28 March Thursday

തവിട്ടുനിറമുള്ള പ്രഭാതം

അശോകൻ വെളുത്ത പറമ്പത്ത് asokan.vp@gmail.comUpdated: Sunday Jun 12, 2022

ബ്രൗൺ മോണിങ്‌ എന്ന നാടകത്തിൽനിന്ന്‌

‘‘ആദ്യം അവർ കമ്യൂണിസ്റ്റുകളെ തേടി വന്നു

ഞാൻ ഒന്നും മിണ്ടിയില്ല

കാരണം, ഞാനൊരു കമ്യൂണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു

അപ്പോഴും ഞാനൊന്നും മിണ്ടിയില്ല

കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവർ ജൂതരെ തേടി വന്നു

ഞാനൊന്നും മിണ്ടിയില്ല

കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു

അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ 

ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല”

എമിൽ മാർട്ടിൻ നീമോളറുടെ വരികളുടെ തുടർച്ച തന്നെയായിരുന്നു ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാങ്ക് പാവ്ലോവിന്റെ ബ്രൗൺ മോണിങ്‌ എന്ന ചെറുകഥ നാടകമാക്കിയപ്പോൾ ഉണ്ടായ അനുഭവം. 

മനുഷ്യനു മേൽ ഭരണകൂടനിയമങ്ങൾ ജയിക്കുന്നതെങ്ങനെയെന്നുള്ള ഓരോർമപ്പെടുത്തലായിരുന്നു  തൃശൂർ വല്ലച്ചിറ നാടക ദ്വീപിൽ അവതരിപ്പിച്ച ബ്രൗൺ മോണിങ്‌ എന്ന നാടകം.

ഒരു രാജ്യത്ത് പൂച്ചകളും പട്ടികളും വർധിക്കുന്ന സാഹചര്യത്തിൽ ബ്രൗൺ നിറമുള്ളവയെ ഒഴിവാക്കി ബാക്കിയുള്ളവയെ  കൊന്നുകളയാൻ സർക്കാർ ഉത്തരവിടുന്നു. നിയമം അനുസരിക്കാത്തവർ രാജ്യദ്രോഹികളായി മാറ്റപ്പെടുന്ന സാഹചര്യത്തിൽ ബ്രൗൺ നിറമല്ല എന്ന ഒറ്റക്കാരണത്താൽ ജെറി എന്ന കഥാപാത്രം സ്വന്തം വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു. ബ്രൗൺ ന്യൂസ്, ബ്രൗൺ ന്യൂസ് പേപ്പർ എന്നിവയൊഴികെ ബാക്കി എല്ലാ ചാനലുകളും പത്രങ്ങളും നിരോധിക്കപ്പെടുന്നു. ഫാസിസം ഭയപ്പെടുന്ന മാരകായുധങ്ങളായ പുസ്തകങ്ങൾ പട്ടാളക്കാരൻ കണ്ടെടുക്കുന്നു. ജെറി ബന്ധനസ്ഥനായി. വായ മൂടിക്കെട്ടിയതോടെ കടന്നുപോയ കറുത്ത കാലത്തിന്റെ ഓർമപ്പെടുത്തലുകളിലേക്കും ഭാവിയിലെ ഭരണകൂട നിയമങ്ങൾ എങ്ങനെയായിരിക്കുമെന്ന സൂചനകളിലേക്കും നാടകം വളരുന്നു. 

സ്വതന്ത്രചിന്തകളും സംവാദങ്ങളും വിലക്കുന്ന സർക്കാരിന്റേത്‌ ഭയാനകമായ  ആപൽ സൂചനയാണെന്ന്‌ നാടകം  സംവദിക്കുന്നു. സമത്വവും സ്വാതന്ത്ര്യവും അനുവദിക്കുന്ന ഒരു സാമൂഹ്യപരിസരം ബലമായി അടിച്ചേൽപ്പിക്കുന്ന വ്യവസ്ഥയാണ് ഫാസിസമെന്ന് നിറത്തിന്റെ സാന്നിധ്യംകൊണ്ട് തെളിയിക്കുന്നുണ്ട്.

ജെറിയുടെ അച്ഛനോ മുത്തച്ഛനോ ബ്രൗൺ നിറമല്ലാത്ത പട്ടിയെ വളർത്തി എന്ന കുറ്റം ആരോപിച്ച്‌ അയാൾ രാജ്യത്തിനും നിയമത്തിനും എതിരാണെന്ന് സമർഥിക്കുന്ന പട്ടാളക്കാരുടെ പിൻഗാമികളെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കണ്ടെത്താൻ കഴിയും. ജെറിയായി അജിത്കണ്ണനും അലക്സിയായി ശ്രീകാന്ത് ശങ്കറും അരങ്ങിലെത്തി.  തിരുവനന്തപുരം, അരുവിക്കര ആട്ടം ഗ്രൂപ്പ് ഓഫ് ആർട്സ്  വേദിയിലെത്തിച്ച നാടകത്തിന്റെ  സംവിധാനം ശശിധരൻ നടുവിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top