23 April Tuesday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

കഥയിലെ സർഗവർഷം

പി വി ജീജോ

കഥകളിൽ മിത്തുകളും പുരാവൃത്തങ്ങളും മാത്രമല്ല, എഴുത്തുകാരൻ മെനയുന്നത്‌. തന്റെ ജീവിതപരിസരവും അവിടെയുള്ള മനുഷ്യ ചരാചരങ്ങളെയുമെല്ലാം പാത്രങ്ങളാക്കും. ഭാവപ്രപഞ്ചത്തിൽ വരച്ചിടുന്ന രൂപകങ്ങൾക്കൊപ്പം ഇവരെയുംകൂടി ഇണക്കിയാണ്‌ കഥയുടെ മായികലോകം ഒരു എഴുത്തുകാരൻ എഴുതിച്ചേർക്കുന്നത്‌. അയൽവാസിയെയോ നാട്ടുകാരനെയോ മറ്റേതോ കാലത്തിലോ ചിലപ്പോൾ അന്യഗ്രഹജീവിയായി അവതരിപ്പിക്കുന്ന സർഗാത്മക മിടുക്കിലാണ്‌ കഥാകൃത്തിന്റെ രചനാവൈഭവം.‘ ഹൊസ്സനഹള്ളിയിലെ വേനൽമഴ’ എന്ന അനിൽ കാഞ്ഞിലശ്ശേരിയുടെ കഥാസമാഹാരം ഈ മിടുക്ക്‌ മികവോടെ പ്രകടമാക്കുന്നു.  ഗ്രാമീണദേശം, അവിടത്തെ സാധാരണ മനുഷ്യർ എന്നിവയ്‌ക്കൊപ്പം കണ്ടും കേട്ടുമറിഞ്ഞ ദേശാന്തരങ്ങളെ ചേർത്തുവരച്ചിടുന്നു അനിൽ. ഇതിനേറ്റവും നല്ല സൂചനയാണ്‌ ‘വാഴ്‌ത്തപ്പെട്ട കണാരൻ’എന്ന കഥ. വായന ലഹരിയായി മാറുന്ന തെങ്ങുകയറ്റക്കാരന്റെ ജീവിതചിത്രമാണ്‌ ഇതിലെ പ്രമേയം.  പ്രവാചകന്റെ വഴി എന്ന കഥ മനുഷ്യസ്‌നേഹത്തിന്റെ അലയൊലികളുള്ളതാണ്‌. വെറുതെ ജീവിക്കലല്ല ജീവിതമെന്ന്‌ ഓർമിപ്പിക്കുന്നുണ്ടീ കഥ. ‘എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം ’ശീർഷകം ഓർമിപ്പിക്കുന്നതുപോലെ ഒരു കമ്യൂണിസ്റ്റുകാരന്റെ  ആത്മാനുഭവമെന്ന്‌ പറയാം. കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർ കടന്നുപോകുന്ന ആത്മസംഘർഷത്തിന്റെ  നെരിപ്പോടുകൾ അതിഭാവുകത്വമില്ലാതെ വരച്ചിട്ടിട്ടുണ്ട്‌’. പെൺജീവിതത്തിന്റെ തിരിച്ചറിയാത്ത നോവുകൾ, കാമനകൾ ഇവ ‘ഇല കൊഴിഞ്ഞ പുളിമര’ത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നു. കർഷകൻ അനുഭവിക്കുന്ന പൊള്ളലും സംത്രാസങ്ങളുമാണ്‌ ഹൊസ്സനഹള്ളിയിലെ വേനൽമഴയിൽ.

 

പച്ചമനുഷ്യരെ മണക്കുന്ന കഥ

സുരേഷ്‌ ഗോപി

പ്രകൃതിയുടെ ജൈവപരിസരം അപ്പാടെ നിറഞ്ഞുനിൽക്കുന്ന കഥകളാണ്‌ കെ എസ്‌ രതീഷിന്റേത്‌. വിവിധങ്ങളായ ജീവിതപരിസരം ആഖ്യാനം ചെയ്‌തെടുക്കുകയാണ്‌ ‘ഹിറ്റ്‌ലറും തോറ്റ കുട്ടിയും’ എന്ന സമാഹാരത്തിലൂടെ കഥാകാരൻ. ഒറ്റയൊറ്റയായ ജീവിതപരിസരങ്ങളെ ചേർത്തുവച്ച്‌ നിഴലും വെളിച്ചവും ഇടകലരുന്ന ഭാവനയും യാഥാർഥ്യവും ഇഴപിരിയാത്ത വിധത്തിലാണ്‌ ഇതിലെ കഥകൾ. നാട്ടിൻപുറ കാഴ്‌ചകളെല്ലാം എഴുത്തുകാരൻ തന്റെ ജീവിതവുമായി സമരസപ്പെടുത്തിയാണ്‌ വിനിമയം ചെയ്യുന്നതെന്ന്‌ തോന്നും. ചില പരിസരങ്ങൾ താൻകൂടി ഉൾപ്പെടുന്നതാണല്ലോ എന്ന സാമാന്യവൽക്കരണവും വായനക്കാരന്‌ സമ്മാനിക്കും. വാക്കുകൾ തെരഞ്ഞെടുക്കുന്നതിലും പ്രയോഗങ്ങളിലും മിക്കയിടത്തും അതിസൂക്ഷ്‌മത പുലർത്തിയിട്ടുണ്ട്‌. സ്വന്തം ഭൂമികയിൽത്തന്നെയാണ്‌ കെ എസ്‌ രതീഷ്‌ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്‌. അതിന്‌ ഭാവനയുടെയും മിത്തിന്റെയും ജീവിതപരിസരങ്ങളുടെയും അകമ്പടിയുണ്ടെന്നു മാത്രം. ഈ സമാഹാരത്തിലെ കഥകളെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എഴുത്തുകാരനും വായനക്കാരനുമിടയിൽ അദൃശ്യമായൊരു പാലം കെട്ടുന്നുണ്ട്‌. അതിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള നിരന്തര സഞ്ചാരം നടക്കുന്നു. അതുതന്നെയാണ്‌ ഹിറ്റ്‌ലറും തോറ്റ കുട്ടിയും എന്ന സമാഹാരത്തിന്റെ സവിശേഷതയും.

 

ജീവിതബോധങ്ങൾക്ക്‌ നേരെ ചില ചോദ്യങ്ങൾ

പൂവച്ചൽ രത്‌നാകരൻ

നമുക്ക്‌ ചുറ്റുംനിന്ന്‌ വളരെ സാധാരണമായ ബിംബങ്ങളെ അടർത്തിയെടുത്ത്‌ അസാധാരണമാംവിധം മനുഷ്യജീവിത ബോധത്തിന്റെ ആഴങ്ങളും നിഗൂഢസംജ്ഞകളും അഗ്നിയുടെ ഉഷ്‌ണത്തോടെ വാക്കുകളിൽ പടർത്തിയെടുക്കുന്ന കഥകളാണ്‌ ഷിനിലാലിന്റേത്‌. മലയാളിക്ക്‌ പരിചിതമായ രചനയുടെ ചതുരങ്ങളോട്‌ സദാ കലഹിക്കുന്ന ഈ എഴുത്തുകാരൻ മലയാളകഥയിൽ വ്യത്യസ്‌തമായ ഒരിടം രൂപപ്പെടുത്തിയിട്ടുണ്ട്‌. ‘ശരി സപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന കൃതിയും അത്തരമൊന്നാണ്‌.  നാം വളരെ ആഘോഷപൂർവം കൊണ്ടുനടക്കുന്ന സാമൂഹ്യ ജീവിതബോധങ്ങൾക്കുനേരെ ചില ചോദ്യങ്ങളുടെ വിത്തുകൾ കഥയ്‌ക്കുള്ളിൽ മുളയ്‌ക്കാനിട്ട്‌ നിഷ്‌ക്രമിക്കുകയാണ്‌ എഴുത്തുകാരൻ. 12 നല്ല കഥകളുടെ സമാഹാരം.

 

സർദാർ: എന്നും തുടിക്കുന്ന രക്‌തസാക്ഷി

എം കെ ഗോപകുമാർ

ഇന്ത്യൻ പൗരന്റെ വിവേചനരഹിതമായ അവകാശങ്ങൾ സ്ഥാപിതമായ ദിനം 1950 ജനുവരി 26. അന്നും നിരോധനത്തിന്റെ ചങ്ങലയാൽ ബന്ധിതമായിരുന്നു കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം. ആ ദിനത്തിൽ പാർടി നടത്തിയ പൗരാവകാശജാഥയിൽ പൊലീസിന്റെ മൃഗീയ മർദനത്തിനിരയായി രക്തസാക്ഷിയായ സർദാർ ഗോപാലകൃഷ്ണൻ എന്ന വിപ്ലവകാരിയുടെ ജീവചരിത്രം കാര്യമായി ഇതുവരെ എഴുതിയിട്ടില്ല. ആ കുറവ് സർദാറിന്റെ ജ്യേഷ്ഠന്റെ മകനും എഴുത്തുകാരനുമായ കെ ആർ കിഷോർ പരിഹരിക്കുന്നു, ‘സർദാർ, ഇന്ത്യൻ റിപ്പബ്ലിക്കിലെ പ്രഥമ രക്തസാക്ഷിയുടെ ജീവിതകഥ’ എന്ന കൃതിയിലൂടെ.  തൃശൂർ ജില്ലയുടെ സ്വാതന്ത്ര്യപൂർവകാലവും, മിത്തും ചരിത്രവും, ആചാരങ്ങളും, നവോത്ഥാന വഴികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വളർച്ചകളുമെല്ലാം പുസ്‌തകം വിലയിരുത്തുന്നു.  ഈ സ്ഥലിയിലാണ്‌ സർദാർ എന്ന പട്ടാളക്കാരന്റെ, സ്വാതന്ത്ര്യസമരഭടന്റെ അധ്യാപകന്റെ, കറകളഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതം ഇഴുകിച്ചേർന്നത്. രാഷ്ട്രീയജീവിതത്തിനൊപ്പം സർദാർ എന്ന വ്യക്തിയെയും വരച്ചുകാട്ടുന്നു. സർദാറിന്റെ കുടുംബബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി അനേകരിൽനിന്നും സ്വാംശീകരിച്ച അനുഭവങ്ങൾ ആകർഷകമായി  എഴുതിയിരിക്കുന്നു. സർദാറിനെ മുഖ്യസ്ഥാനത്തു നിർത്തി ഒരു നാടകത്തിനുള്ള സാധ്യതകൂടി ഈ കൃതി തരുന്നുണ്ടെന്ന്‌ പറയാം. ഒരു നോവലിന്റെ ഛായ കലരുന്ന ഭാഗങ്ങളുമുണ്ട്. രാഷ്ട്രീയചരിത്ര പഠിതാക്കൾക്ക്‌ ഏറെ   മുതൽക്കൂട്ടാണ് ഈ കൃതി.

 

നഗര വിസ്ഫോടനത്തിന്റെ ചങ്കിടിപ്പുകൾ

ഹംസ അറക്കൽ

നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ വിസ്ഫോടനങ്ങളിൽ ചിതറിത്തെറിച്ച കബന്ധങ്ങൾക്കിടയിൽനിന്ന് ഉയർന്ന നിലവിളികളാണ് "ദൈവത്തിന്റെ നോക്കെത്താ ദൂരങ്ങൾ’ എന്ന നോവലിന്റെ പശ്ചാത്തലം.അമീർ അഹമ്മദ് ഷാ എന്ന മലയാളി യുവാവിന്റെ കദനകഥകൾ. ദൈവം പോലും കേൾക്കാതെ പോയ 25 വർഷത്തെയാണ് സുരേന്ദ്രൻ മങ്ങാട്ട് ആവിഷ്കരിക്കുന്നത്. 1989ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരകളാണ് നോവലിന്റെ കേന്ദ്രബിന്ദു. കോളേജ് വിദ്യാർഥിയായിരിക്കെ 19–-ാമത്തെ വയസ്സിൽ പൊലീസ് അറസ്റ്റുചെയ്യുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത അമീർ അഹമ്മദ് ഷായാണ് നോവലിലെ മുഖ്യ കഥാപാത്രം. 40 ദിവസത്തെ റിമാൻഡ് പ്രതിയായി ജയിൽ മോചിതനായ അമീറിന്റെ പിൽക്കാല ജീവിതത്തിൽ  അനുഭവിക്കേണ്ടിവരുന്ന കൊടുംപീഡനങ്ങളാണ് നോവൽ പ്രമേയമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top