15 August Monday

വരുംകാലത്തിന്റെ സുവിശേഷം

ഡോ. പി ആർ ജയശീലൻUpdated: Sunday Nov 7, 2021

ലൈംഗികത പാപ മോ പുണ്യമോ എന്നല്ല യേശു വിധിച്ചത്. സമൂഹം അതിന്റെ പാപപുണ്യ കണക്കുവച്ച് ഒരു സ്‌ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ തുനിഞ്ഞപ്പോൾ അവൻ പറഞ്ഞു:‘നിങ്ങളിൽ പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയുക.' റബ്ബോനി എന്ന നോവലിൽ നോവലിസ്റ്റ് റോസി തമ്പി പറയുന്നു, "ഇതിലും മനോഹരമായ ഏതു കവിതയാണ് ഭൂമിയിൽ എഴുതപ്പെട്ടിരിക്കുന്നത്.’

മലയാളത്തിലെ സമകാല നോവൽ രചനയിൽനിന്ന് റബ്ബോനി വ്യത്യാസപ്പെട്ടിരിക്കുന്നു. ഗലീലി കടലിന്റെ പരിസരത്തു മഗ്ദലന മറിയവും യൂദാസും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിൽ തുടങ്ങുന്ന നോവലിന്റെ ബീജാവാപം കവിതയിലാണ്. കവിതയിൽനിന്നു വീണ്ടും പ്രവഹിക്കുന്ന വലിയ കവിതയാവുകയാണ് റബ്ബോനി.  

ക്രിസ്‌തുവിന്റെ ആരംഭംമുതൽ  ക്രിസ്‌തുവർഷം 2021 വരെയുള്ള കാലത്തെ മനുഷ്യജീവിതത്തെ അതിലുപരി കാലത്തിന്റെ രാഷ്ട്രീയ വീക്ഷണത്തെ വിമർശനാത്മകമായാണ്‌ നോവൽ സമീപിക്കുന്നത്‌. പുരുഷാധികാരമുദ്രകൾ  എങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ജീവിതത്തെ വലയം തീർത്തിരിക്കുന്നു എന്ന് നോവൽ പറയുന്നു.

രചനയിൽ പ്രതിപാദിക്കുന്ന ഭൂമികയിലൂടെ എഴുത്തുകാരി യാത്രചെയ്‌തിട്ടുണ്ട്. "ഹെർമോൺ മലമുകളിൽനിന്ന് ഉത്ഭവിക്കുന്ന ജോർദാൻ നദി സിറിയയുടെയും ലബനന്റെയും അതിർത്തികൾക്കിടയിലൂടെ ഒഴുകി വടക്കൻ ഇസ്രയേലിലൂടെ കടന്ന് പലസ്‌തീനിയായിൽ എത്തി. ഗലീലി തടാകത്തിന്റെ വടക്കുഭാഗത്തുകൂടി അകത്ത് പ്രവേശിച്ച് തെക്കുഭാഗത്തു കൂടെ പുറത്തുകടന്ന് ജോർദാൻ- ഇസ്രയേൽ അതിർത്തിയിലുള്ള ചാവുകടൽ സന്ദർശിച്ച് അവിടെനിന്ന്‌ താഴോട്ടിറങ്ങി ഇസ്രയേലിനെയും ജോർദാനെയും തഴുകി കടന്നുപോകുന്നു. ആ പ്രദേശങ്ങളിലെ ഏക നദിയാണ് ജോർദാൻ. ഗലീലി തടാകത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തിയിരുന്ന ഗ്രാമീണരെയാണ് യേശു, എന്റെ പിന്നാലെ വന്നാൽ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന് പറഞ്ഞു കൂടെ കൂട്ടിയത്." ഇതിലപ്പുറം ഒരു ഭൂമിശാസ്‌ത്ര പരാമർശവും ഈ നോവലിലില്ല.  

മതങ്ങൾ സ്‌നേഹത്തിന്റെയും കരുണയുടെയും ഭാഷയിലാണ് മനുഷ്യനെ സംബോധന ചെയ്യേണ്ടത്. റബ്ബോനി എന്ന വാക്ക് My  beloved, My Lord, My master, My teacher എന്നിങ്ങനെയുള്ള അർഥപരിസരങ്ങളിലാണ്. ഇവയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു സംബോധന കൂടിയാണ് ഈ നോവൽ. ജിബ്രാന്റെ  പ്രവാചകനിൽ ആൾക്കൂട്ടത്തെ ഓരോ സന്ദർഭങ്ങളിലും പല പല രീതികളിൽ സംബോധന ചെയ്യുന്നുണ്ട്. അവിടെയൊക്കെയും അതാതു സന്ദർഭം ആവശ്യപ്പെടുന്ന സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹജാവബോധത്തിന്റെയും മുഖങ്ങളുണ്ട്. അങ്ങനെ ചെയ്യുന്നതുപോലെയല്ലെങ്കിലും റബ്ബോനി എന്ന ഒറ്റ സംബോധനയിൽ  സ്‌നേഹരൂപങ്ങൾ അടക്കംചെയ്‌തിരിക്കുന്നു.  

പരമ്പരാഗത യാഥാസ്ഥിതിക ധാരണകളെ പൊളിച്ചെഴുതുകയാണ് റബ്ബോനി. അതൊരു ബൈബിൾ വായനയുടെമാത്രം രേഖീയ ക്രമമോ ആഖ്യാനമോ വ്യാഖ്യാനമോ അല്ല. മറിച്ച് എല്ലാ മതങ്ങൾക്കും ഇന്ന് സംഭവിച്ചു കഴിഞ്ഞ ജീർണതയുണ്ട്. മാത്രമല്ല ഏതുകാലത്തും ഏതു മതവും അധികാരരൂപം തന്നെയാണ്. അതുകൊണ്ടാണ് മതാധികാരം പിന്നീട് മതവർഗീയതയിലേക്ക്‌ വഴിമാറിയത്; അതിന് അധികാരവുമായി ബന്ധപ്പെട്ട് ഏകാധിപത്യമുഖം കൈവരുന്നത്. ഗലീലിയോക്കും കോപ്പർനിക്കസിനും ബ്രൂണോയ്‌ക്കുമൊക്കെ നേരിടേണ്ടി വന്നത് മതത്തിന്റെ യാഥാസ്ഥിതികമായ അധികാരമുഖം തന്നെയാണ്. പുരോഹിതനും സന്യാസിയും ഒന്നും മതത്തിന്റെ മാനവിക മുഖം കണ്ടവരല്ല. മറിച്ച് ഭരണകൂടത്തോട്, അധികാരത്തോട് ഏറ്റവും അശ്ലീലമായ രീതിയിൽ ബാന്ധവം ഉണ്ടാക്കിയവരുമാണ്.  

ഇതൊരു ക്രിസ്തീയ പരിസരത്തിൽ എഴുതിയ നോവലാണ് എന്നു വേണമെങ്കിൽ ഒറ്റ വായനയിൽ പറയാം. പക്ഷേ, ആണധികാരത്തിന്റെ അംശങ്ങളെ, മതാധികാരികളെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ഒരു തലം നോവലിനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top