19 April Friday

സ്വപ്‌നങ്ങളിൽ ജീവിച്ച ഒരാൾ

എ ശ്യാം shyamachuth@gmail.comUpdated: Sunday Aug 8, 2021

സ്വപ്‌നങ്ങളിൽ ജീവിച്ച്‌,  സ്വപ്‌നങ്ങളെക്കുറിച്ച്‌ നിരന്തരം എഴുതി, മൂന്നാണ്ടിന്റെ അബോധമൗനം വെടിഞ്ഞ്‌ തോമസ്‌ ജോസഫ്‌ യാത്രയായിരിക്കുന്നു. മൗലികമായ രചനകളിലൂടെ സാഹിത്യലോകത്ത്‌  സ്ഥാനമുറപ്പിച്ച ആ എഴുത്തുകാരനെക്കുറിച്ച്‌

സാഹിത്യത്തിലെ വിജനപാതകളിലൂടെ അലഞ്ഞ്‌ വായനക്കാരന്‌ അപരിചിതമായിരുന്ന പ്രപഞ്ചങ്ങൾ സമ്മാനിച്ച എഴുത്തുകാരൻ തോമസ്‌ ജോസഫ്‌ പത്തുദിവസം മുമ്പാണ്‌, മൂന്ന്‌ വർഷത്തോളം നീണ്ട അബോധമൗനം അവസാനിപ്പിച്ച്‌ വിടവാങ്ങിയത്‌. സാഹിത്യകാരനെന്ന ഭാവങ്ങളില്ലാതെ സാധാരണക്കാരനായി ജീവിച്ചുമരിച്ച ഒരാൾ.  അയാൾ എഴുതിയതെല്ലാം അസാധാരണമായിരുന്നു. പ്രീഡിഗ്രിവരെ മാത്രം പഠിച്ച്‌, മലയാളമല്ലാതെ മറ്റൊരു ഭാഷയും വശമില്ലാതെ എഴുതിയിട്ടും മൗലികതയുടെ കരുത്തിൽ സാഹിത്യലോകത്ത്‌ തന്റേതായ ഇടം സ്വന്തമാക്കിയവൻ. ഒന്നിലധികം വിദേശഭാഷകളിലേക്ക്‌ തോമസ്‌ ജോസഫിന്റെ കഥകൾ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്‌.
 
ഭിന്നവികാരങ്ങളുണർത്തുന്ന സ്വപ്‌നാനുഭവങ്ങൾ കോർത്തിണക്കി, ഭ്രമഭാവനകളുടെ സമുദ്രങ്ങളും ആകാശ–-പാതാളലോകങ്ങളും താണ്ടിയ അദ്ദേഹം ദുരന്തജീവിതയാഥാർഥ്യങ്ങൾ കൂടിയാണ്‌ ആവിഷ്‌കരിച്ചത്‌. 
 
തോമസ്‌ ജോസഫിന്റെ എഴുത്തിലെ പുതുമയെ ആദ്യം തിരിച്ചറിഞ്ഞത്‌ നരേന്ദ്രപ്രസാദാണ്‌. 1980കളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെയും വി പി ശിവകുമാറിന്റെയും പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്നിറങ്ങിയ സാകേതം മാസികയിലാണ്‌ ‘അത്ഭുതസമസ്യ’ പ്രസിദ്ധീകരിക്കപ്പെട്ടത്‌.  തോമസ്‌ ജോസഫിന്റെ ആദ്യ ശ്രദ്ധേയരചന. ഇരയാക്കപ്പെടുന്ന ഒരു മനുഷ്യൻ തോമസ്‌ ജോസഫിന്റെ കഥകളിൽ അവന്റെ  തനതായ സ്വപ്‌നസാമ്രാജ്യത്തിൽ വിഹരിക്കുന്നു എന്നാണ്‌ നരേന്ദ്രപ്രസാദ്‌ എഴുതിയിട്ടുള്ളത്‌.
 
നരേന്ദ്രപ്രസാദിന്റെ ക്ലാസുകളിലൂടെയാണ്‌ താനും ഇംഗ്ലീഷ്‌ കവി എ ജെ തോമസും തോമസ്‌ ജോസഫിലെത്തിയതെന്ന്‌ കവി അൻവർ അലി ഓർക്കുന്നുണ്ട്‌. എ ജെ തോമസ്‌ പിന്നീട്‌ സക്കറിയയുമായി ചേർന്നും സ്വന്തമായും തോമസ്‌ ജോസഫിന്റെ ചില കഥകൾ ഇംഗ്ലീഷിലാക്കി. സാത്താൻ ബ്രഷ്‌ എന്ന കഥ ജർമനിലേക്കും മൊഴിമാറ്റപ്പെട്ടു. ‘ചിത്രശലഭങ്ങളുടെ കപ്പൽ’ എന്ന കഥ സക്കറിയയും താനും ചേർന്ന്‌ വിവർത്തനം ചെയ്‌ത അനുഭവം എ ജെ തോമസ്‌ വിവരിച്ചിട്ടുണ്ട്‌. ഇരുവരും വെവ്വേറെ കരടുകൾ തയ്യാറാക്കുകയായിരുന്നു. എന്നിട്ട്‌ ഒന്നിച്ചിരുന്ന്‌ രണ്ടും വായിച്ച്‌ ഒന്നാക്കി. കരട്‌ തയ്യാറാക്കിയ രാത്രിയിൽ ഉറങ്ങാനാകാത്ത ഒരസ്വസ്ഥത തന്നെ പിടികൂടിയതായി സക്കറിയ പറഞ്ഞത്‌ എ ജെ തോമസ്‌ ഓർക്കുന്നു.
 
ഏലൂർ ഫാക്ട്‌ ഹൈസ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ സ്‌മരണികയിലെ കഥയിൽ ‘മഴപ്പാറ്റകൾ ഹർഷാരവത്തോടെ മണ്ണിലേക്ക്‌ പാറിവീണു’ എന്നെഴുതിയ തോമസ്‌ ജോസഫ്‌ പേരെടുത്ത എഴുത്തുകാരായ അധ്യാപകരെ പോലും അത്ഭുതപ്പെടുത്തിയതായി ബാല്യകാല സുഹൃത്തായ മാധ്യമപ്രവർത്തകൻ സി കെ ഹസൻകോയ അനുസ്‌മരിക്കുന്നു.
 
അർജന്റൈൻ എഴുത്തുകാരൻ ഹോർഹെ ലൂയി ബോർഹസിന്റെ രചനകളോട്‌ സാദൃശ്യമുള്ള തോമസ്‌ ജോസഫിന്റെ എഴുത്തിനെ ദസ്‌തയേവ്‌സ്‌കിയും  സ്വാധീനിച്ചിട്ടുണ്ട്‌. യേശുവും ദസ്‌തയേവ്‌സ്‌കിയും അദ്ദേഹത്തിന്റെ സൃഷ്‌ടിയായ റസ്‌കൾനിക്കോഫും വാൻഗോഗും സമകാലീനരായ മലയാള സാഹിത്യകാരന്മാരും നടന്മാരുമെല്ലാം തോമസ്‌ ജോസഫിന്റെ കഥാപാത്രങ്ങളാകുന്നുണ്ട്‌. 2013ലെ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ്‌ (മരിച്ചവർ സിനിമ കാണുകയാണ്‌–- കഥാസമാഹാരം) അടക്കം ചില പുരസ്‌കാരങ്ങൾ ലഭിച്ചു.
 
കഥയല്ലാതെ മറ്റൊന്നും സ്വപ്‌നത്തിലില്ലാതിരുന്ന തോമസ്‌ ജോസഫ്‌ പക്ഷേ അധികം എഴുതിയിട്ടില്ല. നാല്‌ പതിറ്റാണ്ടിനിടെ ഏഴ്‌ കഥാസമാഹരവും രണ്ട്‌ നോവലും ഒരു നോവലെറ്റ്‌ സമാഹാരവുമാണ്‌ പ്രസിദ്ധീകരിച്ചത്‌. ഏതാനും വർഷം ചന്ദ്രിക, ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രങ്ങളിൽ ജോലി ചെയ്‌തു. എഴുത്തല്ലാതെ മറ്റൊരു തൊഴിലും വശമില്ലാതിരുന്ന എഴുത്തുകാരന്‌ സാഹിത്യം ധനസമ്പാദനത്തിനുള്ള കുറുക്കുവഴിയുമായിരുന്നില്ല.
 
‘ഈ ജീർണിച്ച കൊച്ചുവീട്ടിൽ ഞാൻ എന്റെ ഭാര്യ നിലീനയ്‌ക്കൊപ്പമാണ്‌ താമസിക്കുന്നത്‌. അവൾ ജോലി ചെയ്യുന്നതുകൊണ്ട്‌ ഞാൻ അന്നന്നത്തെ അപ്പം ഭക്ഷിക്കുന്നു. അതുകൊണ്ടാവാം ഒന്നിനും കൊള്ളാത്ത ഒരു മനുഷ്യൻ എന്നുവിളിച്ച്‌ അവൾ എപ്പോഴും എന്നെ ആക്ഷേിക്കുന്നത്‌. ’ എന്ന്‌ ‘സ്വർഗീയലിപി’യിൽ അദ്ദേഹം എഴുതുന്നുണ്ട്‌. സ്വർഗീയ ലിപി ഉപേക്ഷിച്ച്‌ ‘മാതൃഭാഷ’യിൽ എഴുതി പണമുണ്ടാക്കാൻ ഭാര്യ എഴുത്തുകാരനെ ഉപദേശിക്കുന്നു. ‘അപ്പോഴും എഴുത്തിലൂടെ പ്രസിദ്ധിയോ പണമോ വേണമെന്ന ചിന്ത എന്നെ അലട്ടിയില്ല’ എന്ന്‌ ആ കഥ തുടരുന്നു.
 
2019 സെപ്‌തംബറിൽ ഉറക്കത്തിൽ പക്ഷാഘാതമുണ്ടായതോടെയാണ്‌ തോമസ്‌ ജോസഫ്‌ കിടപ്പിലായത്‌. ചികിത്സയ്‌ക്ക്‌ വലിയ തുക ആവശ്യമായപ്പോഴാണ്‌ ഒരു വർഷം മുമ്പ്‌ അദ്ദേഹം പൂർത്തിയാക്കിവച്ചിരുന്ന നോവൽ സുഹൃത്തുക്കളുടെ ശ്രദ്ധയിൽ വന്നത്‌. അങ്ങനെയാണ്‌ ‘അമ്മയുടെ ഉദരം അടച്ച്‌’ വായനപ്പുരയിലൂടെ പുറത്തുവന്നത്‌. ഇതിൽനിന്നുള്ള വരുമാനം പൂർണമായും ചികിത്സയ്‌ക്കാണ്‌ ഉപയോഗിച്ചത്‌. എഴുതാനും സംസാരിക്കാനുമാകാതെ മൂന്ന്‌ വർഷത്തോളം നീണ്ട കിടപ്പിലും തോമസ്‌ ജോസഫ്‌ സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകാം. പക്ഷേ അവയൊന്നും വായനക്കാർക്ക്‌ നൽകാനാകാതെയാണ്‌ വിടവാങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top