27 April Saturday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Jan 8, 2023

കാലം ആവശ്യപ്പെടുന്ന വേവു ചിത്രങ്ങൾ

ദിലീപ്‌ മലയാലപ്പുഴ

പേര് പോലെ വേവിന്റെ കാലത്തെ തീക്ഷ്ണ നേർചിത്രങ്ങളാണ് പത്രപ്രവർത്തകൻ കൂടിയായ കെ ടി രാജീവിന്റെ ‘വേവുകാലം’ , എന്ന കവിതാ സമാഹാരത്തിലുള്ളത്.  അനുവാചകർക്കായി ഭാവ വിഹായസ്സിലേക്ക്, അനുഭൂതി മണ്ഡലത്തിലേക്ക് ഒരു കിളിവാതിൽ തുറന്നു വച്ചിരിക്കുകയാണ് കവി. ഋതു ചക്രമണത്തിലൂടെ വസന്തം പോകും, പക്ഷെ, കവിതയിൽ സൃഷ്ടിക്കപ്പെടുന്ന വസന്തം മായാതെ നിൽക്കുന്നു എന്ന സവിശേഷതയുമുണ്ട്. കാവ്യഭാഷാ നിർമാണത്തിന്റെ രസതന്ത്രം കവിക്ക് നന്നേ നിശ്ചയമുണ്ട്. പുതിയ പദ ചേരുവകളുടെ സൗന്ദര്യവും പുതു ഭാവാത്മകതയുടെ മാന്ത്രികതയും സൃഷ്ടിക്കാനാകുന്നു.  മാനവികതയുടെ തകർച്ച , മനുഷ്യാവകാശ നിഷേധങ്ങൾ, ചൂഷണമേൽക്കുന്ന പെൺനിലവിളികൾ, നിരാലംബരുടെ കണ്ണീർ, വേർതിരിവും വിഭാഗീയതയും സൃഷ്ടിക്കുന്ന ആസുരത  തുടങ്ങി കത്തുന്ന വർത്തമാന കാല സത്യങ്ങളെ താപ തീവ്രതയോടെ രാജീവ് 41 കവിതകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അടയാളങ്ങൾക്ക് ശേഷമുള്ള കവിതാ സമാഹാരമാണിത്.  കവി പ്രഭാവർമയാണ്‌  അവതാരികയെഴുതിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഡൊമിനിക് ജെ കാട്ടൂർ പഠനവും നടത്തിയിട്ടുണ്ട്.

 

കാലത്തെ തടവിലാക്കുന്ന കഥകൾ

പ്രൊഫ. കെ കുമാരൻ

പവിത്രൻ മൊകേരിയുടെ ബർച്ചുമരത്തിന്റെ കരിയിലകൾ എന്ന സമാഹാരത്തിലെ കഥകളിൽ കാലത്തിന്റെ സ്വാധീനം നിറഞ്ഞുനിൽക്കുന്നു. മനസ്സിനെ മഥിക്കുന്ന ഏതൊക്കെയോ ആപൽസൂചനകളും ഉൽക്കണ്ഠയും ഈ കഥകളിലുണ്ട്‌. ആറ്‌ കഥയാണ്‌ സമാഹാരത്തിൽ. ബർച്ചുമരത്തിന്റെ കരിയിലകൾ ആണ്‌ ആദ്യകഥ. കശ്‌മീരാണ്‌ കഥയുടെ പശ്ചാത്തലം. നേരത്തേ സ്‌കൂൾവിട്ട ദിവസം കാശ്‌മീര എന്ന സ്‌കൂൾ വിദ്യാർഥിനി അകാരണമായ ഭയത്തിനടിമയാകുന്നു. നിരത്തിലൊക്കെ പട്ടാളവണ്ടികൾ നിർത്തിയിട്ടിരിക്കുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസും പട്ടാളവും. വേഗത്തിൽ വീട്ടിലെത്താനുള്ള തിടുക്കമായിരുന്നു അവൾക്ക്‌. ദാൽതടാകത്തിന്റെ മുകളിൽ ഭയന്ന്‌ വിളറിയപോലെ മേഘങ്ങൾ. പൈൻമരക്കാടുകളിൽ വിഷാദം പടർന്നിരിക്കുന്നു. വീട്ടിലേക്കുള്ള നടവഴിയിലെത്തിയപ്പോൾ ‘അച്ഛൻ വന്നോ’ എന്ന്‌ അവൾ അമ്മയോട്‌ അന്വേഷിച്ചു. ദാൽതടാകത്തിലെ ഉല്ലാസബോട്ടിൽ ടൂറിസ്റ്റുകളെയുംകൊണ്ട്‌ സഞ്ചരിക്കുന്നതാണ്‌ അച്ഛന്റെ ജോലി. അച്ഛൻ വന്നില്ല. അച്ഛനെയും കുറെ പേരെയും പൊലീസ്‌ പിടിച്ചുകൊണ്ടുപോയെന്ന്‌ അവൾ അറിഞ്ഞു. അച്ഛനെ അന്വേഷിച്ചെത്തിയ അവൾ ഒരു പട്ടാളക്കാരന്റെ അതിക്രമത്തിനിരയാകുന്നു. ഈ കഥ വായനക്കാരെ അസ്വസ്ഥമാക്കും, നൊമ്പരപ്പെടുത്തും. ഭാഗീരഥിയുടെ മാറിൽ എന്ന കഥയിലെ യശ്‌പാലും ഭാര്യയും ഗ്രാമത്തിലുള്ള അച്ഛനമ്മമാരെ കാണാൻ പോകുകയാണ്‌. കോവിഡ്‌ മഹാമാരിക്കിടയിൽ ആ പാവങ്ങൾ  അന്തരിച്ചു. വേദനമുറ്റിയ അവരുടെ നിലവിളികൾ ഗംഗയുടെ ഓളപ്പരപ്പിൽ ഒഴുകിനടന്നു. ഉപനിഷത്‌ വചനങ്ങൾ എന്ന കഥയിൽ ഒരു പത്രാധിപരുടെ ക്ഷണം സ്വീകരിച്ച്‌ പത്രമോഫീസിലെത്തിയ ഒരു കഥാകൃത്തിനെ കാണാം. ലളിതവും കാവ്യാത്മകവുമാണ്‌ പവിത്രൻ മൊകേരിയുടെ ഭാഷ.

 

പ്രതിബദ്ധതയാണ്‌ കവിത

സതീശൻ മോറായി

മലയാള കവിതയിൽ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന ചോദ്യത്തിന്‌ മലയാളിയുടെ ജീവിതത്തിൽ ഇപ്പോൾ എന്തൊക്കെയാണ്‌ സംഭവിക്കുന്നതെന്ന മറുചോദ്യമാണ്‌ ഉത്തരം. ജീവിതത്തോട് അത്രമേൽ തൊട്ടുനിൽക്കുന്ന ഒന്നായി കവിത മാറിക്കഴിഞ്ഞിട്ടുണ്ട്‌. വിഷയദാരിദ്ര്യം നമ്മുടെ കവികളെ അലട്ടുന്നേയില്ല. ജീവിതത്തിന്റെ കടലാണ്‌ മഷിപ്പാത്രമായി അവർക്കുമുന്നിലുള്ളത്‌. ജി ഷിഹാബിന്റെ ‘ഇനിയെത്ര ദൂരം’ എന്ന സമാഹാരത്തിലെ കവിതകൾ ഓരോന്നും കാലത്തിന്റെ പ്രതിബിംബങ്ങളാണ്‌. ചരിത്രപാഠങ്ങളുടെ ഓർമപ്പെടുത്തലുകളാണവ. മനുഷ്യത്വം നിറയുകയും അപരസ്‌നേഹം പൂത്തുലയുകയും ധർമബോധം തെളിയുകയും ജാതി മാഞ്ഞുപോകുകയും ചെയ്യുന്ന ചരിത്രസന്ധികളെ അടയാളപ്പെടുത്തുകയാണ്‌ അരുവിപ്പുറത്ത്‌ എന്ന കവിത. വാളിനെ ഭയക്കുന്ന മരവും ജെസിബിയെ ഭയക്കുന്ന മലയും മണൽലോറികളെ ഭയക്കുന്ന പുഴയും മാത്രമല്ല, തലയ്‌ക്കുമീതെ പറക്കുന്നത്‌ ആണവ ബോംബുകൾ വർഷിക്കുന്ന പോർവിമാനങ്ങളാണെന്ന്‌ ഭയക്കുന്ന ജനതയെയും ആവിഷ്‌കരിക്കുമ്പോൾ, ഭയം ഭരിക്കുന്ന ലോകത്തിന്റെ രാഷ്‌ട്രീയമാണ്‌ ഷിഹാബിന്റെ കവിതകൾ സംസാരിക്കുന്നത്‌. എവിടെയും നിറഞ്ഞുനിൽക്കുന്ന ഗാന്ധിജിയെ ഷിഹാബ്‌ കവിതയിൽ കാണുന്നത്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടിലൂടെയാണ്‌. വയലാർ രാമവർമയുടെ കാവ്യജീവിത വഴികളെ സമഗ്രമായി അടിയാളപ്പെടുത്തുന്നുണ്ട്‌ വയലാർ എന്ന കവിത.  ഉയർന്ന ധാർമികബോധവും രാഷ്‌ട്രീയപ്രബുദ്ധതയും പുലർത്തുന്ന കവിതകളാണ്‌ സമാഹാരത്തിൽ. മാനവികതയുടെ പ്രകാശഗോപുരങ്ങളാണ്‌ അത്‌ സ്വപ്‌നം കാണുന്നത്‌. അപരസ്‌നേഹം വിതയ്‌ക്കുന്ന വാടിയിൽ 1000 നക്ഷത്രങ്ങൾ പൂക്കുമെന്ന പ്രത്യാശയാണ്‌ ഷിഹാബിന്റെ കവിതകളിൽ. തോൽക്കുവോളം ഉറങ്ങുന്ന ഒരു ജനതയുടെ നിസ്സംഗതയെ കവി വിചാരണചെയ്യുന്നു. മനുഷ്യനിൽനിന്ന്‌ മനുഷ്യത്വം ചോർന്നുപോയാലുള്ള ശൂന്യതയെക്കുറിച്ച്‌ വ്യാകുലപ്പെടുന്നു. നാടോടിക്കഥയുടെയും പഴമൊഴികളുടെയും അകമ്പടിയുണ്ട്‌ ഷിഹാബിന്റെ കവിതകൾക്ക്‌.

 

നാട്ടുമൊഴിച്ചന്തത്തിൽ തീർത്ത ഒരു വാമൊഴിപ്പത്തായം

വിനീഷ്‌ കളത്തറ

ബാലസാഹിത്യം വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഇക്കാലത്ത്‌ 20 കുട്ടിക്കഥകളുമായി എത്തിയിരിക്കുകയാണ്‌ ജനു രചിച്ച ‘അമ്മ കള്ളീ’. ദീർഘകാലം യൂറീക്ക മാസികയുടെ പത്രാധിപരായിരുന്ന ജനുവിന്റെ ഈ രചനകൾ കുട്ടിക്കഥകളുടെ വാർപ്പു മാതൃകകളെ തകിടം മറിക്കുന്നവയാണ്‌. വിശപ്പ്‌, ജാതിമതങ്ങൾ തീർത്ത മതിലുകൾ, യുദ്ധം, പരിസ്ഥിതി തുടങ്ങിയവയൊക്കെ  കഥകൾക്ക്‌ വിഷയമാകുന്നു. ഭൂരിപക്ഷം കഥകളിലും കഥാപാത്രങ്ങളായി വരുന്നത്‌ പെൺകുഞ്ഞുങ്ങളാണെന്ന പ്രത്യേകതയുമുണ്ട്‌. ശാന്തിയുടെ സങ്കേതമായ കൊച്ചുവീട്ടിലെ അരുമ, അമ്മിണിക്കുട്ടിയുടെ അച്ഛനും അമ്മയുമാകാൻ മത്സരിക്കുന്ന അച്ഛന്റെയും അമ്മയുടെയും കഥപറയുന്ന അമ്മ കള്ളീ എന്നിവ ഏറെ വ്യത്യസ്‌തമാണ്‌. ഗുണപാഠ പ്രസംഗങ്ങളല്ല ഈ കഥകൾ മുന്നോട്ടുവയ്‌ക്കുന്നത്‌. മറിച്ച്‌ മിതവും സൗമ്യവുമായ ഭാഷയിലൂടെ വായനാനുഭവം പകർന്നുതരികയാണ്‌. കഥാകൃത്തിന്റെ എഡിറ്റിങ്‌ പരിചയം കഥാസന്ദർഭങ്ങളെ ദൃശ്യത്തോടടുപ്പിക്കുന്നു. നാട്ടുമൊഴിച്ചന്തത്തിൽ തീർത്ത ഒരു വാമൊഴിപ്പത്തായം മിക്ക കഥകളുടെയും ആത്മാവായി പ്രവർത്തിക്കുന്നു. കവിതയോട്‌ അടുത്തുനിൽക്കുന്ന ‘തീയും മനുഷ്യനും’ പൂവിന്റെ കാര്യം എന്നിവയും ഒരു കുഞ്ഞു സിനിമയുടെ തിരക്കഥപോലെ സുന്ദരമായ ‘നക്ഷത്രവെളിച്ചത്തിൽ ഒരു പെൺകുട്ടിയും’ ഏറെ വ്യത്യസ്‌തങ്ങളാണ്‌. ‘ഇത്തിരിവെട്ടം മതി’ എന്ന കഥ ജൈവപാരസ്‌പര്യത്തിന്റെ അനിവാര്യത പകർന്നുനൽകുന്നു. യുദ്ധത്തിന്റെ നിഷ്‌ഫലത ചൂണ്ടിക്കാട്ടുന്ന യുദ്ധഭൂമിയിലെ പെൺകുട്ടി ഉന്നതമായ സന്ദേശമാണ്‌ സന്നിവേശിപ്പിക്കുന്നത്‌. സ്‌നേഹം, സഹവർത്തിത്വം, ആർദ്രത എന്നിവയിൽ ഊന്നിനിൽക്കുന്ന ഈ കഥാപരിസരങ്ങൾ കുട്ടികളുടെ മാത്രമല്ല കുട്ടിക്കഥ വായിക്കാനിഷ്ടപ്പെടുന്ന മുതിർന്നവരുടെയും ഭാവനയെ വിപുലീകരിക്കും.

 

കീഴാള സംസ്‌കൃതിയുടെ ഹൃദയത്തുടിപ്പുകള്‍

സുഗതന്‍ കരുവാറ്റ

കേരളത്തില്‍ ഇപ്പോള്‍ രാജഭരണത്തിന്‍ കീഴില്‍ വരുന്ന ഏക സമൂഹം മന്നാന്മാരുടേതാണ്. പ്രജകള്‍ക്കുമേല്‍ പൂര്‍ണ്ണാധികാരം നിലനില്‍ക്കുന്നില്ലെങ്കിലും ആചാരപരമായ എല്ലാ ചിട്ടവട്ടങ്ങളും പാലിക്കപ്പെട്ടുപോരുന്ന ഒരു സമൂഹം. ആയിരം പെരുങ്കുടി രാജ്യം,ആറ്റിലൊരു പുറങ്കോട്ടുരാജ്യം, ചെങ്കനാട്ട് മലരാജ്യം, തെക്കോട്ടുകാട്ടുരാജ്യം എന്നിങ്ങനെ പതിനായിരത്തിലേറെ പ്രജകളുമായി കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍മല അസ്ഥാനമാക്കി രാജാവ് ഭരണം നടത്തുന്നു. ഇവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, കൃഷിരീതികള്‍, കല, ഭാഷ, വംശമഹോത്സവമായ കാലാവൂട്ട്, മന്നാന്‍കൂത്ത്  എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന ഈടുറ്റ ഗ്രന്ഥമാണ് കാഞ്ചിയാര്‍ രാജന്റെ ‘മന്നാന്‍: ജീവിതം. സംസ്ക്കാരം. കല’.  ആധുനിക കുടിയേറ്റവും നാഗരികതയും ശിഥിലമാക്കിയ ജനതയുടെ ഹൃദയഭിത്തികളില്‍ മാത്രം പതിഞ്ഞിരുന്ന ഭാഷയും വായ്മൊഴികളും പാട്ടുകളും സാംസ്ക്കാരികത്തുടിപ്പുകളും സൂക്ഷ്മതയോടെ ഗ്രന്ഥത്തിൽ പകര്‍ത്തിവച്ചിരിക്കുന്നു. ഗിരിവര്‍ഗ്ഗ സമൂഹങ്ങളേപ്പറ്റി ആധുനിക സമൂഹം വച്ചുപുലര്‍ത്തുന്ന പല കാഴ്ചപ്പാടുകളും അപ്പാടെ തിരുത്താൻ ഈ പുസ്തകം ഉപകരിക്കും. ആടിയും പാടിയും കഥ പറഞ്ഞും ഉല്‍കൃഷ്ടമായ കരകൗശല മാതൃകകള്‍ സൃഷ്ടിച്ചും തങ്ങളുടേതുമാത്രമായ വേറിട്ട ജീവിതം നയിച്ചും പ്രാക്തന സംസ്കൃതിയുടെ അനേകം അപൂര്‍വ്വചാരുതകള്‍ സൃഷിടിച്ചെടുത്തവരാണ്  മാന്നാന്മാർ എന്ന ആദിമഗോത്രജനത. വംശമഹോത്സവമായ കാലാവൂട്ടിന്റെ ചരിത്ര പശ്ചാത്തലവും അനുഷ്ടാന ധര്‍മ്മവും പ്രധാന ചടങ്ങുകളുമെല്ലാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു.  മന്നാന്‍ കൂത്തിനേപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നു.  ഇരുപത്തിയഞ്ചുവര്‍ഷമായി ഈ ഗോത്രവുമായുളള അടുപ്പവും ഇടപഴകലും അന്വേഷണങ്ങളുമാണ് ഈ പുസ്തകം തയ്യാറാക്കാന്‍ ഗ്രന്ഥകാരനെ സഹായിച്ചിട്ടുളളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top