28 September Thursday

രണ്ടാമൂഴം‐ ഒരു രാഷ്‌ട്രീയ ഇടപെടൽ

പുത്തലത്ത്‌ ദിനേശൻ puthalathdinesan2013@gmail.comUpdated: Sunday Jul 10, 2022

നമ്മുടെ ഇതിഹാസങ്ങളെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് ഇന്ത്യൻ സാഹചര്യത്തിൽ എന്തുകൊണ്ട് പ്രധാനമായി തീരുന്നുവെന്ന് ദേശാഭിമാനിയുടെ ചീഫ് എഡിറ്റർകൂടിയായിരുന്ന പി ഗോവിന്ദപ്പിള്ള ‘മഹാഭാരതമെന്ന മഹാപ്രസ്ഥാനം’ എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. 

‘മതഗ്രന്ഥങ്ങളെയും ഇതിഹാസ പുരാണങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്ത് പഠിക്കാതെ അക്ഷരാർഥംമാത്രം ഗ്രഹിക്കുകയും അന്തരാർഥം അവഗണിക്കുകയും ചെയ്യുന്ന അന്ധതയാണ് മതമൗലികവാദത്തിന്റെയും മതഭ്രാന്തിന്റെയും വർഗീയതയുടെയും ഉറവിട’മെന്ന് അദ്ദേഹം വിലയിരുത്തി.

രാജ്യത്തെ ഭരണസംവിധാനത്തെ രൂപപ്പെടുത്താനും തകർക്കുന്നതിനും കഴിയുന്ന ഒന്നായി ഇത്തരം കൃതികൾ മാറുന്ന സാഹചര്യം നിലവിലുണ്ട്. അതിനാൽ, അവയെ മനസ്സിലാക്കിയും ഇടപെട്ടും മുന്നോട്ട് പോവുക എന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാനമാണ്. ഇത്തരമൊരു വായന പ്രദാനം ചെയ്യുന്നു എന്നതാണ് എംടിയുടെ രണ്ടാമൂഴത്തിന്റെ സവിശേഷത.

അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയെയാണെന്നു പറഞ്ഞ എം ടി, മറ്റൊരു സ്ഥലത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടാമൂഴം എഴുതിയത്. അതിന്റെ കാരണങ്ങൾ അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ വ്യക്തമാണ്.

‘ശിഥിലമായ കുടുംബബന്ധങ്ങളും അവയ്ക്കിടയിൽപ്പെട്ട മനുഷ്യരും, എന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മുമ്പ് എനിക്ക്‌ വിഷയമായിട്ടുണ്ട്. കുറെക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളൂ'. നാലുകെട്ട് അനശ്വരമാക്കിയ കഥാകാരൻ ആ കാഴ്ചയിലൂടെ അപ്പുണ്ണിയെപ്പോലെ മഹാഭാരതത്തിലെ ഭീമനെ അതിന്റെ കേന്ദ്രത്തിൽ സ്ഥാപിക്കുകയാണ് ചെയ്‌തതെന്ന്‌ വ്യക്തം. 

കൃഷ്ണന്റെ ദ്വാരക പ്രളയത്തിൽ അടിപ്പെട്ടശേഷം മഹാപ്രസ്ഥാനത്തിന് യാത്രയാകുന്ന പാണ്ഡവരുടെ അനുഭവങ്ങളിൽനിന്നാണ് രണ്ടാമൂഴം ആരംഭിക്കുന്നത്. മഹാഭാരതത്തിന്റെ  സ്ത്രീപക്ഷ വായനയ്ക്കുതന്നെ എം ടി ശ്രമിക്കുന്നുണ്ട്. "ദ്രൗപദിയും സുഭദ്രയും ചിത്രാംഗദയും ഉലൂപിയും പേരുപോലും ഓർക്കാൻ കഴിയാത്ത അസംഖ്യം സ്ത്രീകളുമെല്ലാം ജീവിതത്തിൽ ആരുമായിരുന്നില്ല. ബാല്യത്തിൽ ശാസ്ത്രം പഠിപ്പിച്ച ബ്രാഹ്മണർ പറയാറുള്ളതുപോലെ രേതസ്സ് ഹോമിക്കാൻവേണ്ടി ജ്വലിപ്പിച്ച അഗ്നിജ്വാലകൾമാത്രം. അല്ലെങ്കിൽ വില്ലാളിക്ക് വിജയമുഹൂർത്തത്തിൽ എടുത്തുകാട്ടാനുള്ള ആഭരണങ്ങൾമാത്രം’. ഇത്തരത്തിൽ  സ്ത്രീകളുടെ അക്കാല ജീവിതാവസ്ഥ തുടക്കത്തിലേ എടുത്തുപറയുന്നുണ്ട്.

കുരുവംശത്തിലെ പുരുഷന്മാരെ ഗാന്ധാരിയെക്കൊണ്ട് രൂക്ഷമായി വിമർശിപ്പിക്കുന്ന ഭാഗവും നോവലിലുണ്ട്. "കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണ്ണീർ കണ്ട് രസിച്ചവരാണ്,  എനിക്കറിയാം’ തുടർന്ന്‌ "വരാൻ പോകുന്ന നിങ്ങളുടെ വധുക്കളെ ഓർത്താണ് എനിക്കിപ്പോൾ ദുഃഖം. അന്ധന്മാർക്കും ഷണ്ഡന്മാർക്കുംവേണ്ടി ആത്മാഹുതി ചെയ്‌ത രാജാംഗനകളുടെ നെടുവീർപ്പുകൾ എന്നും ഈ കൊട്ടാരക്കെട്ടിൽ തേങ്ങിനടക്കുകയാണെന്ന്‌’ ഗാന്ധാരി പറയുന്നു.

ഹിഡുംബിയുമായുള്ള ഭീമന്റെ ബന്ധത്തിന്റെ ആഴവും പരപ്പും അനുഭൂതിയും ഈ നോവലിന് പുതിയ തലം നൽകുന്നുണ്ട്. ഘടോൽക്കചന്റെ ജീവിതവും യുദ്ധത്തിൽ അർജുനനെ കർണനിൽനിന്നു രക്ഷപ്പെടുത്താൻ അവനെ ബലികൊടുത്ത കൃഷ്ണന്റെ തന്ത്രജ്ഞതയും വേദനയോടെ ഭീമൻ അറിയുന്നു. കാട്ടാളനിൽ പിറന്ന മകനാണ് താനെന്ന കാര്യം ഭീമൻ തിരിച്ചറിയുന്നു. വർണവിവേചനത്തിന്റെ തലങ്ങളിലേക്ക് വികസിപ്പിക്കുകയാണ് എം ടി ഇതിലൂടെ.

പല ഘട്ടമായി വളർന്നുവികസിച്ച വൈവിധ്യങ്ങളെ ആഴത്തിൽ പേറിനിൽക്കുന്ന കൃതിയാണ് മഹാഭാരതം. ഗോത്രജനതയുടെ ജീവിതവും കുലപാരമ്പര്യവും വർണധർമവും തുടങ്ങി ബൗദ്ധപാരമ്പര്യംവരെയുള്ള ജീവിത സംസ്കാരങ്ങൾ ഇണങ്ങിയും പിണങ്ങിയും ഇടഞ്ഞും മഹാഭാരതത്തിൽ നിലകൊള്ളുന്നു.  അതിന്റെ സവിശേഷ വഴിയിലൂടെയുള്ള എം ടിയുടെ സഞ്ചാരമാണ് രണ്ടാമൂഴം.

വർണധർമങ്ങളാൽ ചുറ്റിവരിയപ്പെട്ട ഒരുകാലത്ത് മനുഷ്യർ അനുഭവിക്കുന്ന വൈവിധ്യമാർന്ന ദുഃഖങ്ങളിലൂടെ ആ കാലത്തിന്റെ പരിമിതികളിലേക്ക് നമ്മെ നയിക്കുകയാണ് രണ്ടാമൂഴം. പരിപാവനമെന്ന് ചിലർ പാടിപ്പുകഴ്ത്തുന്ന അക്കാലത്ത് മനുഷ്യർ അനുഭവിച്ച നൊമ്പരങ്ങളുടെ ശക്തമായ വ്യാഖ്യാനമാണ്‌ എം ടി നമുക്കു മുമ്പിൽ അവതരിപ്പിച്ചത്. അതിലൂടെ വർണധർമ വ്യവസ്ഥയോടുള്ള വിമർശംതന്നെയായി ഈ കൃതി മാറുന്നു. പ്രാചീനകാലത്തെക്കുറിച്ച് സ്തുതിപാടി നടക്കുന്നവരുടെ പരിമിതിയായും കാലത്തിന്റെ കണ്ണാടിയായും ഈ നോവൽ തുറന്നുവയ്ക്കപ്പെടുന്നു. അങ്ങനെ നമ്മുടെ ഇന്നത്തെ രാഷ്ട്രീയ പ്രക്രിയയിലെ ഇടപെടൽകൂടിയായി രണ്ടാമൂഴം മാറുന്നു.

ഗോത്രജനതയുടെ ജീവിതവും കുലപാരമ്പര്യവും വർണധർമവും തുടങ്ങി ബൗദ്ധപാരമ്പര്യവുംവരെയുള്ള ജീവിതസംസ്കാരങ്ങൾ ഇതിലുണ്ട്. അവ  ഇണങ്ങിയും പിണങ്ങിയും ഇടഞ്ഞും ഇതിൽ നിലകൊള്ളുന്നുണ്ട്. ഈ വിശാല ലോകത്തിലെ സവിശേഷ വഴിയിലൂടെയുള്ള എം ടിയുടെ സഞ്ചാരമാണ് രണ്ടാമൂഴം. മഹാഭാരതപാഠങ്ങളിലും അർത്ഥഗർഭമായ മൗനങ്ങളിലും പറഞ്ഞുപോയ വാക്കുകളും സൃഷ്ടിച്ച വഴികളിലൂടെയുള്ള യാത്രകൂടിയാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top