20 April Saturday

ജനപക്ഷ ചരിത്രകാരൻ

എ ശ്യാം shyamachuth@gmail.comUpdated: Sunday Feb 12, 2023

കെ കെ എൻ കുറുപ്പ്‌

ചരിത്രശാഖയിൽ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായാണ്‌ അറിയപ്പെടുന്നതെങ്കിലും കെ കെ എൻ കുറുപ്പിന്റെ എഴുത്തുജീവിതം തുടങ്ങിയത്‌ കവിതയിലാണ്‌. 21‐ാം വയസ്സിൽ ‘പ്രവാഹഗീതം’ എന്ന  കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. സ്‌കൂൾ അധ്യാപകനായിരിക്കെ കുട്ടികൾക്ക്‌ വേണ്ടി ‘ബാലഗീതം’ എന്ന കവിതാസമാഹാരവും എഴുതി. നിരവധി ഇംഗ്ലീഷ്‌ കവിതകളും ഇദ്ദേഹത്തിന്റേതായുണ്ട്‌

കുട്ടമത്ത്‌ കുന്നിയൂർ നാരായണക്കുറുപ്പ്‌ എന്ന ഡോ. കെ കെ എൻ കുറുപ്പിന്റെ ചരിത്രയാത്രയ്‌ക്ക്‌ ആയിരം പൂർണചന്ദ്രന്മാരുടെ നിറശോഭ. ഉത്തരകേരളത്തിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും കർഷകസമരങ്ങളുടെയും ജനപക്ഷചരിത്രകാരന്‌ ആധുനിക കലണ്ടറനുസരിച്ച്‌ നാളെ(ഫെബ്രുവരി 13) 84 വയസ്സ്‌ തികയും. മലയാളവർഷം 1014ൽ കുംഭമാസത്തിലെ തൃക്കേട്ട നാളിലായിരുന്നു ജനനം. അതനുസരിച്ച്‌ ബുധനാഴ്‌ചയാണ്‌ പിറന്നാൾ. കൊച്ചിയിൽ ഇളംകുളത്തെ മകളുടെ ഫ്ലാറ്റിൽ കാര്യമായ ആഘോഷമൊന്നുമില്ലാതെ അതങ്ങനെ കടന്നുപോവും. പതിവുപോലെ ശിഷ്യരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹാന്വേഷണങ്ങളും ആശംസകളും ഉണ്ടാവും. അടുത്തദിവസവും അദ്ദേഹം ചരിത്രാന്വേഷിയുടെ തിരക്കുകളിൽ മുഴുകും.

മൂന്നാംവയസ്സിൽ പട്ടേൽ

സ്വാതന്ത്ര്യപ്രക്ഷോഭവും കർഷകസമരങ്ങളും മലബാറിലെങ്ങും ചൂടുപിടിച്ച കാലത്താണ്‌ കോഴിക്കോട്‌ അഴിയൂരിൽ കെ കെ എൻ കുറുപ്പ്‌ ജനിച്ചത്‌. മണ്ണംപൊയിൽ ചാപ്പക്കുറുപ്പിന്റെയും ജാനകിയമ്മയുടെയും മൂന്നുമക്കളിലെ ഇളയ ആൾ. മൂത്തവർ അമ്മാളുവമ്മയും സരോജിനിയമ്മയും. ദേശീയതയുടെ കവി എന്ന്‌ അറിയപ്പെട്ട മഹാകവി കുട്ടമത്ത്‌ കുന്നിയൂർ കുഞ്ഞികൃഷ്‌ണക്കുറുപ്പ്‌ അമ്മയുടെ അമ്മാവനായിരുന്നു. കരംപിരിവിന്‌ അവകാശമുള്ള ഇടത്തരം ജന്മി കുടുംബത്തിലെ ജനനം ചരിത്രകാരനെ ചെറുബാല്യത്തിൽ തന്നെ ഒരു അധികാരസ്ഥാനത്തിന്‌ അർഹനാക്കി. ഇന്നത്തെ വില്ലേജ്‌ ഓഫീസർക്ക്‌ തുല്യമായ പട്ടേൽ (അധികാരി) ആയിട്ടായിരുന്നു ആ അപൂർവ നിയോഗം.

ആ കഥയിങ്ങനെ: കഥാപുരുഷന്റെ അമ്മാവൻ കെ കെ കുഞ്ഞിരാമക്കുറുപ്പായിരുന്നു അന്ന്‌ ആ പ്രദേശത്തെ പട്ടേൽ. ബ്രിട്ടീഷ്‌ അധികാരികളെയും ജന്മിത്തത്തെയും വിറപ്പിച്ച കയ്യൂർ പോരാട്ടം കഴിഞ്ഞകാലം. സമരാനന്തരം അധികാരികൾ ആഗ്രഹിച്ചതുപോലെ  റിപ്പോർട്ട്‌ നൽകാത്തതിനാൽ കുഞ്ഞികൃഷ്‌ണക്കുറുപ്പിനെ പട്ടേൽസ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കി. എന്നാൽ കുടുംബത്തിനുള്ള അവകാശം എന്ന നിലയ്‌ക്ക്‌ തന്റെ മകന്‌ സ്ഥാനം നൽകണമെന്ന്‌ ജാനകിയമ്മ ഹർജി നൽകി. ഒടുവിൽ അതംഗീകരിക്കാൻ അന്നത്തെ തെക്കൻ കാനറ ജില്ലാ അധികാരികൾ നിർബന്ധിതരായി. അങ്ങനെയാണ്‌ മൂന്നാംവയസ്സിൽ കെ കെ എൻ കുറുപ്പ്‌ പട്ടേലായത്‌. കുട്ടിയായിരുന്നതിനാൽ സഹായത്തിന്‌ ഒരു ഡെപ്യൂട്ടി പട്ടേലിനെ നിയോഗിച്ചിരുന്നു. വളർന്നുവന്നപ്പോൾ തനിക്ക്‌ ചരിത്രത്തിൽ താൽപര്യമുണർത്തിയത്‌ പട്ടേൽ എന്ന നിലയിൽ ഭൂവുടമസ്ഥതാ ബന്ധങ്ങളെ കുറിച്ച്‌ മനസ്സിലാക്കിയ കാര്യങ്ങളായിരുന്നു എന്ന്‌ കെ കെ എൻ കുറുപ്പ്‌ ഓർക്കുന്നു.

സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ ശേഷം രണ്ട്‌ വർഷത്തെ അധ്യാപക പരിശീലന കോഴ്‌സ്‌ പാസായി കല്ലാമല യുപിസ്‌കൂളിൽ അധ്യാപകനായി. പിന്നാലെ ഹിന്ദി പ്രവീൺ പരീക്ഷയും പാസായി. 1960ൽ റവന്യൂവകുപ്പിൽ ഉദ്യോഗസ്ഥനായി. അപ്പോഴും ചരിത്രത്തിലുള്ള താൽപര്യം തുടർന്നും പഠിക്കാൻ പ്രേരണയായി. ഒടുവിൽ അവധിയെടുത്ത്‌ ഇന്നത്തെ ഹയർ സെക്കൻഡറിക്ക്‌ തുല്യമായ ഇന്റർമീഡിയറ്റിന്‌ ചേർന്നു. മധ്യപ്രദേശിലായിരുന്നു പഠനം.  പിന്നീട്‌ ഡൽഹി സർവകലാശാലയിൽനിന്ന്‌ വിദൂരവിദ്യാഭ്യാസ പദ്ധതിയിലാണ്‌ ബിരുദം നേടിയത്‌. 1969ൽ കലിക്കറ്റ്‌ സർവകലാശാലയിലാണ്‌ മാസ്‌റ്റേഴ്‌സിന്‌ ചേർന്നത്‌. അപ്പോൾ റവന്യൂ വകുപ്പിലെ ജോലി രാജിവച്ചു. 72ൽ കലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപകനായതോടെ ചരിത്ര ഗവേഷണവും അധ്യാപനവുമായി ജീവിതം. കലിക്കറ്റിൽ അധ്യാപകനായിരുന്ന എം പി ശ്രീകുമാരൻ നായരുടെ കീഴിലാണ്‌ 76ൽ ഡോക്ടറേറ്റ്‌ നേടിയത്‌. മലബാറിലെ ബ്രിട്ടീഷ്‌ കൊളോണിയൽ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഒന്നരനൂറ്റാണ്ടിലേറെ അവരുടെ വ്യാപാരതാൽപര്യങ്ങളുടെ കേന്ദ്രമായിരുന്ന ‘തലശ്ശേരി ഫാക്ടറി’യെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം. ഈ വിഷയത്തിൽ നിരവധി പുസ്‌തകങ്ങളും എഴുതി.

കവിതയിൽ തുടക്കം

ചരിത്രശാഖയിൽ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായാണ്‌ അറിയപ്പെടുന്നതെങ്കിലും കെ കെ എൻ കുറുപ്പിന്റെ എഴുത്തുജീവിതം തുടങ്ങിയത്‌ കവിതയിലാണ്‌. 21‐ാം വയസ്സിൽ ‘പ്രവാഹഗീതം’ എന്ന  കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. സ്‌കൂൾ അധ്യാപകനായിരിക്കെ കുട്ടികൾക്ക്‌ വേണ്ടി ‘ബാലഗീതം’ എന്ന കവിതാസമാഹാരവും എഴുതി. നിരവധി ഇംഗ്ലീഷ്‌ കവിതകളും ഇദ്ദേഹത്തിന്റേതായുണ്ട്‌. പഴശ്ശിയുടെയും ടിപ്പുവിന്റെയും മറ്റും പോരാട്ടങ്ങൾ പ്രമേയമായ ‘ഹല്ലാജ്‌ ആൻഡ്‌ അദർ പോയംസ്‌’, ദരിദ്രമായിരുന്ന നാടുകൾ നേടിയ അൽഭുതകരമായ വളർച്ചയുടെ വിസ്‌മയത്തിൽ കുറിച്ച ‘അബുദാബി ആൻഡ്‌ അദർ പോയംസ്‌’, കയ്യൂരും വടക്കൻ കേരളത്തിലെ മിത്തുകളും മറ്റും വിഷയമായ ‘ഏഴിമല ആൻഡ്‌ അദർ പോയംസ്‌’ എന്നിവ പ്രസിദ്ധീകരിച്ചു. മലബാർ കർഷകകലാപത്തെ കുറിച്ചും മറ്റും എഴുതിയ ‘1921 ആൻഡ്‌ അദർ പോയംസ്‌’ വൈകാതെ പുറത്തിറങ്ങും.

നാൽപതിൽപരം കൃതികൾ എഴുതിയ ഇദ്ദേഹത്തിന്റെ പല പുസ്‌തകങ്ങളും പ്രശസ്‌തമായ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. ‘കൾട്ട്‌ ഓഫ്‌ തെയ്യം ഇൻ ഹീറോവർഷിപ്പ്‌ ഇൻ കേരള’(1973), ‘കയ്യൂർ റയട്ട്‌’ (1976), ‘ആലി രാജാസ്‌ ഓഫ്‌ കണ്ണൂർ’(1976) തുടങ്ങിയവ ആദ്യകാലത്ത്‌ എഴുതിയവയാണ്‌. കയ്യൂരിന്റെ ആധികാരിക ചരിത്രകാരനായി അറിയപ്പെടുന്ന കുറുപ്പിനെ പോലുള്ള പണ്ഡിതന്മാരോട്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം ഏറെ കടപ്പെട്ടിരിക്കുന്നു എന്ന്‌ ഇ എം എസ്‌ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. 1980ൽ കെ ദാമോദരൻ പുരസ്‌കാരം നേടിയ ‘പഴശ്ശി സമരങ്ങൾ’, കേരളത്തിലെ കാർഷിക പരിഷ്‌കാരങ്ങളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വില്യം ലോഗന്റെ സംഭാവനകളെക്കുറിച്ച്‌ എഴുതിയ ‘വില്യം ലോഗൻ: മലബാറിലെ കാർഷിക ബന്ധങ്ങളിൽ ഒരു പഠനം’ എന്നിവയും ആദ്യകാല കൃതികളിൽ പെടുന്നു. ‘ദേശീയതയും കർഷകസമരങ്ങളും’ എന്ന പുസ്‌തകത്തിനാണ്‌ അബുദാബി ശക്തി തായാട്ട്‌ പുരസ്‌കാരം ലഭിച്ചത്‌. ഈസ്‌റ്റ്‌ ഇന്ത്യ കമ്പനിക്ക്‌ വരെ ധനസഹായം ചെയ്യുകയും പഴശ്ശിക്ക്‌ ആയുധസഹായം നൽകുകയും ചെയ്‌ത മുസ്ലിം പ്രമാണിമാരെ കുറിച്ച്‌ എഴുതിയ ‘കേയീസ്‌ ഓഫ്‌ മലബാർ’ മറ്റൊരു ശ്രദ്ധേയ രചനയാണ്‌.

കെ കെ എൻ കുറുപ്പും ഭാര്യ ദേവമാലിനിയും

കെ കെ എൻ കുറുപ്പും ഭാര്യ ദേവമാലിനിയും

ക്യൂബ, റഷ്യ, യൂറോപ്പ്‌

പോസ്‌റ്റ്‌ ഡോക്ടറൽ പഠനത്തിന്‌ 78ൽ ബ്രിട്ടനിലേക്കായിരുന്നു ആദ്യ വിദേശയാത്ര. അവിടെ നിന്ന്‌ നെതർലൻഡ്‌സിൽ എത്തി ആറ്‌ മാസത്തോളം അവിടെയും പഠിച്ചു. അതിന്റെ തുടർച്ചയിൽ അവിടെനിന്ന്‌ 10 കുട്ടികൾ കലിക്കറ്റ്‌ സർവകലാശാലയിൽ എത്തി കുറുപ്പ്‌ അടക്കമുള്ളവരുടെ കീഴിൽ പഠിച്ചു. 83ൽ ഏഴ്‌ മാസത്തോളം മംഗളൂർ സർവകലാശാലയിൽ പ്രൊഫസറായി ജോലിചെയ്‌തെങ്കിലും കലിക്കറ്റിൽ തിരിച്ചെത്തി. ആ വർഷമാണ്‌ കേന്ദ്ര സർക്കാർ ക്യൂബയിലേക്കയച്ച മൂന്നംഗസംഘത്തിന്റെ ഭാഗമായത്‌. ക്യൂബയിലെ കാർഷിക പരിഷ്‌കാരങ്ങളെ കുറിച്ചാണ്‌ പഠിച്ചത്‌. അതിനെ കുറിച്ച്‌ ദേശാഭിമാനി വാരികയിലും ചിന്തയിലും എഴുതി. 1988ൽ രാഷ്‌ട്രങ്ങൾ തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി റഷ്യ സന്ദർശിച്ചു. ബിപിൻ ചന്ദ്ര, ആർ എസ്‌ ശർമ, എംജിഎസ്‌ നാരായണൻ, ഉത്സ പട്‌നായിക്‌ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. മറ്റ്‌ പല യൂറോപ്യൻ, ഗൾഫ്‌ രാജ്യങ്ങളും സെമിനാറുകൾക്കും മറ്റുമായി സന്ദർശിച്ചിട്ടുണ്ട്‌. 1998ൽ കലിക്കറ്റിൽനിന്ന്‌ സ്വയം വിരമിച്ചു. അതേ വർഷം സർവകലാശാലയുടെ വൈസ്‌ ചാൻസലറായി നിയമിതനായി.

മികച്ച ഭരണാധികാരി

കെ കെ എൻ കുറുപ്പിനെ മികച്ച ഭരണാധികാരിയായി കൂടിയാണ്‌ സർവകലാശാലയിൽ അന്നുണ്ടായിരുന്നവർ ഓർക്കുന്നത്‌. കലിക്കറ്റ്‌ സർവകലാശാല നേരിട്ട്‌ എൻജിനിയറിങ്‌ കോളേജ്‌ തുടങ്ങുന്നത്‌  ഇദ്ദേഹം വിസി ആയിരുന്നപ്പോഴാണ്‌. സർവകലാശാലകൾക്ക് ബാധ്യത വരാതെ പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ സർവകലാശാലകളെയും സർക്കാർ കോളേജുകളെയും അനുവദിച്ചപ്പോൾ അത്‌ ആദ്യം ആരംഭിച്ചതും 2001 ഓഗസ്‌റ്റിൽ കലിക്കറ്റിലാണ്‌. അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ അറ്റൻഡൻസ്‌ പരിഷ്‌കരണം നടപ്പാക്കിയതും ജനകീയാസൂത്രണ മാതൃകയിൽ സമിതികൾ രൂപീകരിച്ച്‌ നിർമാണപ്രവൃത്തികൾ നടത്തിയതും അക്കാലത്താണെന്ന്‌ ഡെപ്യൂട്ടി രജിസ്‌ട്രാർ ആയി വിരമിച്ച വി സ്‌റ്റാലിൻ ഓർമിക്കുന്നു.

വടകര കേന്ദ്രമായി കെ കെ എൻ കുറുപ്പ്‌ സ്ഥാപിച്ച ‘മലബാർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌’ വൈജ്ഞാനികരംഗത്ത്‌ നൽകിയ സംഭാവനകളും അതുല്യമാണ്‌. പോർച്ചുഗീസ്‌ അധിനിവേശത്തിനെതിരെ ഷെയ്‌ഖ്‌ സെയ്‌നുദ്ദീൻ മഖ്‌ദൂം 1583ൽ രചിച്ച ‘തുഹ്‌ഫത്തുൽ മുജാഹിദീൻ’(പോരാളികൾക്ക്‌ സമ്മാനം) എഡിറ്റ്‌ ചെയ്‌ത്‌ നാല്‌ ഭാഷകളിൽ പുറത്തിറക്കിയത്‌ ഇൻസ്‌റ്റിറ്റ്യൂട്ടാണ്‌. കൊളോണിയൽ അധിനിവേശം, കാർഷിക ബന്ധങ്ങൾ, പുരാവൃത്തപഠനം എന്നിവയിൽ ഇദ്ദേഹം നൽകിയ സംഭാവനകളെ ആദരിച്ച്‌ രണ്ട്‌ വാള്യങ്ങളിലായി അൻപതോളം പ്രബന്ധങ്ങൾ അടങ്ങുന്ന ബൃഹത്‌സമാഹാരം (നാഷണലിസം, പെസൻട്രി ആൻഡ്‌ സോഷ്യൽ ചെയിഞ്ച്‌ ഇൻ ഇന്ത്യ) ഡൽഹിയിലെ ബി ആർ പബ്ലിഷിങ്‌ കോർപറേഷൻ പുറത്തിറക്കിയിട്ടുണ്ട്‌. ഇന്ത്യയിൽ അപൂർവം ചരിത്രകാരന്മാർക്ക്‌ മാത്രമാണ്‌ ഇത്തരം അംഗീകാരം കിട്ടിയിട്ടുള്ളത്‌. ചരിത്രകാരൻ പെഡരപു ചെന്ന റെഡ്ഡിയാണ്‌ പ്രബന്ധങ്ങൾ സമാഹരിച്ചത്‌. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ എക്‌സിക്യൂട്ടീവ്‌ അംഗമായിരുന്ന കെ കെ എൻ കുറുപ്പ്‌ ഇന്ത്യൻ ചരിത്ര കോൺഗ്രസുകളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ ഗവർമെന്റ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ നിന്ന്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ വകുപ്പ്‌ മേധാവിയായി വിരമിച്ച ദേവമാലിനിയാണ്‌ ഭാര്യ. നൃത്താധ്യാപികയായ മീനയും ബഹുരാഷ്‌ട്ര കമ്പനിയിൽ ഉദ്യോഗസ്ഥനായ നളിൻകുമാറും മക്കൾ. എൻജിനിയർമാരായ അനിൽകുമാറും അഞ്ജലിയുമാണ്‌ മരുമക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top