25 April Thursday

അന്യായ വാഴ്‌ചതൻ മാറിലെയ്‌ത ശരം

അനിൽ വി ആനന്ദ്Updated: Sunday Jan 9, 2022

ആരാടാ നീ. കാരണവരുടെ ചോദ്യം. ​ 

ഗോപാലൻ. മുഖത്തുനോക്കി കുട്ടിയുടെ മറുപടി.  

ഏത് ​ഗോപാലൻ? 

ഈ തറവാട്ടിൽ അം​ഗമായ മാധവിയമ്മയുടെ മകൻ. 

എന്താ വന്നത്? 

അമ്മയ്‌ക്ക്‌ കിട്ടേണ്ട തറവാട്ടുവിഹിതം കിട്ടിയിട്ട് നാള് കുറച്ചായി. 

ഓ നീ എന്നോട് തറവാട്ട് വിഹിതം ചോദിക്കാൻ മാത്രം വളർന്നോ. 

ഇന്നേവരെ ഈ തറവാട്ട് മുറ്റത്ത് ആരും ഇങ്ങനെ വന്ന് മിണ്ടിയിട്ടില്ല. കാരണവർ ദേഷ്യംപൂണ്ടു. 

പ്രൊഫ. ചിറക്കര സലിംകുമാർ

പ്രൊഫ. ചിറക്കര സലിംകുമാർ

പക്ഷേ, ഈ ​ഗോപാലൻ മിണ്ടും. അമ്മയ്‌ക്ക്‌  കിട്ടേണ്ട വിഹിതം കുടിശ്ശിക സഹിതം കിട്ടാതെ ​ഗോപാലൻ ഇവിടെനിന്ന് പോകില്ല. ​ഗോപാലൻ അവിടെ കുത്തിയിരുന്നു. ആയില്യത്ത് കുറ്റ്യേരി തറവാട്ടിന്റെ മുറ്റത്ത്‌ അന്നാദ്യമായി അവകാശബോധം പതഞ്ഞുപൊങ്ങി. അന്യായവാഴ്‌ച തൻ മാറിൽ നോക്കി അവിടത്തൊരം​ഗം ശരം തൊടുത്തു. ഇവിടെ തുടങ്ങുകയാണ് എ കെ ജിയുടെ സമരം... കാഥികൻ പ്രൊഫ. ചിറക്കര സലിംകുമാർ ആവേശത്തോടെ കഥ പറയുകയാണ്. പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെ സമരതീക്ഷ്‌ണവും ത്യാ​ഗോജ്വലവുമായ  ജീവിതകഥ.

എ കെ ജിയുടെ  പോരാട്ടവും ജീവിതവും സമരങ്ങളും കേരള ചരിത്രവും സമന്വയിപ്പിച്ചാണ് 2.15 മണിക്കൂർ ദൈർഘ്യമുള്ള കഥാപ്രസംഗമൊരുക്കിയത്. 

2016ൽ ധർമടം മണ്ഡലത്തിൽ പിണറായി വിജയന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനനായകൻ പിണറായി എന്നപേരിൽ  കഥാപ്രസം​ഗം അവതരിപ്പിച്ചിരുന്നു. അതിനായി കണ്ണൂരിൽ എത്തിയപ്പോൾ എ കെ ജിയുടെ വീടും കുടുംബവീടും സ്‌മാരകവും കണ്ടു. അന്ന് മനസ്സിലുദിച്ച ആശയമാണ് എ കെ ജിയെക്കുറിച്ചുള്ള കഥാപ്രസം​ഗം. ആത്മകഥ ഉൾപ്പെടെ കിട്ടാവുന്ന പുസ്‌തകങ്ങളെല്ലാം വായിച്ചു, ബന്ധുക്കളെ പലരെയും കണ്ടു. ആ സ്ഥലങ്ങളെല്ലാം വീണ്ടും കണ്ടു. തുടർന്നാണ് എ കെ ജിയുടെ ജീവിതത്തിലെ അവിസ്‌മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി  ചവറ കെ എസ് ജയപ്രകാശുമായി ചേർന്ന് കഥയൊരുക്കിയത്.

ജന്മിത്വത്തിനെതിരായ പോരാട്ടം, ഉപ്പുസത്യ​ഗ്രഹം, ​ഗുരുവായൂർ സത്യഗ്രഹം,  ആലപ്പുഴയിലെ കയർത്തൊഴിലാളി സമരം, പട്ടിണിജാഥ, മിച്ചഭൂമി സമരം, ഒളിവുജീവിതം, പാർലമെന്റിലെ പ്രവർത്തനം, അമരാവതി സമരം,  റഷ്യ- ചൈന സന്ദർശനം, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടം തുടങ്ങിയ സംഭവബഹുലമായ ആ ജീവിതത്തിലൂടെ കഥ കടന്നുപോകുന്നു. നവംബർ 18നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് സഖാവ് എ കെ ജി ഉദ്ഘാടനംചെയ്‌തത്.  2021ൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിജയവഴിയിൽ കേരളം എന്നപേരിൽ കഥാപ്രസം​ഗം  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണാർഥം അവതരിപ്പിച്ചിരുന്നു. കയ്യൂർ സമരം,  ശ്രീനാരായണ​ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയ നമുക്ക് ജാതിയില്ല തുടങ്ങിയ കഥകളും അവതരിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top