26 April Friday

ചെൽസിയുടെ സ്വന്തം വിനയ്

ഡോ. സോണി ജോൺUpdated: Sunday Jul 11, 2021

കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ വിജയികളായ ഇംഗ്ലണ്ടിലെ ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ പ്രകടനത്തിലെ മലയാളി  സ്‌പർശമാണ് അവരുടെ വെൽനസ് പരിശീലകനായ വിനയ് മേനോൻ.  ജൂഡോ താരമായി കായികരംഗത്തെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽനിന്ന്‌ കായികശാസ്‌ത്ര വിഷയങ്ങളിൽ ബിരുദം നേടിയശേഷം  പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദത്തിനും  ലോണാവാലയിലെ കൈവല്യധാമ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള യോഗ പരിശീലനത്തിനും ശേഷമുള്ള വിനയ്‌ മേനോന്റെ  വളർച്ച അമ്പരപ്പിക്കുന്നതാണ്. 

ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രശസ്തനായ കായികശാസ്ത്ര പ്രയോക്താവെന്ന നിലയിൽ യോഗയെയും ജീവിത ക്ഷേമത്തെയും കായികപരിശീലനത്തിന്റെ മൂലസ്ഥാനത്ത് പ്രതിഷ്‌ഠിച്ച് കായികപ്രകടനത്തിന് പുതിയ സൂത്രവാക്യം ഉരുക്കഴിച്ചെടുക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ ഏറ്റവും സ്വീകാര്യനാക്കുന്നത്. 

ചെൽസിയുടെ മുൻതാരങ്ങളായ ദ്രോഗ്‌ബ, ഏഡൻ ഹസാർഡ്‌, ‌ ബ്രസീലിന്റെ ക്യാപ്റ്റൻ തിയാഗോ സിൽവ, ഫ്രാൻസിന്റെ എൻഗോളോ കാന്റെ ക്രൊയേഷ്യയുടെ കോവിസിച്ച്‌, ചെൽസിയുടെ ക്യാപ്റ്റനും സ്പെയിനിന്റെ താരവുമായ സെസാർ ആസ്‌പിൽക്യൂവേറ്റ, യൂറോപ്പിലെ പുത്തൻ താരോദയവും  ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തിളങ്ങിയ ഗോൾകീപ്പറുമായ സെനഗലുകാരൻ എഡ്വാർഡ് മെൻഡി, ചെൽസി പരിശീലകൻ തോമസ് ടുച്ചൽ,  ക്ലബ്ബിന്റെ ബോസായ റൊമാൻ അബ്രമോവിച്ച്‌ എന്നിവരുടെയെല്ലാം മനസ്സറിയുന്ന  പ്രിയങ്കരനായ മാനസിക ക്ഷേമകാര്യ വിദഗ്‌ധനാണ്‌ വിനയ്‌. ബിസിനസ് മാനേജുമെന്റിൽ പ്രൊഫസറായ ഭാര്യ ഫ്ലോമ്നിയും 11–-ാം ക്ലാസുകാരനായ മകൻ അഭയുമൊത്ത് സൗത്ത്‌ വെസ്റ്റ് ലണ്ടനിൽ താമസിക്കുന്നു.  വിനയ് തന്റെ അധ്യാപകനും കായിക മനഃശാസ്‌ത്രജ്ഞനുമായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡോ. സോണി ജോണുമായി സംസാരിക്കുന്നു.

 
 വിനയ്‌ മേനോനും ഭാര്യ ഫ്ലോമ്നിയും

വിനയ്‌ മേനോനും ഭാര്യ ഫ്ലോമ്നിയും

 ചെൽസി ക്യാപ്‌റ്റൻ സെസാർ ആസ്‌പിൽക്യൂവേറ്റയോടൊപ്പം, മുൻ ക്യാപ്‌റ്റൻ ജോൺ ടെറിയോടൊപ്പം

ചെൽസി ക്യാപ്‌റ്റൻ സെസാർ ആസ്‌പിൽക്യൂവേറ്റയോടൊപ്പം, മുൻ ക്യാപ്‌റ്റൻ ജോൺ ടെറിയോടൊപ്പം

ചെറായിൽനിന്ന്‌ ചെൽസിയിലെത്തി യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ പങ്കാളിയാകുമ്പോൾ എന്ത് തോന്നുന്നു. 
 
1993ലാണ് ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ കായികശാസ്‌ത്രവിഷയങ്ങൾ പഠിക്കാനെത്തുന്നത്. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ജൂഡോ താരമായിരുന്ന എന്നെ ഡോ. വിൽഫ്രഡ് വാസ് സാറാണ്  എന്നെ ക്രൈസ്റ്റ് കോളേജിലെത്തിക്കുന്നത്. ജൂഡോയിൽ  താൽപ്പര്യം കാണിച്ചിരുന്നതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ഒരു കോഴ്സെന്ന നിലയ്‌ക്കാണ് സ്‌പോർട്സ് സയൻസിൽ ബിഎസ്‌സി ചെയ്യാൻ തീരുമാനിക്കുന്നത്. അച്‌ഛനും അത് സമ്മതമായിരുന്നു. അതെന്നെ ചെൽസിവരെയെത്തിക്കുമെന്നോ യൂറോപ്യൻ ചാമ്പ്യൻസ് ലീഗുപോലുള്ള കിരീട നേട്ടത്തിൽ പങ്കാളിയാക്കുമെന്നോ ഒരിക്കലും കരുതിയതല്ല.
 
 ക്രൈസ്റ്റ് കോളേജിൽ പഠിച്ചത് കായികശാസ്‌ത്ര വിഷയങ്ങളായിരുന്നല്ലോ. അന്നത്തെ പഠനം  എത്രത്തോളം ഗുണകരമായിട്ടുണ്ട്.
 
അടിസ്ഥാന കോഴ്സെന്ന നിലയിൽ അന്നത്തെ ബിരുദ പഠനം നൽകിയ അറിവും താൽപ്പര്യവുമാണ് ഈ മേഖലയിൽത്തന്നെ തുടരാം എന്ന തീരുമാനത്തിലെത്തിച്ചത്. അന്ന് സാറ് ഞങ്ങളെ പഠിപ്പിച്ചത് സ്‌പോർട്സ് ഫിസിയോളജി ആണെന്നാണെന്റെ ഓർമ. സൈക്കോളജി ക്ലാസെടുത്തത് പോൾ ചാക്കോ സാറാണ്. സ്‌പോർട്സ് ട്രെയ്‌നിങ് പഠിപ്പിച്ചത് അരവിന്ദ് സാറും ലവി മേഡം ബയോമെക്കാനിക്‌സും വിവേക് സാർ അനാട്ടമിയും. വിൽഫ്രഡ് സാർ അധികം വൈകാതെ ഗ്വാളിയറിലേക്ക് പോയി. അന്നവിടന്ന് പകർന്നുകിട്ടിയ അറിവ് തന്നെയാണ് പിന്നീടുള്ള നേട്ടങ്ങൾക്ക് ഇന്ധനമായത്. 
 
പോണ്ടിച്ചേരി അനുഭവം
 
ക്രൈസ്റ്റ് കോളേജിലെ പഠനം കഴിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് അത്തരമൊരു കോഴ്സ് കായികാധ്യാപകനാകാനുള്ള മതിയായ യോഗ്യതയല്ലെന്ന്. ഉടനെ പോണ്ടിച്ചേരിക്ക് വണ്ടികയറി. കായികാധ്യാപനത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി കോളേജിലോ സ്‌കൂളിലോ അധ്യാപകനാകുകയായിരുന്നു ലക്ഷ്യം. അവിടെ എംഫിൽ പഠിക്കുമ്പോഴാണ് ഗവേഷണവുമായി ബന്ധപ്പെട്ട് യോഗയിൽ ശ്രദ്ധിക്കുന്നത്. ക്രമേണ യോഗയോട് പ്രകടമായ താൽപ്പര്യം ഉയർന്നുവന്നു. തുടർന്നാണ് ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്‌തമായ മഹാരാഷ്ട്രയിലെ ലോണാവാലയിലുള്ള കൈവല്യധാമ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമയ്‌ക്കു ചേരുന്നത്.  
 
യോഗയോട്  ഇഷ്ടം തോന്നാൻ കാരണം.
 
എന്റെ മുത്തച്ഛൻ ശ്രീധരമേനോൻ, നല്ലൊരു യോഗാഭ്യാസി ആയിരുന്നു. ചെറുപ്പത്തിൽ അതു കേട്ടും കണ്ടും  വളർന്നതുകൊണ്ടാകാം പരിശീലിക്കാൻ തുടങ്ങിയപ്പോൾ അതിനോ യോഗയോട് വലിയ ഇഷ്ടം തോന്നിയത്.
 
ചെൽസിയിലേക്കുള്ള വഴി
 
ലോണാവാലയിലെ യോഗപരിശീലനത്തിൽ നല്ല പ്രകടനം നടത്താൻ കഴിഞ്ഞതുകൊണ്ടാകണം  ഹരിദ്വാറിൽ യോഗ അധ്യാപകനായി ജോലികിട്ടിയത്‌. എന്നാൽ, ഫ്ലോമ്നിയുമായുള്ള വിവാഹശേഷം ദുബായിൽനിന്ന്‌ നല്ലൊരോഫർ കിട്ടിയപ്പോൾ ഇന്ത്യ വിട്ടു. അവിടെ എന്റെ യോഗ പരിപാടികളിൽ, പ്രത്യേകിച്ചും പൂർണചന്ദ്രോദയ ദിവസം ഞാൻ നടത്തിയിരുന്ന ‘ഫുൾ മൂൺ യോഗ'യിൽ സ്ഥിരമായെത്തിയിരുന്ന ഒരാളാണ്  യൂറോപ്പിലേക്ക് ക്ഷണിക്കുന്നത്. അത് അദ്ദേഹത്തിന്റെ മകൾക്കും ഭർത്താവിനും വേണ്ടി പേഴ്സണൽ യോഗാചാര്യനായി പ്രവർത്തിക്കാനായിരുന്നു. തുടക്കത്തിൽ വലിയ താൽപ്പര്യം കാണിച്ചില്ല. അന്ന് ഞാൻ ദുബായിൽ എസ്റ്റാബ്ലിഷ്ഡ് ആയിരുന്നു.
 
എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും അദ്ദേഹം  അതേ ഓഫറുമായി വന്നു. ശ്രമിച്ചുനോക്കാം എന്ന് ഞാനും  ഫ്ലോമ്നിയും തീരുമാനിച്ചു. ലണ്ടനിലെത്തി രണ്ട് ദിവസത്തിനുശേഷമാണ് ഞാനെന്റെ പുതിയ ബോസുമായി അദ്ദേഹത്തിന്റെ വീട്ടിൽവച്ചു കാണുന്നത്. ആ മീറ്റിങ്ങിനുശേഷം അദ്ദേഹവും കുടുംബവുമെന്നെ ഒരു ഫുട്ബോൾ മത്സരം കാണാൻ ക്ഷണിച്ചു. അന്നുവരെ യഥാർഥത്തിൽ വല്ലപ്പോഴും കളിച്ചിട്ടുണ്ടെന്നല്ലാതെ ഫുട്ബോളിന്‌ ജീവിതത്തിൽ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലായിരുന്നു. അവരോടൊപ്പം സ്റ്റേഡിയത്തിൽ കളികാണാനെത്തി അവർക്കുള്ള പ്രത്യേക സ്യൂട്ടിലിരിക്കുമ്പോൾ വലിയ സ്‌ക്രീനിൽ റോമൻ അബ്രമോവിച്ചിനെ കാണിക്കുമ്പോഴാണ് അദ്ദേഹമാണ് ചെൽസി എന്ന ഫുട്ബോൾ ക്ലബ്ബിന്റെ ഉടമസ്ഥനെന്നുതന്നെ ഞാനറിയുന്നത്. റൊമാനോടൊപ്പമുള്ള യാത്രകളും യോഗ സെഷനുകളും ഞങ്ങളെ കൂടുതലടുപ്പിച്ചു. അപ്പോഴാണ് അദ്ദേഹം ഒരഭിപ്രായമെന്ന നിലയിൽ എന്തുകൊണ്ട് ഒഴിവുവേളകളിൽ ക്ലബ്ബിലെ കളിക്കാരോടൊത്ത് ചെലവഴിച്ച് അവർക്കും യോഗയുടെ രീതികൾ പഠിപ്പിച്ചുകൂടാ എന്ന് ചോദിക്കുന്നത്. ആകാം എന്ന ഉത്തരത്തിനൊടുവിൽ ഒരുനാൾ അദ്ദേഹംതന്നെ എന്നെ ക്ലബ്ബിലെത്തിച്ച്‌ കളിക്കാരെയും പരിശീലകരെയും പരിചയപ്പെടുത്തിത്തന്നു.  
 
എങ്ങനെയായിരുന്നു തുടക്കത്തിലെ അനുഭവങ്ങൾ 
 
ലഭ്യമായ മിക്കവാറും ദിവസങ്ങളിൽ പരിശീലനവേളകളിൽ  ടീമിനൊപ്പം ചേരാറുണ്ടെങ്കിലും കളിക്കാരുമായി ബന്ധം സ്ഥാപിക്കാനോ സൗഹൃദത്തിലാകാനോ  കഴിഞ്ഞിരുന്നില്ല.  ഒരിക്കൽ ക്ലബ്ബ് കഫറ്റേരിയയിൽ ഒറ്റയ്‌ക്കിരിക്കുമ്പോൾ അവിടേക്കു വന്ന അന്ന് ടീമിലെ സൂപ്പർ താരമായിരുന്ന ഐവറികോസ്റ്റ് താരം ദ്രോഗ്ബ  തീർത്തും അപ്രതീക്ഷിതമായാണ് എന്നോട് സംസാരിക്കാൻ ആരംഭിച്ചത്. ഞാൻ എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് യോഗ ഫുട്ബോൾ പ്രകടനത്തിന് ഗുണകരമാകുകയെന്നുമെല്ലാം അദ്ദേഹം ചോദിച്ചുമനസ്സിലാക്കി. അടുത്ത ലീഗ് മാച്ചിനുശേഷം ഒരു ദിവസം തന്നോടൊപ്പം കുറച്ചു സമയം ചെലവഴിക്കാമോയെന്ന്‌ ഉറപ്പാക്കിയശേഷമാണ് അദ്ദേഹം മടങ്ങിയത്. അതൊരു തുടക്കമായിരുന്നു. മത്സരശേഷമുള്ള യോഗ മനഃശാന്തിക്കും ശാരീരിക വിശ്രമത്തിനും ഏറെ ഗുണപ്രദമാണെന്നദ്ദേഹം തിരിച്ചറിഞ്ഞതോടെയാണ് ഏദൻ ഹസാർഡടക്കമുള്ള താരങ്ങൾ എന്നെത്തേടിയെത്തുന്നത്. അതോടെ യോഗ ചെൽസിയുടെ പരിശീല പരിപാടിയിലെ മുഖ്യ ഇനങ്ങളിലൊന്നായി മാറി. മുഖ്യ പരിശീലകർ മാറിയപ്പോഴും അതിൽ മാറ്റമൊന്നുമുണ്ടായില്ല. ഇന്നത്തെ മികച്ച പ്രകടനത്തിൽ യോഗയ്‌ക്കുള്ള പങ്ക് അവർ തിരിച്ചറിയുന്നു. അതവരുടെ ജീവിതക്രമത്തിന്റെ ഭാഗമായിരിക്കുന്നു. ക്ലബ്ബ് വിട്ടുപോയ ദ്രോഗ്ബയും ഏദൻ ഹസാർഡുമൊക്കെ  യോഗ ദിനചര്യയാക്കി നിലനിർത്തുമ്പോൾ അതിനു നിമിത്തമാകാൻ കഴിഞ്ഞതിൽ വ്യക്തിപരമായി സന്തോഷവുമുണ്ട്.   
 
വെൽനസ്' എന്നാൽ ക്ഷേമമാണല്ലോ. ആ ആശയം സ്‌പോർട്സുമായി ബന്ധപ്പെടുത്തി ഒന്ന് വിശദീകരിക്കാമോ.
 
വെൽനസ്  വിശാലമായ ആശയമാണ്. അതിൽ ശാരീരികവും മാനസികവും സാമൂഹ്യവും വൈകാരികവും ആത്മീയവുമായ അംശങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഓരോ വ്യക്തിക്കും അവരുടേതായ വെൽനസ് ആശയങ്ങളും മണ്ഡലങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയെയും പ്രത്യേകമായി പരിഗണിക്കുകയുംവേണം. തീർച്ചയായും നമ്മൾ ചെയ്യുന്ന പ്രവൃത്തി ആ വ്യക്തിക്ക് ഗുണകരമാകണമെങ്കിൽ ആ വ്യക്തിക്ക് നമ്മളിൽ വിശ്വാസം ജനിപ്പിക്കാനാകണം. റൊമനും കളിക്കാർക്കും പരിശീലകർക്കും എന്നിൽ അത്തരം ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതാണ്  തുടക്കത്തിൽ തുണയായത്. ചെൽസിയിലാണെങ്കിൽ ഞാൻ ഏർപ്പെടുന്നത് ഏതെങ്കിലുമൊരു വ്യക്തിയുമായല്ല മറിച്ച്, ഫുട്‌ബോളിനെ ഉന്നതശ്രേണിയിൽത്തന്നെ തൊഴിലാക്കിയ വ്യക്തികളോടാണ്. അത്തരമൊരു തൊഴിലിൽ നിന്നുള്ള ആഘാതങ്ങൾ മറികടക്കാൻ അവരെ സഹായിച്ച് തുടർച്ചയായ മത്സരങ്ങൾക്ക് അവരെ തയ്യാറാക്കുകയെന്നതാണ് വെൽനസ് പരിശീലകനെന്നനിലയിൽ എന്റെ ജോലി. അതിൽത്തന്നെ ഏറ്റവും പ്രധാനം കളികൾക്കും പരിശീലനത്തിനും ശേഷമുള്ള വൈകാരികമായ പുനരുജ്ജീവനമാണ് (Emotional Recovery). മത്സരശേഷം വൈകാരികമായ ബാലൻസ് തിരിച്ചെടുക്കേണ്ടത് അടുത്തമത്സരത്തിന് അത്യന്താപേക്ഷിതമാണ്. ലീഗ് മത്സരങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ. വൈകാരിക നിയന്ത്രണത്തിലൂടെ അവശ്യം വേണ്ട സന്തുലനം നിലനിർത്തേണ്ടത് ഉയർന്ന പ്രകടനത്തിന് അനിവാര്യം. അവിടെയാണ് യോഗയുടെ പ്രസക്തിയും.  സ്‌പോർട്സിലെ ഉന്നതപ്രകടനത്തിനു സഹായമാകാൻ യോഗയ്‌ക്ക്‌ കഴിയുന്നതും അതുകൊണ്ടുതന്നെ.
 
കോവിഡ് കാലത്തെ പരിശീലനത്തെക്കുറിച്ച്. 
 
തീർത്തും വ്യത്യസ്‌തമായ ഒരനുഭവമായിരുന്നു അത്. ബയോ ബബിളിനുള്ളിലെ ജീവിതം കളിക്കാരെയും പരിശീലകരെയുമെല്ലാം കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരാക്കിയെന്നാണ് എനിക്കു തോന്നുന്നത്‌. മാത്രമല്ല, ജീവിതക്രമത്തിലെ നിയന്ത്രണങ്ങൾ നേരത്തേ സൂചിപ്പിച്ചപോലുള്ള തീർത്തും ബാലൻസ്ഡ് ആയ ഒരു വൈകാരികാവസ്ഥ നേടിയെടുക്കാൻ ഒട്ടൊക്കെ കളിക്കാർക്ക് സഹായകരമാകുകയും ചെയ്‌തു.  രോഗം ബാധിച്ചാലുള്ള അപകടാവസ്ഥയെക്കുറിച്ചുള്ള ബോധ്യം എല്ലാവർക്കുമുണ്ടായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് കളിക്കാർക്കുണ്ടായിരുന്ന ഉന്നതബോധം പോലെതന്നെ  അസുഖം വന്നാലുള്ള കുഴപ്പങ്ങളെക്കുറിച്ചും അവർ ബോധവാന്മാരായിരുന്നു. എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ടതെന്നതിനെക്കുറിച്ചും എന്തൊക്കെയാണ് കൈവിടാതിരിക്കേണ്ടതെന്നതിനെക്കുറിച്ചും  ടീമിന് നല്ല ധാരണയുണ്ടായിരുന്നു. അതുണ്ടാക്കിയ ഒരൈക്യബോധം ടീമിന്റെ പ്രകടനത്തിന് ഏറെ ഗുണം ചെയ്‌തു.
 
ചാമ്പ്യൻസ് ലീഗ് വിജയത്തെക്കുറിച്ച്
 
ടീം മാനേജ്മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത വിജയമായിരുന്നു അത്. കളിക്കാരെല്ലാവരും ഉയർന്ന വിജയതൃഷ്‌ണ പ്രകടിപ്പിച്ചു. പുതുമുഖ താരമായിരുന്ന സെനഗലിൽ നിന്നുള്ള ഗോൾകീപ്പർ എഡ്വേഡ് മെൻഡിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.  ചെൽസിയുടെ വിജയത്തിന്റെ അടിസ്ഥാന കാരണം ഇതൊന്നുമല്ല. അത് ടീമിന്റെ ഐക്യബോധം തന്നെയാണ്. ഞങ്ങളുടെ വെൽനസ് പ്രോഗ്രാമിലുൾപ്പെടെയുള്ള ആകെ പരിശീലന പരിപാടികളിൽ അതിനായിരുന്നു ഏറ്റവും മുൻതൂക്കം. അതിനായി ടീമിന്റെ ഉൾഘടനതന്നെ പിരമിഡ് രൂപത്തിലാണ് ഞങ്ങൾ ആസൂത്രണം ചെയ്‌തത്. വ്യക്തികൾക്ക്   പ്രാധാന്യം കൽപ്പിച്ചിരുന്നെങ്കിലും ഏറെ പ്രധാനം ടീമിന്റെ ഒത്തൊരുമയും കോമ്പിനേഷനും തന്നെയായിരുന്നു. വ്യക്തികൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന ‘വെർട്ടിക്കൽ'ഘടനയിൽ ഞാൻ എന്ന സങ്കൽപ്പത്തിനാണ് മുൻതൂക്കം.  സൂപ്പർതാരങ്ങൾ കളിക്കുന്ന ടീമുകളിൽ നമുക്കതുകാണാം. എന്നാൽ, ചെൽസിയിലെ പിരമിഡ് മോഡലിൽ നമ്മളെന്ന ആശയത്തിനാണ് മുൻതൂക്കം. അത്തരമൊരു സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്നതിൽ യോഗയും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിർണായകമായതും അതുതന്നെയാണ്.
 
ക്ലബ് മാനേജ്‌മെന്റിനെക്കുറിച്ച് 
 
വീട്ടിലെ തലമുതിർന്ന കാരണവരുടേതുപോലെയാണ് മാനേജ്‌മെന്റിന്റെ റോൾ. അതവർ നന്നായി ചെയ്യുന്നുണ്ട്. കളിക്കാർക്ക് വേണ്ടതെല്ലാം നൽകാൻ അവർക്കാകുന്നുണ്ട്. കളിയോടുള്ള  മാനേജ്‌മെന്റിന്റെ അഭിനിവേശം തന്നെയാണ് അതിനാധാരം. ഒരു കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷമാണ് ക്ലബ്ബ് പൊതുവെ നൽകുന്നത്.
 
എഡ്വേഡ് മെൻഡിയെക്കുറിച്ച്‌ സൂചിപ്പിച്ചതുകൊണ്ട് ചോദിക്കട്ടെ. ആഫ്രിക്കൻ താരങ്ങളെ വ്യത്യസ്‌തരാക്കുന്നത് എന്താണ്. 
 
ആഫ്രിക്കൻ കളിക്കാരെ വ്യത്യസ്‌തരാക്കുന്നത് അവരിലെ തുടിക്കുന്ന നൈസർഗികതയാണ്. അത് മെൻഡിയെമാത്രം വിലയിരുത്തിയുള്ള നിഗമനമല്ല. ഞാൻ അടുത്തറിഞ്ഞ ആഫ്രിക്കൻ താരങ്ങളിൽ മിക്കവരും അത്തരം ഗുണങ്ങളുള്ളവരാണ്.
 
കായിക വിദ്യാഭ്യാസരംഗത്തു നിന്നാണല്ലോ വിനയ് വെൽനസിലേക്കെത്തുന്നത്. കായിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഭിപ്രായം.
 
ഇംഗ്ലണ്ടിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന വിഷയങ്ങളിലൊന്നാണ് കായിക വിദ്യാഭ്യാസം. എന്റെ മകൻ പഠിക്കുന്ന സ്‌കൂളിൽ ഏറ്റവും പ്രാധാന്യം കായികാധ്യാപകർക്കാണ്.  കുട്ടികൾക്ക് ഏറെ ഇഷ്ടം കായികാധ്യാപകരെ. ഇന്ത്യയിലെ  സ്ഥിതി തീർത്തും ശുഭകരമല്ല. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സർക്കാരുകൾ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്. അതുപോലെതന്നെ കായികാധ്യാപകരും തങ്ങളുടെ അറിവ് വർധിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ചുരുക്കി പറഞ്ഞാൽ നല്ലൊരു കായികസംസ്‌കാരം പടുത്തുയർത്താനായാൽ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കായിക വിദ്യാഭ്യാസത്തിനു കഴിയും. ഏതാനും കുട്ടികളെ പരിശീലിപ്പിച്ച് മെഡൽ നേടുന്നതിനേക്കാൾ എല്ലാവർക്കും കളിക്കാനും കായിക വിനോദങ്ങളിലും അഭ്യാസങ്ങളിലും ഏർപ്പെടാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ കായികാധ്യാപകർക്കാകണം. അതുപോലെതന്നെ സ്‌കൂളിലെ അച്ചടക്കം മൊത്തത്തിൽ കായികാധ്യാപകൻ ഏറ്റെടുക്കുന്ന പ്രവണതയും ഒഴിവാക്കപ്പെടേണ്ടതാണ്. അക്കാദമിക വിഷയമെന്നനിലയിൽ കായിക വിദ്യാഭ്യാസം ഇന്ത്യയിൽ ഇന്നും സ്വത്വപ്രതിസന്ധിയിലാണ്. ഈരംഗത്ത് ചില ഇടപെടലുകൾ നടത്താൻ കഴിയുമെന്ന് കരുതുന്നു. അതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top