29 March Friday
വിശ്വസാഹിത്യകാരൻ ഫയദോർ ദസ്‌തയവ്‌സ്‌കിയുടെ ഇരുന്നൂറാം ജന്മദിനമാണ്‌ നവംബർ 11

ദസ്‌തയവ്‌സ്‌കിയുടെ 200 വർഷം: മാനവികതയിലേക്കുള്ള വാതിലുകൾ

വേണു വി ദേശംUpdated: Sunday Nov 7, 2021

ദസ്‌തയവ്‌സ്‌കിയുടെ വായനമുറി. സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിൽ ദസ്‌തയവ്‌സ്‌കി മ്യൂസിയത്തിന്റെ ഭാഗമായാണ്‌ ഇത്‌ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്‌. അദ്ദേഹത്തിന്റെ മരണസമയമാണ്‌ ക്ലോക്കിൽ കാണിക്കുന്നത്‌

ഭ്രാന്താലയത്തിലെ ഷേക്‌സ്‌പിയർ, റഷ്യൻ ക്രിസ്‌തു, ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകൻ... എത്ര വിശേഷങ്ങളാണ് ഫയദോർ ദസ്‌തയവ്‌സ്‌കിക്കു നൽകപ്പെട്ടിട്ടുള്ളത്. കനത്ത നാടകീയതകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു അദ്ദേഹത്തിന്റെ രചനകൾ. എഴുതാൻ ആഗ്രഹിച്ചതിന്റെ പത്തിലൊന്നുപോലും പ്രകാശിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് സങ്കടപ്പെട്ടു അദ്ദേഹം. ദസ്‌തയവ്‌സ്‌കി രചനകൾ മൊഴിമാറ്റിയ, ആ ജീവിതം പ്രമേയമാക്കി  റഷ്യൻ ക്രിസ്‌തു എന്ന നോവൽ രചിച്ച വേണു വി ദേശം എഴുതുന്നു

മനുഷ്യവംശത്തിന്റെ മഹാവ്യസനങ്ങളും ദുർഗതികളും ബൃഹദ്‌ നോവലുകളിലൂടെ ഇഴവിടർത്തി വിശകലനംചെയ്‌ത ഫയദോർ ദസ്‌തയവ്‌സ്‌കി പൊഴിക്കുന്ന സംഗീതം വിചിത്രമാണെന്ന്‌ തോന്നാമെങ്കിലും  മാനവികതയിലേക്കുമുള്ള വാതിലുകളിലേക്കാണ്‌ ആ നോവലുകൾ നമ്മെ നയിക്കുക. റഷ്യയിൽ പാവപ്പെട്ടവർക്കായുള്ള ഒരാശുപത്രിയിലെ ഡോക്ടറുടെ രണ്ടാമത്തെ മകൻ. എൻജിനിയറിങ്‌ ബിരുദം നേടിയശേഷം മെക്കാനിക്കൽ എൻജിനിയറായി ജോലിനോക്കവെ അഭ്യുദയകാംക്ഷികളുടെ ഉപദേശങ്ങൾ മാനിക്കാതെ ജോലി രാജിവച്ച്‌ സാഹിത്യപ്രവർത്തനത്തിലേക്ക്‌ സാഹസികമായി പ്രവേശിച്ചു. വിപ്ലവപ്രവർത്തനങ്ങളുടെ പേരിൽ   അറസ്റ്റുചെയ്യപ്പെട്ടു, വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടു. ശിക്ഷ നടപ്പാക്കുന്നതിന്‌  തൊട്ടുമുമ്പ് മാപ്പ് നൽകപ്പെട്ടു. അതോടെ നാലു വർഷത്തെ സൈബീരിയൻ തടവുകാലം.   

ആധുനികതയുടെ ആരംഭം

ഈ യുഗത്തിന്റെ സംഘർഷങ്ങൾ എന്തായിരിക്കുമെന്ന്‌ ദസ്‌തയവ്‌സ്‌കി കൃത്യമായും ഊഹിക്കുകയും സ്വന്തം ഉൾക്കാഴ്‌ചകൊണ്ടും നിഗൂഢ സൂക്ഷ്‌മതകൊണ്ടും നമ്മെ നമ്മുടെതന്നെ അന്തർലോകങ്ങളിലേക്ക്‌ സഞ്ചരിപ്പിക്കുകയും ചെയ്‌തു. സാഹിത്യത്തിലെ ആധുനികത ആരംഭിക്കുന്നത്‌ ദസ്‌തയവ്‌സ്‌കിയുടെ ‘അധോതലക്കുറിപ്പുകൾ’ എന്ന കൃതിയിലൂടെയാണെന്നാണ്‌  വിലയിരുത്തപ്പെടുന്നത്‌. ആധുനിക മനുഷ്യന്റെ ഏറ്റവും ദുർഘടം പിടിച്ച സമസ്യകളായ സംശയ വിശ്വാസങ്ങളെ ഏറ്റവുമധികം ദാർശനികമായി വിശകലനം ചെയ്യുകയായിരുന്നു ദസ്‌തയവ്‌സ്‌കി തന്റെ മാധ്യമത്തിലൂടെ. കരമസോവ്‌ സഹോദരന്മാരിലെ ‘മതദ്രോഹവിചാരകന്റെ’ അധ്യായം അത്തരം വിശകലനങ്ങളുടെ ഉച്ചസ്ഥായിയാണ്‌.  ആദ്യരചനയായ ‘പാവപ്പെട്ടവർ’ വിജിയിക്കുമോ എന്ന ഭയം സഹോദരനെഴുതിയ കത്തുകളിൽ ദസ്‌തയവ്‌സ്‌കി വ്യക്തമാക്കിയിരുന്നു.  പാവപ്പെട്ടവരെക്കുറിച്ചുള്ള ആദ്യപരാമർശം ഈ കത്തുകളിലാണ്‌ നാം കണ്ടെത്തുക. ജീവിതത്തിലുടനീളം രചനയ്‌ക്കുള്ള സാവകാശം ദസ്‌തയവ്‌സ്‌കിക്ക്‌ ലഭിക്കുന്നില്ലെന്ന്‌ വ്യക്തമാണ്‌. സമകാലികനായിരുന്ന ടോൾസ്റ്റോയിയും ടർജനേവും പ്രഭുകുടുംബാംഗങ്ങളായിരുന്നതിനാൽ ദസ്‌തയവ്‌സ്‌കി അനുഭവിച്ചിരുന്ന ഭൗതികാവശ്യങ്ങളുടെ സമ്മർദം അവർക്കുണ്ടായിരുന്നില്ല. എന്നിട്ടും മൗലിക കലാകാരനെപ്പോലെ അദ്ദേഹം സ്വന്തം കലയോട്‌ സത്യസന്ധത ദീക്ഷിച്ചു. പറയാനുദ്ദേശിക്കുന്ന വസ്‌തുതകളിലാണ്‌, രീതിയിലല്ല അദ്ദേഹം ഊന്നൽ നൽകിയത്‌. ആഹ്ലാദകരമായ ഒരു യാദൃശ്ചികതയാൽ ‘പാവപ്പെട്ടവർ’ എന്ന ആദ്യകൃതി നെക്രസോവ്‌ എന്ന കവി വഴി അന്നത്തെ നിരൂപക സമ്രാട്ടായിരുന്ന ബലിൻസ്‌കിയുടെ പക്കലെത്തി.  ‘ഇതാ ഒരു പുതിയ ഗോഗോർ നമുക്കിടയിൽ ആവിർഭവിച്ചിരിക്കുന്നു’വെന്ന്‌  ബലിൻസ്‌കി ദസ്‌തയവ്‌സ്‌കിയെ പുകഴ്‌ത്തി. അതോടെ റഷ്യൻ സാഹിത്യമണ്ഡലത്തിന്റെ ഉന്നതങ്ങളിലേക്ക്‌ ഒറ്റരാത്രികൊണ്ട്‌ ദസ്‌തയവ്‌സ്‌കി ഉയർത്തപ്പെട്ടു. ബലിൻസ്‌കി പിന്നീട്‌ തടങ്കലിൽവച്ച്‌ കൊലചെയ്യപ്പെടുന്നുണ്ട്‌. ‘നിന്ദിതരും പീഡിതരും’ എന്ന നോവലിൽ കുടുംബത്തിന്‌ ഒന്നും അവശേഷിപ്പിക്കാതെ പോയ ബലിൻസ്‌കിയെപ്പറ്റി ഒരു വൃദ്ധകഥാപാത്രം വിലപിക്കുന്നുമുണ്ട്‌. ആചാര്യനായ ബലിൻസ്‌കിക്ക്‌ ദസ്‌തയവ്‌സ്‌കി ഒരു കൃതിപോലും സമർപ്പിച്ചില്ല എന്ന്‌ ടർജനേവ്‌ കുറ്റപ്പെടുത്തുന്നു. ടർജനേവും ദസ്‌തയവ്‌സ്‌കിയും തമ്മിൽ ആയുരന്തം പുലർത്തിയിരുന്നത്‌ സ്‌നേഹ–ദ്വേഷബന്ധമായിരുന്നുതാനും. ബലിൻസ്‌കിയുടെ പ്രശംസയാണ്‌  കാരാഗൃഹത്തിൽവച്ച്‌ ആത്മാവ്‌ കെട്ടുപോയപ്പോഴൊക്കെയും തന്നെ ഉയിർത്തെഴുന്നേൽപ്പിച്ചതെന്ന്‌‘ എഴുത്തുകാരന്റെ ഡയറി’യിൽ ദസ്‌തയവ്‌സ്‌കി പിന്നീടെഴുതി. ആ നോവലിന്റെ സങ്കേതവും പരിചരണവും റഷ്യക്ക്‌ പുതുതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ പല എഴുത്തുകാരിലും ‘പാവപ്പെട്ടവരു’ടെ സ്വാധീനം കാണാം.

അന്നയുടെ സ്‌നേഹസാന്നിധ്യം 

നാലുവർഷത്തെ കഠിനതടവിനും ഒരുവർഷത്തെ അർധസൈനിക സേവനത്തിനും ശേഷം പൗരാവകാശങ്ങൾ തിരിച്ചുകിട്ടിയപ്പോൾ ദസ്‌തയവ്‌സ്‌കി ജ്യേഷ്‌ഠൻ മിഖയലിന്റെ ഉത്സാഹത്തിൽ ‘കാലം’ എന്ന പത്രം ആരംഭിച്ചു. ആ പത്രത്തിനുവേണ്ടിയാണ്‌ ‘നിന്ദിതരും പീഡിതരും’  എഴുതിയത്‌. ഒരാൾ ദസ്‌തയവ്‌സ്‌കിയുടെ ഒരു നോവൽ വായിക്കുന്നുവെങ്കിൽ അത്‌ ‘നിന്ദിതരും പീഡിതരു’മാകട്ടെ. പോരാ, അയാൾ യുവാവുകൂടിയായിരിക്കണം എന്നാണ്‌ ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തുമായ സ്റ്റീഫൻ സ്വൈഗ്‌ ചൂണ്ടിക്കാട്ടിയത്‌. ചക്രവർത്തിക്കെതിരായതെന്തോ ഒരു ലേഖനത്തിൽ വന്നുവെന്ന കാരണംകൊണ്ട്‌ പത്രം കണ്ടുകെട്ടപ്പെട്ടതോടെ ജ്യേഷ്‌ഠൻ മിഖയൽ പൊടുന്നനെ അന്തരിച്ചു. ‘എന്റെ ജീവിതം അതോടെ നെടുകെ പിളർന്നു’ എന്നാണ്‌ അതേപ്പറ്റി ദസ്‌തയവ്‌സ്‌കി സുഹൃത്തായ മൈക്കോവിനെഴുതിയത്‌. മരണത്തോടെ ഒരാൾ എല്ലാ കടത്തിൽനിന്നും വിമുക്തനാകുന്നു എന്നതായിരുന്നു അക്കാലത്തെ റഷ്യൻ നിയമമെങ്കിലും ജ്യേഷ്‌ഠൻ വരുത്തിവച്ച എല്ലാ കടങ്ങളും ദസ്‌തയവ്‌സ്‌കി ഏറ്റെടുത്തു. കടംവീട്ടുന്നതിനായി അവസാനകാലം വരെ യാതനകളനുഭവിച്ചു. ചക്രവർത്തിക്ക്‌ മുന്നിൽ മാപ്പുസാക്ഷിയാകാൻ തയ്യാറായിരുന്നുവെങ്കിൽ ദസ്‌തയവ്‌സ്‌കിക്ക്‌ കഷ്ടകാണ്ഡങ്ങൾ അനുഭവിക്കേണ്ടിവരില്ലായുന്നുവത്രെ. അവിടെയും ദസ്‌തയവ്‌സ്‌കി ഋജുബുദ്ധിയാണ്‌ പ്രകടിപ്പിച്ചത്‌. പിൽക്കാലത്ത്‌ ‘ഭൂതാവിഷ്‌ടർ’ എന്ന പ്രവചന സ്വഭാവമുള്ള നോവലിന്റെ രചനയിൽ  ദസ്‌തയവ്‌സ്‌കിക്ക്‌ വിപ്ലവ ഗൂഢസംഘത്തിൽ ഉൾപ്പെട്ടിരുന്ന കാലത്തെ നിശിതാനുഭവങ്ങൾ സഹായകമായിട്ടുണ്ട്‌. മനുഷ്യർക്കിടയിലെ സ്വരൈക്യത്തിനും സൗഭ്രാത്രത്തിനും  വേണ്ടി ദസ്‌തയവ്‌സ്‌കി ദാഹിച്ചു. അൻപത്തൊമ്പത് വർഷങ്ങൾ മാത്രം ജീവിച്ച ആ മനുഷ്യന്റെ ജീവിതത്തിൽ സ്വന്തം നോവലുകളിൽ കാണാത്ത തരത്തിലുള്ള അസാധാരണവും വിചിത്രവുമായ അനുഭവങ്ങൾ തിങ്ങിനിൽക്കുന്നു. സ്റ്റെലൊവ്‌സികി എന്ന പ്രസാധകൻ ദസ്‌തയവ്‌സ്‌കിയെ വഞ്ചിക്കുവാനും എന്നെന്നേക്കുമായി ഇല്ലാതാക്കുവാനുമാണ്‌ ദസ്‌തയവ്‌സ്‌കിയുടെ ജീവിതത്തിൽ പ്രവേശിച്ചതെങ്കിലും അന്ന സ്‌നിത്കിന എന്ന സ്‌നേഹമയിയായ ഭാര്യയെ ദസ്‌തയവ്‌സ്‌കിക്ക്‌ ലഭിക്കുന്നത്‌ ആ വിശ്വാസവഞ്ചകന്റെ പ്രവർത്തനങ്ങൾക്ക്‌ പ്രകൃതി കരുതിവച്ച പരോക്ഷ ഫലമെന്നോണമാണ്‌. അന്നയാണ്‌ കുഴഞ്ഞുമറിഞ്ഞ്‌ കിടന്നിരുന്ന ദസ്‌തയവ്‌സ്‌കിയുടെ ജീവിതം ക്രമപ്പെടുത്തിയത്‌. കുറ്റവും ശിക്ഷയും, ചൂതാട്ടക്കാരൻ, ഇഡിയറ്റ്‌, അപക്വയുവാവ്‌, കരമസോവ്‌ സഹോദരന്മാർ എന്നീ ഇതിഹാസ സമാനങ്ങളായ കൃതികൾ രചിക്കുവാൻ സഹായകമായത്‌ അന്നയുടെ സ്‌നേഹവും സാന്നിധ്യവും കരുതലുമാണ്‌. ‘ഇഡിയറ്റ്‌’ അന്നയ്‌ക്കായാണ്‌ സമർപ്പിക്കപ്പെട്ടിരിക്കുന്നത്‌.

ദസ്‌തയവ്‌സ്‌കിയും ഭാര്യ അന്ന സ്‌നിത്കിനയും

ദസ്‌തയവ്‌സ്‌കിയും ഭാര്യ അന്ന സ്‌നിത്കിനയും

നാടകീയത രചനയിലും ജീവിതത്തിലും 

ജീവിതകാലത്ത്‌ ദസ്‌തയവ്‌സ്‌കി എഴുതിയ 700ൽപ്പരം കത്തുകളിൽ പലതും നഷ്‌ടപ്പെട്ടിരിക്കുന്നു. അദ്ദേഹം കവിതകളുമെഴുതിയിട്ടുണ്ട്‌. ഇന്ന്‌ നമുക്ക്‌ 31 കൃതികളാണ്‌ കൈവന്നിട്ടുള്ളത്‌. അവയിൽ ചെറുകഥകൾ, നോവലൈറ്റുകൾ, നോവലുകൾ, യാത്രാവിവരണം എന്നിവ ഉൾപ്പെടുന്നു. തികച്ചും അസംഭവ്യമായത്‌ ആ നോവലുകളിൽ ‘പൊടുന്നനെ’ സംഭവിക്കുന്നു. കുറ്റവും ശിക്ഷയും എന്ന നോവലിൽ മാത്രം 560 വട്ടം ‘പൊടുന്നനെ’ എന്ന വാക്ക്‌ ആവർത്തിക്കുന്നു. ദസ്‌തയവ്‌സ്‌കിയുടെ ആരാധനാപാത്രങ്ങളിൽ ഒരാൾ ഷേക്‌സ്‌പിയറായിരുന്നു. നോവലുകളിലുള്ള കനത്ത നാടകീയതകൾക്ക്‌ ഈ സ്വാധീനം കാരണമായിട്ടുണ്ടാകാം. ‘കുടുംബസുഹൃത്ത്‌’ ഒരു നാടകമായിട്ടെഴുതാനാണത്രെ ആദ്യം ശ്രമിച്ചത്‌. ‘ഇഡിയറ്റി’നുശേഷം ദസ്‌തയവ്‌സ്‌കിയുടെ ലക്ഷ്യം ‘മഹാനായ ഒരു പാപിയുടെ ജീവിതം’ എന്ന പേരിൽ ഒരു നോവൽ സഞ്ചയം രചിക്കുക എന്നതായിരുന്നു. പക്ഷേ, ഭൂതാവിഷ്ടർ എഴുതിത്തുടങ്ങിയതോടെ ആ പദ്ധതി ചിതറിപ്പോയി. പക്ഷേ, ‘കരമസോവ്‌ സഹോദരന്മാർ'ക്കുശേഷം വീണ്ടും ‘മഹാനായ പാപിയുടെ ജീവിത’ത്തിലേക്ക്‌ മടങ്ങിപ്പോകാൻ കുറിപ്പുകൾ തയ്യാറാക്കിക്കൊണ്ടിരിക്കെയാണ്‌ ആ മഹാത്മാവ്‌ ശ്വാസകോശത്തിലെ ഒരു സൂക്ഷ്‌മഞരമ്പ്‌ പൊട്ടി മരണമടയുന്നത്‌. ‘കരമസോവ്‌ സഹോദരന്മാരു'ടെ രണ്ടാം ഭാഗമായാണത്‌ അപ്പോൾ വിഭാവനം ചെയ്യപ്പെട്ടിരുന്നതെന്ന്‌ അന്ന സ്റ്റിത്‌കിന ഓർമിക്കുന്നുണ്ട്‌. ‘ഇഡിയറ്റ്‌’ ഇറങ്ങിയപ്പോൾ സാഹിത്യത്തിലെ വരവ്‌ ചെലവ്‌ കണക്കുകൾക്കൊപ്പം ചേർന്ന്‌ ടോൾസ്റ്റോയിയും ആ നോവലിനെ ‘ചവറെ’ന്ന്‌ വിധിച്ചു. പക്ഷേ, കാലം വിധിച്ചത്‌ മറ്റൊന്നായിരുന്നു. പത്തിലധികം തവണ മാറ്റിമാറ്റി എഴുതപ്പെട്ട ആ നോവൽ ഇന്ന്‌ ഏറ്റവും പ്രമാണപ്പെട്ട അഞ്ച്‌ നോവലുകളിൽ ഒന്നാണ്‌. ‘മരിച്ച വീട്‌’ എന്ന നോവലായിരുന്നു ടോൾസ്റ്റോയിക്ക്‌ പഥ്യം. ടോൾസ്റ്റോയിയുടെ മരണക്കിടക്കയിൽനിന്ന്‌ ‘കരമസോവ്‌ സഹോദരന്മാർ’ എന്ന നോവൽ കണ്ടെടുക്കപ്പെടുകയുണ്ടായി. വിമർശകരിൽ ഭൂരിഭാഗവും കണ്ടത്‌  ദസ്‌തയവ്‌സ്‌കിയെ നോവലിസ്റ്റായല്ല, പ്രവാചകനോ ദാർശനികനോ, മനഃശാസ്‌ത്രജ്ഞനോ, സാമൂഹ്യചിന്തകനോ ആയി മാത്രമാണ്‌. ഒരു ദാർശനികനാകുവാനായിരുന്നു ലക്ഷ്യമെങ്കിൽ തീർച്ചയായും അദ്ദേഹം ദാർശനിക കൃതികളാകുമായിരുന്നു എഴുതുക. അദ്ദേഹം തീർച്ചയായും സ്വയം ഒരു നോവലിസ്റ്റായി കണക്കാക്കി. ലോകം കണ്ട ഏറ്റവും മഹാന്മാരായ മനുഷ്യസ്‌നേഹികളിലൊരാളായി ദസ്‌തയവ്‌സ്‌കിയെ കണക്കാക്കാം. ദസ്‌തയവ്‌സ്‌കി ദരിദ്രരെയും സാധാരണക്കാരെയും വിനീതരെയും രക്ഷകർക്കെതിരെ പാപംചെയ്‌തവരെയും രക്ഷകരോടുള്ള വെറുപ്പ്‌ മറച്ചുവയ്‌ക്കാത്തവരെയും സ്‌നേഹിച്ചു. അവസാന വിശകലനത്തിൽ ദസ്‌തയവ്‌സ്‌കിയുടെ അമരത്വം കുടികൊള്ളുന്നത്‌ അദ്ദേഹത്തിന്റെ ദർശനത്തെ പ്രതിയല്ല, ആ നോവലുകൾ മൂലമാണ്‌. യഥാർഥ ദസ്‌തയവ്‌സ്‌കിയിലേക്കുള്ള താക്കോൽ ആ കൃതികളിലൂടെ മാത്രമേ ഒരു അന്വേഷകന്‌ ലഭ്യമാകൂ. ദസ്‌തയവ്‌സ്‌കിയെ സ്‌മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൃതികൾ ആദ്യമായി ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയ കോൺസ്‌ടൻസ്‌ ഗാർനറ്റിനെയും കൂടി സ്‌മരിക്കേണ്ടതുണ്ട്‌. 1912 മുതൽ 1918 വരെയുള്ള കാലംകൊണ്ട്‌ ദസ്‌തയവ്‌സ്‌കിയുടെ കൃതികളെല്ലാം അവർ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌തു. അങ്ങനെയാണ്‌ ദസ്‌തയവ്‌സ്‌കി വിശ്വസാഹിത്യത്തിൽ പരിചയപ്പെടുത്തപ്പെടുന്നതും പ്രതിഷ്‌ഠിതനാകുന്നതും. 19–--ാം നൂറ്റാണ്ടിലെ പല എഴുത്തുകാരെയും അവർ ഇംഗ്ലീഷിലേക്ക്‌ പരിചയപ്പെടുത്തി. റഷ്യ സന്ദർശിച്ചപ്പോൾ അവർ യാസ്‌നായ പോള്യാനയിലെത്തി ടോൾസ്റ്റോയിയെ കണ്ടിരുന്നു. ഭ്രാന്താലയത്തിലെ ഷേക്‌സ്‌പിയർ, റഷ്യൻ ക്രിസ്‌തു എന്നിങ്ങനെ പലതരം വിശേഷണങ്ങൾ ദസ്‌തയവ്‌സ്‌കിയിൽ പതിഞ്ഞിട്ടുണ്ട്‌. ഓരോരോ പാർശ്വവീക്ഷണങ്ങൾ മാത്രമാണവ. താൻ എഴുതുവാൻ ആഗ്രഹിച്ചതിന്റെ പത്തിലൊന്നുപോലും പ്രകാശിപ്പിക്കുവാൻ സാധിച്ചില്ലെന്ന്‌ ഖേദപൂർവം അവസാനകാലത്ത്‌ ആത്മമിത്രമായിരുന്ന മൈക്കോവ്‌ എന്ന കവിക്കെഴുതുന്നത്‌ അത്ഭുതാദരങ്ങളോടെയേ നമുക്ക്‌ ഉൾക്കൊള്ളാനാകൂ. ഈ മഹാനായ എഴുത്തുകാരനെ പുരുഷാന്തരങ്ങൾ നമിച്ചു പിൻവാങ്ങുന്നു. എല്ലാ നിർവചനങ്ങളെയും നിർബന്ധങ്ങളെയും വകഞ്ഞുമാറ്റുന്ന ഒരു പ്രവചനാതീതനായ ജീവിയാണ്‌ മനുഷ്യനെന്ന്‌ ദസ്‌തയവ്‌സ്‌കി നമ്മെ പഠിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top