20 April Saturday

സത്യം വേണ്ട ക്രിസ്തു മതി

ദിനേശ്‌വർമUpdated: Sunday Aug 7, 2022

ദസ്തയേവിസ്കിക്ക്‌ ഇന്നും എങ്ങനെ പുതിയ ആരാധകർ ഉണ്ടാകുന്നുവെന്ന ചോദ്യത്തിന്റെ പല ഉത്തരങ്ങളിലൊന്ന്‌ ആ സാഹിത്യപർവങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന മനുഷ്യാശങ്ക എന്നതായിരിക്കും. സത്യം വേണോ ക്രിസ്തുവിനെ വേണോ എന്ന്‌ ചോദിച്ചാൽ തെല്ലിട താമസിയാതെ ‘ക്രിസ്തു മതി ’എന്നായിരിക്കും തന്റെ ഉത്തരമെന്ന്‌ ദസ്തയേവിസ്കി പറഞ്ഞിട്ടുണ്ട്‌. സത്യത്തേക്കാൾ പീഡ യേശു അനുഭവിച്ചിട്ടുണ്ട്‌!

വേദപുസ്തകത്തെ അന്തർധാരയായി കൊണ്ടുനടക്കുമ്പോഴും ശാസ്‌ത്രസത്യങ്ങളോട്‌ കണ്ണടയ്ക്കാൻ ദസ്തയേവിസ്കി തയ്യാറായിട്ടില്ല. പക്ഷേ, സർഗാത്മകതയുടെ ഔന്നത്യങ്ങളിൽ വിഭ്രാന്തിയുണ്ടായിരുന്നു. പ്രൊഫ. കെ ജയരാജന്റെ ‘‘ദസ്തയേവിസ്കി എന്ന ബൈബിളനുഭവം’’ എന്ന പുസ്തകത്തിൽ ഇത്തരം വൈവിധ്യങ്ങൾ നിരത്തിവച്ചിരിക്കുന്നു. പീഡയാണെന്നറിഞ്ഞിട്ടും നിരന്തരം പ്രണയത്തിനും ലഹരിക്കും പിന്നാലെ നടന്നയാളാണ്‌ ദസ്തയേവിസ്കി. കള്ള് കുടിയനും ആഭാസനുമായി ദൂഷണം ചെയ്തവർ തന്നെയാണ്‌ പിന്നീട്‌ ഈ എഴുത്തുകാരനിൽ യേശുവിനെ കണ്ടെത്തുന്നത്‌ ! സോവിയറ്റനന്തര റഷ്യയിലോ, സാക്ഷാൽ ദൈവപുത്രനാക്കി ! രണ്ടും രണ്ടാണെന്ന സത്യം ആ കൃതികൾ തെളിയിക്കുന്നു.  

കരമസോവിലാണ് പുസ്തകത്തിൽ ഊന്നൽ. ഐവാൻ കരമസോവെന്ന കഥാപാത്രത്തിന്റെ ആത്മാവിൽവച്ച് പിടികൂടുന്ന, സസൂക്ഷ്മം വിശകലനം ചെയ്യുന്ന അധ്യായം ഗവേഷണ പ്രാധാന്യമുള്ളതാണ്. റിബലും ദൈവനിഷേധിയുമായ ഇയാൾ വായനക്കാരിൽ ‘ഹിറോ ’ ആകുകയാണ്‌, നോവലിൽ അല്ലാതിരുന്നിട്ടും. “ ക്രിസ്തുസഹജമായ സ്നേഹം ഭൂമിയിൽ അസാധ്യമായ ഒരത്ഭുതം’’ എന്നൊക്കെയാണ്‌ ഐവാന്റെ വചനങ്ങൾ. ബൈബിൾ പശ്ചാത്തലവും വിപ്ലവ ചിന്തകളും മനുഷ്യന്റെ തീരാദുരിതങ്ങളും തന്നെയാണ്‌ ദസ്തയേവിസ്കിയേയും പ്രചോദിപ്പിച്ചത്‌ എന്നത്‌ തർക്കമറ്റ കാര്യമാണ്‌. മനുഷ്യൻ ഒരു വിചിത്രജീവി, പാപം ചെയ്യാൻ വിധിക്കപ്പെട്ടവൻ എന്ന്‌ എഴുതിച്ചതാകട്ടെ ആ വിഭ്രമാത്മകതയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top