26 April Friday

നവതി പിന്നിട്ട കലയുടെ ശ്രീകോവിൽ

കൃഷ്ണകുമാർ പൊതുവാൾ kpoduval63@gmail.comUpdated: Sunday Nov 6, 2022

കൂത്തമ്പലം

കേരള കലാമണ്ഡലം നവംബർ 9 ന് 91–-ാം വയസ്സിലേക്ക്‌. കേരളീയ വാസ്തുവിദ്യയുടെ ചാരുതയാണ് കൂത്തമ്പലം. നൃത്തത്തിലെ 108 കരണങ്ങളും ഇവിടെ കരിങ്കൽ തൂണുകളിൽ നിറഞ്ഞുനിൽക്കുന്നു. അതിജീവനത്തിന്റെയും യാതനകളുടെയും ദുരിതപർവത്തിലൂടെയാണ് മഹാകവി വള്ളത്തോൾ ഈ മഹത്‌ സ്ഥാപനം പടുത്തുയർത്തിയത്.

അന്യം നിന്നുപോകുന്ന കേരളീയ ക്ലാസിക്കൽ കലകളുടെ പോഷണത്തിനും സംരക്ഷണത്തിനുമായാണ്  വള്ളത്തോൾ നാരായണ മേനോൻ കലാമണ്ഡലം എന്ന ആശയം രൂപപ്പെടുത്തിയത്. 1901 ൽ മഹാകവി രവീന്ദ്രനാഥ ടാഗോർ കൊൽക്കത്തയിൽ ശാന്തിനികേതനും 1927 ൽ രുഗ്മിണി അരുഡേൽ മദിരാശിയിൽ കലാക്ഷേത്രവും സ്ഥാപിച്ചതിന്റെ തുടർച്ചയെന്നോണം 1927 ഡിസം. 20ന് കോഴിക്കോടാണ്  കലാമണ്ഡലം രജിസ്ട്രേഷൻ നടന്നത്.

വള്ളത്തോളിന്റെ 52–--ാം ജന്മദിനത്തിൽ 1930 ഡിസംബർ 9ന് രാവിലെ കക്കാട് കാരണവപ്പാടിന്റെ വീട്ടിൽ മമ്പാട്ട് തെക്കിനിയിലാണ് കളിവിളക്ക് തെളിച്ച് മഹാകവി ഉദ്ഘാടനം ചെയ്തത്. ആ കളിവിളക്കിന്റെ പൊൻപ്രഭയിൽ കേരളീയ ക്ലാസിക്കൽ കലകൾ പടർന്ന് പന്തലിച്ചു. യാഥാസ്ഥിതികത്വത്തിനേറ്റ തിരിച്ചടികൂടിയായി മാറി അത്. ജാതിമത മേധാവിത്വത്തിൽനിന്ന് കലകളെ മോചിപ്പിക്കാനും ക്ഷേത്രമതിൽക്കെട്ടിനകത്തുനിന്ന് കലകളെ മോചിപ്പിച്ച് ജനകീയ മുഖം നൽകാനും കഴിഞ്ഞു. - ഫ്യൂഡൽ കലകളും ക്ഷേത്രകലകളും രാജ കൊട്ടാരങ്ങളിൽനിന്ന് ജനസാമാന്യത്തിലേക്കെത്തി. മഹാകവിയോടൊപ്പം കലാമണ്ഡലം പ്രാവർത്തികമാക്കാൻ അക്ഷീണം യത്നിച്ച കലാഹൃദയരേറെയുണ്ട്. കൈയും മെയ്യും മറന്ന് മണക്കുളം മുകുന്ദരാജയും കക്കാട് കാരണവരും കവിക്കൊപ്പം നിന്നു. ബാലാരിഷ്ടതകൾ നിറഞ്ഞ കാലത്ത് പതറാത്ത മനസ്സും ഇച്ഛാശക്തിയുംകൊണ്ട് വള്ളത്തോൾ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്തു.

വള്ളത്തോൾ പ്രതിമ

വള്ളത്തോൾ പ്രതിമ

- ഭാഗ്യക്കുറി നടത്തിയും ഉദാരമതികളോട് കൈനീട്ടിയും കവി മുന്നോട്ട് നീങ്ങി. 1921 ഏപ്രിൽ 14ന് മുളങ്കുന്നത്തുകാവിനടുത്ത് അമ്പലപുരത്ത് മുകുന്ദരാജയുടെ - ശ്രീനിവാസം ബംഗ്ലാവിലേക്ക് സ്ഥാപനം മാറ്റി. കഥകളിയിൽ പ്രചാരത്തിലുണ്ടായിരുന്ന കാവുങ്കൽ, കപ്ലിങ്ങാടൻ, കല്ലടിക്കോടൻ ശൈലികളെല്ലാം പരിശോധിച്ചാണ് ഒടുവിൽ വള്ളത്തോൾ കല്ലുവഴിച്ചിട്ട കഥകളിയിൽ നടപ്പാക്കാൻ തെരഞ്ഞെടുത്തത്. പട്ടിക്കാംതൊടി രാവുണ്ണിമേനോൻ തുടങ്ങിയ ആചാര്യന്മാരുടെ നിർലോഭ പിന്തുണയും കൂട്ടായി. 1938-ലാണ് തൃശൂർ ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ കലാമണ്ഡലത്തിന്റെ കെട്ടിടം ഉദ്ഘാടനം നടന്നത്.

- 1941 - മാർച്ച് 2ന് കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ ഏറ്റെടുത്തു. കടുത്ത -- സാമ്പത്തിക പരാധീനതയാണ് കലാമണ്ഡലം സർക്കാരിന് കൈമാറാൻ മഹാകവിയെ പ്രേരിപ്പിച്ചത്. 1957ലെ ഇ എം എസ് മന്ത്രിസഭയുടെ കാലംമുതൽ കലാമണ്ഡലത്തിന് നേട്ടങ്ങളുടെ സുവർണകാലമായി. - കഥകളിയോടൊപ്പം ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാം അഭ്യസനമാരംഭിച്ചതോടെ കലാമണ്ഡലം ഒരു കലാശാലയായി. 

-1956 ൽ തുള്ളൽ കളരിയാരംഭിച്ചു. 1963 ജനുവരിയിൽ സർക്കാർ കലാമണ്ഡലത്തിന് സ്റ്റേറ്റ് അക്കാദമി ഓഫ് ആർട്സ് പദവി നൽകി. 1975 ഏപ്രിലിൽ കൂത്തമ്പലം ഉദ്ഘാടനം ചെയ്തു. 1978ൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഡി കലാമണ്ഡലത്തിൽ മഹാകവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. 1977ൽ പ്രധാനമന്ത്രി മൊറാർജി ദേശായി വള്ളത്തോൾ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. 1978-ൽ വള്ളത്തോൾ സ്റ്റാമ്പ് പുറത്തിറക്കി. 1977-ൽ ചെറുതുരുത്തി സെന്ററിൽ വള്ളത്തോൾ മ്യൂസിയം തുറന്നു. 1990ൽ പ്രധാനമന്ത്രി വി പി സിങ്‌ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ഒ എൻ വി കുറുപ്പ് ചെയർമാനായി നിലവിൽ വന്ന ഭരണസമിതിയാണ് കലാമണ്ഡലത്തിൽ സ്കൂൾ ആരംഭിച്ചത്. ലോകപ്രശസ്തമായ ഒരു കലാശാലയായി മാറണമെന്ന കവി സ്വപ്നം പൂർണ അർഥത്തിൽ ഇനിയും പ്രാവർത്തികമാകേണ്ടതുണ്ട്. കൽപ്പിത സർവകലാശാല പദവി ലഭിച്ചെങ്കിലും സാംസ്കാരിക സർവകലാശാല എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിന്റേത്. പരിമിതികൾക്കിടയിലും കലാകേരളത്തിന്റെ അഭിമാനസ്തംഭമായി മാറാൻ കലാമണ്ഡലത്തിനായി എന്നത് ശുഭോതർക്കമാണ്.

- നൃത്തവും കഥകളിപോലുള്ള ശാസ്ത്രീയ കലകളുടെയും വാദ്യസംഗീതത്തിന്റെയുമെല്ലാം സമഞ്ജസസമ്മേളനമാണ് കലാമണ്ഡലം. ഗുരുകുല സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കലാക്ഷേത്രമാ-ണ്. ലാസ്യവും ശൃംഗാരവും ഇണചേരുന്ന മോഹിനിയാട്ടവും നവരസങ്ങൾ പ്രതിപാദിക്കുന്ന കഥകളിയും ഓട്ടൻതുള്ളലും കൂത്തും കൂടിയാട്ടവും എല്ലാം ഇവിടെ കാണാം. ലോകമെമ്പാടുനിന്നും വിദേശ സഞ്ചാരികളും വിദേശവിദ്യാർഥികളും ഉണ്ട്.

നിളയോരത്തും കലാമണ്ഡലം ക്യാമ്പസിലുമുള്ള 42 ഏക്കറിലേറെ വരുന്ന സ്ഥലത്ത് മതിവരാ കാഴ്ചകൾ ഏറെയുണ്ട്. വള്ളത്തോൾ സമാധിയും വള്ളത്തോൾ മ്യൂസിയവും ആർട്ട് ഗ്യാലറിയും കൂത്തമ്പലവുമെല്ലാം നയനമനോഹര കാഴ്ചകൾ. എട്ടാം ക്ലാസുമുതലാണ് ഇവിടെ പ്രവേശനം. നൃത്തം, കഥകളി, സംഗീതം, കൂത്ത്, കൂടിയാട്ടം വാദ്യം മേഖലകളിലായി 14 ഫാക്കൽറ്റികൾ. ഡോ. എം ബി നാരായണൻ വൈസ്ചാൻസലറും ഡോ. രാജേഷ്‌കുമാർ രജിസ്‌ട്രാറുമായ ഭരണസമിതിയാണ് കലാമണ്ഡലത്തിന് ഇപ്പോൾ ഭരണസാരഥ്യം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top