15 December Monday

റോസ് മേരി വരയ്‌ക്കുന്നത്‌ പ്രേക്ഷകരുടെ മനസ്സിൽ

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Sep 10, 2023

ഒരു സിനിമയെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുന്നത്‌ പോസ്റ്ററുകളാണ്‌. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഈ മേഖലയിൽനിന്ന്‌ ഒരു പെൺകുട്ടി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയിൽ അംഗത്വം നേടി. കണ്ണൂരിലെ മലയോരഗ്രാമമായ കുടിയാന്മലയിലെ അരങ്ങിൽനിന്ന്‌ സിനിമാ ടൈറ്റിൽ രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്‌ റോസ്‌‌ മേരി ലില്ലു. 20–-ാം വയസ്സിൽ സിനിമകളിൽ ഫ്രീലാൻസ് പോസ്റ്റർ ഡിസൈനറായി തുടക്കം. ഏഴുവർഷം പിന്നിട്ട സിനിമാ ജീവിതത്തിൽ ലൗ ആക്‌ഷൻ ഡ്രാമയടക്കം ശ്രദ്ധേയമായ സിനിമകൾ. തന്റെ സ്വപ്‌നം തേടിയുള്ള യാത്രയെക്കുറിച്ച്‌, മലയാള സിനിമയിൽ ആദ്യ വനിതാ ഡിസൈനർ എന്ന നേട്ടത്തിലേക്ക്‌ എത്താനായി താണ്ടിയ വഴികളെക്കുറിച്ച്‌ റോസ് മേരി ലില്ലു സംസാരിക്കുന്നു:

ഫാൻമെയ്‌ഡ്‌ പോസ്റ്ററുകളിൽ തുടക്കം

സിനിമയിൽ എത്തുന്നതിനെക്കുറിച്ചുപോലും അധികം സ്വപ്‌നം കാണാൻ കഴിയാത്ത നാട്ടിൻപുറത്താണ്‌ ജനിച്ചത്‌. സ്‌കൂളിനുശേഷം എല്ലാവരും ബികോം, നഴ്‌സിങ്‌ അല്ലെങ്കിൽ എൻജിനിയറിങ്‌ എന്നിങ്ങനെയാണ്‌ പോയിരുന്നത്‌. ചെറുപ്പംമുതൽ വരയ്‌ക്കുമായിരുന്നു. പക്ഷേ, എന്തു പഠിക്കണമെന്ന്‌ അന്വേഷിക്കാൻ അറിയില്ലായിരുന്നു. അതിനുള്ള സാഹചര്യവും ഇല്ലായിരുന്നു. സിനിമ സ്വപ്‌നമായിരുന്നു. കാണുകയും ചെയ്യുമായിരുന്നു. അതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല.   പപ്പയുടെ അനിയൻ വഴിയാണ്‌ ഡിഗ്രിക്ക്‌ കോഴിക്കോട്‌ ബിഎംഎംസിക്ക്‌ ചേരുന്നത്‌. അതാണ്‌ വഴിത്തിരിവായത്‌. കോഴിക്കോട്ട്‌ പഠിക്കുമ്പോഴാണ്‌ ഡിസൈനിങ്ങിന്റെ സാധ്യത മനസ്സിലാക്കുന്നത്‌. പക്ഷേ, അതിൽ ശ്രദ്ധിക്കാനൊന്നും പറ്റിയിരുന്നില്ല. കോളേജിൽവച്ച്‌ അഭിമുഖംവഴി കൊച്ചിയിൽ ഒരു കമ്പനിയിൽ ഇന്റേൺഷിപ് കിട്ടി. തുടർന്ന്‌ ജോലിയും. 20–-ാം വയസ്സിൽ ജോലി ലഭിച്ചു. ആ ജോലിക്ക്‌ സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു. എന്നാൽ, നടന്മാരുടെയൊക്കെ ഡിജിറ്റൽ ആർട്ട്‌ ചെയ്യുമായിരുന്നു. അതിൽ ചിലതെല്ലാം ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയൊക്കെ ആളുകളിലേക്ക്‌ എത്തുന്ന കാലമായിരുന്നു. ചിലതെല്ലാം നടന്മാർ തന്നെ പങ്കുവച്ചു. പ്രേമം സിനിമയുടെ ഫാൻ മെയ്‌ഡ്‌ പോസ്റ്റർ ചെയ്‌തു. അത്‌ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവച്ചു. ഇങ്ങനെ ചെയ്‌ത ഫാൻ മെയ്‌ഡ്‌ പോസ്റ്ററുകളാണ്‌ സിനിമയിലേക്ക്‌ വഴിതുറന്നത്‌. ഇതുകണ്ടാണ്‌ ‘കവി ഉദ്ദേശിച്ചത്‌’ സിനിമയുടെ സംവിധായകൻ വിളിക്കുന്നത്‌. പുലിമുരുകൻ സിനിമയുടെ ഓൺലൈൻ പോസ്റ്ററുകൾ ചെയ്‌തിരുന്നു.

റോസ്‌‌ മേരി ലില്ലു

റോസ്‌‌ മേരി ലില്ലു

വഴിത്തിരിവ്‌ ലൗ ആക്‌ഷൻ ഡ്രാമ

സിനിമയുടെ ഓഡിയോ ലോഞ്ചിന്‌ ഫോട്ടോ എടുക്കാൻ പോകും. ചില ഫോട്ടോകൾ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കും. അങ്ങനെയാണ്‌ അജു വർഗീസിനെ പരിചയപ്പെടുന്നത്‌. അജു ചേട്ടനാണ്‌ ‘ലൗ ആക്‌ഷൻ ഡ്രാമ’യിൽ ശ്രമിക്കാൻ പറയുന്നത്‌. അങ്ങനെ അജു വർഗീസ്‌ വഴിയാണ്‌ ധ്യാൻ ശ്രീനിവാസനിലേക്ക്‌ എത്തുന്നത്‌. ലവ് ആക്‌ഷൻ ഡ്രാമയുടെ ടൈറ്റിൽ ഇംഗ്ലീഷിൽത്തന്നെ വേണമെന്നു പറഞ്ഞിരുന്നു. നാലു തവണ ചെയ്‌തശേഷമാണ്‌ സിനിമയിൽ ഉപയോഗിച്ച ടൈറ്റിലിലേക്ക്‌ എത്തിയത്‌. ലൗ ആക്‌ഷൻ ഡ്രാമയ്‌ക്കുശേഷം സിനിമയിൽത്തന്നെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. തുടർന്ന്‌ ജോലി രാജിവച്ച്‌ ഫ്രീലാൻസായി ജോലി ചെയ്യാൻ തുടങ്ങി. ആ ഘട്ടത്തിലാണ്‌ കോവിഡ്‌ വരുന്നത്‌. ചില സിനിമകൾ അങ്ങനെ മുടങ്ങിപ്പോയി. ഇതിനുശേഷമാണ്‌ ‘എല്ലാം ശരിയാക്കും’ ചെയ്യുന്നത്‌. ആദ്യമായി ഒരു സിനിമയുടെ എല്ലാ ഡിസൈനിങ്ങും ചെയ്‌തു.

മുന്നോട്ടുകൊണ്ടുപോകുന്നത്‌ ആഗ്രഹം

എന്റെ കൂടെ പഠിച്ചവരും ജോലി ചെയ്‌തവരുമെല്ലാം സാമ്പത്തികമായി നല്ല നിലയിലായി. എന്നാൽ, എനിക്ക്‌ അങ്ങനെയായി എന്ന്‌ പറയാനാകില്ല. സിനിമ കൊണ്ടുമാത്രം നിലനിൽക്കാൻ പറ്റുന്ന സ്ഥിതിയിലേക്ക്‌ എത്താനായിട്ടില്ല. ഡിസൈനിങ്‌ ജോലികൾക്കൊപ്പം വീഡിയോ എഡിറ്റിങ്ങും ചെയ്യുന്നുണ്ട്‌. ഓൺലൈൻ പ്രചാരണത്തിന്റെ വർക്കുകളും ലഭിക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെയാണ്‌ മുന്നോട്ടുപോകുന്നത്‌. ഇതിൽനിന്ന്‌ ലഭിക്കുന്ന വരുമാനംകൊണ്ട്‌ വീടുപണിയിൽ സഹായിക്കാനായി. എന്നാൽ, പലപ്പോഴും പതറിപ്പോയിട്ടുണ്ട്‌. ആ ഘട്ടത്തിൽ ചെയ്‌ത സിനിമകളിൽനിന്ന്‌ ലഭിച്ച ധൈര്യവും  സിനിമയെന്ന ആഗ്രഹവുമാണ്‌ മുന്നോട്ടുകൊണ്ടുപോകുന്നത്‌. ഫോട്ടോഗ്രഫിയും എഡിറ്റിങ്ങും താൽപ്പര്യമുണ്ട്‌. വീഡിയോ എഡിറ്റിങ്ങിൽനിന്നാണ്‌ കൂടുതൽ വരുമാനം കിട്ടുന്നത്‌.

സ്‌ത്രീകൾ കടന്നുവരണം

എന്താണ്‌ ഈ മേഖലയിലേക്ക്‌ സ്‌ത്രീകൾ അധികം വരാത്തതെന്ന്‌ ആലോചിച്ചിട്ടുണ്ട്‌. എന്റെ കൂടെ ഏഴ്‌ പെൺകുട്ടികൾ പഠിച്ചിരുന്നു. അവർ ആരുംതന്നെ സിനിമയിലേക്ക്‌ എത്തിയിട്ടില്ല. ഒരുപക്ഷെ മറ്റു മേഖലകളിൽ ഡിസൈനിങ്‌ ജോലി ചെയ്‌താൽ വുരമാനം കൂടുതലാണ്‌, സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുമെന്നതുകൊണ്ടായിരിക്കും. ‘ആനന്ദ്‌’എന്ന സിനിമയിൽ മാത്രമാണ്‌ ഇതുവരെ മലയാള സിനിമയിൽ ഈ മേഖലയിൽ ഒരു സ്‌ത്രീയുടെ പേരു കണ്ടത്‌. സോഷ്യൽ മീഡിയയിലൊക്കെ ആൺകുട്ടികൾ ഒരുപാട്‌ ഈ മേഖലയിലേക്ക്‌ എങ്ങനെയാണ്‌ എത്തുക എന്നൊക്കെ ചോദിക്കാറുണ്ട്‌. എന്നാൽ, ഇതുവരെ ഒരു പെൺകുട്ടിയും ചോദിച്ചിട്ടില്ല.

വെല്ലുവിളികൾ 

ചെയ്‌ത സിനിമകളിൽ വലിയ രഹസ്യങ്ങൾ ഒളിപ്പിച്ചുവയ്‌ക്കുന്ന, ഡീകോഡിങ്‌ സാധ്യതയുള്ള പോസ്റ്ററുകൾ ഇതുവരെ ചെയ്‌തിട്ടില്ല. ചെയ്‌തവയിൽ കൂടുതലും ഫീൽഗുഡ്‌ സിനിമകളായിരുന്നു. വെല്ലുവിളി നിറഞ്ഞ സിനിമകൾ ഇതുവരെ ലഭിച്ചിട്ടില്ല. അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണ്‌. ഇതുവരെ 10 സിനിമ  ചെയ്‌തു. ആശിർവാദ്‌ സിനിമാസിന്റെ ഓൺലൈൻ വർക്കുകൾ ചെയ്യുന്നുണ്ട്‌.  ഉല്ലാസ പൂത്തിരികൾ, ചൊലവിസ്‌കി എന്നീ സിനിമകൾ ഇറങ്ങാനുണ്ട്‌. പുതിയ ചില സിനിമകളുടെയും ഭാഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top