത‌്ഗോപി പൊട്ടിപ്പുറപ്പെടുക.  ഒരുപക്ഷേ, എം ടിക്കോ അഴീക്കോടിനോ എത്തിച്ചേരാൻ പറ്റാത്ത ആയിരക്കണക്കിന്‌ വേദിയിൽ ഇവരെയെല്ലാം എത്തിക്കുകയായിരുന്നു വാര്യർ.
 

നമ്പ്യാർ വിളിപ്പാടകലെ

 
കുഞ്ചൻനമ്പ്യാരെക്കുറിച്ച‌് സിനിമ ചെയ്യാനുള്ള താൽപ്പര്യത്തോടെ തിരുവില്വാമലെ ചെന്ന‌് പാങ്ങിന‌ുനിന്ന‌് ചോദിച്ചു;
  
നമ്പ്യാരെക്കുറിച്ച‌് എന്താ അഭിപ്രായം ?
 
ഒന്നാലോചിക്കുക പോലും ചെയ്യാതെ വി കെ എൻ പറഞ്ഞു:
 
‘ഒരു വിളിപ്പാടകലെ’.
 
ദ്വന്ദമാണ‌് സംഗതി,  നമ്പ്യാരുടെ പരിസരത്തൊക്കെ എത്താനെ തനിക്കായിട്ടുള്ളൂ എന്ന‌് ഒരർഥം.  ഇവിടെ അടുത്ത‌് ലക്കിടിക്കടുത്താണ‌് നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം എന്ന‌ും.  
 
ആളെ കാണാൻ ഏകദേശം എങ്ങനെ ഇരിക്കും ?
 
‘ ന്താ സംശയം ന്നെപ്പോലെ, ആജാനബാഹു.’!!!
 
നമ്പ്യാരെന്നു കേട്ടാൽ ജയരാജ‌് വാര്യർക്ക‌് ആ സന്ദർഭത്തിനനുസരിച്ചുള്ള ശ്ലോകങ്ങളോ പദങ്ങളോ ഓർമ വരും.
 
‘പക്ഷികളെ കൊല ചെയ്‌തൊരു
മാംസം ഭക്ഷിപ്പാനായ‌്
ആഗ്രഹമുണ്ടേൽ, ഇ ക്ഷിതിയിൽ
പല കുക്കുടമുണ്ടത‌് ഭക്ഷിച്ചാലും’  എന്ന‌്.
 
അതായത‌് ‘ചിക്കൻ’ ആവോളം ഭക്ഷിച്ചോളാൻ നമ്പ്യാര‌് പറഞ്ഞിട്ടുണ്ട‌്’’.
 
ഇങ്ങനെയാണ‌് അരങ്ങിലും. ശ്ലോകമായാലും പാട്ടായാലും സംഭാഷണമായാലും കാലവുമായി കൂട്ടിയിണക്കാനുള്ള വിരുത‌് ‘വാര്യർ ഷോ’ ലൈവായി നിർത്തുന്നു.
 

മാസ‌്കിസം

 
മാസ‌്കിന്റെ കാര്യത്തിൽ നമ്മൾ ‘സോഷ്യലിസം’ നടപ്പാക്കിക്കഴിഞ്ഞു. എല്ലാവർക്കുമെത്തിയില്ലേ. അതിനുള്ളിൽ നമ്മൾ ചിരിക്കും കരയും പുച്ഛിക്കും. വെറുതെ എന്തിനാണ‌് ഇത്രകാലം ധൃതിപിടിച്ച‌് ഓടിക്കൊണ്ടിരുന്നത‌് എന്നും ഓർമിപ്പിക്കും. ഞാൻ പിന്നിട്ട ഏഴായിരത്തിലധികം വലിയ വേദികൾ മാസ‌്കിനകത്തിരിക്കുമ്പോൾ ഓർമവരുന്നു. ആ വേദി വലുപ്പം  കുറയുകയായിരുന്നു. സിനിമയുടെ സ‌്ക്രീൻ, പിന്നെ ടെലിവിഷന്റെ സ‌്ക്രീൻ... ദാ ഇപ്പോൾ നമുക്കെല്ലാം ഈ മൊബൈൽ സ‌്ക്രീനാണ‌്. മനുഷ്യൻ എത്രമാത്രം ചുരുങ്ങിയിരിക്കുന്നു !
 

ഒർഹാൻ പനമുക്ക്

 
തുർക്കികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഒർഹാൻ പാമുക്കിന്‌ 2006ൽ നൊബേൽ കിട്ടിയപ്പോൾ ഇങ്ങ്‌ തൃശൂരിലും അത്‌ ആഘോഷിച്ചു. പടക്കം പൊട്ടിച്ചോ പായസം വിതരണം ചെയ്‌തോ അല്ല. ഹാസ്യം തുളുമ്പുന്ന വേദികളിൽ പാമുക്ക്‌ എന്ന എഴുത്തുകാരനെ അവതരിപ്പിച്ച്‌.
 
‘‘ഈ നൊബേൽ സമ്മാനം കിട്ടിയ എഴുത്തുകാരനില്ലേ, മൂപ്പര്‌ എന്റെ നാട്ടുകാരനാ. കേട്ടിട്ടില്ലേ ? ‘മൈ നെയിം ഈസ്‌ റെഡ്‌’ –- ‘എന്റെ പേര്‌ ചെമല’! ഒക്കെ എഴുതിയ വിദ്വാൻ. ആരാ? ഒർഹാൻ ‘പനമുക്ക്‌’.’’
 
അതോടെ സദസ്സിൽ കൂട്ടച്ചിരി. പാമുക്കിനെ തൃശൂർ കണിമംഗലത്തുള്ള ‘പനമുക്ക്‌’ ആക്കിയ അരങ്ങുമിടുക്ക്‌.
 
‘‘ചെറിയ സദസ്സ്‌ മതി, പക്ഷേ, താൻ പറയുന്നതും കാണിക്കുന്നതും അവർക്ക‌് രസിക്കണം.’’ രസികരല്ലാത്ത സദസ്സുകളിൽ പരിപാടി പകുതി നേരമാക്കി ചുരുക്കി സംഘാടകർക്ക്‌ തുക തിരികെ നൽകിയ ചരിത്രമുള്ള കലാകാരനാണ‌്‌ ജയരാജ്‌ വാര്യർ.
 
ജന്മനാടായ കണിമംഗലം ഒരു സർവകലാശാലയാണെങ്കിൽ ജയരാജ‌് വാര്യർക്ക‌് അവിടെ വൈസ‌് ചാൻസലർ ഉണ്ടായിരുന്നു. അഭിനയത്തിന്റെയും അലച്ചിലിന്റെയും ‘യുഗങ്ങൾ’ തന്നെയായിരുന്നു കണിമംഗലത്തെ ബാല്യ, കൗമാരങ്ങൾ. ആൽത്തറയിലെ വട്ടക്കൂട്ടങ്ങളും ഗ്രന്ഥാലയത്തിലെ വായനസൗഹൃദങ്ങളും ജയരാജ‌് വാര്യരെ കൊണ്ടെത്തിച്ചത‌് സാക്ഷാൽ ‘സിംഹ’ത്തിന്റെ മടയിൽ തന്നെയായിരുന്നു. നാടകം മാത്രം ജീവിതമാക്കിയ ജോസ‌് ചിറമ്മലിന്റെ മുന്നിൽ. സമാന്തര നാടകങ്ങളുടെ മുന്നിലും പിന്നിലും രാപ്പകൽ സഞ്ചരിച്ച ജോസാണ‌് വ്യത്യസ‌്തമായ ഒരു നാടകസംസ‌്കാരം കൊണ്ടുവരുന്നത‌്. അദ്ദേഹത്തിന്റെ പല പുരാണനാടകങ്ങളിലും ജയരാജ‌് വാര്യർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.  ഘോരശബ്ദത്തിൽ ഡയലോഗുകൾ വീണുടയുമ്പോഴും എവിടെയോ എന്തോ ബാക്കിയായി.
 
പരിശീലനക്കളരിയിലെ ഇടവേളകളിൽ നേരംപോ ക്കായി ജയരാജ‌് വാര്യർ പലരെയും അനുകരിച്ചു കാണിക്കാറുണ്ടായിരുന്നു. അത‌് കൊള്ളാമെന്ന‌് തോന്നിയതിനാൽ നാടകത്തിന്റെ ഇടവേളകളിൽ അരങ്ങിലും അവതരിപ്പിക്കാൻ തുടങ്ങി. ഒരു ദിവസം ജോസേട്ടൻ തന്നെ പറഞ്ഞു, ‘‘നീ ഈ വഴിക്കാ പിടിച്ചോ. വിജയിക്കും’’ എന്ന‌്. അതുതന്നെയായിരുന്നു ബലവും.
 
ആ ബലത്തിൽ ഇന്നും ഉയരത്തിലേക്കുള്ള പടവുകളാണ‌് ജയരാജ‌് വാര്യർ കയറിക്കൊണ്ടിരിക്കുന്നത‌്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top