25 April Thursday

മൃതിഗന്ധമുള്ള ഒക്ടോബര്‍ കലണ്ടര്‍

പി എസ് വിജയകുമാര്‍Updated: Sunday Oct 11, 2020

 2013 സെപ്തംബറിലെ ഒരു ഉച്ചച്ചൂടിൽ പെരിന്തൽമണ്ണയിൽനിന്ന്‌ പാലക്കാട്ടെ ചിറ്റൂരിലേക്ക് ബസ്‌ കാത്തുനിൽക്കുകയാണ്. ഭാര്യ അവരുടെ ചിറ്റൂരിലെ വീട്ടിലാണ്‌. അവിടെയെത്തണം. കുറെനേരം നിന്നു. പുറത്തെ ചൂട് അകത്തേക്ക് അരിച്ചുകയറിത്തുടങ്ങി. എന്തിനെന്നറിയാതെ മനസ്സിലൊരു പൊള്ളൽ. വീണ്ടുമൊരു ഒക്ടോബർ രണ്ട്‌. മനസ്സ്‌ ഒന്നിനുമല്ലാതെ കിടന്നുവിങ്ങി. എട്ടുവർഷംമുമ്പുള്ള ഒക്‌ടോബർ രണ്ടിലെ സന്ധ്യ ഉള്ളിലെവിടെയോ കോറി വരഞ്ഞു. കയറിവരാനിരിക്കുന്ന ഇരുട്ടിലേക്ക് നോക്കിക്കിടന്ന എട്ടുവയസ്സുള്ള പ്രിയപ്പെട്ട മോളുടെ കോടി പുതച്ച ശരീരം ഉണങ്ങാത്ത പശയൊട്ടിപ്പായി അകവഴികളിൽ ഒലിച്ചിറങ്ങി. 

 

ജനിച്ചതുമുതൽ എട്ടുവയസ്സുവരെയും വേദനമാത്രം ജീവിച്ചുതീർക്കാനുള്ള നിയോഗമായിരുന്നു അത്. രോഗാതുരമായ നിലകളിൽ മരുന്നിലും ചിലപ്പോഴൊക്കെ മന്ത്രത്തിലും വിശ്വസിച്ച് പിഞ്ഞിത്തുന്നിയ ജീവിതത്തിന്നിരുപുറവുമായി ഞങ്ങൾ അന്തിച്ചുനിന്ന നാളുകൾ. ആശുപത്രികളിൽനിന്ന്‌ ആശുപത്രികളിലേക്കുള്ള എട്ടുവർഷത്തെ യാത്ര 2005 ഒക്ടോബർ രണ്ടിന് അവസാനിപ്പിച്ച്  വേദനകൾമാത്രം വിട്ടുതന്ന് അവൾ തിരിച്ചുപോയി. 
 
എന്തുകൊണ്ടോ, ആ റോഡരികിൽ അന്ന്‌ നിൽക്കുമ്പോൾ, ഓർമയുടെ കണ്ണീരനക്കങ്ങൾ നിർത്താതെ തട്ടിവിളിച്ചുകൊണ്ടിരുന്നു. ഇത്ര വർഷങ്ങൾക്കുശേഷം ഇന്നുമാത്രമിതെന്താവാം എന്ന് തീർത്താൽ തീരാതെ അസ്വാസ്ഥ്യം. 
 
പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസ് വന്നുനിന്നു. ഒഴിഞ്ഞ ബസിലെ സൈഡ്സീറ്റിലേക്ക് ചാഞ്ഞിരുന്നു. ടിക്കറ്റെടുത്തതിനുശേഷം, ഏതോ ആവശ്യം കഴിഞ്ഞ് ബാക്കിവച്ച കടലാസ് കഷ്‌ണം പേഴ്സിൽ സൂക്ഷിച്ചത് പുറത്തെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ തീർത്തും അവ്യക്തമായി കടലാസും പേനയും സഞ്ചരിക്കാൻ തുടങ്ങി. എന്തിനാണ് രൂപം കൊടുക്കുന്നത് എന്നുപോലും സത്യമായും തീർച്ചയില്ലായിരുന്നു. ഉള്ളറകളിൽനിന്ന്‌ ഉടഞ്ഞുകലങ്ങിയ ഒന്ന് കുത്തിയൊലിച്ചു വന്നതാവാനേ തരമുള്ളൂ എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അങ്ങനെയൊരു അബോധസഞ്ചാരം. 
 
എഴുതുമ്പോൾ, മഞ്ഞുപാടയാലെന്നപോലെ ചിലതുമാത്രം വന്നിറങ്ങിപ്പോയി. നിരർഥകതയുടെ ആഴങ്ങളിലേക്കുപോയ ഒരമ്മയുടെ വിഭ്രാന്തതാളം എഴുത്തിലുടനീളം കനംവച്ചുകിടന്നു. കത്തിയമർന്നിട്ടും പൊള്ളിപ്പടരുന്ന അമ്മിഞ്ഞനൂലിഴ ഓരോ വാക്കിനെയും വരിയെയും വരിഞ്ഞുകെട്ടി. പദങ്ങളിലേക്കും ബിംബങ്ങളിലേക്കും അത് ചാലുകീറി. ഒടുവിൽ അമ്മിഞ്ഞപ്പാൽമാത്രമായി പരന്നുകിടന്ന കാലച്ചുരുക്കത്തിലേക്ക് കലണ്ടർ നിവർത്തിവയ്‌ക്കുമ്പോൾ, ഒക്‌ടോബർ ശേഷിച്ച് കലണ്ടറിലെ മറ്റു മാസങ്ങളെല്ലാം മാഞ്ഞുമറഞ്ഞ്‌ പോകുന്നു എന്ന് എഴുതിത്തീർന്നു. 
 
പാലക്കാട്ട്‌ എത്തിയ സമയത്തിനുള്ളിൽ തുണ്ടുകടലാസിൽ, അനാകർഷകവും അവ്യക്തവുമായി എഴുതി അവസാനിപ്പിച്ച ഒന്നിനെയാണ്, പറയത്തക്ക മാറ്റമൊന്നും വരുത്താതെ പ്രസിദ്ധീകരിച്ച, ‘ഉണങ്ങാപശ' എന്ന കവിതയായി ഞാൻ വിശ്വസിക്കുന്നത്. ഇങ്ങനെയൊന്ന് എന്ന് പറയാനുള്ള കാരണം, നെഞ്ചിൽനിന്ന്‌ കീറിയെടുത്ത ചീന്തിനെ കവിതയെന്നു വിളിക്കാമോ എന്ന സംശയത്തിലായിരുന്നു. ഈ സംശയം അന്നത്തെ സെപ്തംബർ അവസാനം ഞങ്ങൾ പെരിന്തൽമണ്ണയിൽ മാസംതോറും കൂടിയിരിക്കാറുള്ള എഴുത്തുകൂട്ടായ്‌മയിലും ഉന്നയിച്ചു. ആ ചെറുഗൃഹസദസ്സിൽ അന്ന് ദേശാഭിമാനി വാരിക എഡിറ്റർ ഡോ. കെ പി മോഹനൻ മാഷുമുണ്ട്‌. അവിടെ ‘ഉണങ്ങാപശ' വായിക്കുംമുമ്പ് വ്യക്തിപരമായ ഒന്നാണെങ്കിലും ഇത്തരം സൗഹൃദസദസ്സായതുകൊണ്ടുമാത്രമാണ് വായിക്കുന്നത് എന്ന് പറഞ്ഞുവച്ചു. വായിച്ചുതീർന്നതും അവിടമാകെ നിശ്ശബ്ദത പരന്നു. ഏതൊരു മരണവും ഉള്ളിലെത്തുമ്പോൾ അങ്ങനെയൊരു അവസ്ഥ സ്വാഭാവികവുമാണല്ലോ. മോഹനൻ മാഷ് കവിത വാങ്ങി. ആ കടലാസൊന്നു ചുരുട്ടിപ്പിടിച്ച് കുറെനേരമിരുന്നു. ഒന്നും പറയാതെ, ചുരുളൊന്നു നിവർത്തുകപോലും ചെയ്യാതെ പോക്കറ്റിലിട്ടു. ഞങ്ങളുടെ ഒക്‌ടോബർ മനസ്സുപോലെ, ആ ഒക്ടോബറിലെ ദേശാഭിമാനി വാരികയുടെ ഒരു ലക്കത്തിൽ ‘ഉണങ്ങാപശ' കറുത്ത് കണ്ണീർ പരന്നുകിടന്നു.
 
പിന്നീട് വർഷങ്ങൾ കഴിഞ്ഞ് 2017ൽ ‘ഉണങ്ങാപശ' എന്ന പേരിൽ കവിതാ സമാഹാരം കോഴിക്കോട് ഐ ബുക്‌സ്‌ ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച് ആ മാസം  പ്രകാശനവും നടത്തി. ഇത്രയും ഉള്ളുപൊള്ളിച്ചതും, ഏതുസന്ദർഭത്തിലും അകമേനിന്ന്‌ ഗദ്ഗദം കൊള്ളുന്നതുമായ ഒരു എഴുത്തനുഭവം ‘ഉണങ്ങാപശ'പോലെ മറ്റൊന്നില്ല. അതിനാലാകണം കവിതാസമാഹാരത്തിന്റെ  ആമുഖമായി ചേർത്ത നനഞ്ഞുപടർന്ന വാക്കുകൾ എപ്പോഴും തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടക്കുന്നതും. ‘‘ഈ വർഷം നിനക്ക് ഇരുപതുവയസ്സുതികയുന്നു. കുഞ്ഞിഫ്രോക്കിട്ട എട്ടുവയസ്സുകാരിയിൽനിന്ന്‌ അച്ഛനേറെയിഷ്ടപ്പെട്ട ദാവണിയുടെ ഓർമ ഞൊറിഞ്ഞിട്ട്, മനസ്സിൽ കൊലുസ്സ്‌ കിലുക്കിക്കിലുക്കി നീ വീണ്ടും വരികയാണ്. വളർന്നു സുന്ദരിയായിരിക്കുന്നു മോളേ നീ! അതെ, കാലം മായ്‌ച്ചിട്ടും മായാതെ നീ കാണാതെ കാണാതെ വലുതാവുകയാണ്. എവിടെപ്പോയൊളിച്ചിരിക്കുന്നു എന്നു നീ ഹൃദയം കൊളുത്തി വലിക്കുമ്പോൾ, പിടഞ്ഞു ജീവിക്കേണ്ടിവരുന്ന പിതാവിന്റെ ഭീരുത്വം പിന്നെയും ചൂഴുകയും... ‘ഉണങ്ങാപശ' നിനക്കുള്ളതാണ്. അകത്തുപുരണ്ട ഉണങ്ങാത്ത പശയൊട്ടിപ്പ്. മനസ്സ്‌ നനയുമ്പോഴെല്ലാം വലിച്ചൊട്ടിക്കുന്ന പശപശപ്പിന്. അഹന്തയുടെ മുനയൊടിച്ച്, മനുഷ്യജീവിതത്തിന്റെ മൂല്യമളന്ന നിന്റെ തിരിഞ്ഞുനോട്ടത്തിന്. കാലഭേദങ്ങളില്ലാത്ത ഋതുകൽപ്പനയ്‌ക്ക്‌. മൃതിഗന്ധമുള്ളൊരീ നിശാപുഷ്പങ്ങൾ.''

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top