20 April Saturday

അശീതി ആഘോഷത്തിലെ ശാസ്‌ത്രഗൗരവം

കെ പി വേണു kpvenu@gmail.comUpdated: Sunday Jul 12, 2020

വിഖ്യാത കണികാശാസ്‌ത്രജ്‌ഞൻ ഡോ. കെ ബാബു ജോസഫിന്‌ എൺപതാം പിറന്നാളിന്‌  ശാസ്‌ത്രലോകവും  ശിഷ്യരും ഒരുക്കിയ ആഘോഷം അനന്യമായിരുന്നു. ‘സൈദ്ധാന്തിക ഭൗതിക ശാസ്‌ത്രത്തിലെ പുത്തൻ പ്രവണതകൾ’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഓൺലൈനിൽ നടത്തിക്കൊണ്ടായിരുന്നു അശീതി ആഘോഷം

 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജൂലൈ ആറിന് ഒരു വിശേഷപ്പെട്ട പിറന്നാൾ ആഘോഷം നടന്നു. ഉദ്ഘാടകൻ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ്‌ അസ്ട്രോ ഫിസിക്‌സി(അയൂക്ക)ന്റെ സ്ഥാപക ഡയറക്ടർ പ്രൊഫ. ജയന്ത് വി നർലികർ. ഓൺലൈൻ ചടങ്ങിലെ പ്രധാന പരിപാടി ‘സൈദ്ധാന്തിക ഭൗതിക ശാസ്‌ത്രത്തിലെ പുത്തൻ പ്രവണതകൾ' എന്ന സ്‌മരണികയുടെ പ്രകാശനം. അയൂക്ക മുൻ ഡയറക്ടർ പ്രൊഫ. അജിത് കെംഭാവി പ്രകാശനം നിർവഹിച്ചു. ഇത് 80 തികയുന്ന ഡോ. കെ ബാബു ജോസഫിന് അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർഥികളും അവരുടെ വിദ്യാർഥികളും ശാസ്‌ത്രലോകവും ചേർന്ന് നൽകുന്ന ആദരമായിരുന്നു. അദ്ദേഹമാണ് കേരളത്തിലാദ്യമായി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ തിയററ്റിക്കൽ ഫിസിക്‌സിൽ പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടത്.
 
1940 ജൂലൈ ആറിന് തൊടുപുഴയ്‌ക്കടുത്ത് പുറപ്പുഴ വയറ്റാട്ടിൽ അഡ്വ. കെ ടി ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ച ബാബു ജോസഫ്‌  കറുവിലങ്ങാട് സെന്റ്‌ മേരീസ് ബോയ്സ് സ്‌കൂൾ, സിഎംഎസ് കോളേജ് എന്നിവിടങ്ങളിലാണ്‌ പഠിച്ചത്‌. 1964ൽ ആലുവ യുസി കോളേജ് ക്യാമ്പസിലെ കേരള യൂണിവേഴ്സിറ്റിയുടെ ഫിസിക്‌സ്‌ വകുപ്പിൽ ഡോ. കെ വെങ്കിടേശ്വരലുവിന്‌ കീഴിൽ ഗവേഷകനായി. മോളിക്യുലർ ഫിസിക്‌സിലെ ഗവേഷണം 67ൽ പൂർത്തിയാക്കിയശേഷം  സീനിയർ ഫെലോ ആയി ഗവേഷണം. 69ൽ അതേ കേന്ദ്രത്തിൽ തന്നെ അധ്യാപകനായി. പിന്നീട് കൊച്ചി സർവകലാശാലാ രൂപീകരണത്തോടെ വകുപ്പ് കുസാറ്റിന്റെ ഭാഗമായി.
 

മാതൃക ഇ സി ജി സുദർശൻ

 
കണികാ ശാസ്‌ത്രജ്ഞൻ ഇ സി ജി സുദർശൻ സീനിയറായി എംഎസ്‌സിക്ക് ചങ്ങനാശേരി എസ്ബി കോളേജിൽ പഠിച്ചിരുന്നു. ആ മിടുക്കനെ മാതൃകയാക്കാൻ  അധ്യാപകർ പറയും.
  
സുദർശന്റെ പ്രവർത്തന മണ്ഡലം കേരളത്തിന് പുറത്തായിരുന്നു. നൊബേലിന്‌ അര ഡസനിലേറെ തവണ  നിർദേശിക്കപ്പെട്ട  സുദർശന്റെ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും വല്ലാതെ സ്വാധീനിച്ചു. തിയററ്റിക്കൽ ഫിസിക്‌സ്‌ പഠനത്തിന് ഇത് വലിയ പ്രചോദനമായി. അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചു.
 
ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് എന്നിവയുമായി ചേർന്ന് പഠനം പുരോഗമിച്ചു.
 
ഡോ. ബാബു ജോസഫിനെ ഡോ. സുദർശനൻ ടെക്‌സാസ് യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിനു കീഴിലുള്ള കണികാശാസ്‌ത്ര വകുപ്പിൽ വിസിറ്റിങ് പ്രൊഫസറായി നിയമിച്ചു. അവിടെ സ്റ്റീവൻ വെയ്ൻബെർഗിനെപ്പോലെയുള്ള  നൊബേൽ  ജേതാക്കളുമൊത്ത് പ്രവർത്തിക്കാനായത്‌ വലിയ വഴിത്തിരിവായെന്ന് ബാബു ജോസഫ്.  സുദർശന്റെ മരണംവരെ ബന്ധം ഗാഢമായി തുടർന്നു.
 
ആദ്യത്തെ തിയററ്റിക്കൽ ഫിസിക്സ് ഗവേഷക വിദ്യാർഥി പിൽക്കാലത്ത് കുസാറ്റ് ഫിസിക്‌സ്‌ അധ്യാപകനും വകുപ്പ് മേധാവിയുമായ ഡോ. എ സാബിർ ആണ്. തുടർന്ന് 20ഓളം ഗവേഷകർക്ക് ഗൈഡായി. ഇന്ന് കേരളത്തിൽ വലിയ വേരോട്ടമുള്ള പഠനശാഖയാണിത്‌.  
കണികാ ഭൗതികത്തിൽ ബാഗ് മാതൃക കണ്ടെത്തിയതും താപനിലയനുസരിച്ച് ക്വാണ്ടം ബലങ്ങൾ മാറുന്നുവെന്ന കണ്ടെത്തലും പ്രപഞ്ചപരിണാമത്തിന്റെ  പുതിയ മാതൃകയും ഗുരുത്വാകർഷണത്തെ ഗേജ് സിദ്ധാന്തമായി ചിത്രീകരണം നടത്തിയതും ഗണിത ശാസ്‌ത്രത്തിൽ ഫെർമയുടെ കണ്ടെത്തലിന്റെ സാമാന്യവൽക്കരണവും ഡോ. ബാബു ജോസഫിന്റെ പ്രധാന ഗവേഷണ നേട്ടങ്ങളാണ്.
 

ഓൺലൈൻ അശീതി ആഘോഷത്തിൽനിന്ന്

ഓൺലൈൻ അശീതി ആഘോഷത്തിൽനിന്ന്

വൈസ് ചാൻസലർ

 
ഫിസിക്‌സ്‌ വകുപ്പ് മേധാവിയായിരിക്കെ 1997ൽ കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായി നിയമിതനായി. സർവകലാശാലയിലെ പാഠ്യ-പാഠ്യേതര വിഭാഗങ്ങളിൽ  വിപ്ലവകരമായ തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനായി. നെതർലൻഡ്‌സുമായി ചേർന്ന് അധ്യാപക വിദ്യാർഥി കൈമാറ്റ പദ്ധതി തുടങ്ങിയതും കുട്ടനാട്ടിൽ പുളിങ്കുന്ന് എൻജിനിയറിങ് കോളേജ് സ്ഥാപിച്ചതും സർവകലാശാലയിൽ സെമസ്റ്റർ സംവിധാനത്തിന് തുടക്കം കുറിച്ചതും ഇക്കാലത്താണ്. 2001 വരെ വിസി പദവിയിൽ തുടർന്നു.
 

സാമൂഹ്യ ശാസ്‌ത്രകാരൻ

 
ശാസ്‌ത്രബോധം, നവോത്ഥാനം, മതനിരപേക്ഷത ഇവയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഡോ. ബാബു ജോസഫ്‌ സാമൂഹ്യ പ്രശ്‌നങ്ങളോട് ശാസ്‌ത്രപക്ഷത്തുനിന്ന് നിരന്തരം പ്രതികരിക്കുന്നു. അന്തർ ദേശീയ ശാസ്‌ത്ര വേദികളിൽ  ഗവേഷകരോടെന്നപോലെ തെരുവുയോഗങ്ങളിൽ സാധാരണക്കാരോടും അദ്ദേഹം സംവദിക്കുന്നു. ഗഹനമായ ശാസ്‌ത്ര വിഷയങ്ങളെക്കുറിച്ച് സാധാരണക്കാർക്കുവേണ്ടി എഴുതുന്ന അറിയപ്പെടുന്ന ശാസ്‌ത്രവൈജ്ഞാനിക സാഹിത്യകാരനാണ് ഇദ്ദേഹം. 
 
1973ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘അണുകേന്ദ്രീയ ശക്തി'യാണ് ആദ്യ പുസ്‌തകം. കയോസ്‐- ക്രമമില്ലായ്‌മയിലെ ക്രമം, ആപേക്ഷികതയുടെ നൂറ് വർഷം, പരിണാമം സിദ്ധാന്തമല്ല; നിയമമാണ്, ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ, പദാർഥംമുതൽ ദൈവകണംവരെ, ആര്യഭടൻമുതൽ ഹോക്കിങ്‌വരെ, ചാൾസ് ഡാർവിൻ എന്നിവയാണ് പ്രധാന കൃതികൾ. കനലുകൾ എന്നൊരു കവിതാ സമാഹാരവും രചിച്ചിട്ടുണ്ട്‌. 
 
പദാർഥംമുതൽ ദൈവകണംവരെ എന്ന ഗ്രന്ഥത്തിന് ഗഹനമായ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. സാഹിത്യ അക്കാദമി എൻഡോവ്മെന്റ്‌ പുരസ്‌കാരം, രണ്ട് തവണ കേരള ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്‌കാരങ്ങൾ, കെസിബിസി അവാർഡ് എന്നിവയ്‌ക്ക്‌ അർഹനായിട്ടുണ്ട്‌. 
 
കളമശേരി യൂണിവേഴ്സിറ്റി റോഡിൽ കുഴിക്കാട്ടുകുന്നേൽ വീട്ടിൽ എഴുത്തും വായനയുമായി  പ്രൊഫസർ ബാബു ജോസഫ് തിരക്കിലാണ്. ഭാര്യ ആനി. മക്കൾ അമേരിക്കയിൽ ഡോക്ടർമാരായ  ഡോ. സ്വപ്‌ന ജോസഫും സുനിൽ ബാബുവും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top