28 March Thursday

പലയാളുകളായി ഒരു കവിയുടെ വിസ്‌മയ സഞ്ചാരം

കെ വി സജീവന്‍Updated: Sunday Feb 7, 2021

ജീവിതത്തിന്റെ സർവമണ്ഡലങ്ങളേയും സ്‌പർശിച്ചു മുന്നോട്ടുപോകുന്ന അനേകം കമ്പാർട്ടുമെന്റുകളുള്ള വണ്ടി പോലെയാണ് സുറാബിന്റെ കവിതാ ലോകം.   തത്ത്വചിന്തയുടെ ആവരണമുള്ള നിത്യക്കാഴ്‌ചകളാണ്‌  കവിതകളായി നമ്മിലേക്കെത്തുക. 

 

 277 കവിതകൾ അടങ്ങിയ ‘എന്റെ കവിതകൾ’ എന്ന സമാഹാരത്തിൽ വീടും കുടുംബവും സ്വപ്നങ്ങളും അയൽവാസികളും റോഡും കടകളും കളി മൈതാനവും ഹോട്ടലും സ്റ്റേജും ക്ലാസ് മുറിയും വഴിപോക്കരും എല്ലാം ഒരു കലൈഡോസ്കോപ്പിലെന്ന പോലെ  കാണാം. ഉത്സവം, കൃഷി, കണ്ണട, വീട്, രാത്രികൾ, മഴ, ആശുപത്രി, സന്ധ്യ, ലൈബ്രറി എന്നിങ്ങനെയുള്ള അനുഭവ ലോകങ്ങളിലൂടെ ഒരാൾ ധിഷണാ സഞ്ചാരം നടത്തുകയാണ്. ‘എന്റെ കവിത പോലെത്തന്നെ എന്റെ വർത്തമാനവും. അതിന് വ്യാകരണമില്ല' എന്നാണ്‌ കവി പറയുന്നത്‌. 
 
‘കവി ഒറ്റയ്‌ക്ക് നിൽക്കുമ്പോൾ വണ്ടാണ്. ഏത് പൂവിലും മധു നുകരുന്ന വണ്ട്. കൂട്ടത്തിലാകുമ്പോൾ പുഴയാണ്. എങ്ങോട്ടും ഒലിച്ചുപോകാവുന്ന പുഴ. വീട്ടിലെത്തിയാൽ വിറകാണ്. എളുപ്പം തീപിടിക്കുന്ന വിറക്. വഴിയിലാകുമ്പോൾ പലതാണ്. ആൾക്കൂട്ടത്തിലെ പ്രതിമയാണ്'.( ചിലത് )
 
വിരുദ്ധോക്തികൾ കൊണ്ടും ഗുപ്താർഥങ്ങൾ കൊണ്ടും ഭാവനയുടെ അനിയന്ത്രിതമാകാത്ത പ്രവർത്തനങ്ങളെ കോറിയിട്ടു കൊണ്ടും വാക്കിനെ കവിതയാക്കി വഴക്കിയെടുക്കുന്ന വിരുത് സുറാബിന്റെ കവിതകളുടെ പ്രത്യേകതയാണ്‌‌.  
കവി, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ  സുറാബിന്റെ പ്രവാസകാലം പൂർത്തിയായിട്ടും  ആ ഭാവനാകാശം വിസ്‌തൃതമാകുകയാണ്‌.    വറ്റാത്ത മഷിപ്പേനയുമായി കവി നമുക്കിടയിലൂടെ പലയാളുകളായി വിസ്‌മയ സഞ്ചാരം നടത്തുകയാണ്‌.
 
മലയാള നിരൂപണത്തെ പുതിയ വഴിയിലൂടെ അവധാനതാപൂർവം നയിക്കുന്ന വി സി ശ്രീജൻ മാഷുടെ അവതാരികകൊണ്ട് സമ്പന്നമാണ് ഈ സമാഹാരം.   ഇരുപത് ദേശങ്ങളിൽ പ്രകാശിപ്പിച്ചുകൊണ്ട് മുന്നേറുന്ന ‘എന്റെ കവിതകൾ' എന്ന സമാഹാരം പ്രസാധനം ചെയ്‌തത്‌ ഗ്രീൻ ബുക്‌സാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top