03 October Monday

അപാരതകളിലേക്ക് ഒഴുകുന്ന സർഗനദി

പ്രമോദ് പയ്യന്നൂർ pramodpynr@gmail.comUpdated: Sunday Jul 10, 2022

‘കുന്നത്തുവച്ച വിളക്കുപോലെ ചെന്നയിടത്തെല്ലാം ജയിച്ചു വാ'

എം ടിയുടെ സർഗലോകത്തെ അവലംബിച്ചുള്ള ദൃശ്യഭാഷ കളിലൂടെ സഞ്ചരിച്ച നാടക–--ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരിന്റെ അനുഭവസാക്ഷ്യം

ഒരു ദൃശ്യാന്വേഷണ വിദ്യാർഥിയെന്നനിലയിൽ എം ടി സാഹിത്യത്തിന്റെ നേർക്കാഴ്ചകൾ എന്നിലെ ദൃശ്യബോധങ്ങൾക്ക് പലവേള തെളിച്ചമേകിയിട്ടുണ്ട്.

ജീവിതം ഒരോർമത്തെറ്റുപോലെ കൊണ്ടുനടന്ന ഭ്രാന്തൻ വേലായുധനെ വരമൊഴിയുടെ സൗന്ദര്യത്തിൽനിന്ന് രംഗഭാഷയുടെ സാധ്യതകളിലേക്ക് രൂപകൽപ്പന ചെയ്തെടുക്കുക എന്നതായിരുന്നു ആദ്യശ്രമം. ഇരുട്ട് നിറഞ്ഞ പത്തായപ്പുരയിൽ സ്നേഹവും  പകയും  പ്രണയവും നെഞ്ചേറ്റി, അറ്റുപോകുന്ന ബന്ധങ്ങളുടെ ചങ്ങലക്കുരുക്കിൽ കഴിയുന്ന ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ 1995ൽ സ്കൂൾ ഓഫ് ഡ്രാമ സ്റ്റുഡിയോ തിയറ്ററിൽ പുനർജനിച്ചത് സാൻവിച്ച് തിയറ്ററിന്റെ രംഗഭാഷയിലായിരുന്നു. സമീപ ദൃശ്യാസ്വാദനത്തിലൂടെ വേലായുധന്റെ ഹൃദയവേദനകൾ  പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യാവതരണം ശ്രദ്ധേയമായി. തുടർന്ന്‌ നാടകം പൊതുവേദിയിൽ അവതരിപ്പിച്ചത് കോട്ടയത്തായിരുന്നു. അന്ന് കഥാകാരന്റെ സാന്നിധ്യമുണ്ടായിരുന്നു വേദിക്കു മുന്നിൽ. ഒരു മണിക്കൂർ 10 മിനിറ്റ്‌ നീണ്ടുനിന്ന രംഗഭാഷയിൽ തന്റെ കഥാപാത്രങ്ങളെ കൺനിറയെ കണ്ടശേഷം എം ടി മാധ്യമങ്ങളോടു പറഞ്ഞു "കുട്ടികളുടെ പരീക്ഷണം സ്വാഗതാർഹമാണ്. എന്റെ വേലായുധേട്ടൻ നന്നായിട്ടുണ്ട്’. ഡി  വിനയചന്ദ്രൻ മാഷും പ്രൊഫ. നരേന്ദ്രപ്രസാദും  കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ഒത്തുകൂടിയ ആ വേളയിൽ ഇരുട്ടിന്റെ ആത്മാവ് മനസ്സിൽ വാർന്നുവീണതിനെക്കുറിച്ച് എം ടി പറഞ്ഞു. "ചെറുപ്പത്തിൽ ഉമ്മറത്തിരിക്കുമ്പോൾ താളംതെറ്റിയ മനസ്സുമായി ചങ്ങല പൊട്ടിച്ച് വീട്ടിലേക്ക് ഓടിയെത്തിയ വേലായുധേട്ടൻ എന്റെ അമ്മയോട് ചോദിച്ചത് ചോറാണ്. വെളിച്ചത്തിനും ഇരുട്ടിനും ഇടയിലൂടെ അലയുന്ന ആത്മാവ് എന്നതുപോലെ വിശക്കുന്ന വയറിന്റെ നോവുകൂടിയാണ് വേലായുധേട്ടൻ എന്ന ചിന്ത എന്നെ സ്പർശിച്ചു’’.

സ്കൂൾ ഓഫ് ഡ്രാമ പഠനകാലത്ത് സംവിധാന വിദ്യാർഥിയെന്ന നിലയിൽ പ്രഥമ രംഗഭാഷ ഒരുക്കാൻ മനസ്സുറച്ചുനിന്നത് എം ടിയുടെ ‘ഇരുട്ടിന്റെ ആത്മാവി’ലായിരുന്നു. അനുവാദത്തിനായി അന്ന് ആദരവോടെ എം ടി സാറിന് ഒരു കുറിപ്പെഴുതി. ഭാവുകങ്ങൾ ആശംസിച്ച് വൈകാതെ എത്തിയ കുറിപ്പായിരുന്നു പിന്നീടുള്ള ഊർജം.  തൃശൂരിൽ വരുമ്പോൾ നാടകം കാണാനുള്ള ആഗ്രഹം അറിയിച്ചു. മീനമാസത്തെ ഒരു ബുധൻ സായാഹ്നത്തിൽ വേലായുധനും അമ്മുക്കുട്ടിയും ഇതര കഥാപത്രങ്ങളും പുനർജനിച്ചു. അവതരണശേഷം ചില നിർദേശം അദ്ദേഹം പറഞ്ഞു.  ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോൾ മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയും കോട്ടയം പബ്ലിക് ലൈബ്രറിയും ചേർന്നൊരുക്കിയ സ്വീകരണത്തിലായിരുന്നു എം ടിയുടെ സാക്ഷ്യത്തിൽ ഇരുട്ടിന്റെ ആത്മാവിന്റെ രണ്ടാമൂഴം. പിന്നീട് 2008ൽ അബുദാബി ശക്തി തിയറ്റേഴ്സിനുവേണ്ടി പ്രവാസി കലാസംഘത്തെ മുൻനിർത്തി അബുദാബിയിൽ രണ്ടു വേദിയിലായി നിറഞ്ഞ സദസ്സിൽ ഇരുട്ടിന്റെ ആത്മാവ് അരങ്ങേറിയപ്പോഴും ആമുഖമായി മുഴങ്ങിപ്പരന്നത് പ്രിയപ്പെട്ട എം ടിയുടെ അനുഗ്രഹ വചസ്സുകളായിരുന്നു.

‘കേരളോൽപ്പത്തി’ എന്ന കൊച്ചുകഥ കൈരളി ടിവിക്കുവേണ്ടി 2003ൽ ഹ്രസ്വ ചലച്ചിത്രമാക്കാൻ ആലോചിച്ചു. ഒരു റോയൽറ്റിയും ചോദിക്കാതെ തന്റെ സൃഷ്ടിക്ക് ദൃശ്യാവിഷ്കാരം ഒരുക്കാനുള്ള അനുമതി നൽകി. അങ്ങനെ നീണ്ടകരയിലെ കടലോരത്തും അഴിമുഖങ്ങളിലുമായി കേരളോൽപ്പത്തി ചിത്രീകരിച്ചു. തെരുവുമാന്ത്രികന്റെ വേഷത്തിൽ മജീഷ്യൻ മുതുകാട് പ്രധാന കഥാപാത്രമായി. വിശപ്പകറ്റാൻ ഇന്ദ്രജാലവുമായി എത്തുന്ന മാന്ത്രികൻ നാക്ക് പിഴുത് കാണികൾക്ക് മുന്നിലിടുമ്പോഴും മുന്നിൽ പ്രതീക്ഷയോടെ വിരിച്ചിട്ട കീറച്ചാക്കിൽ നാണയത്തുട്ടുകൾ വീഴുന്നില്ല. പകരം വിശപ്പും തീവ്രവേദനയും. വെറും ഇന്ദ്രജാല തട്ടിപ്പാണെന്നു പറഞ്ഞ് ആർത്തുചിരിക്കുന്ന കാണികൾ. ചങ്ക് പറിച്ചുവച്ചാലും വാഴനാരെന്നു പറയുന്ന ആ ദേശത്തിന്റെ പേര് കേരളമെന്ന് പറയുന്നിടത്ത് കഥ കത്തിജ്വലിക്കുന്നു. 

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’- എന്ന നോവലിന് നാടകരൂപം ഒരുക്കാൻ മുതിർന്നപ്പോഴും ആദ്യം ചെന്നെത്തിയത് എം ടിക്ക് മുന്നിലായിരുന്നു. കെപിഎസി ലളിതയും എം ആർ ഗോപകുമാറും ഇബ്രാഹിം വേങ്ങരയും കേരളത്തിലെ പ്രമുഖ അഭിനേതാക്കളും പാലക്കാട് സ്വരലയക്കുവേണ്ടി ടി ആർ അജയന്റെ സംഘാടനത്തിൽ ഒത്തുചേർന്ന നാടകം. ബഷീറിയൻ രചന ദൃശ്യഭാഷയ്‌ക്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മർമപ്രധാനമായ കാര്യങ്ങൾ അദ്ദേഹം മന്ത്രിച്ചു. ആ സർഗ നിമന്ത്രണങ്ങളുടെ കരുത്തിൽ എം ടി സാറിന്റെ ആമുഖത്തോടെ ‘മതിലുകൾ' ഇന്ത്യയിൽ പലയിടത്ത്‌ അരങ്ങേറി.

‘രണ്ടാമൂഴ’ത്തിൽ ഭീമസേനനായി മമ്മൂട്ടി

‘രണ്ടാമൂഴ’ത്തിൽ ഭീമസേനനായി മമ്മൂട്ടി

പ്രിയകഥാകാരന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അരങ്ങിലെത്തി ഒരുക്കിയ രംഗഭാഷയുടെ സ്നേഹാർച്ചനയായിരുന്നു രണ്ടാമൂഴം. 2008 നവംബർ ഒന്നിന് ഇതിഹാസങ്ങളിൽ കൊടുങ്കാറ്റുയർത്തിയ ഭീമസേനൻ എം ടിയുടെ രണ്ടാമൂഴത്തിലേറി, മലയാള മനോരമയുടെ ‘എന്റെ മലയാളത്തിലൂ’ടെ അരങ്ങിലെത്തി. മൾട്ടിമീഡിയയുടെ സാധ്യതകളോടെ രണ്ടാമൂഴം അരങ്ങിലെത്തിക്കാൻ ധൈര്യം പകർന്നതും എം ടി തന്നെയായിരുന്നു. മമ്മൂട്ടി എന്ന പ്രതിഭയ്‌ക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമയിലെയും കലാമണ്ഡലത്തിലെയും പൂർവ വിദ്യാർഥികൾകൂടി ചേർന്നപ്പോൾ രണ്ടാമൂഴത്തിന്റെ അരങ്ങുഭാഷ നവഭാവുകത്വത്തിന്റെ മിഴിവറിയിച്ചു. അരങ്ങിൽ കൊടുങ്കാറ്റുയർത്തിയ അഭിനയ മുഹൂർത്തങ്ങൾക്കുശേഷം മുന്നിലെത്തിയ മമ്മൂട്ടിയെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ച് അന്ന് എം ടി പറഞ്ഞു, ‘കുന്നത്തുവച്ച വിളക്കുപോലെ ചെന്നയിടത്തെല്ലാം ജയിച്ചു വാ'.  രംഗാനുഭവത്തെക്കുറിച്ചുള്ള കുറിപ്പിൽ  എൻ  എസ് മാധവൻ അന്ന് രേഖപ്പെടുത്തിയത് ഇങ്ങനെ, ‘മൂന്ന് തലങ്ങളിലെ ഓർമകളെ ഒരുമിച്ചുണർത്തി നാലാമത്തെ ഓർമ സൃഷ്ടിച്ച അനുഭവമായിരുന്നു ഭീമം'. ആദ്യത്തെ ഓർമ വ്യാസന്റെ മഹാഭാരതംതന്നെ. ഒരു കഥാപാത്രത്തോടും പക്ഷംപിടിക്കാതെ കൃഷ്ണ ദ്വൈപായനൻ രചിച്ച ആദിമ നോവൽ. അതിൽനിന്ന് ഊർജം ആവാഹിച്ച് എം ടി വാസുദേവൻ നായർ രചിച്ച രണ്ടാമത്തെ മകന് അപ്രസക്തി നൽകിയ, ഭീമ ദുഃഖത്തെക്കുറിച്ച് എഴുതിയ രണ്ടാമൂഴത്തിന്റെ വായനയായിരുന്നു, രണ്ടാമത്തെ ഓർമ. മൂന്നാമത്തെ ഓർമ ഇന്ന് മമ്മൂട്ടിയെ മുൻനിർത്തി അവതരിപ്പിച്ച ഭീമം എന്ന ദൃശ്യാനുഭവമായിരുന്നു. രണ്ടാമൂഴത്തെ ദൃശ്യപരമായി വ്യാഖ്യാനിക്കാൻ മറ്റൊരു മാധ്യമം ആവശ്യമായിവരുന്നു.  ആ മാധ്യമം  ദ്വിമാനമായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിന്റെ അനിതരസാധാരണമായ ഭാവഭേദങ്ങളിലൂടെ സഞ്ചരിക്കുന്നു. രണ്ടാമൂഴം ഒരു പുതിയ ദൃശ്യ മാധ്യമംതന്നെ ആവശ്യപ്പെട്ടിരുന്നു. ആ മാധ്യമത്തെ വിനയപൂർവം കണ്ടെത്തിയ നവഭാവുകത്വത്തിന്റെ അരങ്ങുഭാഷയായിരുന്നു എം ടിയുടെ രണ്ടാമൂഴത്തിന്റെ ദൃശ്യഭാഷയായ ‘ഭീമം’.

അലഞ്ഞന്വേഷിക്കുന്നവർക്ക് അഭയവും ഊർജവുമേകാൻ എം ടി യെന്ന ദീപസ്തംഭം അനുഗ്രഹവർഷങ്ങളോടെ പ്രകാശിക്കുന്നുവെന്നതാണ് നമ്മൾ ജീവിക്കുന്ന കാലത്തിന്റെ അപൂർവ സൗഭാഗ്യങ്ങളിലൊന്ന്. മലയാളത്തെ സ്നേഹിക്കാൻ എം ടി യെ സ്നേഹിക്കണമെന്ന വാക്കുകൾ പുതിയ കാലത്തിന്റെ ഉണർവാകുന്നതും അതിനാലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top