24 April Wednesday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Feb 12, 2023

കാലത്തിന്റെ പുതിയ കഥ

ഹരിദാസൻ

യൂറോപ്യന്മാരുടെ വരവോടെ കച്ചവടത്തിന് അധിനിവേശത്തിന്റെ ദുഷ്ടലാക്കുകൂടി ഉണ്ടെന്ന് കേരളീയർ മനസ്സിലാക്കിയിരുന്നു. പോർട്ടുഗീസുകാരെയും ഡച്ചുകാരെയും സാമൂതിരിയും കുഞ്ഞാലിമരയ്‌ക്കാരും പഴശ്ശിരാജയും മാർത്താണ്ഡവർമയും ഈ മണ്ണിൽനിന്ന് തുരത്തുന്നതിൽ വിജയിച്ചു. ബ്രിട്ടീഷുകാർ കൂടുതൽ തന്ത്രശാലികൾ ആയതിനാൽ ആറ്റിങ്ങൽ റാണിമാരെ സ്വാധീനിച്ച് അഞ്ചുതെങ്ങിൽ കോട്ടകെട്ടി വേരുറപ്പിക്കുകയായിരുന്നു. വില്യം ഗിഫോർഡിനെപ്പോലുള്ള ഈസ്റ്റിന്ത്യ കമ്പനി അധികാരികളുടെ ജനദ്രോഹ നയങ്ങളാൽ പൊറുതിമുട്ടിയ ജനത അവർക്കെതിരെ ആയുധംകൊണ്ടു പോരാടി. നിരവധി വെള്ളക്കാർ കലാപത്തിൽ കൊല്ലപ്പെട്ടു. ജനങ്ങളുടെ ഇച്ഛാശക്തിയുടെ വൻവിജയമായിരുന്നു ആറ്റിങ്ങൽ കലാപം. എന്നാൽ, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി നടന്ന ജനകീയ കലാപത്തെ ബ്രട്ടീഷ് ചരിത്രകാരന്മാർ അംഗീകരിച്ചില്ല. അതിനാൽ നമ്മുടെ അക്കാദമിക് പണ്ഡിതന്മാരാരുംതന്നെ ആറ്റിങ്ങൽ കലാപത്തെ കാര്യമായി ഗണിച്ചില്ല. ചരിത്രത്തിലെ ഈ നിഴലിടങ്ങളിലേക്കാണ് ‘ആത്മാക്കളുടെ ഭവനം’ എന്ന നോവലിലൂടെ ആർ നന്ദകുമാർ സർഗാത്മകമായ അന്വേഷണം നടത്തുന്നത്. പഴയകാല ചരിത്രത്തെ പുതിയ കാലത്തിന്റെ അനുഭവമാക്കി മാറ്റുന്നതിന്നാൽ പ്രാദേശിക ചരിത്ര നോവലുകളിൽ ആത്മാക്കളുടെ ഭവനം വ്യത്യസ്തതയോടെ നിൽക്കുന്നു. 300 വർഷം മുമ്പുനടന്ന ആറ്റിങ്ങൽ കലാപത്തെ ചരിത്രരേഖകളുടെ പിൻബലത്തിൽ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയാണ്‌ ഇതിൽ. സാമ്പ്രദായിക മട്ടിൽനിന്നു വ്യത്യസ്തമായി കൃതിയിൽ സാധാരണക്കാരുടെ വലിയ പ്രാതിനിധ്യം അനുഭവപ്പെടുന്നു. കുരിശുമുത്തൻ, പാലുവൻ പാക്കനാർ, കാളിയമ്പി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അന്നത്തെ ജനതയുടെ ഇരമ്പം നോവലിന്റെ കരുത്തായി മാറുകയാണ്.

 

ഓർമകളുണർത്തുന്ന കവിതകൾ

എം സി പോൾ

സി എം വിനയചന്ദ്രന്റെ ‘സാക്ഷ്യങ്ങൾ’ എന്ന കവിതാസമാഹാരത്തിൽ നാൽപ്പത്തിരണ്ട്‌ കവിതയാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. വർത്തമാനകാല മനുഷ്യജീവിത യാഥാർഥ്യങ്ങളാണ്‌ കവിതകളുടെ പ്രമേയം. ഓരോ കവിതയും അനുവാചകന്റെ മനസ്സിനെ പൊള്ളിച്ചുണർത്തുന്നു. മതനിരപേക്ഷ മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. പ്രകൃതിയും പ്രണയവും സംവാദവിധേയമാകുന്നു. പാടിയുറക്കുകയല്ല പറഞ്ഞുണർത്തുകയാണ്‌ കവി. ചരിത്രം, സംസ്‌കാരം, രാഷ്‌ട്രീയം എല്ലാം കവിതകളിൽ ചർച്ചചെയ്യപ്പെടുന്നു. ഓർമകളുണർത്തുന്ന കവിതകളാണേറെയും. വർഗീയ ഫാസിസത്തിനും നവലിബറൽ നയങ്ങൾക്കുമെതിരെ പ്രതിരോധത്തിന്റെ പോരാട്ടവീറ്‌ ഈ കവിതാസമാഹാരത്തെ വ്യതിരിക്തമാക്കുന്നു. പ്രതീകങ്ങളുടെ ധാരാളിത്തം കവിതകളുടെ സവിശേഷതയാണ്‌. പാർശ്വവൽക്കരിക്കപ്പെട്ട നിസ്വജനതയുടെ പക്ഷം ചേർന്ന്‌ വ്യക്തിപരതയിൽനിന്ന്‌ സമൂഹപരതയിലേക്ക്‌ കവിത കവിയുന്നു. കാൽപ്പനികതയും റിയലിസവും സമന്വയിക്കുന്നു. വാക്കുകളുടെ മുറിവിൽ മുളപൊട്ടുന്ന ബോധധാരാ സങ്കീർത്തനം കവിതാസമാഹാരത്തെ സമരോത്സുകമാക്കുന്നു. തോറ്റുപോകും നിമിഷത്തെ/ഊറ്റമോടെയെതിരിടാൻ/ഏറ്റമെന്നെത്തുണയ്‌ക്കുന്ന/കൂട്ടുകാരൻ കവിത നീ എന്ന്‌ സ്വന്തം കവിതയെ കൂട്ടുകാരനായി അടയാളപ്പെടുത്തുന്നു. തോൽക്കാനല്ല പൊരുതി മുന്നേറാനാണ്‌ മനുഷ്യജീവിതമെന്ന്‌ കവിത തിരിച്ചറിയുന്നു. സ്‌ത്രൈണ സത്തയുടെ അനന്ത്രപ്രകാശനമായ ഒട്ടനവധി കവിതകൾ വിനയചന്ദ്രൻ എഴുതിയിട്ടുണ്ട്‌. ഈ കവിതാസമാഹാരത്തിന്‌ അവതാരിക എഴുതിയ സി എം രാജൻ, പഠനമെഴുതിയ കവി ദിവാകരൻ വിഷ്‌ണുമംഗലം എന്നിവർ കവിതാസമാഹാരത്തിന്റെ ഉള്ളറകളിലേക്ക്‌ പ്രകാശം പരത്തുന്നുണ്ട്‌.

 

പുതിയ കാഴ്‌ചകൾ; കാഴ്‌ചകളുടെ കഥകൾ

ജെയിംസ്‌ പതപ്പിള്ളി

വി എം എ ലത്തീഫിന്റെ ‘മൂലേപ്പാടത്ത്‌ പറമ്പ്‌ ഒരു ജാലക കാഴ്‌ച’ ദൂരെ മാറിനിന്ന്‌ കണ്ടതും അനുഭവവേദ്യമെന്ന്‌ തോന്നുന്നതുമായ കഥാ പ്രമേയങ്ങളാണ്‌. അത്യാധുനിക സാങ്കേതികവിദ്യയുടെ പ്രയോഗം ചിലപ്പോൾ പരാജയപ്പെട്ട്‌ പോകുന്നുവെന്ന്‌ സരളമായി പറഞ്ഞുപോകുന്നതാണ്‌ ആദ്യത്തെ കഥ. വൃദ്ധമാനസത്തിൽ ഉരുവം കൊള്ളുന്ന മതിവിഭ്രമങ്ങളെ നേരിടേണ്ടിവരുന്ന മകനെയാണ്‌ മറ്റൊരു കഥയിൽ അവതരിപ്പിക്കുന്നത്‌. മഴയും പ്രളയവുമെന്ന പ്രതീക്ഷയറ്റ ദിവസങ്ങൾക്കിടയിൽ കാണുന്ന സൂര്യന്റെ ഇത്തിരി വെട്ടത്തിൽ അത്യാഹ്ലാദം കൊള്ളുന്ന ഒരു കഥാപാത്രമുണ്ടിതിൽ. നാടിന്റെ ആശ്വാസത്തെ അയാൾ അനുഭവിച്ചറിയുന്നു. സമൂഹത്തിലെ ചില നേരിന്റെയും നേരില്ലായ്‌മയുടെയും ചിത്രങ്ങൾ വരച്ചിടുന്നുണ്ടിതിൽ. വലിയ കഥകളുടെയും കുറുങ്കഥകളുടെയും സമാഹാരമണിത്‌.

ആക്ഷേപഹാസ്യമായി ആസ്വാദകനെ അനുഭവിപ്പിക്കുന്നുമുണ്ട്‌ ചിലതിൽ. പൗരത്വപ്രശ്‌നം കഥാപ്രമേയമാക്കിയപ്പോൾ അവ മുദ്രാവാക്യ സമാനമാകാതെ ഭാവതീവ്രമായി മാറുന്നു. സൂക്ഷ്‌മമായ വാക്കുകളിലൂടെയാണ്‌ കഥകൾ വരച്ചിട്ടിരിക്കുന്നത്‌.  പുതിയ കാഴ്‌ചകളും കാഴ്‌ചകളിൽനിന്നുള്ള അറിവും വായനക്കാരിലേക്ക്‌ പകരുന്നു.

 

നാഗരികാനുഭവങ്ങളുടെ സർഗപരമായ ഒത്തുചേരൽ

വി എസ്‌ ബിന്ദു

മുംബൈ നഗരത്തിന്റെ ചിറകുകളിൽ  പറന്നു ജീവിക്കുമ്പോഴും  തന്നെ ചൂഴുന്ന  സാംസ്കാരിക ബഹുലതകൾക്കിടയിൽ നിന്ന് പി ഹരികുമാർ തിരയുന്ന  കൺനോട്ടങ്ങളാണ്  അദ്ദേഹത്തിന്റെ കവിതകൾ. മലയാള കവിതയിൽ പ്രവാസാനുഭവത്തിന്റെ വേറിട്ട ശബ്‌ദമാണ്‌ ‘പ്രവാസിയുടെ മുണ്ട്‌’ എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരം.  വിവിധ നാഗരികാനുഭവങ്ങളുടെ സർഗപരമായ ഒത്തു ചേരലിനെ സവിശേഷമായ ചരിത്രാനുഭൂതിയായി മാറ്റാൻ കഴിയുന്ന സുധീര കവിത്വം. ശാസ്ത്രജ്ഞൻ എന്ന ദൃഢാവസ്ഥയ്ക്കൊപ്പം  വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളെ  ഭാവനാപൂരകമായി കവിതയിൽ  രൂപപ്പെടുത്തുന്നു . അതിനുള്ളിൽ വിരിയുന്ന വിമർശനാത്മക കാവ്യ ഭാഷയാകട്ടെ ഉദാത്തവും ഉദാരവുമാണ്.  "ഇല കൊഴിഞ്ഞ മരങ്ങൾ/മുകളിലേക്ക്/തോക്കുചൂണ്ടുന്ന പാറാവുപോലെ (വീഴരുതല്ലോ മാനം!) ഒന്നാകെ വിഴുങ്ങാൻ വരുന്ന കാലത്തോട്  ഓർമയും ആഗ്രഹങ്ങളും  പറച്ചിലും കൊണ്ട് ഒരിടച്ചിൽ.  പുതിയ ജാഗ്രതയുടെ കാവ്യാനുഭവം. കാലാതീതമായി നമ്മെ പൊതിയുന്ന ജീവിതത്തിന്റെ മുണ്ട്, മരണത്തിന്റെയും. ദേശത്തെ ഇരുമ്പു പെട്ടിക്കുള്ളിലല്ല. തലമുറകളിലൂടെ  കൈമാറുന്ന അടയാളമാണത്. സകലതിലും തന്നെ കാണുന്ന കവിയും സൂര്യ വെട്ടത്തിന്റെ ഉദയ സൗമ്യതയിലേക്കും ഉച്ചപ്പൊള്ളലുകളിലേക്കും ഇറങ്ങി നടക്കുന്ന കവിതയുടെ ആയവും.  കെ.ജി ശങ്കരപ്പിള്ളയും കൽപ്പറ്റ നാരായണനും എംപി ബലറാമും നോട്ടമെത്തിച്ചിരിക്കുന്ന കാവ്യ ദ്വീപ്. അവിടെ നമുക്കും ഇടമുണ്ട്. സ്വയം കണ്ടെത്താനും ചൂണ്ടിക്കാട്ടാനും.

 

സഹൃദയത്വത്തിന്റെ ‘ഒരു സങ്കീർത്തനം പോലെ’

എം അനിൽ

വായിച്ചവർ വീണ്ടും വായിക്കുകയും പുതിയ വായനക്കാർ തേടുകയും ചെയ്യുന്ന അപൂർവമായ പുസ്‌തകം എന്ന ബഹുമതി പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ നേടിക്കഴിഞ്ഞു. ഈ നോവലിന്റെ 125–-ാം പതിപ്പ്‌ പുറത്തിറക്കി. ‘കുറ്റവും ശിക്ഷയും’ എന്ന വിഖ്യാത നോവൽ ലോകത്തിന്‌ സമ്മാനിച്ച ദസ്‌തയേവ്‌സ്‌കിയുടെ ജീവിതകഥ കൂടിയാണ്‌ പുസ്‌തകത്തിലൂടെ പെരുമ്പടവം വരിച്ചിടുന്നത്‌. ‘ഏതൊരു സാഹിത്യപ്രേമിയും തന്റെ സഹൃദയത്വത്തിന്റെ ഷോ കെയ്‌സിൽ അഭിമാനപൂർവം എടുത്തുവയ്‌ക്കാൻ ആഗ്രഹിക്കുന്ന അപൂർവഭംഗിയുള്ള ഒരു കലാസൃഷ്ടിയാണിത്‌’–- പുസ്‌തകത്തെപ്പറ്റി ഡോ. എൻ എ കരീം ഒരിക്കൽ ദേശാഭിമാനിയിൽ കുറിച്ചിട്ടത്‌ ശരിവയ്‌ക്കുന്നതാണ്‌ പുസ്‌തകം ഇറങ്ങി മൂന്നു പതിറ്റാണ്ട്‌ പിന്നിടുമ്പോഴും നോവലിന്‌ വായനക്കാർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത. തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌, അറബി, ഗുജറാത്ത്‌ തുടങ്ങി എട്ട്‌ ഭാഷയിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. മലയാറ്റൂർ അവാർഡ്‌, വയലാർ അവാർഡ്‌, മഹാകവി ജി സ്‌മാരക അവാർഡ്‌ ഉൾപ്പെടെ പത്തോളം പുരസ്‌കാരങ്ങളാണ്‌ പെരുമ്പടവത്തിന്‌ ഈ നോവൽ നേടിക്കൊടുത്തത്‌. 1993 സെപ്‌തംബറിലാണ്‌ ആദ്യ പതിപ്പ്‌ പുറത്തിറക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top