14 July Sunday

ആദ്യ മലയാള ഗസലിന്‌ 25 വയസ്സ്‌

ആർ ഹേമലത hemalathajeevan@gmail.comUpdated: Sunday Feb 12, 2023

‘എത്ര സുധാമയമായിരുന്നാ ഗാനം... അത്രമേൽ വേദനയേകി എന്നിൽ...’, കാൽനൂറ്റാണ്ടുമുമ്പ്‌ വേണു വി ദേശത്തിന്റെ തൂലികയിൽനിന്ന്‌ പെയ്‌തിറങ്ങിയ വരികൾ ഇന്നും മലയാളിയുടെ നനുത്ത സന്ധ്യകൾക്ക്‌ കൂട്ടാകാറുണ്ട്‌. മലയാളത്തിലെ ആദ്യ ഗസലിന്റെ പിറവിയിലേക്ക്‌ വഴുതിവീണ ആ നിമിഷം ഓർത്തെടുക്കുകയാണ്‌ അതുവരെ കവിയായി മാത്രം അറിയപ്പെട്ട വേണു വി ദേശം.

ഗസൽ വന്ന വഴി

ഉറുദു ഗസലുകളുടെ ആരാധകരായിരുന്നു കൊച്ചിയിലെയും മലബാറിലെയും സംഗീത പ്രേമികൾ. ബീഗം അക്തർ, മെഹദി ഹസൻ, ജഗ്ജിത് സിങ്‌ തുടങ്ങിയവരുടെ സംഗീത സദസ്സുകൾ സജീവമായിരുന്നു. നാൽപ്പതുകളിൽ തുടങ്ങി എൺപതുകൾ വരെ സംഗീത ക്ലബുകൾ ഈ ഗസലുകളെ കൂടുതൽ പരിപോഷിപ്പിച്ചു. ഇതേ കാലത്ത് തന്നെയാണ് ഉർദു ഗസലുകളെപ്പോലെ മലയാളം ഗസലുകളും അവതരിപ്പിക്കണമെന്ന ചിന്ത ചില ഗായകരിലുണ്ടായത്. മലബാറിൽ നജ്മൽബാബു, സത്യജിത് എന്നിവരും കൊച്ചിയിൽ ഉമ്പായിയും തൃശൂരിൽ ഫിലിപ്പ് ഫ്രാൻസിസും ഇതേ രീതിയിൽ ചിന്തിച്ചു. എന്നാൽ ഉമ്പായിക്ക്‌ മാത്രമാണ് അതിനെ ഗൗരവമായി മുന്നോട്ടുകൊണ്ടുപോകാനും യാഥാർഥ്യമാക്കാനും കഴിഞ്ഞത്.

ചലച്ചിത്ര ഗാനങ്ങൾ ഗസൽ രൂപത്തിൽ പാടി മലയാള ഗസൽ ശാഖയ്‌ക്ക്‌ തുടക്കമിട്ടത് എം എസ് ബാബുരാജാണ്‌. സ്വകാര്യ മെഹ്ഫിലുകളിൽ തന്റെ തന്നെ സിനിമാഗാനങ്ങൾ അദ്ദേഹം ഗസൽ രൂപത്തിൽ പാടി. പ്രാണസഖി, കണ്ണീരും സ്വപ്നങ്ങളും, സുറുമ എഴുതിയ മിഴികളേ, ഇന്നലെ മയങ്ങുമ്പോൾ തുടങ്ങിയ പാട്ടുകളാണ് അദ്ദേഹം അവതരിപ്പിച്ചത്‌. ബാബുരാജിനുശേഷം നജ്മൽ ബാബുവിലൂടെയും സത്യജിത്തിലൂടെയും ഈ രീതി തുടർന്നു. പിതാവ് കോഴിക്കോട് അബ്ദുൾ ഖാദർ പാടിയ "മായരുതേ വനരാധേ'.., നീയെന്തറിയുന്നു നീലതാരമേ, പാടൂ പുല്ലാങ്കുഴലേ എന്നീ പാട്ടുകൾ സത്യജിത്  അവതരിപ്പിച്ചു. കൊച്ചിയിൽ പാട്ടിനെ ജനകീയമാക്കിയത് മെഹബൂബായിരുന്നു. മെഹബൂബിന്റെ ചുവടുപിടിച്ചാണ്‌ ഉമ്പായി എത്തിയത്‌. ഉമ്പായിയോട് മുംബൈയിൽ പോയി തബല പഠിക്കണമെന്ന് പറഞ്ഞത് മെഹബൂബാണ്. മകൻ സംഗീതവുമായി നടക്കുന്നതിൽ താൽപ്പര്യമില്ലായിരുന്ന പിതാവ് ജോലി സമ്പാദനത്തിനായി ബന്ധുവിനൊപ്പം മുംബൈയിലേക്ക്‌ അയച്ചു. എന്നാൽ മുംബൈയിൽ എത്തിയ ഉമ്പായിക്ക് ഉള്ളിലുള്ള സംഗീതത്തെ ഉപേക്ഷിക്കാനായില്ല. ഹിന്ദി സിനിമാ ഗാനങ്ങൾ പാടി ചെറിയ സദസ്സുകളെ  കൈയിലെടുത്തു. മുനവറലി ഖാന്റെ കീഴിൽ ഏഴുവർഷം സംഗീതവും പഠിച്ചു. അലച്ചിലിന്റെയും കഷ്‌ടപ്പാടുകളുടെയും നാളുകൾക്ക് വിരാമമിട്ട് കൊച്ചിയിൽ തിരിച്ചെത്തിയപ്പോൾ ഉമ്പായിയുടെ സ്വരത്തിന് പക്വത കൈവന്നിരുന്നു. തുടർന്ന് ഹോട്ടൽ അബാദ് പ്ലാസയിൽ  പാട്ടുകാരനായി. 

മലയാള ഗസൽ

ഒരിക്കൽ ഡൽഹിയിൽ കേരളത്തിൽനിന്നുള്ള എംപിമാർ അദ്ദേഹത്തോട് മലയാളം പാട്ടുകൾ പാടാൻ ആവശ്യപ്പെട്ടു. എം എ ബേബിയാണ്‌ കവിതകൾ ഗസലുകളാക്കി അവതരിപ്പിച്ചുകൂടെ എന്ന് ചോദിച്ചത്‌. മലയാളം ഗസൽ എന്ന ആശയത്തെ ഉമ്പായി ഗൗരവപരമായി സമീപിക്കാൻ തുടങ്ങിയത്‌ ആ ചോദ്യത്തിന്‌ ശേഷമാണ്‌. കവിതകൾ കിട്ടുക അത്ര എളുപ്പമായിരുന്നില്ല.  ഉമ്പായി പാടുന്ന ഹോട്ടലിലെ ജീവനക്കാരനാണ്‌ കവിയായ വേണു വി ദേശത്തെക്കുറിച്ച്‌ പറയുന്നത്‌. ആശങ്കകളോടെയാണെങ്കിലും വേണു വി ദേശം ഉമ്പായിക്കുവേണ്ടി എഴുതി. ‘പ്രണാമം' എന്ന പേരിൽ ആദ്യത്തെ മലയാള ഗസൽ ആൽബം 1998 ൽ പുറത്തിറങ്ങി. ഈണമിട്ടശേഷം എഴുതിയും എഴുതിയശേഷം സംഗീതം പകർന്നവയും പ്രണാമത്തിലുണ്ട്‌. 

ചോദ്യങ്ങളും ആശങ്കകളും

‘പ്രണാമം’ പുറത്തുവരുമ്പോൾ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായി. ഉർദുപോലെ സംഗീതത്തിന് എളുപ്പം വഴങ്ങുന്ന  ഭാഷയായിരുന്നില്ല മലയാളം. മുമ്പ് ഗസലുകൾ വന്ന ചരിത്രവും ഇല്ല. ഗസലുകൾ പാടി ഫലിപ്പിക്കുക പൊതുവേ പ്രയാസകരമാണ്. മലയാളം ഗസലുകളുടെ കാര്യം അതീവ ദുഷ്കരവും. വരികളുടെ അർഥം അറിഞ്ഞ് ഭാവം ഉൾക്കൊണ്ട്‌ മനോധർമം പ്രയോഗിച്ചു പാടാൻ കഴിയണം. മധുരമായ സ്വരവും സ്വന്തമായ ശൈലിയും മനോധർമം പ്രയോഗിക്കാനുള്ള അപാരമായ കഴിവുമുണ്ടായിരുന്ന ഉമ്പായിക്ക് ബാബുരാജിന്റെയും മറ്റും സിനിമാ ഗാനങ്ങൾ ഗസലുകളായി അവതരിപ്പിച്ച അനുഭവും മുതൽക്കൂട്ടായി. ‘പ്രണാമം’ എല്ലാവരുടെയും കൈയടി നേടി. എത്ര സുധാമയമായിരുന്നാ ഗാനം, തേടിയലഞ്ഞു ഞാൻ തേങ്ങലോടെ, ഘനസാന്ദ്രമീ രാത്രി പാടുന്നു, ഒരുനോക്കു കാണുവാനായി  എന്നീ ഗാനങ്ങൾ മികച്ചവയായി. കാൽ നൂറ്റാണ്ടുമുമ്പ്‌ ഉമ്പായി തുടക്കം കുറിച്ച മലയാള ഗസൽ പുതിയ തലമുറയിലെ ഗായകർ കൂടുതൽ കരുത്തോടെ ഇപ്പോഴും  മുന്നോട്ടു കൊണ്ടുപോകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top