18 April Thursday

ക്ലീറ്റസാണ്‌ മന്മഥനുമാണ്‌

എം കെ പ്രദീപ്Updated: Sunday Aug 8, 2021

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമായ റിയാസ്‌ നർമകല സിനിമയിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞു.  സീരിയലുകളിലെ  ക്ലീറ്റസ്‌, മന്മഥൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ജനപ്രിയനായ റിയാസ്‌, വൺ അടക്കം  പതിനഞ്ച്‌ സിനിമയിൽ അഭിനയിച്ചു. ഒരു സിനിമയുടെ തിരക്കഥാ രചനയിലേക്ക്‌ കടന്ന റിയാസ്‌  മൂന്ന് ദശാബ്ദം പിന്നിട്ട  കലാജീവിതത്തെക്കുറിച്ച്.

മിമിക്രിയിൽ തുടക്കം

തിരുവനന്തപുരം വട്ടപ്പാറ ലൂർദ് മൗണ്ട് സ്‌കൂളിലെ പഠനകാലത്ത്‌ മിമിക്രിയിലൂടെയാണ് ആദ്യം സ്‌റ്റേജിലെത്തിയത്‌. അതും സുഹൃത്തുക്കളുടെ നിർബന്ധത്തിൽ. മിമിക്രി താരം ജോബിയിൽനിന്ന്‌ ചില പൊടിക്കൈകൾ പഠിച്ചു. മത്സരത്തിൽ രണ്ടാം സ്‌ഥാനം. മത്സരിക്കാൻ നിർബന്ധിച്ച സുഹൃത്തിന്‌ മൂന്നാംസ്‌ഥാനവും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന ബാപ്പയും ഉമ്മയും സ്‌കൂൾ പ്രിൻസിപ്പൽ ബ്രദർ ജൈൽസും എല്ലാ പ്രോത്സാഹനവും നൽകി.  ദൂരദർശനിൽ ടേക്ക് ഫോർ ഓക്കെയിലൂടെ ആയിരുന്നു അരങ്ങേറ്റം. അന്ന് ദൂരദർശൻ മാത്രമേയുള്ളൂ. ടേക്ക് ഫോർ ഓക്കെ നിരവധി പേർ കണ്ടു. പിറ്റേ ദിവസം മുതൽ നിരവധി അഭിനന്ദനങ്ങളും കിട്ടി. ഹലോ മിമിക്രി എന്ന ദൂരദർശൻ പ്രോഗ്രാമിലും പങ്കെടുത്തു. കൈരളി ചാനലിൽ വന്ന ജഗപൊഗയാണ് കലാജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കിയത്. ഇന്ന് പ്രശസ്‌തരായ പല  കലാകാരന്മാർക്കൊപ്പം അതിൽ അഭിനയിക്കാനായി.  മധുവിന്റെ അപരനായി അഭിനയിച്ചത്‌  ഒരുപാടു പേർക്ക്‌ ഇഷ്‌ടപ്പെട്ടു.

നർമകല

കോളേജ് പഠനകാലംമുതൽ മിമിക്രി രംഗത്ത് സജീവമായി. നെടുമങ്ങാട് കേന്ദ്രീകരിച്ച്‌ നർമകല എന്ന ട്രൂപ്പിന് രൂപം നൽകി.  സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പെടെയുള്ള നിരവധി കലാകാരന്മാർ ഈ ട്രൂപ്പിന്റെ ഭാഗമായി.  അളിയൻസ്‌ സീരിയലിലെ ക്ലീറ്റസ്‌ എന്ന കഥാപാത്രത്തെ അഞ്ച് വർഷമായി  ചെയ്‌തുകൊണ്ടിരിക്കുന്നു.   നിർദോഷമായ തട്ടിപ്പുകളുമായി ജീവിക്കുന്ന, കുടുംബസ്‌നേഹിയായ രാഷ്‌ട്രീയപ്രവർത്തകൻ. ആളുകൾ ക്ലീറ്റസളിയാ എന്ന്‌ വിളിക്കുമ്പോൾ വലിയ സന്തോഷം.  മറിമായത്തിലെ മന്മഥനാണ്‌ മറ്റൊരു ജനപ്രിയ കഥാപാത്രം.   

ആദ്യ സിനിമ

ആദ്യ സീരിയൽ ടേക്ക് ഫോർ ഓക്കെയുടെ സംവിധായകൻ വിജയകൃഷ്‌ണൻ സംവിധാനംചെയ്‌ത ഉമ്മയിലാണ് തുടക്കം. മമ്മൂട്ടി നായകനായ വണ്ണിലും അഭിനയിച്ചു.  മമ്മൂക്ക പറഞ്ഞിട്ടാണ് ആ വേഷം കിട്ടിയത്‌. സജീവ് പാഴൂരിന്റെ തിരക്കഥയിൽ  നാദിർഷ സംവിധാനം ചെയ്‌ത  ‘കേശു ഈ വീടിന്റെ നാഥനി’ൽ  ബസ് ഡ്രൈവർ ജോണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.   

ഷെയ്‌ൻ നിഗം നായകനാകുന്ന സിനിമയിലും അഭിനയിക്കുന്നു. എറണാകുളത്തുള്ള ഒരു സുഹൃത്തുമായി ചേർന്ന് ഒരു സിനിമയ്‌ക്ക് തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.  

പ്രിയദർശന്റെ അഭിനന്ദനം

കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശൻ വിളിച്ചു. ലോക്‌ഡൗൺ കാലത്താണ് അദ്ദേഹം അളിയൻസിന്റെ എപ്പിസോഡുകൾ യുട്യൂബിൽ കണ്ടു തുടങ്ങിയത്. അത്കണ്ട് ഇഷ്ടപ്പെട്ട് ഒരു സുഹൃത്തിൽനിന്ന്‌ നമ്പർ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top