27 April Saturday

മരിക്കാതിരിക്കാൻ... മ്യൂസിക്കൽ ചെയർ

നന്ദു വിശ്വംഭരൻUpdated: Sunday Jul 12, 2020
‘‘നമ്മുടെ നിയോഗങ്ങൾ കഴിഞ്ഞിട്ടേ നമ്മൾ ഈ ഭൂമീന്ന് പോകൂള്ളോ?’’ മാർട്ടിൻ എന്ന മുപ്പത്തിരണ്ടുകാരന്റെ സംശയമാണ്. വ്യക്തമായ മറുപടി കിട്ടാതെ വന്നപ്പോൾ അടുത്ത ചോദ്യം. "നിയോഗം മനസ്സിലാക്കി അതിൽനിന്ന് മാറിനിന്നാൽ മരണവും അകലുമോ?" വിപിൻ ആറ്റ്‌ലി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്‌ത ‘മ്യൂസിക്കൽ ചെയർ' എന്ന ചിത്രത്തിലെ  സംഭാഷണമാണ്. മരണഭയം പ്രമേയമാക്കുന്ന ചിത്രം. ചിത്രം കഴിഞ്ഞയാഴ്‌ച റിലീസ് ചെയ്തു. മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പ്രധാന കഥാപാത്രമായതും സംവിധായകൻ തന്നെ.
 
ചെറുപ്പം മുതൽ മാർട്ടിനെ മരണഭയം വേട്ടയാടുന്നു. ഒരു ഘട്ടത്തിൽ മരണഭയം വിട്ട് മരിക്കാതിരിക്കാനുള്ള കാരണം കണ്ടെത്താനുള്ള അയാളുടെ ശ്രമങ്ങളാണ് ചിത്രം.
  
മുന്നണിയിലും പിന്നണിയിലും നിറഞ്ഞാടുന്ന വിപിൻ ആറ്റ്‌ലി ഷോയാണ് മ്യൂസിക്കൽ ചെയർ. സങ്കീർണമായ അഭിനയ മുഹൂർത്തങ്ങൾ കുറവാണെങ്കിലും സാധാരണക്കാരനായ കഥാപാത്രം വിപിന്റെ കൈയിൽ ഭദ്രമായിരുന്നു.   ചിത്രത്തിലെ ഏക ഗാനത്തിന് വരികളെഴുതിയതും സംഗീതം നൽകിയതും അദ്ദേഹം തന്നെ. പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്‌തത കൊണ്ട് ശ്രദ്ധനേടിയ ഹോംലി മീൽസ്, ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിപിൻ മ്യൂസിക്കൽ ചെയർ ഒരുക്കിയത്.
 
മെയിൻസ്ട്രീം ടീവി ആപ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ 40 രൂപ ടിക്കറ്റ്‌ എടുത്ത് ചിത്രം കാണാം. സ്‌പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് നിർമിച്ചത്‌.
 

പുതിയ മുഖങ്ങൾ

 
അഭിനേതാക്കളാരും സിനിമാ നടന്മാരല്ല. ഒരാളെ കണ്ട് അയാളാണ് ഈ കഥാപാത്രത്തിന് പറ്റിയതെന്ന് തോന്നിയാൽ  അയാളുടെ പിറകേ നടന്ന് കാത്തിരുന്ന് സിനിമയുടെ ഭാഗമാക്കുകയായിരുന്നു. കണ്ണു കാണാത്തൊരു കഥാപാത്രമുണ്ട്. ഇയാളെ ഒരു സുഹൃത്ത് വഴിയാണ് ലഭിക്കുന്നത്. യഥാർഥത്തിൽ അന്ധനാണ്. കഥാപാത്രത്തിന്റെ ഡബ്ബിങ്ങും അദ്ദേഹം തന്നെയാണ് ചെയ്തത്. അവർ ചെയ്‌താലേ ആ പഞ്ച് കിട്ടുള്ളു.
 

എല്ലാം നാച്ചുറൽ

 
രണ്ടര, മൂന്ന് വർഷമെടുത്തു ഷൂട്ട് തീരാൻ. എല്ലാം സ്വാഭാവികമായി സംഭവിക്കണമായിരുന്നു. മഴ, വെയിൽ തുടങ്ങി കാലാവസ്ഥാ മാറ്റങ്ങൾ യഥാർഥമായാണ് ഷൂട്ട് ചെയ്‌തിരിക്കുന്നത്. അതുകൊണ്ട് ഒരു ഒറിജിനൽ മൂഡ് കിട്ടിയിട്ടുണ്ട്. ഫോർട്ട്കൊച്ചി പാലത്തിന്റെ മുകളിൽ പോയി മഴ വരാൻ കാത്തുനിന്നിട്ടുണ്ട്. രാവിലെ മുതൽ വൈകിട്ടുവരെ കാത്തു നിന്നിട്ടുണ്ട്.
 

ഫ്രെഷ്

 
സിനിമ കാണുമ്പോൾ പുതിയത് കാണാനാണല്ലോ ആളുകൾക്ക് താൽപ്പര്യം. പഴയതിന്റെ ആവർത്തനത്തേക്കാൾ നല്ലത് പുതിയതാണ്. നമ്മൾ കണ്ടുപിടിച്ചവരായതുകൊണ്ട് ആ രീതിയിൽ നമുക്ക് പ്ലാൻ ചെയ്യാം. പ്രധാനമായൊരു ലൊക്കേഷനില്ല. എവിടെയും നടക്കാവുന്ന കഥയാണ്. 
 

സംഭവം അനുഭവം

 
സത്യത്തിൽ അനുഭവത്തിൽ നിന്നാണ് ഈ സിനിമയുണ്ടായത്. മരിച്ചുപോകുമോ എന്ന് എനിക്കുണ്ടായ പേടി തന്നെയാണ് കഥ. ചെറിയൊരു നെഞ്ചുവേദന വന്നാൽ ഇപ്പോ മരിക്കും എന്ന തോന്നൽ. എന്നാൽ അതിനുവേണ്ടി ഓടാൻ പോകാനൊന്നും പറ്റില്ല. നെഞ്ചുവേദനയുണ്ടായാൽ മരിക്കാൻ പോകുന്നുവെന്ന് സുഹൃത്തുക്കൾക്ക് മെസേജ് ചെയ്യും. മെസേജിലൂടെ ഞാൻ എല്ലാവരെയും അറിയിച്ചല്ലോ, പിന്നെ എന്നെ കൊല്ലാൻ പറ്റില്ലല്ലോ. അത്തരമൊരു പേടിയുടെ തീവ്രതയിലായിരുന്നു ഞാൻ.
 

നാട്ടുകാർകൂടി സഹകരിക്കണം

 

തിയറ്റർ റിലീസ് തന്നെയാണ് ഉദ്ദേശിച്ചത്.  ഇത്തരം ചെറിയ സിനിമകൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നല്ലതാണ്. ചെറിയ പടങ്ങൾ വീട്ടിലിരുന്ന് കാണാം. മാസ് പടങ്ങൾക്ക് ഓൺലൈൻ റിലീസ് പ്രായോഗികമല്ല. മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എല്ലാ ചിത്രങ്ങളും എടുക്കണമെന്നില്ല. നാട്ടുകാർ കൂടി സഹകരിച്ചാൽ ചെറിയപടങ്ങൾക്ക് ഏറെ ഗുണകരമാണ്. 
 

അടുത്ത ചിത്രം?

 
അടുത്തതായി ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ. ശേഷം ഒരു ഇംഗ്ലീഷ് സീരീസ്. അതിന്റെ രചന നടക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top