16 April Tuesday

കെ എം ധർമൻ: മുക്കാൽ നൂറ്റാണ്ടിന്റെ നാടകച്ചെറുപ്പം

ജോൺ ഫെർണാണ്ടസ്‌Updated: Sunday Aug 8, 2021

തൊണ്ണൂറ്‌ വയസ്സ്‌ പിന്നിട്ട നാടകപ്രവർത്തകൻ. രാജ്യത്തും വിദേശത്തുമായി എത്രയോ വേദികൾ. എഴുപത്തഞ്ചാണ്ട്‌ വേദികളിൽ നിറഞ്ഞുനിന്നു  കെ എം ധർമൻ. ഒരായുസ്സ്‌ മുഴുവൻ നാടകത്തിന്‌ സമർപ്പിച്ച കെ എം ധർമന്റെ കലാജീവിതത്തെക്കുറിച്ച്‌

ഒമ്പത് പതിറ്റാണ്ടിന്റെ  ജീവിതവഴി.  അതിൽ നാടകത്തിന്‌  സമർപ്പിച്ച എഴുപത്തഞ്ചാണ്ട്‌. ആ  ഓർമകളിലാണ് കെ എം  ധർമൻ ജീവിക്കുന്നത്‌. സംവിധാനംചെയ്‌തത്‌ അഞ്ഞൂറോളം നാടകം.  അമ്പതോളം നാടകത്തിൽ വേഷമിട്ടു.  ഇനിയും നാടകമോഹം അടങ്ങിയിട്ടില്ല.  

സംസ്ഥാന സർക്കാരിന്റെ  എസ്‌ എൽ പുരം സദാനന്ദൻ  അവാർഡാണ്‌ ഒടുവിൽ ലഭിച്ച പ്രധാന പുരസ്‌കാരം.  കേരള സംഗീത നാടക അക്കാദമി അവാർഡും  കലാരത്ന  ഫെലോഷിപ്പും  നേരത്തെ ലഭിച്ചിരുന്നു.  ഗുരുനാഥനായ പി ജെ ആന്റണിയുടെ പേരിലുള്ള പി ജെ ആന്റണി ഫൗണ്ടേഷന്റെ അവാർഡ് ദശകത്തിനുമുമ്പ്‌   ലഭിച്ചിരുന്നു.  

-- കെപിഎസിയും കാളിദാസ കലാകേന്ദ്രവും ഒഴികെയുള്ള സമിതികളിൽ പ്രൊഫഷണൽ നാടകസംവിധാനം നിർവഹിച്ചിട്ടുള്ള ധർമൻ  തന്റെ ഗുരുക്കന്മാരായി കാണുന്നത്   പി ജെ ആന്റണിയെയും ചങ്ങനാശ്ശേരി ഗീഥയിലെ സംവിധായകൻ ചാച്ചപ്പനെയും.  " ആന്റണി ആശാൻ തന്നെ നാടകം പഠിപ്പിച്ചു. ചാച്ചപ്പൻ നാടകംകൊണ്ട് ജീവിക്കാമെന്നും പഠിപ്പിച്ചു’ എന്നാണ്‌  ധർമൻ ചേട്ടൻ എന്ന്‌ ശിഷ്യർ വിളിക്കുന്ന കെ എം ധർമൻ പറയാറ്‌.   

1933 ആഗസ്റ്റ് 16നാണ് ജനനം.    മാതാപിതാക്കളിൽനിന്ന് സംഗീതപാരമ്പര്യം പകർന്നുകിട്ടി. സംഗീതജ്ഞൻ കെ  എം നടേശ നും നാടകകൃത്ത്‌ കെ എം ചിദംബരവും സഹോദരങ്ങളാണ്‌.  

-  1947 പള്ളുരുത്തിയിലെ കേരള കലാസമിതിയുമായി ചേർന്നാണ്‌  കലാപ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്.  വിദ്വാൻ കെ ശങ്കരൻ നായർ രചിച്ച ജീവിതം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് ആരംഭിച്ച നാടക ജീവിതം പൊൻകുന്നം വർക്കിയുടെ ‘ഭർത്താവ്’ എന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലും ധർമനെ എത്തിച്ചു. പള്ളുരുത്തിയിൽ നാടകാവതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്ന പരിഹാരത്തിനായാണ് പി ജെ ആന്റണി സമീപിക്കുന്നത്. പി ജെ ആന്റണി പള്ളുരുത്തിയിലെത്തി നാടക റിഹേഴ്‌സൽ കാണുകയും  ഹാസ്യകഥാപാത്രമായി അരങ്ങുനിറഞ്ഞ  ധർമനെ നാടകസംഘത്തിലേക്ക് ക്ഷണിക്കുകയുംചെയ്‌തു. പിന്നീട് പി ജെ ആന്റണിയുടെ ശിഷ്യനും സഹായിയും അഭിനേതാവുമായി ഏറെക്കാലം.  

പി ജെ ആന്റണിയുടെ പ്രതിഭ തിയറ്റേഴ്സ്, പീപ്പിൾസ് തിയറ്റേഴ്സ്, പി ജെ തിയറ്റേഴ്സ് എന്നിവയിലായിരുന്നു അദ്ദേഹം   ചുവടുകൾ പഠിച്ചത്. 1959ൽ കുപ്രസിദ്ധമായ വിമോചനസമരത്തെ പി ജെ ആന്റണി  നാടകങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചു. വിമോചന സമരക്കാരുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ട നാടകങ്ങൾ കേരളമാകെ അരങ്ങേറി. ജീവൻ പണയപ്പെടുത്തിയുള്ള നാടകാവതരണങ്ങൾ.  പലപ്പോഴും പട്ടിണിയായിരുന്നു അക്കാലം.

-- ഞങ്ങളുടെ ഭരണം വരേണമെ, വിമോചനം, തലയോട്ടിയും ചെരിപ്പും തുടങ്ങിയ നാടകങ്ങൾ പി ജെ ആന്റണി അവതരിപ്പിച്ചു.  കോട്ടയം നാഷണൽ തിയറ്റേഴ്സ്, ചങ്ങനാശ്ശേരി ഗീഥ ആർട്ട്സ് ക്ലബ് എന്നീ സമിതികൾക്കായി അനേകം നാടകങ്ങൾ സംവിധാനംചെയ്‌തു. ഇന്ത്യയിലാകെയും വിവിധ വിദേശരാജ്യങ്ങളിലും വിജയകരമായി നാടകങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്. ഒരു വർഷം ഏറ്റവും കൂടുതൽ പ്രദർശനം നടത്തിയ നാടകങ്ങളുടെ പട്ടിക എടുത്താൽ ധർമന്റെ നാടകങ്ങളായിരിക്കും മുന്നിൽ. കേളി എന്ന നാടകം  ഒരു സീസണിൽ നാനൂറിലേറെ വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

 മാധവിക്കുട്ടി എഴുതിയ ഇന്ന് ഞങ്ങൾ വിവാഹിതരാകുന്നു എന്ന നാടകം സംവിധാനം ചെയ്‌ത്‌ കോഴിക്കോട് - കീർത്തനയ്‌ക്കുവേണ്ടി അരങ്ങിലെത്തിച്ച ധർമൻ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം നാടക രചയിതാക്കളെ പ്രൊഫഷണൽ നാടക വേദിയിൽ പരിചയപ്പെടുത്തി.  സി കെ ശശിയും അഡ്വ. മണിലാലുമൊക്കെ അവരിൽ ചിലർ.  

ജീവിതം നാടകത്തിനായി ഒഴിഞ്ഞുവച്ചവരായിരുന്നു ഒരുകാലത്ത് നാടക പ്രവർത്തകർ. എന്നാൽ അത്തരം ത്യാഗസന്നദ്ധതയ്‌ക്ക്‌ തയ്യാറാകാത്തവർ നാടകസമിതി ഉടമകളും നാടകക്കാരുമായി മാറിയപ്പോൾ നാടകത്തിന്‌ അതിന്റെ തുടർച്ച നഷ്‌ടപ്പെട്ടുവെന്ന് കരുതുവാനാണ് ധർമനിഷ്ടം.

സംഗീതത്തിന്റെയും വെളിച്ചത്തിന്റെയും അതിപ്രസരവും വേഗതയും നാടകത്തിന്‌ ജീവിതവുമായുള്ള ബന്ധം നഷ്ടപ്പെടുത്തി. ഇതുമൂലം നാടകം കാഴ്‌ചക്കാരന്റെ ഉള്ളിൽ തട്ടാത്ത കലാരൂപമായി മാറി. ഇത്‌ നാടകത്തിന്റെ പിന്നോട്ടുപോക്കിന്‌ കാരണമായി.

നാടകത്തോടൊപ്പം ബാലെയും നൃത്തനാടകങ്ങളും ധാരാളം സംവിധാനം ചെയ്‌തിട്ടുള്ള കെ എം ധർമൻ ഏതാനും സിനിമകളിൽ അഭിനയിക്കുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. ട്രാജഡിയും കോമഡിയും ഒരേപോലെ ഫലിപ്പിക്കാൻ കഴിഞ്ഞിരുന്ന കെ എം ധർമന്റെ സംവിധാനശൈലി അനുഭവങ്ങളിലൂടെ രൂപപ്പെടുത്തി എടുത്തതായിരുന്നു.

അഭിനേതാവിന്റെ സംഭാഷണം, അതിന്റെ ഏറ്റിറക്കങ്ങൾ, താളം, ചലനം എന്നിവയിലെല്ലാം സ്വന്തമായ ഒരു രീതി സംവിധാനംചെയ്‌ത നാടകങ്ങളിലെല്ലാം ശ്രദ്ധയോടെ മികവുറ്റതാക്കാൻ നിർബന്ധം കാണിക്കുമായിരുന്നു. അഭിനയ മോഹവുമായി വരുന്ന ചിലരെങ്കിലും കെ എം ധർമനെന്ന സംവിധായകന്റെ കർക്കശ രീതികളെ ഭയന്ന്‌ റിഹേഴ്‌സൽ ക്യാമ്പുകളിൽനിന്ന്‌ ഒളിച്ചുപോയിട്ടുണ്ടെന്നതും മറന്നുകൂട.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top