08 May Wednesday

മഹാരഥന്മാർക്ക്‌ സംഗീതാർച്ചനയേകി ആലപ്പി രംഗനാഥ്‌

പി സി പ്രശോഭ്‌Updated: Sunday Dec 5, 2021

രണ്ടരവർഷം നീണ്ടു നിന്ന കഠിനസപര്യ പൂർത്തിയാക്കിയ നിർവൃതിയിലാണ്‌ ആലപ്പി രംഗനാഥ്‌. 72 മേളകർത്താ രാഗത്തിൽ കർണാടക സംഗീതത്തിലെ അതികായന്മാരെയും മറ്റു ഗുരുവര്യന്മാരെയും പ്രകീർത്തിക്കുന്ന കീർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു അദ്ദേഹം

എണ്ണമറ്റ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടംനേടിയ സംഗീതജ്ഞൻ ആലപ്പി രംഗനാഥ്‌ മറ്റൊരു സപര്യ പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ്‌. കർണാടക സംഗീതത്തിലെ അതികായന്മാരെയും വിവിധ കാലങ്ങളിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഗുരുവര്യന്മാരെയും പ്രകീർത്തിച്ച്‌ കർണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളിൽ അദ്ദേഹം കീർത്തനങ്ങൾ തയ്യാറാക്കി. ഇതിനു വേണ്ടി മാത്രം മനസ്സും ശരീരവും അർപ്പിച്ചത്‌ രണ്ടര വർഷം.

കർണാടക സംഗീതത്തിൽ  ഉള്ളടങ്ങിയിട്ടുള്ള ഭക്തിരസത്തിൽനിന്ന്‌ മാറിയുള്ള പരീക്ഷണമായിരുന്നു  രംഗനാഥിന്റേത്‌. കനകാംഗി മുതൽ രസികപ്രിയ വരെ എഴുപത്തിരണ്ട്‌ മേളകർത്താ രാഗങ്ങളിൽ പൂർണമായും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കപ്പെട്ടിട്ടില്ല. അവ രചിക്കുന്നതോടൊപ്പം അതിന്‌ പുതിയൊരു മാനം കൊടുത്തുകൊണ്ടാണ്‌ മഹാവ്യക്തികളുടെ പ്രകീർത്തനമായി ആലപ്പി രംഗനാഥ്‌ കീർത്തനങ്ങൾ ഒരുക്കിയത്‌. ദൈവങ്ങളെക്കുറിച്ചുള്ള കീർത്തനങ്ങൾ എന്ന പതിവുരീതിയിൽനിന്ന്‌ മാറിയുള്ള രചന ആസ്വാദകർക്ക്‌  പുതിയൊരു അനുഭവമാകും.

കോട്ടയം സ്വാമിയാർമഠത്തിൽ വച്ചാണ്‌ ആലപ്പി രംഗനാഥ്‌  കീർത്തനങ്ങൾ പൂർത്തിയാക്കിയത്‌. എഴുപത്തിരണ്ട്‌ കീർത്തന സ്‌തുതികളിൽ ഗാന്ധിജി, വിവേകാനന്ദൻ, പൂന്താനം, കാളിദാസൻ, ശ്രീരാമകൃഷ്‌ണ പരമഹംസർ, കുമാരനാശാൻ, എഴുത്തച്ഛൻ, വ്യാസൻ, കബീർദാസ്‌, ശങ്കരാചാര്യർ തുടങ്ങിയവരെക്കുറിച്ചെല്ലാം കീർത്തനമുണ്ട്‌. ഇവരുടെ ജീവിതവും വീക്ഷണം പകർന്നു നൽകുന്ന ഗാനങ്ങൾ. കർണാടക സംഗീതത്തിലെ ആചാര്യൻമാരായ പുരന്ദര ദാസൻ, ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്‌ത്രികൾ, സ്വാതിതിരുനാൾ എന്നിവരെക്കുറിച്ച്‌ "പഞ്ചരത്‌ന കീർത്തന'ങ്ങളുമുണ്ട്‌. വനസ്‌പതി രാഗത്തിൽ പുരന്ദരദാസനെക്കുറിച്ചും സരസ്വതി രാഗത്തിൽ ത്യാഗരാജ സ്വാമികളെക്കുറിച്ചും ശങ്കരാഭരണത്തിൽ ശ്യാമശാസ്‌ത്രികളെക്കുറിച്ചും ചക്രവാകത്തിൽ സ്വാതിതിരുനാളിനെക്കുറിച്ചും പൂർവികല്യാണിയിൽ ദീക്ഷിതരെക്കുറിച്ചും  കീർത്തനങ്ങൾ ഒരുക്കിയിരിക്കുന്നു.

പിന്നണി ഗായകൻ കെ എസ്‌ ബിനു ആനന്ദാണ്‌ കീർത്തനങ്ങൾ പഠിച്ച്‌ ട്രാക്ക്‌ പാടിയിരിക്കുന്നത്‌. രണ്ടര വർഷം പൂർണമായും ഈ കീർത്തന സപര്യയ്‌ക്കായി സമർപ്പിച്ചിരിക്കുകയായിരുന്നു ആലപ്പി രംഗനാഥ്‌. രാവിലെ 10 മുതൽ വൈകിട്ട്‌ ആറുവരെ കമ്പോസിങ്ങിന്‌ ചെലവഴിച്ചു. മലയാളത്തിൽ കേട്ടു പരിചയമില്ലാത്ത രാഗങ്ങളിലുള്ള കീർത്തനങ്ങളും കേട്ടാസ്വദിക്കാൻ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. അതും യേശുദാസിന്റെ സ്വരമാധുരിയിൽ. കീർത്തനങ്ങൾ യേശുദാസ്‌ കേൾക്കുകയും പാടാൻ സമ്മതം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആലപ്പി രംഗനാഥിന്റെ ഈ ഉദ്യമത്തെ മഹത്തരമെന്നാണ്‌ യേശുദാസ്‌ വിശേഷിപ്പിച്ചത്‌.  തരംഗിണിയാണ്‌ കീർത്തനങ്ങൾ പുറത്തിറക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top