29 March Friday
വായന

കൊല്ലുന്ന പ്രത്യാശയ്‌ക്കുമേൽ

സച്ചിദാനന്ദന്‍Updated: Sunday Oct 10, 2021

‘‘ഓണവില്ലേ, ഓണവില്ലേ,

നീ തൊടുത്തോരക്ഷരത്തിൽ

ചോരയുണ്ടല്ലോ

ചെന്നുവീഴും തൊടിയിടത്തിൽ

തുമ്പയില്ലല്ലോ''

 പുരികങ്ങൾക്കിടയിലെ സൂര്യോദയം എന്ന സമാഹാരത്തിലെ ഓണവില്ല്‌ ഈ വരികളിൽ വിനോദ് വൈശാഖിക്ക്  വായനക്കാരോട് പറയാനുള്ളതിന്റെ സംഗ്രഹമുണ്ട്‌. അക്ഷരത്തിൽ പുരളുന്ന ചോരയും തൊടിയിലെ തുമ്പയുടെ അസാന്നിധ്യവുമാണ് വിനോദിന്റെ കവിതയുടെ രണ്ടറ്റങ്ങൾ. ഈ കവി അവതരിപ്പിക്കുന്ന ഭാവങ്ങളെല്ലാം ഈ രണ്ടവസ്ഥകൾക്കിടയ്‌ക്കുള്ളവയാണ്. ഓണത്തുമ്പികൾ മാഞ്ഞുപോവുകയും ഓണമുണ്ണാൻ വിൽക്കാൻ കാണം പോലും ഇല്ലാതാവുകയും ചെയ്‌ത, മനുഷ്യനും പ്രകൃതിയും ഒരുപോലെ ദരിദ്രരാകുന്ന ഒരു ഇരുണ്ട കാലമാണ്  കവിയെ പേനയെടുപ്പിക്കുന്നത്.

‘കരിമ്പാറയ്‌ക്കുള്ളിലും കൽച്ചുവരിലും ഓളങ്ങൾ വിഴുങ്ങുന്ന പുഴയുടെ വക്കിലും പൂക്കൾ അതിജീവിക്കുന്നുണ്ട്' എന്ന് കവി തിരിച്ചറിയാതിരിക്കുന്നില്ല, പക്ഷേ തന്റെ പ്രിയകവി കടമ്മനിട്ടയെപ്പോലെ (പുരികങ്ങൾക്കിടയിലെ സൂര്യോദയം എന്ന  സമാഹാരത്തിലെ കവിത കാണുക) ചൂഷണം, ദാരിദ്ര്യം, ദുഃഖം, അടിമത്തം ഇവയെല്ലാമാണ് കൂടുതലായും വിനോദിന്റെ കവിതയുടെ പ്രേരകങ്ങൾ. കവിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ദൂരങ്ങളും ദുരിതങ്ങളും'.

ഞാറ്റുവേലപ്പാട്ടിൽ തീ പടരുന്നതും  ഭാഷകൾ അസ്‌തമിക്കുന്നതും കാടും നദിയും മരിക്കുന്നതും ദേശകഥകളും കാവടിച്ചിന്തുകളും ഇല്ലാതാകുന്നതും (തീ പടർന്നല്ലോ എന്ന കവിത) അദ്ദേഹം വേദനയോടെ കണ്ടുനിൽക്കുന്നുണ്ട്. വൈലോപ്പിള്ളിയുടെ ‘മാമ്പഴം' ഓർമിച്ചു കൊണ്ട് ഇപ്പോൾ അങ്കണങ്ങളിൽ തൈമാവുകൾ ഇല്ലെന്നും പൊട്ടിക്കാൻ പൂങ്കുലയോ തല്ലാൻ ചെറുചില്ലയോ ഇല്ലെന്നും കവി കാണുന്നു. ഇന്നത്തെ ചിത്രം ഇങ്ങിനെയാണ്: ‘ഉണ്ണികൾ അകന്നൊരാ/മാഞ്ചോട്ടിൽ വടിയുമായ്/പൂങ്കുല പൊട്ടുന്നതും/നോക്കി നിൽക്കയാണമ്മ.' 

പുസ്‌തകത്തിന്റെ ശീർഷക കവിതയായ ‘പുരികങ്ങൾക്കിടയിലെ സൂര്യോദയം' ഒരു പെൺകുട്ടിയിലുള്ള പുരികങ്ങളുടെ ലീലകൊണ്ട് പുരുഷൻമാരുടെ ഹൃദയത്തെ ചുരുട്ടിയെറിയുന്ന സൂര്യതേജസ്സിനെക്കുറിച്ചാണ്. പുരികവില്ലുകൾകൊണ്ട് അവർ അശോകവും അരവിന്ദവും ചൂതവും നവമാലികയും വിടരാതെ  തടുക്കുന്നു. പനിപിടിച്ച സൂര്യനെ ഒറ്റപ്പുരികംപോലെയുള്ള മേൽക്കൂരയിലേക്ക് കയറ്റുന്നു. ഒടുവിൽ അവരുടെ നീർപ്പൂക്കൾക്കിടയിൽ സൂര്യൻ അസ്‌തമിക്കുന്നു.

‘തീപിടിച്ചതോക്ക്' നമ്മുടെ ഹിംസകാലത്തെ സംഭവസൂചനകളും ബിംബങ്ങളും കൊണ്ട് അടയാളപ്പെടുത്തുന്നു. ‘ജനൽക്കമ്പി മീട്ടലി'ൽ ആണിന്റെ കണ്ണേറിൽ തോൽക്കാത്ത വാർത്തകളിൽ നഗ്നയായ് കിടക്കാൻ കൂട്ടാക്കാത്ത പെണ്ണിനെയാണ് കാണുക. ‘കുറുമ്പുകൾ' ചോദ്യങ്ങളിലൂടെ വിടരുന്ന പ്രകൃതി കാവ്യമാണ്. ‘കഠാര കാലുകുത്തുമ്പോൾ അലാറം മുഴങ്ങണം' എറണാകുളത്ത് നടന്ന ഒരു വിദ്യാർഥിയുടെ കൊലപാതകത്തെ കാവ്യവിഷയമാക്കുന്നു. ട്രംപിന്റെ സബർമതി സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കറുത്ത ഹാസ്യം നിറഞ്ഞ രചനയാണ് ‘മതിലുവണ്ടി'.

കാറ്റെടുക്കുന്ന കൂര, അകന്നു പോകുന്ന വീട്, കറ്റ കെട്ടിപ്പിടിച്ചിരിക്കുന്ന ഒറ്റുകാരൻ, ചുരുങ്ങിച്ചുരുങ്ങി കഴുത്തിൽക്കുരുങ്ങുന്ന വൃത്തം, മാമ്പൂവിനു പകരം വെടിമരുന്ന് മണക്കുന്ന കാറ്റ് (കാറ്റ്കൊയ്യും പാടം), കർഷക സംസ്‌കൃതിയുടെ പിൻവലിയൽ (പോത്തുകൾ ഉഴുതിരുന്ന കാലം) കൊല്ലുന്ന പ്രത്യാശ (കിണർ) ഇങ്ങനെ നഷ്‌ടമായ ലോകത്തിനും കിട്ടാനുള്ള ലോകത്തിനും ഇടയിൽപ്പെട്ടുപോകുന്ന മനുഷ്യരുടെ ധർമസങ്കടങ്ങളാണ് ഈ കവിതകളിൽ മ്ലാനതയായും രോഷമായും ആശയായും നിറഞ്ഞുനിൽക്കുന്നത്. അങ്ങനെ ഈ കവി കാലത്തിന്റെ പാട്ടുകാരനാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top