23 April Tuesday

പുതുപാഠങ്ങളുടെ കൊടിയേറ്റം

സി വി രാജീവ്‌ cvrajeev@gmail.comUpdated: Sunday Jan 8, 2023

ചിത്രങ്ങൾ: കെ ഷെമീർ കെ എസ്‌ പ്രവീൺകുമാർ

വാഴക്കാത്തെരു, കോർമൻ കടപ്പുറം, പണ്ടാരകടപ്പുറം... അങ്ങനെ ചരിത്രം തുടിക്കുന്ന എത്രയെത്ര ദേശപ്പെരുമകൾ. ഭൂമിശാസ്‌ത്രപരമായി മാത്രമല്ല, എല്ലാ മേഖലയിലും മലപ്പുറം ജില്ലയെ ആഴത്തിൽ അറിയുന്നതായി ദേശാഭിമാനി ഡിസംബർ 27നും 28നും  സംഘടിപ്പിച്ച  ‘മലപ്പുറം മഹോത്സവം’. കെട്ടുകഥകളുടെയും കൊളോണിയൽ ആവിഷ്‌കാരങ്ങളുടെയും ലിഖിതരൂപങ്ങൾക്കപ്പുറത്ത്‌ മലപ്പുറത്തിന്‌ സവിശേഷമായ തനിമയുണ്ട്‌. ആ തനതിനെ കണ്ടെടുക്കാനുള്ള അന്വേഷണത്തിനാണ്‌ അരങ്ങൊരുങ്ങിയത്‌

പത്തേമാരികളിൽ കടൽകടന്ന്‌ പോയവരുടെ തീരമാണ്‌ പൊന്നാനി. കച്ചവട പാരമ്പര്യവും സമരതീക്ഷ്‌ണമായ കാലവും മൈത്രിയും തുടിക്കുന്ന തീരം. ആ പൊന്നാനിയെ  സ്വർണാനിയെന്ന്‌ വിളിച്ചിരുന്നു. കടലോരത്തുകൂടെ സഞ്ചരിച്ച്‌ ഇന്നത്തെ പരപ്പനങ്ങാടിയിൽ എത്തുമ്പോൾ പരപ്പൻസൂഖ്‌ എന്ന നാമം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അവിടങ്ങളിലെ ഉപ്പളങ്ങളിൽനിന്ന്‌ ഉൾനാടുകളിലേക്ക്‌ ഉപ്പ്‌ കൊണ്ടുപോയിരുന്നത്‌ ഉമണർ എന്ന വണിക് സംഘങ്ങളായിരുന്നു. ആ ഇടം ഉമണന്തറയായി. വാഴക്കാത്തെരു, കോർമൻ കടപ്പുറം, പണ്ടാരകടപ്പുറം... അങ്ങനെ ചരിത്രം തുടിക്കുന്ന എത്രയെത്ര ദേശപ്പെരുമകൾ. ഭൂമിശാസ്‌ത്രപരമായി മാത്രമല്ല, എല്ലാ മേഖലയിലും മലപ്പുറം ജില്ലയെ ആഴത്തിൽ അറിയുന്നതായി ദേശാഭിമാനി ഡിസംബർ 27നും 28നും സംഘടിപ്പിച്ച  ‘മലപ്പുറം മഹോത്സവം’. കെട്ടുകഥകളുടെയും കൊളോണിയൽ ആവിഷ്‌കാരങ്ങളുടെയും ലിഖിതരൂപങ്ങൾക്കപ്പുറത്ത്‌ മലപ്പുറത്തിന്‌ സവിശേഷമായ തനിമയുണ്ട്‌. ആ തനതിനെ കണ്ടെടുക്കാനുള്ള അന്വേഷണത്തിനാണ്‌ അരങ്ങൊരുങ്ങിയത്‌. മാനവികതയുടെ ഇടങ്ങളിൽനിന്ന്‌  സങ്കുചിത കാഴ്‌ചപ്പാടുകളിലേക്ക്‌ മനുഷ്യരെ ചുരുക്കാൻ കോപ്പുകൂട്ടുന്നവർക്ക്‌ താക്കീതായി ഈ പുതുദൗത്യം.

ആഴത്തിൽ അറിഞ്ഞും അറിയിച്ചും

ഇരുമ്പുയുഗംമുതലേ ജനവാസമുണ്ടായിരുന്ന നിരവധി സ്ഥലങ്ങളാൽ സമ്പന്നമാണ്‌ മലപ്പുറം ജില്ല. അതിന്റെ തെളിവുകളെന്ന്‌ കരുതുന്ന കൽക്കുഴികൾ തിരൂർ താലൂക്കിലെ പറമ്പത്തുകാവിൽ കണ്ടെത്തിയിരുന്നു. മലപ്പുറത്തിന്റെ പ്രാഗ്‌ചരിത്രം മാത്രമല്ല, നാനാമേഖലയെയും ആഴത്തിൽ അറിഞ്ഞ സെമിനാറുകളായിരുന്നു മലപ്പുറം മഹോത്സവത്തിന്റെ പ്രധാന സവിശേഷത.  

മലപ്പുറം ജില്ലയുടെ ചരിത്രം വിശദീകരിക്കുന്ന പുസ്‌തകങ്ങൾ പരിമിതമാണ്‌. എന്നാൽ, സർവമേഖലയും വിശകലനംചെയ്‌ത്‌ നടക്കുന്നത്‌ എത്രയോ ഗവേഷണങ്ങൾ. അവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നു. 28 വിഷയത്തിലായിരുന്നു സെമിനാറുകൾ. കൃഷി–പരിസ്ഥിതി, കുടിയേറ്റം–-വനം–-തോട്ടംമേഖല, അനുഷ്‌ഠാനകലകൾ, പ്രവാസം–-ചരിത്രം–-വർത്തമാനം, സാമൂഹ്യപരിഷ്‌കരണം, ചരിത്രം–-സംസ്‌കാരം–-സ്വാതന്ത്ര്യസമരം, പാട്ട്‌–-കലാപാരമ്പര്യം, സാഹിത്യപാരമ്പര്യം, സ്‌ത്രീജീവിതവും പോരാട്ടങ്ങളും, കായികമേഖല, തൊഴിലാളിപ്രസ്ഥാനം–- ബഹുജനപോരാട്ടം, കടലോരം–- മത്സ്യബന്ധനം–-തുറമുഖം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, മതം–-സൂഫിസം–-ജൈന–-ബുദ്ധപാരമ്പര്യം, നാടകം–- സിനിമ–- ചിത്രമെഴുത്ത്‌, സാങ്കേതികവിദ്യ, വാമൊഴി ഭാഷാഭേദങ്ങൾ, കച്ചവടം–-വ്യവസായം–-സഹകരണമേഖല, കലാസമിതി–-ഗ്രന്ഥശാല–- സാക്ഷരത–-ശാസ്‌ത്രപ്രസ്ഥാനം, സ്ഥലനാമചരിത്രം–- ഭൂവിജ്ഞാനീയം, കരകൗശലം–-പാരമ്പര്യത്തൊഴിൽ, അച്ചടി–-പത്രം–-നവമാധ്യമം, ദളിത്‌ ആദിവാസിജീവിതം, അധ്യാപക–-വിദ്യാർഥിപ്രസ്ഥാനം, മലപ്പുറം മാതൃക എന്നിവയായിരുന്നു സെഷനുകൾ.

12 വേദിയിലായി ഒരേസമയത്തായിരുന്നു സെമിനാറുകൾ.  257 പ്രബന്ധം അവതരിപ്പിച്ചു. വിവിധ സെഷനുകളിൽ 1681 പേർ പങ്കെടുത്തു. ചരിത്രം–-സംസ്‌കാരം സെഷനിൽമാത്രം പങ്കാളിത്തം 228 പേർ. പ്രബന്ധാവതാരകരിൽ ഭൂരിഭാഗംപേരും ഗവേഷകരായിരുന്നു. ഗവേഷണങ്ങൾ ജനമധ്യത്തിൽ എത്തിക്കുകയെന്ന ദൗത്യംകൂടിയാണ്‌ ഇതിലൂടെ ദേശാഭിമാനി ഏറ്റെടുത്തത്‌.

ജനകീയതയുടെ സംവാദം

മൂന്ന്‌ വിഷയത്തിലെ സിമ്പോസിയങ്ങൾ ജനകീയപ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുപലകയും മലപ്പുറത്തിന്റെ കുതിപ്പും തേടുന്നതായി. ബഹുസ്വരതയും ജനാധിപത്യവും, വികസനമുന്നേറ്റങ്ങളുടെ മലപ്പുറം വേഗം, നാലാംതൂണിന്റെ കാതലും പൂതലും എന്നിവയായിരുന്നു സിമ്പോസിയങ്ങൾ. മന്ത്രി പി എ മുഹമ്മദ്‌റിയാസ്‌, മുൻമന്ത്രിമാരായ  ടി എം തോമസ്‌ ഐസക്, പാലോളി മുഹമ്മദ്‌കുട്ടി, മുനവറലി ശിഹാബ്‌തങ്ങൾ, എംഎൽഎമാരായ കെ ടി ജലീൽ, പി ഉബൈദുള്ള, എ പി അനിൽകുമാർ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്‌, സിപിഐ നേതാക്കളായ പി പി സുനീർ, പി കെ കൃഷ്‌ണദാസ്‌, എം സ്വരാജ്‌, ഡോ. ഷീന ഷുക്കൂർ, കേരള മുസ്ലിം ജമാഅത്ത്‌ സെക്രട്ടറി എൻ അലി അബ്ദുള്ള, മാധ്യമപ്രവർത്തകരായ വി ബി പരമേശ്വരൻ, സി പി സൈതലവി, മനില സി മോഹൻ, എം പി ബഷീർ, ടി എം ഹർഷൻ എന്നിവർ പങ്കെടുത്തു.

കണ്ടു, കാണാത്ത കലകൾ

കിഴക്കീന്ന് ഉദിവരേല്ല്യാ

പടിഞ്ഞാറ്‌ അസ്‌തുതിയില്ല

ആടേല്‌ മൂടേലാണ്‌

ഉടയോനെ തമ്പുരാനെ

ആണിന്‌ പെണ്ണില്ല്യോലോ

പെണ്ണിന്‌ ആണില്ല്യോലോ...

കണക്കൻ സമുദായക്കാരുടെ മരണാനന്തരചടങ്ങിന്റെ ഭാഗമായുള്ള വാമൊഴി പാട്ടായ പാമ്പാടിപ്പാട്ടിൽ നിറഞ്ഞു ജനത. ഇതുൾപ്പെടെയുള്ള പാരമ്പര്യകലാപരൂപങ്ങളെ അടുത്തറിയാനും  മലപ്പുറം മഹോത്സവം വേദിയൊരുക്കി. പഴയകാലത്ത്‌ നേർച്ചകളുടെ വരവറിയിച്ചിരുന്ന മുട്ടും വിളിയും എന്ന ഘോഷയാത്രയോടെയായിരുന്നു തുടക്കം. കളമെഴുത്തുപാട്ട്‌, പൂതൻകളി, ഓണവില്ല്‌, കല്യാണ വട്ടപ്പാട്ട്‌, പാക്കനാർ കോലങ്ങൾ, റാത്തീബ്‌, വട്ടമുടി, തിറ, ചവിട്ടുകളി തുടങ്ങിയ അപൂർവ കലാരൂപങ്ങൾ സെമിനാറിന്‌ മാറ്റേകി. 

മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ളയാണ്‌ മലപ്പുറം മഹോത്സവം ഉദ്‌ഘാടനംചെയ്‌തത്‌. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, മന്ത്രി വി അബ്ദുറഹ്‌മാൻ, നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, പി നന്ദകുമാർ എംഎൽഎ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ പി കെ സൈനബ, സിപിഐ എം പാലക്കാട്‌ ജില്ലാസെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സിപിഐ എം കോഴിക്കോട്‌ ജില്ലാസെക്രട്ടറി പി മോഹനൻ, മലപ്പുറം ജില്ലാസെക്രട്ടറി ഇ എൻ മോഹൻദാസ്‌ എന്നിവർ പങ്കെടുത്തു. സമാപനസമ്മേളനം മുൻമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌ ഉദ്‌ഘാടനംചെയ്‌തു. നടി നിലമ്പൂർ ആയിഷ മുഖ്യാതിഥിയായി. ദേശാഭിമാനി കോഴിക്കോട്‌ യൂണിറ്റ്‌ മാനേജർ ഒ പി സുരേഷായിരുന്നു ഫെസ്‌റ്റിവൽ ഡയറക്ടർ. മലപ്പുറം യൂണിറ്റ്‌ മാനേജർ ആർ പ്രസാദ്‌ ജനറൽ കൺവീനറും സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ മോഹൻദാസ്‌ ചെയർമാനുമായാണ്‌ സ്വാഗതസംഘം.

ഖത്തർ ലോകകപ്പ്‌ വിശേഷങ്ങളുമായി കളിവർത്തമാനം എന്ന പരിപാടിയും സംഘടിപ്പിച്ചു. മുൻതാരങ്ങളായ ഐ എം വിജയൻ, യു ഷറഫലി, പി ഹബീബ്‌ റഹ്‌മാൻ, ഹമീദ്‌ ടൈറ്റാനിയം, അൻവർ ടൈറ്റാനിയം, ദേശാഭിമാനി മുൻ സ്‌പോർട്‌സ്‌ എഡിറ്റർ എ എൻ രവീന്ദ്രദാസ്‌, സ്‌പോർട്‌സ്‌ എഡിറ്റർ ആർ രഞ്‌ജിത്ത്‌, സ്‌പോർട്‌സ്‌ ജേർണലിസ്‌റ്റ്‌ ജാഫർഖാൻ, തുടങ്ങിയവർ പങ്കെടുത്തു.

പുതുകാലത്തിന്റെ വേഗത്തിൽ അന്യംനിന്നുപോകുന്ന കലകളെ അറിയാനും വീണ്ടെടുക്കാനുമുള്ള കാൽവയ്‌പായി ഇത്‌. അവസാനദിവസം ഷഹബാസ്‌ അമന്റെ ‘ഷഹബാസ്‌ പാടുന്നു’ സംഗീതവിരുന്നും അരങ്ങേറി. ചരിത്ര –-ശിൽപ്പ പ്രദർശനവുമൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top