20 April Saturday

ജീവിതവനിയിൽ കരം പിടിക്കാതെ...

ബിമൽ പേരയംUpdated: Sunday Feb 7, 2021

സംസ്ഥാന ഭിന്നശേഷി കമീഷണർ ജസ്റ്റിസ്‌ എസ്‌ എച്ച്‌ പഞ്ചാപകേശൻ ശ്രീധരനെ ആദരിക്കുന്നു

വൈകല്യങ്ങളിൽ ദുഃഖിച്ചു കാലം കഴിക്കാതെ തന്നെപ്പോലുള്ളവർ വരിച്ച വിജയങ്ങളിലേക്കുമാത്രം മിഴിയൂന്നി ജീവിതപാതയിൽ കുതിച്ചുനീങ്ങിയവർ ചരിത്രത്തിൽ ധാരാളമുണ്ട്. എന്നാൽ, അത്തരം  വിജയഗാഥകളുടെ കേട്ടറിവോ വായനാനുഭവങ്ങളോ ഒന്നുമില്ലാതെ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ബലത്തിൽ ഒരു മനുഷ്യൻ മണ്ണിലിറങ്ങി നഷ്‌ടമായെന്നു കരുതിയ ജീവിതം നട്ടുനനച്ചെടുത്തു. അപ്രതീക്ഷിതമായി ഇരുകൈകളും നഷ്‌ടമായിട്ടും അതെല്ലാം അതിജീവിച്ച്‌ മണ്ണിനെ പൊന്നാക്കി മാറ്റിയ ശ്രീധരൻ കാണിയെക്കുറിച്ചാണിത്. സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കർഷകനുള്ള പ്രത്യേക പുരസ്‌കാരം നേടിയപ്പോഴാണ് ഈ കർഷകനെ പുറംലോകമറിഞ്ഞത്. മാത്രമല്ല ശ്രീധരന്റെ അവിശ്വസനീയമായ ജീവിതം സിനിമയാവുകയാണ്‌.
 
തിരുവനന്തപുരം ജില്ലയിൽ, അഗസ്‌ത്യമലയുടെ താഴ് വാരമായ കുറ്റിച്ചൽ പൊടിയം കൊമ്പിടി ആദിവാസി ഊരിലെ ശ്രീധരന് പന്ത്രണ്ടു വർഷം മുമ്പാണ് കൈകൾ നഷ്ടമായത്. കൃഷിയിടത്തിലെത്തുന്ന വന്യമൃഗങ്ങളെ ഓടിക്കാനായി തീർത്ത പടക്കം പൊട്ടിയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകൻ തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. ആരെല്ലാമോ എങ്ങനെയൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചതുമാത്രമറിയാം. ആ കറുത്ത ദിനരാത്രങ്ങളെക്കുറിച്ചോർത്ത് തോറ്റു കൊടുക്കാൻ ഈ ചെറുപ്പക്കാരൻ തയ്യാറല്ലായിരുന്നു.
 
ജീവിതം ഒരു ചോദ്യചിഹ്നമായപ്പോഴും മാസങ്ങളോളം കിടക്കയിൽ കിടന്ന് അയാൾ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി. രണ്ടു വർഷത്തോളം വീട്ടിൽ തന്നെയിരുന്നു. ഗ്രാമത്തിന്റെ ഭൂപടത്തിൽ തന്റെ പേരില്ലാത്തതുപോലെ തോന്നി. ആരും ശ്രീധരനെ തിരിഞ്ഞുനോക്കാനെത്തിയില്ല. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കൊടും പട്ടിണിയിലായി. ദുഃസ്ഥിതിയിലും പഴിക്കാതെ സ്നേഹത്തിന്റെ കരുതലും തലോടലും പകർന്ന് ജീവിതപങ്കാളി ഒപ്പം ചേർത്തുപിടിച്ചു. സിന്ധുവിന്റെയും മക്കളായ ശ്രീരാജിന്റെയും സീതാലക്ഷ്മിയുടെയും ചിത്രങ്ങൾ ഊണിലുമുറക്കത്തിലും ഹൃദയത്തിന്റെ സ്ക്രീനിൽ തെളിഞ്ഞു. പിന്നൊന്നും നോക്കിയില്ല ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നു പൊങ്ങുന്ന ശ്രീധരനെയാണ് കൊമ്പിടിക്കാർ കണ്ടത്.
തൂമ്പയും മൺവെട്ടിയുമെല്ലാം കൺമുന്നിലുണ്ട്. കൈയില്ലാത്ത തനിക്ക് ഇതെങ്ങനെ ഉപയോഗിക്കാം എന്നായി ശ്രീധരന്റെ പിന്നീടത്തെ ചിന്ത. തനിക്ക് ഇണങ്ങുന്നവിധം ഈ പണിയായുധങ്ങളെ രൂപപ്പെടുത്തിയെടുക്കുകയിരുന്നു. താമസിയാതെ ആറ്റുവഞ്ചി കമ്പിൽ തീർത്ത മൺവെട്ടിക്കൈകളെ ഒടുവിൽ ശ്രീധരൻ തന്റെ വരുതിയിലാക്കി. കൈകളെക്കുറിച്ചുള്ള ചിന്തപോലും ഇല്ലാതെയായി.
 

നീരുറവ തെളിയുന്നു

 

ജലദൗർലഭ്യം പരിഹരിക്കാൻ നീരുറവ കണ്ടെത്തണമെന്നതായിരുന്നു ആദ്യത്തെ കടമ്പ. മൺവെട്ടിയും പിക്കാസും കുട്ടയും തോളിലേന്തി തന്റെ മൂന്നേക്കറോളം ഭൂമിയിൽ കിണറിന് സ്ഥാനം കണ്ടെത്തി. കിണറിന് ആഴമേറുമ്പോൾ ശ്രീധരൻ അതിനുള്ളിലേക്ക് ഏണി ഇറക്കി മണ്ണ് പുറത്തെത്തിച്ചു. കഠിനാധ്വാനത്തിന്റെ ദിവസങ്ങൾക്കൊടുവിൽ വെള്ളം ശ്രീധരനെ തൊട്ടു.
 
വാഴയും കുരുമുളകും കിഴങ്ങുവർഗങ്ങളും വെറ്റിലയും ഇഞ്ചിയും തെങ്ങും കവുങ്ങുമെല്ലാംകൊണ്ട് സമ്പന്നമാണ് ശ്രീധരന്റെ മണ്ണ്. റബർ കൃഷിയുമുണ്ട്. സ്വന്തമായും പിന്നെ കൂലിക്കുമായി മുന്നൂറ് മരം ടാപ്പിങ് ചെയ്യുന്നുണ്ട്. ടാപ്പിങ് കത്തിയും സ്വന്തമായി മെനഞ്ഞെടുത്തതുതന്നെ. വീട്ടിലേക്കുള്ള വഴിയിൽ കൃഷിഭവനിൽനിന്നു കിട്ടിയ അഞ്ച് തെങ്ങിൻ തൈ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അര കിലോമീറ്ററോളം വെള്ളം ചുമന്ന് നടന്നെത്തിയാണ് തൈകൾക്ക് ദിവസവും വെള്ളം തേകുന്നത്.
ഊരിലെ വെറ്റിലയുടെ ആവശ്യം മനസ്സിലാക്കിയാണ് വെറ്റില കൃഷിയിലേക്ക് തിരിഞ്ഞത്. ജലസേചനത്തിന്റെ സൗകര്യാർഥം കിണർ കുത്തിയതും കൊടിക്ക് അടുത്താണ്. വെറ്റിലക്കൊടി ഒന്നല്ല അഞ്ച് പാത്തിയാണ്. വെറ്റ നുള്ളാനായി പ്രത്യേകം പിച്ചാത്തിയും തയ്യാറാക്കി. വിവിധ തരം മാവിൻതൈകളും പുരയിടത്തിൽ സ്ഥാനം പിടിച്ചു. നനയുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ടാങ്കും ടാപ്പും കൃഷിയിടത്തിൽ സ്ഥാപിച്ചുകിട്ടണമെന്നത് ആഗ്രഹമാണ്. ലാപ്പ് കെട്ടി കമുകിൽ കയറി അടയ്ക്ക ഇടുന്ന ശ്രീധരന്റെ വേഗത ഊരിലാർക്കുമുണ്ടാകില്ല. തെങ്ങിൽ കയറുക പ്രയാസമാണത്രേ. ഒരു തെങ്ങുകയറ്റ യന്ത്രം കിട്ടിയാൽ അതിനും തയ്യാർ.
 
സൂര്യനുണരും കാതങ്ങൾക്കുമുമ്പേ ശ്രീധരൻ കാണിയുടെ ഒരുദിവസത്തിനു തുടക്കമാകും. ടാപ്പിങ് കഴിഞ്ഞാൽ വിളവെടുപ്പാണ്. തുടർന്ന് പ്രഭാത ഭക്ഷണശേഷം വീണ്ടും കൃഷിയിടത്തിലേക്ക്.
 
വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്നകറ്റാൻ ചിമ്മിനികത്തിച്ചും പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ചില്ലു കുപ്പികൾ കൂട്ടിക്കെട്ടി ഒച്ചയുണ്ടാക്കിയും ഭർത്താവിനൊപ്പം സിന്ധുവും മക്കളും രാത്രിയിൽ വിളകൾക്ക് കാവലിരിക്കും.
 
കൃഷിക്കു പുറമെ മൃഗപരിപാലനവുമുണ്ട്. കോഴി വളർത്തലും ആടുവളർത്തലും. ഇവയുടെ കാഷ്‌ഠമാണ് കൃഷിയിടത്തിലെ ജൈവവളം. കാട്ടിൽ പോയി ശേഖരിക്കുന്ന കാട്ടുപോത്തിന്റെ ചാണകമാണ് വെറ്റിലക്കൊടിക്ക് കലക്കിയൊഴിക്കുന്നത്.
 

വിപണി എന്ന വെല്ലുവിളി

 

കാട്ടുമൃഗങ്ങളോട് അടരാടിയും വൈകല്യങ്ങളോട് അതിജീവിച്ചും വിളയിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതും വെല്ലുവിളിയാണ്. വിളകൾക്ക് ന്യായവില ലഭിക്കാൻ ആദിവാസികൾക്കായി നിരവധി സംരംഭങ്ങൾ തുടങ്ങിയെങ്കിലും പൂർണതയിലെത്തിയില്ല. കോട്ടൂരിൽനിന്ന് കൊമ്പിടിയിലേക്കുള്ള എട്ടു കിലോമീറ്റർ ദുർഘട പാതയാണ്. ജീപ്പ് മാർഗം മാത്രമേ ഇവിടെ എത്താനാകൂ. കോട്ടൂരിൽനിന്ന് ഇവിടെ വാഹനമെത്തണമെങ്കിൽ കുറഞ്ഞത് ആയിരം രൂപ നൽകണം. വിളവിറ്റു കിട്ടുന്നതിൽ നല്ലൊരു പങ്കും യാത്രാക്കൂലിയായി കൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ വാഴക്കുലകൾ കിട്ടിയാലൊന്നും ചന്തയിലെത്തിക്കാറില്ല. വാലിപ്പാറവരെ കെഎസ്ആർടിസി സർവീസുണ്ട്. തലച്ചുമടായി സാധനങ്ങൾ വാലിപ്പാറയിലെത്തിച്ച് ആഴ്ചയിൽ രണ്ടു ദിനം പ്രവർത്തിക്കുന്ന കോട്ടൂരിലെ കാണിച്ചന്തയിലെത്താറുമുണ്ട്.
 

വെള്ളിത്തിരയിലേക്ക്

 

ജീവിതത്തിൽ ഇന്നുവരെ ഒരു സിനിമ പോലും കാണാത്ത ശ്രീധരൻ വെള്ളിത്തിരയിലെ നായകനാവുകയാണ്. അശോക് നാഥ് സംവിധാനം ചെയ്യുന്ന ഒരിലത്തണലിൽ അച്യുതനായിട്ടാണ് എത്തുന്നത്. വെള്ളായണി കാർഷിക കോളേജിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം കഴിഞ്ഞ സിനിമ ഏപ്രിലോടെ തിയറ്ററിലെത്തും. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യനുണ്ടാകുന്ന ദുരിതവും ഒടുവിൽ അവനെ ലോകം അംഗീകരിക്കപ്പെടുകയും ചെയ്യുന്നതാണ് കഥയുടെ പ്രമേയമെന്ന് അശോക് നാഥ് പറഞ്ഞു.
 

ഊരുതേടി ആദരം

 

സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള ആദരം ഇരുകൈകളും ഇല്ലാത്ത കൊമ്പിടി ഊരിലെ ശ്രീധരന് ലഭിച്ചെന്ന വാർത്തയെ തുടർന്നാണ് സംസ്ഥാന ഭിന്നശേഷി കമീഷണർ ജസ്റ്റിസ്‌ എസ്‌ എച്ച്‌ പഞ്ചാപകേശൻ ശ്രീധരനെ ഊരുതേടിയെത്തിയത്. കൃത്രിമ കൈയുടെ സാധ്യത തേടിയ കമീഷനെ ശ്രീധരൻ ഞെട്ടിച്ചു. "അത് വേണ്ട സർ, എനിക്ക് ദേ ഇബിടെ വയ്ക്കാൻ ഒരു ടാങ്ക് തന്നാൽ മതി. ഈ ചെടികൾക്കെല്ലാം വെള്ളമൊഴിക്കാലോ’ എന്നായിരുന്നു മറുപടി. ട്രെട്ര അമേലിയ സിൻട്രോം എന്ന അപൂർവ വൈകല്യം സംഭവിച്ച് പിൽക്കാലത്ത് ലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച ആസ്ട്രേലിയൻ മോട്ടിവേറ്റർ നിക്ക് വുജിസികുമായിട്ടാണ് ശ്രീധരനെ കമീഷൻ ഉപമിച്ചത്.
 
വിധി ശത്രുവായപ്പോൾ തോറ്റു പിന്മാറാതെ മനസ്സുറച്ചു പോരാടിയ ശ്രീധരന്റ കഥ ഇവിടെ അവസാനിക്കുകയല്ല, തുടങ്ങുകയാണ്. ഒരു പക്ഷേ, കുറ്റിച്ചൽ എന്ന പഞ്ചായത്തിനെ വരുംകാലം അടയാളപ്പെടുത്തുന്നതുപോലും ശ്രീധരനിലൂടെയായിരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top