അഭിമുഖങ്ങളുടെ വേറിട്ട വഴി
നാരായണൻ കാവുമ്പായി
കുഞ്ഞുകഥകളിലൂടെ മലയാളിയുടെ സംവേദനക്ഷമതയുടെ അരിക്കുകളിൽ തീ കൊളുത്തിയ കഥാകൃത്ത് പി കെ പാറക്കടവിന്റെ വ്യത്യസ്ത പുസ്തകമാണ് ‘പള്ളിക്കുന്നിൽനിന്ന് ടി പത്മനാഭൻ വിളിക്കുന്നു'. ടി പത്മനാഭനെക്കുറിച്ച് മാത്രമല്ല, എം മുകുന്ദൻ, സേതു, സച്ചിദാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവക്കുറിപ്പുകൾ ഈ സമാഹാരത്തിലുണ്ട്. ‘പാർടിക്ക് തെറ്റുപറ്റിയിട്ടില്ല’ എന്ന ശീർഷകത്തിൽ പിണറായി വിജയനുമായി നടത്തിയ സുദീർഘ അഭിമുഖം ശ്രദ്ധേയമാണ്. സമകാല രാഷ്ട്രീയ സംഭവങ്ങളും അതിലെ ഇടതുപക്ഷ വിലയിരുത്തലുമാണ് ഈ അഭിമുഖം. കഥയുടെ നളിനകാന്തിയിൽ പ്രകാശം പരത്തിനിൽക്കുന്ന ടി പത്മനാഭനുമൊത്തുള്ള ചില സന്ദർഭങ്ങളെ ആത്മാനുഭവങ്ങളുടെ പിൻബലത്തിലാണ് ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നത്. പുനത്തിൽ കുഞ്ഞബ്ദുള്ളയെക്കുറിച്ചുള്ള ആഖ്യാനം ‘കഥയുടെ രാജാവ് ഇപ്പോൾ വിശ്രമത്തിലാണ്’ എന്ന തലക്കെട്ടിലാണ്. എഴുപതുകളുടെ ഒടുവിൽ സ്മാരക ശിലകളിലൂടെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് കുഞ്ഞബ്ദുള്ള. ലേഖനങ്ങൾ, അഭിമുഖങ്ങൾ എന്നീ രണ്ടു ഭാഗങ്ങളിലായി എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകം ഗൗരവമായ വായന അർഹിക്കുന്നു.
പ്രപഞ്ചനിറങ്ങളിൽ ബുദ്ധമുഖം
ദീപ്തി ജയൻ
മധുപാലിന്റെ "ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ’ എന്ന ഏഴു കഥ അടങ്ങിയ കഥാസമാഹാരത്തിലെ ഓരോ കഥയും വായിക്കുമ്പോൾ ബോധ്യമാകുന്നത് ഓരോ മനുഷ്യനും അവന്റെ രൂപഭാവങ്ങളിലും വികാരവിചാരങ്ങളിലും മറ്റുള്ളവരുമായി സാമ്യംതോന്നുമെങ്കിലും ഓരോരുത്തരും മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തരാണ് എന്ന സത്യമായ കാഴ്ചപ്പാടാണ്. ആഖ്യാനരീതിയിലും വിഷയാവിഷ്കാരത്തിലും അതിസങ്കീർണവും എന്നാൽ അതീവ ലളിതവുമായ ശൈലിയിലൂടെ വായനക്കാരെ അടുപ്പിക്കുന്ന സാമർഥ്യം മധുപാലിന്റെ കഥകളുടെ സവിശേഷതയാണ്. " ഹ്രസ്വവും മനോഹരവുമായ സാരോപദേശങ്ങൾ’ എന്ന കഥയിൽ ശ്രീനാരായണഗുരു ഒരു ദർശനമായി നിറഞ്ഞുനിൽക്കുന്നു. ഇരുകരകളിലും ഒരു ബുദ്ധൻ എന്ന കഥ വായിക്കുമ്പോൾ മനോഹരമായ ഒരു പെയിന്റിങ് കാണുന്നപോലെയാണ്. എറണാകുളം നഗരത്തിലേക്ക് ജോലി അന്വേഷിച്ച് എത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് "ഭൂമിയെ നദികളാൽ പിളർക്കുന്നു’. ഒരു തൊഴിൽരഹിതന്റെ ആത്മസംഘർഷങ്ങളും തിരക്കുപിടിച്ച ഒരു നഗരത്തിന്റെ സ്വഭാവവും കഥയിൽ കാണാം. "ആകാശത്തോളം ഉയർന്നത്’ എന്ന കഥ മഹസ്സറുകളും പൊലീസും സാക്ഷികളും അവരുടെ മൊഴികളും നിറഞ്ഞതാണ്. മനുഷ്യത്വം മരിച്ചുകഴിഞ്ഞ ഒരു ലോകത്തെയാണ് എഴുത്തുകാരൻ ഇവിടെ അവതരിപ്പിക്കുന്നത്. സ്ത്രീയുടെ ഏകാന്തത, ദുഃഖം, സഹനം എന്നിവയൊക്കെ വരച്ചുകാട്ടുന്നു "പിമ്പിലുള്ളത് മറന്നും കൊണ്ട്’ എന്ന കഥ. "പുല്ലിനേക്കാൾ ഏറെയുള്ളത്’ എന്ന കഥ കരിയന്നൂർ കാവിന്റെ കഥയാണ്. പിന്നീട് മഹാനഗരമായി മാറാനുള്ള ഒരു നാടൻ പ്രദേശത്തിന്റെ ചിത്രം.
തെളിമയാർന്ന ജീവിതമെഴുത്തുകൾ
-സതീശൻ മോറായി
-‘ചുമരിലെ ചിലന്തിവലയെപ്പോഴും
ജീവിതമെന്നെഴുതും
ചതിയെന്ന് ഞാൻ വായിക്കും’
എം കെ മറിയുവിന്റെ മേല്പോട്ട് പൊഴിയുന്ന ഇലകൾ എന്ന ഹൈക്കു സമാഹാരത്തിലെ കവിതകൾ സവിശേഷമായ തലങ്ങളിലേക്ക് ഉയർന്നുനിൽക്കുന്ന ജീവിതമെഴുത്തുകളാണ്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ അസാധാരണമായ ഉൾക്കാഴ്ചകൾ പുലർത്തുന്ന കവയിത്രിയാണ് എം കെ മറിയു. ഒരു പൂമ്പാറ്റച്ചിറകുകൊണ്ട് ഒരു കുഞ്ഞുടലിനെ ഉടുപ്പിക്കുകയും ആകാശത്താളുനിറയെ നക്ഷത്രലിപിയിൽ പ്രണയലേഖനം എഴുതിക്കുകയും ചെയ്യുന്നു മറിയുവിന്റെ കവിതകൾ. സ്നേഹവും കരുണയുമാണ് ഈ കുഞ്ഞുകവിതകളിൽ നിറഞ്ഞുനിൽക്കുന്നത്. മഴയെ അമ്മയായും മരങ്ങളെ മക്കളായും ആവിഷ്‌കരിക്കുന്ന പൂമരം എന്ന കവിതയിൽ മഴയമ്മ കുളിപ്പിച്ചപ്പോൾ നിറയെ പൂക്കളുള്ള പച്ചയുടുപ്പിട്ട മക്കളെ കാണാം. സൂര്യവെളിച്ചത്തിനു നേരെ ചെരിഞ്ഞുനിന്ന് ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്ന ഉദ്യാനപുഷ്‌പങ്ങളെയും കാറ്റുവന്നൂതി മന്ത്രിച്ചതോടെ ഉണർന്നു ചിരിക്കുന്ന കാടിനെയും ഒക്കെ കവിതയിലേക്ക് കൊണ്ടുവരുന്നു. നിലാബുദ്ധൻ എന്ന കവിതയിൽ മഴപെയ്യുന്നതറിയാതെ മരമുകളിൽ ധ്യാനമിരിക്കുന്ന നിലാവിനെയാണ് വരച്ചുവയ്‌ക്കുന്നത്. അമ്മപ്പണി കാക്കമ്മയ്‌ക്ക് കൊടുത്ത് പാട്ടു പാടാൻ പോകുന്ന കുയിൽ, ഇങ്ങനെ നമ്മുടെ സാധാരണമായ കാഴ്ചകളെ അസാധാരണമായ അനുഭവമാക്കി മാറ്റാൻ ഈ കവിതകൾക്ക് സാധിക്കുന്നു. ഡിജിറ്റൽ ഇന്ത്യ എന്ന കവിതയിൽ, അഭിമാനപൂരിതംതന്നെയായിരുന്നു അന്തരംഗം. ഞാൻ ഡിലീറ്റ് ചെയ്യപ്പെടുംവരെ എന്ന് എഴുതുമ്പോൾ കവിത പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദമായിത്തീരുന്നു. ഐച്ചുട്ടി കണ്ണൂർ വരച്ച ചിത്രങ്ങൾ മനോഹരങ്ങളാണ്.
സംസാരത്തിലെ പുലിയിറക്കം
വി എം രാജമോഹൻ
വായനക്കാരെ പിടിച്ചിരുത്തുകയും വായിച്ച കഥയെ പലതവണ പുനർവായന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് അനൂപ് അന്നൂരിന്റെ ‘രാമരാജ്യത്തിലെ പുലി’ എന്ന കഥാസമാഹാരം. ഫാന്റസി ആണോ യാഥാർഥ്യമാണോ എന്ന് വേർതിരിച്ചറിയാത്തവിധം സഹജഹാസ്യത്തിന്റെ മേമ്പൊടിയോടെ സമകാലിക സാമൂഹിക കാഴ്ചകളെ വിമർശനാത്മകമായി നോക്കിക്കാണുകയാണ് കഥാകൃത്ത്. രാമരാജ്യത്തിലെ പുലി നമ്മുടെ സംസ്കാരത്തിന്റെ രാഷ്ട്രീയത്തെ ഒരു മൃഗത്തിന്റെ കാഴ്ചപ്പാടിൽ ചോദ്യംചെയ്യുന്ന അപൂർവമായ കഥയാണ്. മലയാളിയുടെ വായനലോകത്തെ ഹാസ്യാത്മകമായി വിലയിരുത്തുന്ന കഥയാണ് ഫ്ലോർ ഡി റോക്ക. കാത്തിരിപ്പിന്റെ പരിണാമങ്ങൾ പ്രപഞ്ചത്തിന്റെ താക്കോൽ എന്ന കഥയിൽ ഭൗതിക ആത്മീയ തലങ്ങളിലൂടെ വിശകലനം ചെയ്യപ്പെടുന്നു. "പെറ്റ വയറിന്റെ കൊട്ടേഷനാടാ’ - പാതാളപ്പിടപ്പ് എന്ന കഥയിലെ ആക്രോശം വായന കഴിഞ്ഞും ഏറെക്കാലം നമ്മളെ പിന്തുടരും. പത്ത് കഥകളുടെ ഈ സമാഹാരത്തിന് വി ആർ സുധീഷിന്റെ ആമുഖം. ഡോ. പി ആർ ജയശീലന്റെ വിശദമായ പഠനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..